നാടിൻ്റെ പലഭാഗത്തുനിന്നും, പ്രധാനമായും തിക്കോടി മുതൽ മാഹിവരെ യുള്ള തീരദേശ മേഖലകളിൽനിന്ന് വരെ ആയിരക്കണക്കിന് മത്സ്യത്തൊഴി ലാളികൾ പുലർച്ചെമുതൽ പല നേരങ്ങളിൽ ജീവനോപാധിക്കായി ഒഴുകി യെത്തുന്ന തൊഴിലിടമാണ് ഇന്ന് ചോമ്പാൽ ഫിഷിംഗ് ഹാർബർ.
ലിംഗഭേദമന്യേ, വൈവിധ്യമാർന്ന നാടുകളിൽ നിന്നും ഭാഷകളിൽ നിന്നും എത്തുന്ന മനുഷ്യരുടെ കഠിന ധ്വാനത്തിന്റെ വിയർപ്പുതുള്ളികൾ വീണു കുതിർന്ന ഇടത്തിനുമുണ്ട് പറയാനേറെ ..അറിയാനേറെ
ചെറുതും വലുതുമായിഅഞ്ഞൂറിലേറെ വള്ളങ്ങളും യന്ത്രവൽകൃത ബോട്ടുകളും അനേകം കടൽത്തൊഴിലാളികളും ചേർന്ന് ദിവസേന കോടികളുടെ മത്സ്യവ്യാപാരം നിയന്ത്രിക്കുന്ന ഇവിടെ ഇപ്പോൾ വലിയൊരു പ്രതിസന്ധി നിഴലിക്കുകയാണ്.
ദേശീയപാതാ നിർമ്മാണത്തെ തുടർന്ന് ഹാർബറിലേക്കുള്ള വലിയ ലോറികളുടെ വഴി തടസ്സപ്പെട്ടതോടെ തൊഴിലാളികളും വ്യാപാരികളും കടുത്ത പ്രതിസന്ധിയിൽ . എല്ലാ രാഷ്ട്രീയപാർട്ടികളുടെയും നേതൃത്വത്തിൽ കനത്ത പ്രതിഷേധം ഇരമ്പുമ്പോൾ പൊതുജനത്തിന്റെ ചോദ്യമിതാണ്: "ഇങ്ങനെ മതിയോ ചോമ്പാൽ ഹാർബർ?"
വളർച്ചയുടെയും വികസനത്തിന്റെയും പ്രധിഷേധത്തിൻറെയും ഈ വേളയിൽ, മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുൻപുള്ള ചോമ്പാൽ കടപ്പുറത്തിന്റെ യഥാർത്ഥ ചരിത്രവും നഗ്നസത്യങ്ങളും പുതിയ തലമുറ അറിയാതെപോകരുത് .
വിനോദസഞ്ചാരത്തിന്റെ പുതിയ തീരം
സമീപകാലങ്ങളിൽ ചോമ്പാൽ ഹാർബറും പരിസരവും ഒരു ഇടത്തരം വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ അതിവേഗം വളർന്നുയർന്നു . ആഘോഷദിനങ്ങളിൽ ദൂരദേശങ്ങളിൽ നിന്നുപോലും കുടുംബസമേതം ആളുകൾ ഇവിടേക്ക് ഒഴുകിയെത്തുന്നു.അണമുറിയാത്ത നിലയിൽ .
കടലിൽ കൂറ്റൻ പാറക്കെട്ടുകൾ അടുക്കിക്കൂട്ടി നിർമ്മിച്ച പുലിമുട്ടിലൂടെ കടലിലേക്ക് നടക്കുമ്പോൾ ഇരുവശത്തും തിരതല്ലിപ്പിരിയുന്ന കരിമ്പാറക്കൂട്ടങ്ങൾ അതിമനോഹരമായ കാഴ്ചയാണ്. പാറക്കെട്ടുകളിൽ ഏറുകണ്ണിയുമായി മീൻ പിടിക്കാനിരിക്കുന്ന ചില നേരമ്പോക്കുകാരെയും ഇവിടെ കാണാം. സൂക്ഷ്മതയോടെ നടന്നു നീങ്ങിയാൽ കൊച്ചുകുട്ടികൾക്കുപോലും സാഗര സൗന്ദര്യം ആസ്വദിക്കാവുന്ന ഒരിടമാണിത്.
