വാഷിങ്ടണ്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ വധശ്രമത്തില്‍നിന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രക്ഷപ്പെട്ടത് കഷ്ടിച്ചാണ്. പ്രസംഗത്തിനിടെ തലയ്ക്കുനേരെ വന്ന വെടിയുണ്ട ട്രംപിന്റെ വലത്തേ ചെവിയിലാണ് കൊണ്ടത്. ട്രംപിന്റെ സ്വതസിദ്ധമായ ഒരു തലതിരിക്കലാണ് തലനാരിഴയ്ക്കുള്ള ആ രക്ഷപ്പെടലിന് ഇടയാക്കിയതെന്നാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ചൂണ്ടിക്കാട്ടി പലരും പറയുന്നത്. പ്രസംഗം തുടങ്ങി നിമിഷങ്ങള്‍ക്കകമാണ് വെടിവെപ്പുണ്ടായത്. പ്രസംഗത്തിനിടയില്‍ അദ്ദേഹം തല അല്‍പം തിരിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനു തൊട്ടുപിന്നാലെയാണ് വെടിയുണ്ട അദ്ദേഹത്തിന്റെ ചെവിയില്‍ സ്പര്‍ശിച്ച് കടന്നുപോയത്. ഒരുപക്ഷേ, തല ചെരിച്ചില്ലായിരുന്നെങ്കില്‍ അത് തലയില്‍ കൊള്ളുമായിരുന്നെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് പലരും ചൂണ്ടിക്കാട്ടുന്നത്.
വെടിയേറ്റതിനു തൊട്ടുപിന്നാലെ അദ്ദേഹം വലത്തേ ചെവി കൈകൊണ്ട് പൊത്തിപ്പിടിക്കുന്നതും താഴേയ്ക്ക് ഇരിക്കാന്‍തുടങ്ങുന്നതും വീഡിയോയിൽ കാണാം. പൊടുന്നനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ട്രംപിനെ വളയുകയും സുരക്ഷിതനാക്കുകയും ചെയ്യുന്നു. തുടര്‍ന്ന് സ്റ്റേജില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നു. പരിക്കേറ്റ ചെവിയില്‍നിന്നുള്ള രക്തം മുഖത്തേയ്ക്ക് പടര്‍ന്നിരിക്കുന്നതും ചില ദൃശ്യങ്ങളില്‍ കാണാം.
പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ഡൊണാള്‍ഡ് ട്രംപിനുനേരെ വെടിവെപ്പുണ്ടായത്. നിരവധി തവണ വെടിയുതിര്‍ത്തെങ്കിലും ഒരു വെടിയുണ്ട മാത്രമാണ് ട്രംപിന്റെ വലത് ചെവിയുടെ മുകള്‍ഭാഗത്ത് കൊണ്ടത്. നിമിഷങ്ങള്‍ക്കകം സുരക്ഷാ ഉദ്യോഗസ്ഥര്‍ തോമസ് മാത്യു ക്രൂക്ക് എന്ന ഇരുപതുകാരനായ അക്രമിയെ വെടിവെച്ചുവീഴ്ത്തി. സംഭവത്തിന് പിന്നാലെ ചികിത്സതേടിയ ട്രംപ് വൈകാതെ ആശുപത്രി വിട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group