ഒരുകാലത്ത് ‘ഊട്ടുപുര’ എന്ന വാക്കിന് വിശപ്പിനോടുള്ള കരുണയുടെ ഗന്ധമുണ്ടായിരുന്നു. ക്ഷേത്രങ്ങളോടും രാജകൊട്ടാരങ്ങളോടും ചേർന്ന് പ്രവർത്തിച്ചിരുന്ന ഇത്തരം ഇടങ്ങളിൽ ജാതിയോ മതമോ നോക്കാതെ വിശന്നെത്തുന്നവർക്ക് അന്നം ലഭിച്ചിരുന്നു. യാത്രക്കാരനും ദരിദ്രനും അതിഥിക്കും ഒരുപോലെ ഇടമുണ്ടായിരുന്നു.
അന്ന് ഭക്ഷണം വെറുമൊരു കച്ചവടവസ്തുവായിരുന്നില്ല; മനുഷ്യനോടുള്ള ഉത്തരവാദിത്വം കൂടിയായിരുന്നു.
കാലം മാറി. ഊട്ടുപുരകൾക്ക് പകരം ഹോട്ടലുകൾ വന്നു. ഭക്ഷണം വലിയൊരു വ്യവസായമായി. അതിൽ തെറ്റില്ല. പക്ഷേ വിശപ്പിനെ പോലും കൊള്ളലാഭത്തിനുള്ള അവസരമായി മാത്രം കാണുന്നിടത്താണ് ചോദ്യം ഉയരുന്നത്.
ഇന്ന് കുടുംബത്തോടൊപ്പം ഹോട്ടലിൽ ഭക്ഷണം കഴിക്കുക എന്നത് പലർക്കും ഒരു കണക്കുകൂട്ടലാണ്. ഭക്ഷണത്തിന്റെ രുചിക്കൊപ്പം ബില്ലിന്റെ ഭാരം കൂടി ആലോചിക്കേണ്ട അവസ്ഥ. മൾട്ടിപ്ലക്‌സ് തീയേറ്ററിലെ പോപ്പ്കോൺ മുതൽ നഗരത്തിലെ ചില ഹോട്ടലുകളിലെ സാധാരണ ഭക്ഷണം വരെ, വിലയ്ക്ക് പിന്നിലെ ന്യായം എന്താണെന്ന ചോദ്യം ഉപഭോക്താവിന്റെ മനസ്സിൽ ഉയരുന്നത് സ്വാഭാവികം.
വില ഉയരുന്നതിന് യാഥാർഥ്യമായ കാരണങ്ങളുണ്ട്—അസംസ്കൃത വസ്തുക്കളുടെ വില, തൊഴിലാളികളുടെ വേതനം, വൈദ്യുതി, വാടക, നികുതി തുടങ്ങിയവ. എന്നാൽ ഈ ചെലവുകൾക്ക് മറവിൽ ഉപഭോക്താവിൽനിന്ന് തോന്നിയ വില ഈടാക്കുന്നത് എവിടെവരെ ന്യായീകരിക്കാനാകും?
ഒരു ബിൽ ഉയർത്തുന്ന ചോദ്യം
കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിനോട് ചേർന്നുള്ള ഒരു പ്രമുഖ ഹോട്ടലിൽ എന്റെ സുഹൃത്തും ഭാര്യയും ഭക്ഷണം കഴിച്ച അനുഭവം ഈ ചോദ്യത്തെ കൂടുതൽ പ്രസക്തമാക്കുന്നു.
അയക്കൂറ ഫിഷ് ഫ്രൈയുടെ അന്നത്തെ വില 600 രൂപ. അത്രയും തുക ചെലവഴിക്കാൻ താൽപ്പര്യമില്ലാത്തതിനാൽ അവർ സാധാരണ ഊണാണ് തിരഞ്ഞെടുത്തത്. രണ്ട് ഊണിന് 360 രൂപ. ജി.എസ്.ടി.യും മറ്റ് ചാർജുകളും ചേർന്ന് ബിൽ 378 രൂപ.
ബില്ലിന്റെ പകർപ്പ് ഈ കുറിപ്പിനൊപ്പം നൽകുന്നു.
ഇവിടെ ചോദ്യം ഹോട്ടലുകൾക്ക് വില നിശ്ചയിക്കാനുള്ള അവകാശമുണ്ടോ എന്നല്ല. തീർച്ചയായും ഉണ്ട്. ഹോട്ടലിന്റെ നിലവാരം, സൗകര്യങ്ങൾ, സേവനം, സ്ഥലം, നടത്തിപ്പ് ചെലവ് എന്നിവ വിലയിൽ പ്രതിഫലിക്കാം.