പുലിമൂട്ടിൽ നിന്ന് കരയിലേക്ക് നോക്കുമ്പോൾ നിരനിരയായി നിലകൊള്ളുന്ന ചവോക്ക് മരങ്ങളുടെ ഹരിതകാന്തിയും അസ്തമയ സൂര്യന്റെ വർണ്ണക്കുടമാറ്റവും പ്രണയിതാക്കൾക്കും സഞ്ചാരികൾക്കും പുതുതലമുറയിലെ റീൽസ്-സെൽഫി പ്രേമികൾക്കും പ്രിയങ്കരമായ കാഴ്ചയൊരുക്കുന്നു. അഴിയൂർ പഞ്ചായത്തിന്റെ വികസനഭൂപടത്തിലെ പ്രധാന തിലകക്കുറിയാണ് ഇന്ന് ഈ മനോഹര തീരം.
വിശപ്പും ദാരിദ്ര്യവും നിറഞ്ഞ പഴയകാല ഓർമ്മകൾ
എന്നാൽ അഞ്ചു പതിറ്റാണ്ടുകൾക്കു മുൻപുള്ള ചോമ്പാലിന്റെ ചിത്രം ഇതൊന്നുമായിരുന്നില്ല. ഓലയും പനമ്പ് തട്ടികളും കൊണ്ടുണ്ടാക്കിയ ചോർന്നൊലിക്കുന്ന കുടിലുകളിലായിരുന്നു കടലോര കുടുംബങ്ങളുടെ വാസസ്ഥലം . വേനലിൽ മണൽപ്പരപ്പിൽ അടുപ്പുകൂട്ടിയും, വേലിയോ മറയോ ഇല്ലാത്ത മുറ്റങ്ങളിലൂടെയും അടുക്കളപ്പുറങ്ങളിലൂടെയും പൊതുവഴി പോലെ ആളുകൾ നടന്നുപോയും കഴിഞ്ഞിരുന്ന ലളിതവും എന്നാൽ കഷ്ടപ്പാടുകളും ദാരിദ്ര്യവും നിറഞ്ഞതുമായ ഒരു കാലം നോക്കിക്കണ്ട ഓർമ്മയെനിക്കുണ്ട് .വിസർജ്ജനാവശ്യങ്ങൾക്കുവരെ തിരയൊഴിഞ്ഞ നേരംനോക്കി കടലോരത്തിരുന്ന ഒരുപഴയ കാലം ഇവിടെയുണ്ടായിരുന്നു .
വലനെയ്യാനും തോണി തുഴയാനും കല്ലുമ്മക്കായ പറിക്കാനും കഴിവുള്ളവർ ഏറെ ."ചവിട്ടുവലക്കാർ" എന്നറിയപ്പെട്ടിരുന്ന കരുത്തരായ മനുഷ്യരായിരുന്നു ചോമ്പാൽ കടപ്പുറത്തിന്റെ കരുത്ത്. കമ്പക്കയറുകൾ കോർത്ത മീൻവല കടലിൽ നിന്ന് വലിച്ച് കരയ്‌ക്കെത്തിക്കുന്ന മീനുകൾ, പനമ്പ് കൊട്ടകളിലാക്കി കാവടിയിൽ ചുമന്ന് മുക്കാളിയിലെ മീൻചാപ്പയിലെത്തിച്ചാണ് അക്കാലങ്ങളിൽ വിറ്റഴിച്ചിരുന്നത്. ഹാർബർ റോഡ് വരുന്നതിന് മുൻപ് 'പാതിരിക്കുന്ന്' എന്ന ഉയർന്ന പ്രദേശം കയറി തോളിൽ ഭാരവുമേന്തി നടന്നുനീങ്ങിയ അന്നത്തെ കരുത്തരിൽ പലരും ഇന്നില്ല.
