ടെഹ്‌റാൻ: യുഎസും ഇസ്രയേലും നടത്തിയ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാധ്യമം. ശനിയാഴ്ച പുലർച്ചെഓഫീസ് കെട്ടിടത്തിനുള്ളിൽ വെച്ചാണ് ഖമനയി കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ. ഇറാനില്‍ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
അക്രമണം ആരംഭിച്ചതിൻ്റെ ആദ്യമണിക്കൂറിൽ തന്നെ ഖമനേയിയെ വധിച്ചുവെന്നും ഡ്രോൺ അല്ലെങ്കിൽ ജെറ്റ് ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ 35 വർഷമായി ഇറാന്റെ പരമോന്നത നേതാവാണ് ആയത്തുള്ള അലി ഖമനയി. പശ്ചിമേഷ്യയിൽ ഏറ്റവും അധികകാലം രാഷ്ട്രഭരണം നടത്തിയ രാഷ്ട്രത്തലവൻ കൂടിയാണ് അദ്ദേഹം. 1939ലാണ് അയത്തുള്ള അലി ഖമനേയി ജനിക്കുന്നത്. ഷിയ മുസ്‌ലിം വിഭാഗത്തിന്‍റെ വിശുദ്ധ ദേവാലയം സ്ഥിതി ചെയ്യുന്ന പുരാതനനഗരമായ മഷാദിലായിരുന്നു ജനനം. ഖുമിലെ സെമിനാരിയിൽ നിന്ന് മതപഠനം നേടിയ ഖമനയി ഷാ ഭരണകൂടത്തിന്റെ ഏകാധിപത്യത്തിനെതിരെ പോരാടിയ, അത്തരത്തിൽ ജനപ്രീതി നേടിയ നേതാവാണ്.
അമേരിക്ക പിന്തുണ നൽകിയിരുന്ന മുഹമ്മദ് റാസ പെഹ്‌ലവി ഭരണകൂടത്തിനെതിരെ 1979ൽ നടന്ന ഇസ്‌ലാമിക വിപ്ലവത്തെ നയിച്ച അയത്തുള്ള റൂഹുള്ള ഖൊമെയ്നിയുടെ വിശ്വസ്ഥനായിരുന്നു ഖമനയി. 1981ൽ ഖമനയി ഇറാന്റെ മൂന്നാമത്തെ പ്രസിഡന്റായി. 1989ൽ ഇറാൻ പ്രസിഡന്റായിരിക്കെ പരമോന്നത നേതാവായി ചുമതലയേറ്റു. പിന്നാലെ ഇറാൻ സൈന്യം, നീതിന്യായ വ്യവസ്ഥിതി, മാധ്യമങ്ങൾ, എന്നിവ എളുപ്പം ഖമനയിയുടെ കൈപ്പിടിയിലേക്ക് എത്തി.
നിഴൽ യുദ്ധങ്ങളുടെ സൂത്രധാരനായിരുന്നു ഖമനയി. ഇറാനെ അനുകൂലിക്കുന്ന സംഘടനകളെ ഒപ്പം നിർത്തി ഒരു പ്രാദേശിക പ്രോക്സി (നിഴൽ) ശൃഖല രൂപപ്പെടുത്തുന്നതിൽ ഖമനയി വലിയ പങ്കാണ് വഹിച്ചത്. ലെബനനിലെ ഹിസ്ബുള്ളയ്ക്കും യെമനിലെ ഹൂതികൾക്കും ഇറാഖിലെയും സിറിയയിലെയും വിവധ സായുധ സംഘങ്ങൾക്കും ഖമനയി സാമ്പത്തിക സഹായവും ആയുധവും നൽകി. ഇസ്രയേലിനെതിരെ ഈ സംഘടനകളിലൂടെ ഖമനയി നിഴൽ യുദ്ധങ്ങൾ നടത്തി. ഒരിക്കലും നേരിട്ടുള്ള പോരാട്ടത്തിന് മുതിർന്നില്ലെങ്കിലും ഇസ്രയേലിനെയും അമേരിക്കയെയും സൗദി അറേബ്യയെയും വെല്ലുവിളിക്കാൻ ഖമനയിക്ക് സാധിച്ചു.
നേരത്തെ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. 'ചരിത്രത്തിലെ തന്നെ ഏറ്റവും പൈശാചികനായ മനുഷ്യൻ കൊല്ലപ്പെട്ടു'വെന്നാണ് ട്രംപ് അവകാശപ്പെട്ടത്. എന്നാൽ ഇറാൻ ട്രംപിന്റെ അവകാശവാദത്തെ തള്ളിക്കളഞ്ഞിരുന്നു. പിന്നാലെയാണ് ഇറാനിയൻ മാധ്യമങ്ങൾ തന്നെ സ്ഥിരീകരണം നൽകുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്.
യുഎസും ഇസ്രയേലും നടത്തിയ ആക്രമണത്തിൽ ഖമനയിയുടെ മകളും പേരക്കുട്ടിയും മരുമകളും മരുമകനും കൊല്ലപ്പെട്ടുവെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ ഇറാന് തിരിച്ചടിയും യുഎസ്-ഇസ്രയേൽ സഖ്യത്തിന് മേൽക്കൈയും ഉണ്ടായ സാഹചര്യം ഉടലെടുത്തിരിക്കുകയാണ്.
അതേസമയം, ഇറാനില്‍ യുഎസ് പിന്തുണയോടെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 201 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 747 പേർക്കാണ് പരിക്കേറ്റത്. ഇറാനിലെ ഹാര്‍മോസ്ഗനിലെ ഗേള്‍സ് സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇറാന്റെ പ്രത്യാക്രമണത്തിൽ ഗൾഫ് മേഖലയിലും നാശനഷ്ടങ്ങളുണ്ടായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








