
മാസത്തിന്റെ അവസാന വ്യാപാര ദിനത്തില്‍ കനത്ത ഇടിവ് നേരിട്ട് വിപണി. താരിഫ് സംബന്ധിച്ച് ട്രംപിന്റെ പുതിയ പ്രതികരണമാണ് വെള്ളിയാഴ്ചയിലെ തിരിച്ചടിക്ക് കാരണം. ജിഡിപി കണക്കുകള്‍ പുറത്തുവരാനിരിക്കെ നിക്ഷേപകര്‍ ജാഗ്രത പാലിച്ചതും വിപണിയെ ബാധിച്ചു. ഐടി ഓഹരികളാണ് തകര്‍ച്ചയില്‍ മുന്നില്‍.
സെന്‍സെക്‌സ് 1000 പോയന്റ് നഷ്ടത്തില്‍ 73,602ലും നിഫ്റ്റി 273 പോയന്റ് താഴ്ന്ന് 22,271ലുമാണ് രാവിലെ വ്യാപാരം നടന്നത്. കനത്ത തകര്‍ച്ച നേരിട്ടതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 7 ലക്ഷം കോടി കുറഞ്ഞ് 385.94 ലക്ഷം കോടിയിലെത്തി.
നിഫ്റ്റി ഐടി സൂചിക നാല് ശതമാനത്തോളം ഇടിവ് നേരിട്ടു. വാള്‍സ്ട്രീറ്റിലെ നഷ്ടമാണ് ഐടിയെ ബാധിച്ചത്. എന്‍വിഡിയ, പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, ടെക് മഹീന്ദ്ര, എംഫസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഓട്ടോ സൂചികയാകട്ടെ രണ്ട് ശതമാനം താഴ്ന്നു. നിഫ്റ്റി ബാങ്ക്, മെറ്റല്‍, ഫാര്‍മ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ 1-2 ശതമാനം ഇടിവ് നേരിടുകയും ചെയ്തു.
പ്രധാന കാരണങ്ങള്‍
ജിഡിപി കണക്കുകള്‍ സാമ്പത്തിക വളര്‍ച്ചയിലെ മന്ദഗതി, കോര്‍പറേറ്റ് പ്രവര്‍ത്തനഫലങ്ങളിലെ മാന്ദ്യം, ട്രംപിന്റെ താരിഫ് നയങ്ങള്‍ എന്നിവമൂലം വിപണിയില്‍ രൂപപ്പെട്ട ആശങ്കകള്‍ തുടരുകയാണ്. കഴിഞ്ഞ സെപ്റ്റംബര്‍ അവസാനത്തെ റെക്കോഡ് ഉയരത്തില്‍നിന്ന് നിഫ്റ്റിയും സെന്‍സെക്‌സും 14 ശതമാനം ഇടിവ് ഇതിനകം നേരിട്ടു.
വെള്ളിയാഴ്ച വൈകീട്ട് പുറത്തുവരാനിരിക്കുന്ന, ഡിംസബര്‍ പാദത്തിലെ ജിഡിപി കണക്കുകള്‍ക്കായി കാത്തിരിക്കുകയാണ് നിക്ഷേപകര്‍. ഈ പാദത്തില്‍ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവ് നടത്തിയേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
താരിഫ് തിരിച്ചടി
കാനഡ, മെക്‌സികോ എന്നിവിടങ്ങളില്‍നിന്നുള്ള ഇറക്കുമതിക്ക് നിര്‍ദേശിച്ച 25 ശതമാനം തീരുവ മാര്‍ച്ച് നാലിന് പ്രാബല്യത്തില്‍ വരുമെന്ന് വ്യാഴാഴ്ച ട്രംപ് പ്രഖ്യാപിച്ചു. ഏപ്രില്‍ രണ്ട് ആയിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്ന തിയതി. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവയും യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ഇറക്കുമതിക്ക് 25 തീരുവയും ചുമത്തുമെന്ന് ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു. വ്യാപാര നയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം വിപണിക്ക് തിരിച്ചടിയായി.
എന്‍വിഡിയയുടെ വരുമാനത്തില്‍ കുത്തനെ ഇടിവുണ്ടായത് വാള്‍സ്ട്രീറ്റിനെ സമ്മര്‍ദത്തിലാക്കി. ടെക്‌നോളജി ഓഹരികള്‍ക്ക് തിരിച്ചടിയായത് ഇതാണ്. വ്യാപാര യുദ്ധം കൊടിമ്പിരികൊണ്ടിരിക്കുന്നതിനാല്‍ നിക്ഷേപക വികാരം പ്രതികൂലമായി. പ്രധാന കറന്‍സികള്‍ക്കെതിരെ യുഎസ് ഡോളറിന്റെ മൂല്യം സമീപ ആഴ്ചകളിലെ ഉയര്‍ന്ന നിലവാരത്തിലെത്തി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group