മുക്കാളി ചാപ്പയിലെ സിമന്റ് തറയിൽ കാവടി കമിഴ്ത്തുമ്പോൾ നാലുപാടും ഇഴഞ്ഞോടുന്ന വലിയ ഞണ്ടുകളും, കാൽ ഉറുപ്പികയ്ക്ക് ഓലക്കൊട്ട നിറയെ കിട്ടിയിരുന്ന ആമമുട്ടകളും ഐലയും മത്തിയും അന്നത്തെ കുട്ടികൾക്ക് കൗതുകക്കാഴ്ചയായിരുന്നു. അണ പൈസകൾക്ക് കഷ്ണങ്ങളാക്കി മുറിച്ച് ഓഹരികളാക്കി മീനുകൾ ഉപ്പില, തേക്ക്, വാഴ, കൂവ ഇലകളിൽ പൊതിഞ്ഞു നൽകിയിരുന്ന ആ കാലത്ത് കാഴ്ചയില്ലാത്ത ഒരാൾ കാവടിയുമായി നാട്ടിടവഴികളിലൂടെ സൂക്ഷ്മമായി നടന്ന് മീൻ വിറ്റിരുന്നത് ഇന്നും മായാത്ത ഓർമ്മയാണ്.ഉണക്കു മീനുകൾ മുക്കാളിയിൽ വിറ്റിരുന്ന കമ്മക്കൂൾ മമ്മുക്കയുറെ പീടികത്തേടി പലരും അക്കാലത്തിവിടെ എത്തുമായിരുന്നു .
ദാരിദ്ര്യവും കടൽക്കോൾ കാലത്തെ പട്ടിണിയും
കൊടുമ്പിരിക്കൊള്ളുമ്പോൾ ജർമ്മൻ ക്രിസ്ത്യൻ മിഷനറിമാരുടെ വരവ് ഈ ജനവിഭാഗത്തിന് ആശ്വാസമായി. പാലും ചീസും ഗോതമ്പും വസ്ത്രങ്ങളും സൗജന്യ വിദ്യാഭ്യാസവും നൽകി അവർ ജനങ്ങളെ സഹായിച്ചു. ഇവരിൽ ചലർ മതപരിവർത്തനം ചെയ്‌ത് കൃസ്ത്യാനികളുമായി .പ്രദേശത്ത് ഡോക്ടർമാരില്ലാത്ത അക്കാലത്ത് ചെറിയ രാമൻ വൈദ്യർ, ചോയി വൈദ്യർ, കുഞ്ഞുകുട്ടി വൈദ്യർ എന്നിവരായിരുന്നു അക്കാലത്തെ ഈ ഉൾനാടൻ ഗ്രാമത്തിൻറെ രക്ഷകർ.
ദിശാബോധം മാറ്റിയ വഴിത്തിരിവ്: മുല്ലപ്പള്ളി രാമചന്ദ്രന്റെ ദീർഘവീക്ഷണം
കടല് പൊട്ടുമ്പോൾ പട്ടിണിയിലാവുന്ന, സമ്പാദിച്ച സ്വർണ്ണം പണയം വെക്കേണ്ടി വരുന്ന ഒരു പ്രദേശത്തെ ജനങ്ങളെ സമ്പൽസമൃദ്ധിയിലേക്കും ഉയർന്ന ജീവിതനിലവാരത്തിലേക്കും കൈപിടിച്ചുയർത്തിയത്
ഇവിടുത്തെ മണ്ണിൽ ജനിച്ചുവളർന്ന പ്രമുഖ രാഷ്ട്രീയനേതാവും പൊതുപ്രവർത്തകനുമായ ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ ആയിരുന്നു.
പത്രോസ് എന്ന മീൻപിടുത്തക്കാരനെ മനുഷ്യരെ പിടിക്കാൻ വിദ്യ പഠിപ്പിച്ചുതരാമെന്നുപറഞ്ഞു യേശുക്രിസ്തു കൂട്ടിക്കൊണ്ടുപോയതുപോലെ, ചോമ്പാലിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തിൽ ഒരു ദൈവദൂതനായി മാറിയത് മുല്ലപ്പള്ളി രാമചന്ദ്രനെന്ന മനുഷ്യസ്നേഹി ,നാട്ടുകാരൻ .
ചോമ്പാൽ കടപ്പുറത്തെ പൂഴിമണലിൽ സുഹൃത്തുക്കളോടൊപ്പം കടൽക്കാറ്റേറ്റിരിക്കുമ്പോൾ അദ്ദേഹം നെയ്തെടുത്ത സ്വപ്നപദ്ധതിയായിരുന്നു ചോമ്പാൽ മത്സ്യബന്ധന തുറമുഖം.