പക്ഷേ വിലയുടെ ന്യായം അവസാനിക്കുന്നിടത്തും ഉപഭോക്താവിന്റെ ചൂഷണം ആരംഭിക്കുന്നിടത്തും ഒരു അതിർത്തിയുണ്ടാകേണ്ടതില്ലേ?
എ.സി. മുറിയും പകിട്ടാർന്ന ഇരിപ്പിടങ്ങളും ബ്രാൻഡിന്റെ പേരും ഒരു പരിധിവരെ വിലയെ സ്വാധീനിക്കാം.
എന്നാൽ ഒരേ പൊതുവിപണിയിൽനിന്ന് അരിയും പച്ചക്കറിയും എണ്ണയും മത്സ്യവും വാങ്ങുന്ന സ്ഥാപനങ്ങൾക്കിടയിൽ വിലയിലെ വലിയ വ്യത്യാ സങ്ങൾക്ക് പിന്നിലെ യുക്തി ഉപഭോക്താവിന് അറിയാനുള്ള അവകാശ മുണ്ട്.
‘എക്സിക്യൂട്ടീവ്’, ‘പ്രീമിയം’ തുടങ്ങിയ വിശേഷണങ്ങൾ ഉയർന്ന നിലവാരവും കൂടുതൽ സൗകര്യങ്ങളും സൂചിപ്പിക്കാം. എന്നാൽ പേരിനൊപ്പം വിലയും ഉയരുമ്പോൾ ഗുണനിലവാരവും സേവനവും അതിനനുസരിച്ച് ഉയരുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.
വിലനിർണയത്തിൽ സുതാര്യത വേണമെന്ന ആവശ്യം അതുകൊണ്ടുതന്നെ അന്യായമല്ല. നിയമത്തിന്റെ പരിധിയിൽ ഭക്ഷ്യസുരക്ഷാ വിഭാഗവും ഉപഭോക്തൃ സംരക്ഷണ സംവിധാനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും ഇത്തരം പരാതികൾ പരിശോധിക്കേണ്ടതുണ്ട്.
കച്ചവടത്തിനിടയിലെ നന്മയുടെ മുഖങ്ങൾ
എന്നാൽ ഹോട്ടൽ മേഖലയെ മുഴുവൻ ഒരേ നിറത്തിൽ കാണുന്നതും ശരിയല്ല.
വടകര താലൂക്കിലെ ഓർക്കാട്ടേരിയിൽ ‘പപ്പൻസ് സൂപ്പർ മാർക്കറ്റി’ന് സമീപമുള്ള ഗണപതി ഹോട്ടലിൽ അടുത്തിടെ ഭക്ഷണം കഴിച്ച അനുഭവം ഇന്നും മനസ്സിൽ നിൽക്കുന്നു.
വൃത്തിയുള്ള മേശപ്പുറത്ത് തളിരുപോലെ വിരിച്ച തൂശനില. പൊന്നിയരിയുടെ ചോറ്. വിഭവസമൃദ്ധമായ സാമ്പാർ. തൊടുകറികൾ, വറവൽ ,പച്ചടി, തോരൻ. ടേബിളിൽ ജഗ്ഗ് നിറയെ നാടൻ മോര്. അച്ചാറും പപ്പടവും.
ഒരു സാധാരണ ഊണല്ല; ഒരു വീട്ടിലെ സ്നേഹത്തോടെ വിളമ്പിയ കല്യാണസദ്യയുടെ ഓർമ്മ.
ഭക്ഷണം കഴിച്ചശേഷം ബിൽ വന്നപ്പോൾ ശരിക്കും അത്ഭുതപ്പെട്ടു. ഞങ്ങൾ മൂന്ന് പേർക്ക് ആകെ 180 രൂപ.
ഒരാൾക്ക് 60 രൂപ!
അവിടെ അത്ഭുതപ്പെടുത്തിയത് വില മാത്രം ആയിരുന്നില്ല. വൃത്തിയും രുചിയും വിളമ്പുന്ന രീതിയും ഉപഭോക്താവിനോടുള്ള സമീപനവുമാ യിരുന്നു.
ഹോട്ടൽ നടത്തിപ്പുകാരനായ ആദർശിനെ അനുമോദിച്ചു കൊണ്ടാണ് ഞങ്ങൾ അവിടെനിന്ന് മടങ്ങിയത്.
