എവിടെപ്പോയി ചോമ്പാലയിലെ
ആ തണ്ണീർത്തടം?
നാട്ടുകാർ വിരൽചൂണ്ടി ചോദിക്കുന്നു !
കാണാതായ ചെറിയാണ്ടിത്തോട് –
ഒരു പുനഃസ്ഥാപനത്തിനായുള്ള മുറവിളി
: ദിവാകരൻ ചോമ്പാല
അഞ്ചുവർഷങ്ങൾക്ക് മുൻപ് എഴുതിയ ഈ കുറിപ്പ് ഒരിക്കൽക്കൂടി
തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ, ചുമരെഴുത്തുകൾക്കൊപ്പം വാഗ്ദാനങ്ങളുടെ പെരുമഴക്കാലവും എത്തുകയായി.
"നീർത്തടാധിഷ്ഠിത വികസനം", "ജൈവവൈവിധ്യസംരക്ഷണം", "പാരിസ്ഥിതിക സവിശേഷതകളുടെ പരിപോഷണം" –
കേൾക്കാൻ സുഖമുള്ള, ഉള്ളിൽ കുളിരു വീഴുന്ന ഇത്തരം മുദ്രാവാക്യങ്ങൾ പലതും പിൽക്കാലത്ത് കപട വാഗ്ദാനങ്ങളായി വിസ്മൃതിയിലടിയുന്നത് നിഷേധിക്കാനാവാത്ത സത്യമാണ്.
ഈ രാഷ്ട്രീയ നാടകങ്ങൾക്കിടയിൽ, ചോമ്പാലയിലെ നാട്ടുകാർ ഒരേ സ്വരത്തിൽ ഒരു ചോദ്യം ഉയർത്തുന്നു: ചെറിയാണ്ടിത്തോട് എന്ന നീർത്തടം ആര് പുനർജ്ജീവിപ്പിക്കും?
ശുദ്ധമായ വായുവും ജലവും മണ്ണും മനുഷ്യന്റെ ജന്മാവകാശമാണ്. പ്രകൃതിവിഭവങ്ങളെ സംരക്ഷിച്ചുനിർത്തുക എന്നതാവട്ടെ, അതിലേറെ മഹത്തായ കർമ്മം.
ചോമ്പാലയുടെ ഹൃദയധമനിയായിരുന്ന ചെറിയാണ്ടിത്തോടിന്റെ നാശം ഈ അവകാശങ്ങളുടെയും കർമ്മങ്ങളുടെയും ലംഘനമാണ്.
ഓർമ്മകളിലെ ജീവനാഡി: ഒരു നദിയുടെ തിരോധാനം
മുക്കാളി റെയിൽവേ സ്റ്റേഷനിൽനിന്ന് കണ്ണെത്താവുന്ന ദൂരത്തിൽ തെക്ക്, പട്ടിയാട്ട് റെയിൽവേ അണ്ടർബ്രിഡ്ജിനോട് ചേർന്ന്, റെയിലിന് കിഴക്കുഭാഗ ത്തുനിന്ന് ആരംഭിച്ച് ഒഞ്ചിയം, അഴിയൂർ പഞ്ചായത്തുകളുടെ അതിരിലൂടെ ശാന്തമായി ഒഴുകി, ഏറാമല പഞ്ചായത്തിലെ കുറിച്ചിക്കര പുഴയിൽ ലയിച്ചിരുന്ന, സാമാന്യം ആഴവും വീതിയും കുറവില്ലാത്ത ഒരു നീർത്തടം ഇവിടെ ഉണ്ടായിരുന്നുവെന്ന് പുതിയ തലമുറയോട് പറഞ്ഞാൽ അവർ വിശ്വസിക്കണമെന്നില്ല.
കാരണം പട്ടിയാട്ട് റയിൽവേ അണ്ടർബ്രിഡ്ജിനടുത്ത് ചെന്നുനോക്കിയാ ലറിയാം മാറിയ ,അഥവാ കാലം മാറ്റിയെടുത്ത ഭൂപ്രകൃതിയുടെ വികലമായ രൂപമെന്താണെന്ന് .
സ്ഥലത്തെ പ്രമുഖ സാമൂഹ്യപ്രവർത്തകരും പ്രാദേശിക രാഷ്ട്രീയനേതാ ക്കളും ദിവസേന വഴിനടക്കുന്നതും ഇതുവഴിതന്നെ ....
