അവരേത് പാർട്ടിക്കാരായാലും വേണ്ടില്ല. പരിസ്ഥിതി പ്രവർത്തകരോ, സംഘടനകളോ, അധികൃതരോ ആരോ ആകട്ടെ... ഈ ഗ്രാമത്തിന്റെ ഹൃദയധമനിയായ ചെറിയാണ്ടിത്തോട് പുനഃസ്ഥാപിക്കാൻ മുന്നിട്ടിറങ്ങുന്നവരെ നമുക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യാം.
"നീർത്തടാധിഷ്ഠിത വികസനം. ജൈവവൈവിധ്യസംരക്ഷണം, പാരിസ്ഥിതിക സവിശേഷതകളുടെ പരിപോഷണം." കേട്ടുപഴകിയ ഈ വാഗ്ദാനങ്ങൾ പലതും കപടമാകുന്നതും വിസ്‌മൃതിയിലാണ്ടുപോകുന്നതും നാം കണ്ടുകൊണ്ടിരിക്കുന്ന സത്യങ്ങൾ .
ശുദ്ധമായ വായുവും ജലവും മണ്ണും മനുഷ്യൻ്റെ ജന്മാവകാശമാണ്. പ്രകൃതിവിഭവങ്ങളെ സംരക്ഷിച്ചുനിർത്തുക എന്നതാവട്ടെ, അതിലേറെ മഹത്തായ കർമ്മം. ചോമ്പാലയുടെ അഥവാ മുക്കാളിയുടെ ചില പാരിസ്ഥിതിക സ്മരണകൾ പങ്കുവെക്കുന്നു .
ഇന്ന്, ഗ്രാമീണതയും നാഗരികതയും ഇവിടെ കൈകോർത്തുനിൽക്കുമ്പോൾ, റോഡരികിലെ ആ വീതിയേറിയ ഓവുചാലുകൾ ,കൈത്തോടുകൾ പലയിടത്തും കരപ്പറമ്പുകളായി മാറിയ നിലയിൽ . സമീപത്തെ കുഞ്ഞുതൈകൾ തടിച്ച് വൃക്ഷങ്ങളായി. മൗനംകൊണ്ട് സമ്മതം നൽകി ...മെലിഞ്ഞുണങ്ങി ഒഴുക്കുനിലച്ച ഓവുചാലുകൾ ...ഒരു വലിയ പാരിസ്ഥിതിക ദുരന്തത്തിന്റെ നേർസാക്ഷ്യമായിവിടെ നിലകൊള്ളുന്നു .
ചെറിയാണ്ടിതാഴെ , അനങ്ങാറത്തു താഴെ ,കാളിയത്തു താഴെ .കോമത്ത് താഴെ എന്നൊക്കെ പറയാറുള്ള വിശാലമായ തോട് ഇതുവഴി ഒഴികിയുരുന്നു. വിശാലമായിരുന്ന ഈ തോട്, റെയിൽവേ ബി ക്ലാസ്സ് സ്ഥലമടക്കം വെള്ളപ്പൊക്ക സമയത്ത് പുഴയായി തോന്നിപ്പിച്ചിരുന്നു.
കുറിച്ചിക്കര ഭാഗത്തുനിന്നും ഉശിരുള്ള ചെറുപ്പക്കാർ തോണിയുമായി സവാരിക്കിറങ്ങിയിരുന്ന ആ ജലവിസ്തൃതി ഇന്ന ഒരു സൈക്കിൾ പോലും തിരിക്കാൻ പറ്റാത്തവിധം ഈ തോട് കരയായി മാറിയിരിക്കുന്നു. ചോമ്പാലിൻറെ വികസനസമിതി മീറ്റിങ്ങുകളിൽ മുടങ്ങാതെ പങ്കെടുക്കുന്ന സാമൂഹ്യപ്രവർത്തകർ വർഷങ്ങളായി വഴിനടക്കുന്നതും ഇതുവഴിതന്നെ.
പ്രശ്നപരിഹാരത്തിനായി ഒരു വിരലനക്കമുണ്ടാക്കാൻ ഇതുവരെ കഴിഞ്ഞില്ലെന്നത് പരമാർത്ഥം .മുക്കാളി ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിഞ്ഞ വർഷം ചിലവാക്കിയ ലക്ഷങ്ങൾ കൊണ്ടെന്ത് കാര്യമുണ്ടായി ?നാട്ടുകാർ ആർക്കു നേരെയാണ് വിരൽ ചൂണ്ടേണ്ടത് ?
അനങ്ങാറത്ത് താഴെ കടന്ന്, റെയിലിന് സമാന്തരമായി മുക്കാളി സ്റ്റേഷൻ ഭാഗത്തേക്ക്. അവിടെനിന്നും കിഴക്കോട്ട് ദിശമാറി കുറുങ്ങോട്ട് താഴെ, കാളിയത്ത് താഴെ, മേപ്പറമ്പത്ത് താഴെ, തുടങ്ങി നിരവധി സ്ഥലങ്ങളിലൂടെ ഒഴുകി കുറിച്ചിക്കര പുഴയിലെത്തിച്ചേർന്ന ആ ജലമാർഗ്ഗം ഇന്ന് എവിടെ? ഒഴുകാൻ തോടുമില്ല, ഒഴുകാനിടവുമില്ല. തോട് കരയായി മാറിയത് ഒരു ദിവസം കൊണ്ടല്ലെന്നതും വ്യക്തം .അതാത് കാലങ്ങളിൽ ബന്ധപ്പെട്ട പഞ്ചായത്തധികൃതരിൽ പലരും ദിവസേന വഴിനടന്നു പോയതും ഈ തോടിനോട് ചേർന്നുതന്നെ .