ഇത് ഒരു പരസ്യവാചകമായി കാണേണ്ടതില്ല. വിശക്കുന്നവന്റെ മുന്നിൽ നേരും നെറിയുമോടെ അന്നം വിളമ്പുന്ന ആരായാലും മനസ്സുകൊണ്ട് അഭിനന്ദിക്കാതെ വയ്യ .പ്രത്യേകിച്ച് കൊള്ളലാഭം മാത്രം ലക്ഷ്യമാകുന്ന ചില വ്യാപാരരീതികൾക്കിടയിൽ.
പ്രദേശവാസികളുടെ ഓർമയിൽ നേരത്തെയുള്ള നടത്തിപ്പുകാരായിരുന്ന നടുക്കേളോത്ത് ഗോപാലന്റെയും പൊടോട്ടി അനന്തന്റെയും പേരുകളും ഈ ഹോട്ടലുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നുണ്ട്. അനന്തന്റെ മക്കളാണ് ഇപ്പോഴത്തെ നടത്തിപ്പുകാരെന്നും നാട്ടുകാരിൽ ചിലർ പറയുന്നു.
നന്മ തൊഴിൽസംസ്കാരമാകുമ്പോൾ ചെറിയൊരു ഹോട്ടലിനും വലിയൊരു സാമൂഹിക മൂല്യമുണ്ടാകും.
‘ശുദ്ധമായ ഭക്ഷണം ജനങ്ങളുടെ ജന്മാവകാശം’ എന്ന ആശയവുമായി പ്രവർത്തിക്കുന്ന ‘ഭക്ഷ്യശ്രീ’ ബഹുജന സംഘടനയുടെ ഭാരവാഹികളും, ഇത്തരം നന്മയെ തൊഴിൽസംസ്കാരമാക്കിയ ഹോട്ടൽ നടത്തിപ്പുകാർ അഭിനന്ദനം അർഹിക്കുന്നവരാണെന്ന നിലപാട് പങ്കുവയ്ക്കുന്നു.
ഇനി അടുക്കളയും സുതാര്യമാകണം
ഭക്ഷണത്തിന്റെ വിലയെക്കുറിച്ച് സംസാരിക്കുമ്പോൾ അതിനേക്കാൾ ഗൗരവമുള്ള മറ്റൊരു ചോദ്യം മുന്നിലുണ്ട് ...ഭക്ഷണം എത്രത്തോളം ശുദ്ധമാണ്?
‘അടുക്കള രഹസ്യം അങ്ങാടിപ്പാട്ട്’ എന്ന പഴഞ്ചൊല്ല് നമുക്കറിയാം. പക്ഷേ ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ അടുക്കളയിലെ എല്ലാം രഹസ്യമായി തുടരേണ്ട കാലം കഴിഞ്ഞു.
ഡൈനിംഗ് ഹാളിൽ മനോഹരമായ പാത്രത്തിൽ ഭക്ഷണം എത്തുമ്പോൾ അതിന് പിന്നിലെ യാഥാർഥ്യം ഉപഭോക്താവിന് അറിയില്ല.
പച്ചക്കറികൾ എങ്ങനെയാണ് കഴുകിയത്?
അരി കഴുകിയതിന് ശേഷമാണോ തിളക്കുന്നവെള്ളത്തിലിടുന്നത് ?
മത്സ്യവും മാംസവും എവിടെയാണ് വൃത്തിയാക്കിയത്?
പാചകസ്ഥലം എത്രത്തോളം ശുചിയാണ്?
ഭക്ഷണം എത്രനേരം സൂക്ഷിച്ചു?
ഫ്രീസറിൽ സൂക്ഷിച്ച പഴയ ഭക്ഷണം വീണ്ടും ചൂടാക്കി വിളമ്പുന്നുണ്ടോ?
ഇവ അടുക്കളയുടെ മാത്രം കാര്യങ്ങളല്ല. ഭക്ഷണം കഴിക്കുന്ന മനുഷ്യന്റെ ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ട കാര്യങ്ങളാണ്.
അതുകൊണ്ടുതന്നെ ‘സുതാര്യമായ അടുക്കള’ എന്ന ആശയം ഗൗരവമായി പരിഗണിക്കേണ്ട സമയമാണിത്.