ഇന്ന്, "ആട് കിടന്നേടത്ത് ഒരു പൂടപോലും കാണാനില്ല" എന്ന അവസ്ഥയിലാ ണ് ഇവിടം.
ഏകദേശം എഴുപത്തഞ്ച് വർഷം മുൻപ് ഞങ്ങൾ കുട്ടികൾ നീന്തൽ പഠിച്ച, മുങ്ങിയും താണും നീന്തിക്കളിച്ച ആ ജലപ്പരപ്പുണ്ടായ സ്ഥലത്തുകൂടെ കുട്ടികൾ സൈക്കിൾ ചവിട്ടി പഠിക്കുന്നു! പന്തുകളിക്കുന്നു .ചിലയിടങ്ങളിൽ കന്നുകാലികൾ മേയുന്നു.
പുരാവസ്തു ഗവേഷകർക്ക് പോലും തിരിച്ചറിയാനാവാത്തവിധം മൺതിട്ടയുയർന്ന്, ഉറച്ച്, പച്ചപിടിച്ച കരഭൂമിയായി ആ തോട് മാറിയിരിക്കു ത്തിന്റെ നേർസാക്ഷ്യമാണ്.അനധികൃതമായ കടന്നുകയറ്റങ്ങൾക്ക് മൗനാനുവാദം നൽകിയതാരായാലും അത് നീതീകരിക്കാനാവില്ല .
വികസനം കവർന്ന ഒഴുക്ക്: പാതയും ആണിച്ചാലും
ഏറാമല പഞ്ചായത്തതിർത്തിയിലെ തട്ടോളിക്കര ശ്രീനാരായണഗുരുമഠം മുതൽ പട്ടിയാട്ട് ഗേറ്റ് വരെ നീണ്ടുകിടന്ന വയൽപ്പരപ്പായിരുന്നു ഒരുകാലത്ത് ഇവിടം .
പൗരമുഖ്യനും പുരോഗമന ചിന്താഗതിക്കാരനുമായിരുന്ന ശ്രീ. കൊയിലോത്ത് കൃഷ്ണക്കുറുപ്പിന്റെ നേതൃത്വത്തിൽ നാട്ടുകാർ ശ്രമദാനമായി നിർമ്മിച്ചതാണ് ഇന്നത്തെ താറിട്ട റോഡ്. സവർണ്ണ മേധാവിത്വം നിലനിന്ന ആ കാലത്ത്, കൃഷ്ണക്കുറുപ്പിന്റെ ഭാര്യപോലും റോഡ് നിർമ്മാണത്തിന് മണ്ണുചുമക്കാനെത്തിയത് അക്കാലത്തെ കൂട്ടായ്മയുടെ മഹനീയമായ ചിത്രം വരച്ചു കാട്ടുന്നു.
ഈ റോഡിന്റെ വശങ്ങളിൽ വെള്ളം ഒഴുകിപ്പോകാനായി രണ്ടോ മൂന്നോ അടി വീതിയിൽ കല്ലുകൊണ്ട് കെട്ടിയുണ്ടാക്കിയ ആണിച്ചാൽ എന്ന ഓവുചാൽ നിർമ്മിക്കപ്പെട്ടു. വയലോരങ്ങളിലെ മഴവെള്ളവും നീരുറവകളും ഈ ചാലുകളിലൂടെ ഒഴുകിയെത്തിയിരുന്നത് തൊട്ടടുത്ത ചെറിയാണ്ടി തോട്ടിലേക്കായിരുന്നു. ഈ ആണിച്ചാലുകൾ തോടിന്റെപോഷക നാളങ്ങളായിരുന്നു.
എന്നാൽ, ഇന്ന് ഗ്രാമീണതയും നാഗരികതയും കൈകോർത്തുനിൽക്കു മ്പോൾ, ഈ വീതിയേറിയ ഓവുചാലുകൾ പലേടത്തും കരപ്പറമ്പായി മാറി.
സമീപത്തെ കുഞ്ഞുതൈകൾ തടിച്ച് വൃക്ഷങ്ങളായി.കുട്ടികൾ നീന്തിക്കളിച്ച മറ്റുചിലയിടങ്ങളിൽ ചാലുകൾ മെലിഞ്ഞുണങ്ങി.
ബന്ധപ്പെട്ട അധികൃതർ വാക്കുകൾകൊണ്ട് അനുവാദം നൽകിയില്ലെങ്കിലും, അവരുടെ മൗനംകൊണ്ട് സമ്മതം നൽകി എന്ന നിലയിലാണ് കാര്യങ്ങൾ.