വർഷങ്ങൾക്ക് മുമ്പ് തോടിനോട് ചേർന്ന് എടവലക്കണ്ടി പീടികയ്ക്ക് മുൻപിൽ തോടിനു കുറുകെ അശാസ്ത്രീയമായി നിർമ്മാണം തുടങ്ങിയ പാലം പൊളിച്ചുമാറ്റി പുതുക്കിപ്പണിയാൻ പരാതിയുമായി മുന്നിട്ടിറങ്ങിയ എനിക്ക് അന്ന് സഹായികളായ കൊട്ടക്കാട്ട് നാണു ഏട്ടനും എടവലക്കണ്ടി ഭാർഗ്ഗവനും ഇന്നില്ല.
മാറ്റിപ്പണിത പാലമാകട്ടെ ഇന്ന് ഏതുനിമിഷവും പൊളിഞ്ഞുവീഴുമെന്ന നിലയിൽ .അധികൃതർ അറിയാത്ത വിഷയമല്ലിത് .
ഒരപകടം ഉണ്ടായി വാഹനം തോട്ടിൽ വീണ് ആളപായമുണ്ടായാലേ ......അധികാരികളാൽ കണ്ണ് തുറക്കൂ എന്നാവാം ...
ഏതാനും ദിവസങ്ങൾക്ക് മുൻപ് മുക്കാളിയിൽ പുതുക്കിപ്പണിയുന്ന ഓവുപാലത്തിനു വീതികൂട്ടാൻ ഞങ്ങൾ ആവശ്യപ്പെട്ടതനിസരിച്ച് ബഹു .MLA കെ കെ രമ സ്ഥലത്തെത്തി അധികൃതരോടാവശ്യപ്പെടുകയുമുണ്ടായി .മാത്രവുമല്ല റെയിവേ ഓവുപാലത്തിനു മറുവശം പോയകാലങ്ങളിൽ ആളുകൾ നീന്തിക്കളിച്ച തോട്ടിലെ ആ കുണ്ടു കുളം കരയായി മാറിയ കാഴ്ച്ചയും ഞാനവരെ കൊണ്ടുപോയികാണിക്കുകയുമുണ്ടായി പഴയകാലത്തെ തോടിന്റെ അവസ്ഥയും ആഴവും വീതിയും വിശദമായി അവർക്ക് മനസ്സിലാക്കിക്കൊടുക്കുകയുമുണ്ടായി.
MLA യുടെ സ്ഥാനത്തുനിന്ന് ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യാമെന്നുറപ്പ് നൽകിയാണവർ തിരിച്ചു പോയത് .ഒരു നാട്ടുകാരൻ എന്നതിലപ്പുറം ഒരു രാഷ്ട്രീയപാർട്ടിയുടെയും വക്താവായല്ല ഞാൻ MLA യെ കൂട്ടിക്കൊണ്ടുപോയി ഈ സ്ഥലങ്ങൾ കാണിച്ചുകൊടുത്തതും ബോധ്യപ്പെടുത്തിയതും .
മുക്കാളി ടൗണിലെ വെള്ളക്കെട്ട് പരിഹരിക്ക മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നറിയുന്നു .ഏറാമല അഴിയൂർ പഞ്ചായത്തുകളിലെ എൻജിനീയറിങ് വിഭാഗം ഇതിനു നേതൃത്വം നല്കുമെന്നും പത്രവാർത്ത .
നാട്ടുകാർ അഭിമാനത്തോടും ശുഭപ്രതീക്ഷയോടെയുമാണ് ബഹു. MLA കെ .കെ .രമയുടെ അടിയന്തിര ഇടപെടലിനെ കക്ഷിരാഷ്ട്രീയമില്ലാതെ നോക്കിക്കാണുന്നത് .നന്മ ആരുടെ പക്ഷത്തുനിന്നായാലും നമുക്കവരെ സഹർഷം സ്വാഗതം ചെയ്യാം ...കൃതജ്ഞതാനിർഭരമായ മനസ്സോടെ.
ചിത്രം: ഫയൽ കോപ്പി ....
VIDEO മുക്കാളി ടൗണിലെ കഴിഞ്ഞ മഴക്കാല ദൃശ്യം
മുക്കാളി ടൗണിൽ കനത്ത വെള്ളക്കെട്ട് ;
വാഹനഗതാഗഗതം നിർത്തലാക്കി
എവിടെപ്പോയി ചോമ്പാലയിലെ ഈ തണ്ണീർത്തടം ?
നാട്ടുകാർ ആർക്കുനേരെ വിരൽ ചൂണ്ടണം ?.........
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









