വിശ്വാസപ്പെരുമയുടെ ഏഴ് പതിറ്റാണ്ട്; സപ്തതി നിറവിൽ കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക
ലോഗോ പ്രകാശനം ചെയ്തു; പ്രവാസ മണ്ണിലെ മലങ്കരയുടെ പൈതൃകം ആഘോഷമാക്കാൻ ഒരുങ്ങി സഭ
കുവൈറ്റ് സിറ്റി: മണലാരണ്യത്തിലെ വിശ്വാസവഴികളിൽ ഏഴ് പതിറ്റാണ്ടിന്റെ പ്രഭ ചൊരിഞ്ഞ് കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക സപ്തതി ആഘോഷങ്ങളിലേക്ക്.
ആഘോഷങ്ങളുടെ ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് സപ്തതി ലോഗോയുടെ പ്രകാശനകർമ്മം മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോർജ്ജ് പാറയ്ക്കൽ നിർവ്വഹിച്ചു.
സഭയുടെ ചരിത്രനാഴികക്കല്ല്
1957 ജനുവരി 15-നാണ് കുവൈറ്റിലെ മലങ്കര ഓർത്തഡോക്സ് സഭയുടെ ചരിത്രത്തിന് അടിത്തറ പാകിയത്. മലങ്കരയുടെ തനതായ ആരാധനാ പാരമ്പര്യം മുറുകെ പിടിക്കാൻ തീരുമാനിച്ച നാൽപ്പതോളം വിശ്വാസികളുടെ കൂട്ടായ്മയാണ് ഇന്ന് കാണുന്ന മഹാ ഇടവകയുടെ വിത്തുപാകിയത്. പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതിയൻ ബാവായുടെ അനുഗ്രഹാശിസ്സുകളോടെ നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിലായിരുന്നു ആദ്യകാല സന്ധ്യാപ്രാർത്ഥനകൾ.
ഒരു ഭാരതീയ സ്വതന്ത്രസഭയെന്ന നിലയിൽ കുവൈറ്റിൽ ആദ്യമായി സംഘടിത ആരാധനയ്ക്ക് തുടക്കം കുറിച്ചു എന്ന ചരിത്രപരമായ അവകാശവാദവും മലങ്കര ഓർത്തഡോക്സ് സഭയ്ക്കുണ്ട്. 1957 മാർച്ചിൽ റവ. ഫാ. ഇ.പി. ജേക്കബ് കുവൈറ്റിലെത്തി ആദ്യമായി വിശുദ്ധ കുർബ്ബാന അർപ്പിച്ചു. പിന്നീട് 1962-ൽ റവ. ഫാ. സി.വി. ജോൺ പ്രഥമ വികാരിയായി ചുമതലയേറ്റതോടെയാണ് ഇടവകയുടെ പ്രവർത്തനം ഔദ്യോഗികവും പൂർണ്ണതോതിലുമായത്.
വളർച്ചയുടെ പടവുകൾ
120 അംഗങ്ങളുമായി പ്രയാണം തുടങ്ങിയ ഇടവക, 1994-95 കാലയളവിൽ പരിശുദ്ധ പരുമല തിരുമേനിയുടെ നാമധേയത്തിൽ പുനർനാമകരണം ചെയ്യപ്പെട്ടു. ഇടവകയുടെ സജീവമായ പ്രവർത്തനങ്ങളും അംഗസംഖ്യയും പരിഗണിച്ച് 2007 നവംബർ 2-ന് പരിശുദ്ധ കാതോലിക്കാ മോറാൻ മാർ ബസേലിയോസ് മാർത്തോമാ ദിദിമോസ് പ്രഥമൻ ബാവാ ഈ ഇടവകയെ 'മഹാ ഇടവക'യായി പ്രഖ്യാപിക്കുകയായിരുന്നു.
ലോഗോ പ്രകാശനം
ഇടവകാംഗമായ സജി ഡാനിയേൽ രൂപകൽപ്പന ചെയ്ത ആകർഷകമായ ലോഗോയാണ് സപ്തതി ആഘോഷങ്ങൾക്കായി തിരഞ്ഞെടുത്തത്. സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ സഭാപ്രമുഖരും കമ്മറ്റി അംഗങ്ങളും പങ്കെടുത്തു.