അനുയോജ്യമായ സ്ഥാപനങ്ങളിൽ, ഉപഭോക്താക്കളുടെ സ്വകാര്യതയും ജീവനക്കാരുടെ അവകാശങ്ങളും സംരക്ഷിക്കുന്ന തരത്തിലുള്ള മാനദണ്ഡങ്ങളോടെ, അടുക്കളയിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഡൈനിംഗ് ഏരിയയിൽ പ്രദർശിപ്പിക്കുന്ന സംവിധാനം ഘട്ടംഘട്ടമായി നടപ്പാക്കുന്ന തിനെക്കുറിച്ച് സർക്കാർ ആലോചിക്കാവുന്നതാണ്.ഇത് ഹോട്ടലിൽ വന്ന ഭക്ഷണം കഴിക്കുന്ന വരുടെ അവകാശമാണ് ,ആ അവകാശം സംരക്ഷിച്ചു തരേണ്ട കടമ സർക്കാരിനില്ലേ ?
ഇത് ശിക്ഷാനടപടിയായി കാണേണ്ടതില്ല. വിശ്വാസം സൃഷ്ടിക്കുന്ന സുതാര്യ തയായി മാത്രം കാണാം.
ആശുപത്രികളിൽ ഓപ്പറേഷൻ നടക്കുമ്പോൾ വരെ വേണ്ടപ്പെട്ടവർക്ക് തത്സമയ ദൃശ്യങ്ങൾ ഡിജിറ്റൽ സ്‌ക്രീനിൽ നോക്കിക്കാണാനാവുന്ന കാലത്ത് ഹോട്ടൽ അടുക്കളയിൽ എന്തിന് രഹസ്യസ്വഭാവം ?
അടുക്കള ദൃശ്യമാകുമ്പോൾ ഉത്തരവാദിത്വം വർധിക്കും. ഉപഭോക്താവിനും താൻ കഴിക്കുന്ന ഭക്ഷണത്തിന്റെ പിന്നിലെ ശുചിത്വത്തെക്കുറിച്ച് കൂടുതൽ ആത്മവിശ്വാസം ലഭിക്കും.ആ സ്ഥാപനത്തിനോടും മതിപ്പുണ്ടാകും .
പരിശോധന ദുരന്തത്തിന് ശേഷമാകരുത്
ഭക്ഷ്യവിഷബാധയോ മറ്റേതെങ്കിലും ദുരന്തമോ ഉണ്ടായതിന് ശേഷം മാത്രം പരിശോധനകൾ ശക്തമാക്കുന്ന രീതിയിൽനിന്ന് മാറേണ്ട സമയമാണിത്.
പരിശോധന അപകടത്തിന്റെ പ്രതികരണമാകരുത്; അത് തുടർച്ചയായ സംവിധാനമാകണം.
ഹോട്ടലുകളുടെ അടുക്കള, ഭക്ഷ്യസംഭരണം, അസംസ്കൃത വസ്തുക്കളുടെ കൈകാര്യം, ജീവനക്കാരുടെ വ്യക്തിശുചിത്വം തുടങ്ങിയവയിൽ സ്ഥിരമായ പരിശോധന വേണം.
അത് നിയമം പാലിക്കുന്നവർക്ക് സംരക്ഷണവും നിയമലംഘകർക്ക് മുന്നറിയിപ്പുമാകും.
ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഭരണകൂടത്തി ന്റെ കണ്ണ് ഒരു ദുരന്തം സംഭവിച്ചതിനുശേഷം മാത്രം തുറക്കരുത്.
വിശപ്പിന് മുന്നിൽ മനുഷ്യനെ കാണണം
ഹോട്ടൽ ഒരു വ്യാപാരസ്ഥാപനമാണ്. ലാഭം അതിന്റെ സ്വാഭാവിക ലക്ഷ്യവുമാണ്. എന്നാൽ ലാഭം മനുഷ്യസ്നേഹത്തെ വിഴുങ്ങുന്നിടത്ത് സമൂഹം ചോദ്യം ചോദിക്കേണ്ടിവരും.
ന്യായമായ വിലയ്ക്ക് നല്ല ഭക്ഷണം നൽകുന്ന സ്ഥാപനങ്ങളെ സമൂഹം തിരിച്ചറിയണം. അവരെ പ്രോത്സാഹിപ്പിക്കണം. അതോടൊപ്പം അന്യായമായ വില ഈടാക്കലോ ശുചിത്വമില്ലായ്‌മയോ നിയമലംഘനമോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട സംവിധാനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയും വേണം.
പഴയ ഊട്ടുപുരകൾ നമ്മെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം ഇതാണ്:
വിശപ്പിന് മുന്നിൽ ആദ്യം മനുഷ്യനെ കാണുക.
ഇന്നത്തെ ഹോട്ടൽ സംസ്കാരത്തിനും ആ പാഠം ആവശ്യമുണ്ട്.
ഭക്ഷണം രുചികരമായിരിക്കണം. വില ന്യായമായിരിക്കണം. അടുക്കള വൃത്തിയായിരിക്കണം.