ശരിക്കും ആരാണ് ഈ പാരിസ്ഥിതിക ദുരന്തത്തിന് ഉത്തരവാദി? ആരാണിതിന് പ്രോത്സാഹനം നൽകിയത്?
കേരളത്തിൽ അനധികൃത നിർമ്മാണത്തിൻ്റെ പേരിൽ ഫ്‌ളാറ്റ് സമുച്ചയങ്ങൾ വരെ ഇടിച്ചുനിരപ്പാക്കപ്പെട്ട സാഹചര്യങ്ങൾ കൂടി നമ്മൾ ഓർക്കേണ്ടിയിരിക്കുന്നു.
നാട്ടുചിന്തകളും ജൈവവൈവിധ്യവും: ഇല്ലാതായ ഗ്രാമീണത
ചെറിയാണ്ടിത്തോട് കേവലം ഒരു ജലപാതമാത്രമായിരുന്നില്ല , അതൊരു സാമൂഹിക കേന്ദ്രം കൂടിയായിരുന്നു.
അലക്കുകല്ലുകൾ: ഇരിങ്ങൽപ്പാറയിൽനിന്നുമെത്തിയ വലിയ കരിങ്കൽപാളികൾ തീരങ്ങളിൽ നാട്ടുകാർ അലക്കുകല്ലുകളായി സ്ഥാപിച്ചിരുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ തുണിയലക്കുന്ന സ്ത്രീകളുടെ തിരക്ക്, നാട്ടുവിശേഷങ്ങൾ, പരദൂഷണങ്ങൾ, പേനെടുക്കൽ എന്നിവയെല്ലാം ആ തോട്ടുക്കരയിലെ പതിവായിരുന്നു.പോയകാലങ്ങളിൽ .
ജലസമൃദ്ധി: വെള്ളയും ചുവപ്പും നിറങ്ങളിലുള്ള ആമ്പൽപ്പൂക്കൾ പൂക്കൂട ചൂടിയപോലെ നീർപ്പരപ്പിൽ നിറഞ്ഞുനിന്നു. മുട്ടക്കാരൻ അയ്യൻ എന്ന ജോസഫേട്ടന്റെ നൂറുകണക്കിന് താറാവ് കുഞ്ഞുങ്ങളെ നീരാട്ടിനിറക്കിയിരുന്നത് ഇവിടെയായിരുന്നു.ഈ തോട്ടിലെ ജലപ്പരപ്പിൽ .
പഴയ കാലത്തിന്റെ സാക്ഷ്യം: മാടാക്കര അമ്പലത്തിലെ ഉത്സവത്തിന് ദൂരസ്ഥലങ്ങളിൽനിന്നും എത്തുന്ന ആനകളെ പാപ്പാന്മാർ ഈ തോട്ടിലെ വീതികൂടിയ ഭാഗങ്ങളിൽ ചരിച്ചുകിടത്തി മടലുകൊണ്ട് ഉരസിക്കുളിപ്പിക്കുന്നതും, കൊപ്രയും കാർഷികവിളകളും വടകര മാർക്കറ്റുകളിലെത്തിച്ചിരുന്ന മൂരിവണ്ടികളിലെ കാളകളെ വൈകുന്നേരം കുളിപ്പിച്ചതും ഇതേ തോട്ടിലായിരുന്നു.ഈ കാഴ്ച്ചകൾ എന്നെപ്പോലെ നോക്കിക്കണ്ട പലരും ഇന്നും ഇവിടെ ജീവിച്ചിരിപ്പുണ്ട് .
തൊഴിലാളികളുടെ ആശ്രയം: യന്ത്രവൽകൃത ഈർച്ചമില്ലുകൾ ഇല്ലാതിരുന്ന കാലത്ത്, മാവിൻ പലകകളും തെങ്ങിൻ കവുക്കോലുകളും കറയിളക്കി ഈടുറപ്പുള്ളതാക്കാൻ ആഴ്ചകളോളം ഈ തോട്ടിലെ വെള്ളത്തിൽ മുക്കിയിടുന്ന പതിവുണ്ടായിരുന്നു. രാത്രിയിൽപോലും ആരും അത് മോഷ്ടിക്കില്ലെന്നുള്ള നാട്ടുമര്യാദയുടെ ആഴം ഇന്ന് നമുക്ക് നഷ്ടമായിരിക്കുന്നു.