ഈ ബൃഹത് പദ്ധതി യാഥാർത്ഥ്യമാക്കാൻ അദ്ദേഹം ഊണുമുറക്കമില്ലാതെ പ്രവർത്തിച്ച കാലഘട്ടം ചോമ്പാലുകാരുടെ മനസ്സിൽ എന്നും ചിരപ്രതിഷ്ഠ നേടിനിൽക്കുന്ന ഒന്നാണ്.
1991 ൽ ശ്രീ .മുല്ലപ്പള്ളി രാമചന്ദ്രൻ കേന്ദ്ര കൃഷിമന്ത്രാലയത്തിൽ ഫിഷറീസ് മന്ത്രിയായിരുന്ന കാലത്ത് ഔദ്യോഗികമായി എടുത്ത തീരുമാനത്തിൻറെ അടിസ്ഥാനത്തിൽ നിർമ്മാണം തുടങ്ങിയതാണ് ചോമ്പാൽ ഹാർബ്ബർ പദ്ധതി .കണ്ണൂരിലെ മാമ്മിള ബേ പദ്ധതി .തുടങ്ങിയവ .മുക്കാളി റെയിൽ വേ സ്റ്റേഷനരികിലെ റയിൽവേ ലവൽക്രോസ്സും നാടിന് സമർപ്പിച്ചതും മുല്ലപ്പള്ളിതന്നെ .
ഈ സ്വപ്ന സാക്ഷാത്കാരത്തിനായി അക്കാലത്തെ പ്രാദേശിക സാമൂഹിക പ്രവർത്തകരായ റിട്ട .സർക്കിൾ ഇൻസ്‌പെക്ടർ കുഞ്ഞാരൻ .കുഞ്ഞിക്കുട്ടി വൈദ്യർ ,വി.സി. കൃഷ്‌ണൻ ,കല്ലുവളപ്പിൽ ബാലൻ ,കെ. കുഞ്ഞിക്കണാരൻ , രഞ്‌ജൻ, എടപ്പകുമാരൻ , മാക്കാടൻ ഗോപാലൻ ,റിട്ട .പെറ്റിയാർഡ് ഓഫീസർ കെ .പി കുഞ്ഞിരാമൻ ,വി.കെ. കണ്ണൻ ,എം കെ കുഞ്ഞിരാമൻ ,പാറേമ്മൽ ദാമോദരൻ ,വളപ്പിൽ മോഹനൻ തുടങ്ങിയ ഒരുപറ്റം നാട്ടുകൂട്ടവും അഹോരാത്രം പരിശ്രമിച്ചിരുന്നു .
എന്നാൽ ചോമ്പാലിന്റെ വികസന ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കപ്പെട്ടത് മുല്ലപ്പള്ളിയുടെ ഔദ്യോഗിക തീരുമാനമാണെന്ന് വ്യക്തം ,
ചോമ്പാൽ ഹാർബ്ബറിൻ്റെ ഉത്‌ഘാടനകർമ്മം നിർവ്വഹിച്ചതാവട്ടെ സമുന്നതനായ രാഷ്ട്രീയ നേതാവ് ശ്രീ .കെ ,കരുണാകരൻ. എന്നാൽ കാട് വീടാകുമ്പോൾ ആശാരി പുറത്ത് എന്ന അവസ്ഥക്കെതിരെ അന്ന് പ്രദേശത്ത് ജനരോഷമുയർന്നതും വടക്കേ മുക്കാളിയിൽ റോഡരികിൽ കെട്ടിയുയർത്തിയ പന്തലിൽ പ്രതിഷേധത്തി ൻറെ മാറ്റൊലി ഉയർന്നതും കാലം മറക്കാതെ ഇന്നും സൂക്ഷിക്കുന്ന ചില ചോമ്പാലിൻറെ നാട്ടുപുരാണങ്ങൾ .