വ്യാപാരം സുതാര്യമായിരിക്കണം.
അപ്പോൾ മാത്രമേ ഹോട്ടൽ ഒരു കച്ചവടസ്ഥാപനം എന്നതിനപ്പുറം സമൂഹത്തിന്റെ വിശ്വാസം നേടുന്ന ഇടമായി മാറുകയുള്ളൂ.
അടുക്കളയിലെ രഹസ്യം ഇനി അങ്ങാടിപ്പാട്ടാകട്ടെ.ഭക്ഷണത്തിന്റെ ശുദ്ധി ഉപഭോക്താവിന്റെ അവകാശമാകട്ടെ.ന്യായവില വ്യാപാരത്തിന്റെ സംസ്കാരമാകട്ടെ.
കാരണം, ഒടുവിൽ നാം ഹോട്ടലിൽ പണം കൊടുത്ത് വാങ്ങുന്നത് ഒരു പ്ലേറ്റ് ഭക്ഷണം മാത്രമല്ല....നമ്മുടെ ആരോഗ്യവും വിശ്വാസവു മാണ്.
എഴുത്ത്: ദിവാകരൻ ചോമ്പാല
തവിട് കളയാത്ത അരിയുടെ പൊതിച്ചോർ;
ഒരു പൊതിയിലൊതുങ്ങാത്ത
നാടിന്റെ നന്മ !
വടകര 'ജൈവ കലവറ 'യുടെ ചോറിന് രുചിയുണ്ട്.
പക്ഷേ, പൊതിച്ചോറിന് അതിനപ്പുറം ഒരു കഥയുണ്ട്.
വാഴയിലയുടെ പച്ചമണം പടർന്നിരുന്ന അടുക്കളകളിൽ നിന്ന് പാടത്തേക്കും പണിയിടങ്ങളിലേക്കും യാത്ര ചെയ്തിരുന്ന ഒരു കാലത്തിന്റെ ഓർമ്മയാണ് പൊതിച്ചോർ. ചോറിനൊപ്പം വീട്ടിലെ കറികളും തോരനും അച്ചാറും തൈരും ചേർത്ത്, സ്നേഹത്തോടെ വാഴയിലയിൽ പൊതിഞ്ഞ് കൈയിലെത്തിച്ചിരുന്ന ആ ഭക്ഷണപ്പൊതി വിശപ്പടക്കാനുള്ള ഒരു മാർഗം മാത്രമായിരുന്നില്ല; വീട്ടിലെ കരുതലിന്റെ ഒരു ഭാഗം തന്നെയായിരുന്നു.
പ്രകൃതിയോട് ചേർന്ന ജീവിതത്തിൽ ഭക്ഷണത്തിനും അതിന്റേതായ ഒരു സംസ്കാരമുണ്ടായിരുന്നു.
അധികം സംസ്കരിക്കാത്ത, നാട്ടിൽ ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച്, ആവശ്യത്തിന് മാത്രം പാചകം ചെയ്ത്, പ്രകൃതിദത്തമായ ഇലയിൽ പൊതിഞ്ഞ് കഴിച്ചിരുന്ന ആ ലാളിത്യം ഇന്നും പ്രസക്തമാണ്.
ആ പഴമയുടെ രുചിയെയും നന്മയെയും പുതിയ കാലത്തിന്റെ ആവശ്യങ്ങളോട് ചേർത്തുനിർത്തുകയാണ് വടകരയിലെ ‘ജൈവകലവറയുടെ പൊതിച്ചോർ’.
.( തുടർന്ന് വായിക്കുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്‌താലും )
നല്ല ഭക്ഷണം, താങ്ങാവുന്ന വില
: ടി .ബി .ലാൽ
വീട്ടുഭക്ഷണത്തെപ്പോലെ തന്നെ കരുതലും രുചിയും നിറഞ്ഞ മറ്റൊരു ഉച്ചയൂണാണ്. തിരുവനന്തപുരത്തെ തൈക്കാട് ഗാന്ധിഭവനിലെ നേച്ചർ ലൈഫ് കന്റീനിലേത്. നല്ല ഭക്ഷണം, താങ്ങാവുന്ന വില മാത്രം.
(തുടർന്നുവായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്‌താലും )
ഓർക്കാട്ടേരി ടൗണിലെ പ്രമുഖ വിതരണക്കാർ
'പപ്പൻസ് ഹൈപ്പർ മാർക്കറ്റ് '
ഓർക്കാട്ടേരി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