മീൻപിടിത്തം: മീൻപിടുത്തക്കാരൻ ഉമ്മർകുട്ടിക്ക അരയിൽ ഓലക്കൊട്ട കെട്ടിയും കൈത്തണ്ടയിൽ വീശുവലയുമായി ഉയരത്തിലേക്ക് വലയെറിയുമ്പോൾ, ആ വല വിരിയിക്കുന്ന വൃത്താകാരം അന്നത്തെ കുട്ടികളുടെ അത്ഭുതമായിരുന്നു.
പരിസ്ഥിതി സ്നേഹം: കടുത്ത വേനൽക്കാലത്ത് യുവാക്കൾ ഒത്തുകൂടി വെള്ളം തേവി വറ്റിച്ച് ചെളിയെടുത്തു വൃത്തിയാക്കുന്നത് ഒരുകാലത്ത് ആഘോഷം പോലെയായിരുന്നു. വെള്ളം വറ്റിയാലും 'കൈച്ചിൽ' (വരാൽ) പോലുള്ള മീൻകുഞ്ഞുങ്ങളെ മൺകലത്തിൽ സൂക്ഷിച്ച്, പുതിയ ഉറവ വരുമ്പോൾ തിരിച്ചിടുന്ന അനങ്ങാറത്ത് രാഘവേട്ടൻ്റെ വേറിട്ട മനസ്സ്, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു.
വെളിച്ചവും ഇരുളും: മാറ്റത്തിന്റെ കാൽപ്പാടുകൾ
പഴയ കാലത്തിന്റെ ഇരുൾ വീണ കോണുകളിൽ, ഈ തോട് ചില ദുരാചാരങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആദ്യമായി ഋതുമതികളായ പെൺകുട്ടികളെ കിടക്കപ്പായചുരുട്ടി തലയിൽ വെച്ച് ദീപക്കാഴ്ചയുമായി കുളിപ്പിക്കാൻ കൊണ്ടുപോയിരുന്ന ചടങ്ങുകൾ, മന്ത്രവാദം, 'വരവിൽ കുടുങ്ങുക', 'ബ്രഹ്മരക്ഷസ്സ് കൂടുക' തുടങ്ങിയ മാനസികാവസ്ഥകൾക്ക് ശാന്തി തേടി ഓട്ടുമണിയുടെ കിലുക്കം കേട്ടിരുന്ന വീടുകൾ – എല്ലാം കാലത്തിന്റെ തിരുശേഷിപ്പുകൾ. വെളുത്ത വാഴപ്പോളയിൽ ചെക്കിപ്പൂവും ചെമ്പരത്തിപ്പൂവും കവുങ്ങിൻ പൂക്കുലയും വെച്ച്, രാത്രിയിൽ അണയാത്ത തിരി കത്തിച്ച്ഈ തോട്ടിലൂടെ മന്ത്രവാദി ഒഴുക്കിയിരുന്ന 'മാറ്റൽ' കർമ്മങ്ങൾ പലരും കണ്ടിട്ടുണ്ട്. എൻറെ അച്ഛൻ "വിഡ്ഢിത്തം" എന്ന് പറഞ്ഞുതന്ന ഈ കാഴ്ചകൾ ഞാൻ മറന്നിട്ടില്ല , വിദ്യാഭ്യാസത്തിലൂടെയും ശാസ്ത്രീയ അവബോധത്തിലൂടെയും ഇത്തരം കാഴ്ച്ചകൾ ഇല്ലാതായി.
കമ്യൂണിസത്തിൻ്റെ വേരോട്ടവും,എം.ആർ.നാരായണക്കുറുപ്പിനെപ്പോലുള്ളവരുടെ ഇടപെടലുകളിലൂടെ സംജാതമായ മടപ്പള്ളി കുന്നിലെ കോളേജും ഈ ഗ്രാമത്തിൽ മാറ്റത്തിന്റെ വിത്ത് പാകി. വിദ്യാഭ്യാസം വളർന്നതോടെ, മന്ത്രവാദികൾ എന്ന വർഗ്ഗം ഇവിടെനിന്ന് കുറ്റിയറ്റുപോയി.ചരട് മന്ത്രിക്കുന്നവരും. സാമൂഹിക മാറ്റത്തിന് കഴിഞ്ഞതുപോലെ, പാരിസ്ഥിതിക മാറ്റത്തിനും നമുക്ക് കഴിയേണ്ടതുണ്ട്.
പുനർജ്ജീവനം ആരുടെ ഉത്തരവാദിത്തം?