ഹാർബർ റോഡിന്റെ നിർമ്മാണവും എഞ്ചിനീയർ പത്മനാഭന്റെ നിശ്ചയദാർഢ്യവും
ദേശീയപാത 66-ൽ നിന്ന് തുടങ്ങി പാതിരിക്കുന്ന് കയറിയിറങ്ങി ചോമ്പാൽ കടപ്പുറത്തേക്ക് നീളുന്ന ഇന്നത്തെ ഹാർബർ റോഡ് നിർമ്മിക്കുന്നത് വൻകിട യന്ത്രസാമഗ്രികളില്ലാത്ത കാലത്താണ്. കൈക്കോട്ടും ഇരുമ്പ് പാ രയും കൈമഴുവും ഉപയോഗിച്ച് കുന്ന് ഇടിച്ച് നിരപ്പാക്കിയും വളവുകൾ ഒഴിവാക്കിയും റോഡ് നിർമ്മിക്കുമ്പോൾ സ്ഥലമുടമകളുടെ പ്രതിഷേധ ങ്ങളും അമർഷങ്ങളും പ്രലോഭനങ്ങളും അതിജീവിക്കേണ്ടി വന്നു.
ഈ വലിയ വെല്ലുവിളികളെല്ലാം അതിജീവിച്ച് കൃത്യമായ അലൈൻ മെന്റിൽ റോഡ് രൂപകൽപ്പന ചെയ്ത എഞ്ചിനീയർ കരിയാട് സ്വദേശി പത്മനാഭൻ , ഓവർസീയർ അജിത്ത് എന്നിവരുടെ സംഭാവന അവിസ്മ രണീയമാണ്. അൻപതിലധികം ഉടമകളിൽ നിന്ന് ഹാർബറിനും റോഡിനുമായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള രേഖകൾ പരിശോധിച്ച് ഒപ്പിട്ടു വാങ്ങിയത് പാതിരിക്കുന്നിലെ 'കല്ലുവളപ്പിൽ' തറവാടിന്റെ വരാന്തയിൽ വെച്ചായിരുന്നു.
കൈവേലിക്കടുത്തുള്ള ഇരിമ്പന്തടം പോലെയുള്ള സ്ഥലങ്ങളിൽ നിന്ന് കൂറ്റൻ പാറക്കല്ലുകൾ മൂന്നും നാലും വീതം ആയിരക്കണക്കിന് ലോറിക ളിൽ എത്തിച്ചാണ് ഇവിടുത്തെ കടലിൽ കല്ലിട്ട് പുലിമുട്ട് നിർമ്മിച്ചത്. ഇന്ന് വിശ്രമ ജീവിതം നയിക്കുന്ന എഞ്ചിനീയർ പത്മനാഭനോടും ടീമിനോടും മുല്ലപ്പള്ളി രാമചന്ദ്രനോടെന്നപോലെ തന്നെ ചോമ്പാലിലെ തീരദേശ വാസികൾ എക്കാലവും കടപ്പെട്ടിരിക്കുന്നു. ഇതൊരു 'വെള്ള പൂശലല്ല ' ,വ്യക്തിപൂജയോ അല്ല .ചോമ്പാലിൽ വരും തലമുറക്കായുള്ള സത്യത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്.
പഴയകാലത്തെ വിശപ്പും പട്ടിണിയും മാറ്റിമറിച്ചുകൊണ്ട് ഒരു നാടിന്റെ വികസന കുതിപ്പിന് തുടക്കമിട്ട ചോമ്പാൽ ഫിഷിംഗ് ഹാർബർ ഇന്ന് വീണ്ടുമൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ, അതിന്റെ
ചരിത്രവഴികളും ജനകീയനും നാട്ടുകാരനുമായ ശ്രീ .മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ള മഹാരഥന്മാരുടെ ദീർഘവീക്ഷണവും ഇടപെടലുകളും വിസ്മരിക്കപ്പെടരുത്.
തമസ്‌ക്കരിക്കാനിടവരരുത് . പൂർവ്വികരുടെ തപസ്യയുടെ ഫലമായ ഈ തീരദേശ സമൃദ്ധിയെ സംരക്ഷിക്കേണ്ടത് വർത്തമാനകാല ത്തിന്റെ അനിവാര്യതയും.ബാധ്യതയും കൂടിയാണ് .
https://mediafacekerala.com/business/19579
സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ
ഷിംല ഗ്രീന്‍, സ്റ്റീല്‍ ഗ്രേ എന്നീ രണ്ട് പുതിയ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ ഇപ്പോള്‍ ലഭ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