ഇടവക സഹവികാരി റവ. ഫാ. മാത്യൂ തോമസ്, ട്രസ്റ്റി ദീപക്ക് അലക്സ് പണിക്കർ, സെക്രട്ടറി ജേക്കബ് റോയി, സപ്തതി ആഘോഷങ്ങളുടെ ജനറൽ കൺവീനർ മാത്യൂസ് വർഗ്ഗീസ്, ജോയിന്റ് ജനറൽ കൺവീനർ ജോൺ പി. ജോസഫ്, ഫിനാൻസ് കൺവീനർ നവീൻ കുര്യൻ തോമസ് തുടങ്ങിയവർ ലോഗോ പ്രകാശന ചടങ്ങിന് നേതൃത്വം നൽകി. വരും വർഷത്തിൽ വിപുലമായ പരിപാടികളോടെ സപ്തതി ആഘോഷിക്കാനാണ് ഇടവകയുടെ തീരുമാനം.
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കുവൈറ്റ് സോണിന്റെ നേതൃത്വത്തിൽ പ്രവാസി സെൽ രൂപികരിച്ചു
കുവൈറ്റ്: മലങ്കരസഭയുടെ കൽക്കത്താ ഭദ്രാസനത്തിലെ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ കുവൈറ്റ് സോണിന്റെ നേതൃത്വത്തിൽ പ്രവാസി സെൽ രൂപികരിച്ചു. കുവൈറ്റിലെ ഓർത്തഡോക്സ് വിശ്വാസികളായ യുവജനങ്ങൾക്ക്, ആരോഗ്യപരമായും, നിയമപരമായും വേണ്ടുന്ന സഹായങ്ങൾ ക്രമീകരിക്കുകയും, കൂടാതെ ലേബർ ക്യാമ്പുകൾ സന്ദർശിച്ച് അവരുടെ ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടുകൂടി രൂപികരിച്ച സെല്ലിന്റെ ഉദ്ഘാടനം മലങ്കര സഭയുടെ കൊച്ചി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യാക്കൂബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ, കൽക്കത്താ ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലിത്താ എന്നിവർ ചേർന്ന് നിർവഹിച്ചു.
യുവജനപ്രസ്ഥാനം കുവൈറ്റ് സോണൽ പ്രസിഡന്റ് റവ. ഫാ. അജു. കെ. വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ, മഹാഇടവക യുവജനപ്രസ്ഥാനം സെക്രട്ടറി ഷൈൻ ജോസഫ് സാം സ്വാഗതവും, സോണൽ സെക്രട്ടറി ജോമോൻ ജോർജ്ജ് കോട്ടവിള നന്ദിയും അർപ്പിച്ചു. റവ. ഫാ. മാത്യു തോമസ്, യുവജനപ്രസ്ഥാനം കേന്ദ്രപ്രതിനിധി ജിനു എബ്രഹാം വർഗീസ്, ഭദ്രാസന അസംബ്ലി മെമ്പർ അനു ഷെൽവി, ഭദ്രാസന ജോയിന്റ് സെക്രട്ടറി ബിജോ ദാനിയേൽ, സോണൽ ട്രഷറാർ റോഷൻ സാം മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. പ്രവാസി സെൽ കോർഡിനേറ്റർ അനി ബിനു പ്രവാസി സെല്ലിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിച്ചു.
കൽക്കത്താ ഭദ്രാസന കൗൺസിൽ അംഗം ദീപക് അലക്സ് പണിക്കർ, സെന്റ് ഗ്രിഗോറിയോസ് മഹാ ഇടവക യുവജനപ്രസ്ഥാനം, സെന്റ് തോമസ് പഴയപള്ളി യുവജനപ്രസ്ഥാനം, സെന്റ് ബേസിൽ യുവജനപ്രസ്ഥാനം, സെന്റ് സ്റ്റീഫൻസ് യുവജനപ്രസ്ഥാനം എന്നീ യുണിറ്റുകളിലെ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