ചെറിയാണ്ടി താഴ, അനങ്ങാറത്തു താഴ തുടങ്ങിയ സ്ഥലങ്ങളിൽ പതിനഞ്ചും ഇരുപതും അടിയിലേറെ വീതിയുണ്ടായിരുന്ന ഈ തോട്, റെയിൽവേ ബി ക്ലാസ്സ് സ്ഥലമടക്കം വെള്ളപ്പൊക്ക സമയത്ത് പുഴയായി തോന്നിപ്പിച്ചിരുന്നു. കുറിച്ചിക്കര ഭാഗത്തുനിന്നും ഉശിരുള്ള ചെറുപ്പക്കാർ തോണിയുമായി സവാരിക്കിറങ്ങിയിരുന്ന ആ ജലവിസ്തൃതി, ഇന്ന് ഒരു സൈക്കിൾ പോലും തിരിക്കാൻ പറ്റാത്തവിധം കരയായി മാറിയിരിക്കുന്നു.പട്ടിയാട്ട് അണ്ടർ ബ്രിഡ്ജിൽ മഴക്കാലത്ത് കനത്തവെള്ളപ്പൊക്കം ഉണ്ടാകുന്നതിന്റെ പ്രധാനകാരണം ചെറിയണ്ടി തോട് കരയായി മാറിയതുകൊണ്ട് മാത്രമാണെന്നാർക്കാണറിഞ്ഞുകൂടാത്തത് ? ഇതുപറയാൻ എഞ്ചിനീയറിംഗ് ബിരുദം വേണമെന്നില്ല .
തോടിന് കുറുകെ തെങ്ങിൻ തടികൾ ചേർത്തുണ്ടാക്കിയ പാലങ്ങൾ കടക്കേണ്ടിയിരുന്ന വീടുകൾക്ക് ചുറ്റും കോൺക്രീറ്റ് സൗധങ്ങൾ ഉയർന്നു. ഓലമെടയാനായി ഉണങ്ങിയ തെങ്ങോലകൾ ദിവസങ്ങളോളം കുതിർത്തുവെച്ച ഒഴുക്കുവെള്ളം എവിടെ?
പായനെയ്ത്തുകാർ ഈ തോട്ടിൻകരയിലെ കൈതോലകൾ വെട്ടിക്കൂട്ടി തലച്ചുമടായി കൊണ്ടുപോയിരുന്നതും അക്കാലത്തെ പതിവ്കാഴ്ച്ച .
കുളക്കോഴികളും പൊന്മകളും വട്ടമിട്ടുപറന്നിരുന്നതും കൈതക്കാടുകൾ മുറ്റിനിന്നിരുന്നതുമായ ഈ ജൈവവൈവിധ്യതീരം ഇന്ന് ഓർമ്മകളിൽ മാത്രം.ഈ കടന്നുകയറ്റം കണ്ടിട്ടും അധികൃതർ മൗനം പൂണ്ട നിലയിൽ.
ഈ വരുന്ന തിരഞ്ഞെടുപ്പിൽ, കക്ഷിരാഷ്ട്രീയം വിട്ട്, ചോമ്പാലയിലെ ജനത സ്ഥാനാർത്ഥികളോട് വിരൽചൂണ്ടി ചോദിക്കുന്നു...ഈ തോട് പൂർവ്വസ്ഥിതിയിലാക്കാൻ നിങ്ങൾക്കാവുമോ ?
പരിസ്ഥിതി പ്രവർത്തകരോ, സംഘടനകളോ, അധികൃതരോ ആരാകട്ടെ... കാലാകാലമായി ഈ നാട്ടിലൂടെ പരന്നൊഴുകിയിരുന്ന ചെറിയാണ്ടിത്തോ ടിന്റെ പുനർജ്ജനിക്കായി വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിച്ച്, ഈ തണ്ണീർത്തടം പുനഃസ്ഥാപിക്കാൻ മുന്നിട്ടിറങ്ങുന്നവരെ നമുക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യാം.
ബന്ധപ്പെട്ട അധികൃതർ റീസർവ്വെ നടത്തി, ഈ നീർത്തടം വീണ്ടെടുക്കാൻ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കേണ്ടത് ഈ നാടിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. ഈ തണ്ണീർത്തടത്തെ രക്ഷിക്കാൻ ആര് മുന്നോട്ട് വരും?............
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












_h_small.jpg)




