
ജനീവ: ലൈംഗിക പ്രത്യുത്പാദന ആരോഗ്യരക്ഷയ്ക്കുള്ള സംവിധാനങ്ങൾ മനഃപൂർവം തകർത്ത് വംശഹത്യാപരമായ പ്രവൃത്തിയാണ് ഇസ്രയേൽ ഗാസയിൽ ചെയ്‌തതെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ റിപ്പോർട്ട്.
ഗാസയിലെ പ്രധാന പ്രത്യുത്പാദനകേന്ദ്രമായ അൽ-ബസ്‌മ ഐവിഎഫ് സെന്റർ ഇസ്രയേൽ കരുതിക്കൂട്ടി ആക്രമിച്ച് തകർത്തു. സുരക്ഷിതമായ ഗർഭധാരണം, പ്രസവം, നവജാതശിശു സംരക്ഷണം എന്നിവയ്ക്കുള്ള മരുന്നുകൾ ഗാസയിലെത്തുന്നത് തടഞ്ഞെന്നും യുഎൻ കമ്മിഷൻ ഓഫ് ഇൻകുയറി വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു. എന്നാൽ, അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നുപറഞ്ഞ് ജനീവയിലെ യുഎൻ ഓഫീസിലെ ഇസ്രയേൽപ്രതിനിധി റിപ്പോർട്ട് തള്ളിക്കളഞ്ഞു.
2023 ഡിസംബറിലാണ് അൽ-ബസ്‌മ ഐവിഎഫ് സെൻ്ററിൽ ഇസ്രയേൽ ഷെല്ലാക്രമണം നടത്തിയത്. ഭാവിയിൽ ഗർഭധാരണത്തിനായി സൂക്ഷിച്ചിരുന്ന വസ്തുക്കളുൾപ്പെടെ എല്ലാം ഇസ്രയേൽ സുരക്ഷാസേന നശിപ്പിച്ചു. കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നു ഇത്. ഇവിടം ഹമാസിന്റെ ആക്രമണത്തിനുള്ള ആസൂത്രണകേന്ദ്രമായി ഉപയോഗിച്ചിരുന്നുവെന്നതിന് വിശ്വസനീയമായ തെളിവുകൾ കമ്മിഷന് കിട്ടിയില്ലെന്നും റിപ്പോർട്ട് പറയുന്നു.
ഇസ്രയേലിന്റേത് വംശഹത്യാപരമായ പ്രവൃത്തിയുടെ രണ്ട് വിഭാഗങ്ങളിൽപ്പെടുന്നുവെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. ഹമാസിന്റെ സായുധസംഘം 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ കടന്നുകയറി നടത്തിയ കൂട്ടക്കൊലയ്ക്കും തട്ടിക്കൊണ്ടുപോകലിനും പിന്നാലെയാണ് ഗാസയിൽ യുദ്ധമാരംഭിച്ചത്. യുദ്ധത്തിൻ്റെ ഭാഗമായിട്ടായിരുന്നു ഇസ്രയേലിന്റെ വംശഹത്യാപരമായ ചെയ്‌തികൾ.
ഏതെങ്കിലും ദേശീയ, വംശീയ, പരമ്പരാഗത, മതവിഭാഗങ്ങളെ പൂർണമായോ ഭാഗികമായോ നശിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന പ്രവൃത്തിയെയാണ് വംശഹത്യയായി യുഎൻ കണക്കാക്കുന്നത്. ഭൗതികസാഹചര്യങ്ങൾ നശിപ്പിക്കുന്നതിലൂടെ പലസ്‌തീൻകാരുടെ പ്രജനനം തടയുന്നതിന് ഇസ്രമയൽ മനഃപൂർവം ശ്രമിച്ചുവെന്ന് അന്വേഷണ കമ്മിഷൻ പറയുന്നു.
ഇത് സ്ത്രീകളിലും പെൺകുട്ടികളിലും ശാരീരിക, മാനസിക വൈഷമ്യങ്ങളുണ്ടാക്കി. ഒരു സമൂഹമെന്നനിലയിൽ പലസ്തീൻകാരുടെ മാനസികാരോഗ്യത്തിലും പ്രത്യുത്പാദന, വന്ധ്യതാനിവാരണ സാധ്യതകളിലും ദീർഘകാലപ്രശ്നങ്ങളുണ്ടാക്കിയെന്നും കമ്മിഷൻ അധ്യക്ഷ നവി പിള്ള പ്രസ്താവനയിൽ പറഞ്ഞു. ഇസ്രയേലിലും പലസ്‌തീൻകാർ താമസിക്കുന്ന ഗാസയിലും വെസ്റ്റ് ബാങ്കിലും അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനം നടക്കുന്നുണ്ടോയെന്ന് അന്വേഷിക്കാൻ 2021 മേയിലാണ് യുഎൻ മനുഷ്യാവകാശ സമിതി മൂന്നംഗ കമ്മിഷനെ നിയമിച്ചത്.
കള്ള റിപ്പോർട്ടെന്ന് നെതന്യാഹു
ഇസ്രയേൽ വംശഹത്യാപരമായ പ്രവൃത്തികൾ ചെയ്‌തുവെന്ന യു.എൻ അന്വേഷണ റിപ്പോർട്ട് വ്യാജവും അസംബന്ധവുമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. യുഎൻ മനുഷ്യാവകാശസമിതി ഇസ്രയേൽവിരുദ്ധവും ജൂതവിരുദ്ധവും അഴിമതി നിറഞ്ഞതും ഭീകരരെ പിന്തുണയ്ക്കുന്നതും പ്രസക്തിയില്ലാത്തതുമായ സംഘടനയാണ്. ഹമാസ് നടത്തിയ ജൂതകൂട്ടക്കൊല അന്വേഷിക്കുന്നതിനുപകരം യുഎൻ ഒരിക്കൽക്കൂടി ഇസ്രയേലിനുനേരേ വ്യാജകുറ്റങ്ങൾ ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group