ന്യൂയോർക്ക്: തൊഴിൽ വിസയായ എച്ച്1ബിക്ക് അപേക്ഷിക്കുന്നവരും എച്ച് 4 വിസയ്ക്ക് അപേക്ഷിക്കുന്ന അവരുടെ ആശ്രിതരും സാമൂഹികമാധ്യമ അക്കൗണ്ടുകൾ ആർക്കും കാണാവുന്ന വിധത്തിൽ പരസ്യമാക്കണം (പബ്ലിക്) എന്ന് യുഎസ് സർക്കാർ നിഷ്‌കർഷിച്ചു. അപേക്ഷകരുടെ സാമൂഹികമാധ്യമ ഇടപെടലുകൾ അവലോകനം ചെയ്യുന്നതിനുവേണ്ടിയാണിത്. ഈ മാസം 15 മുതൽ അവലോകനം ആരംഭിക്കുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് ബുധനാഴ്‌യിറക്കിയ ഉത്തരവിൽ പറയുന്നു.
വിദ്യാർഥികൾ, രാജ്യങ്ങൾ തമ്മിലുള്ള സാംസ്‌കാരിക-വിദ്യാഭ്യാസ വിനിമയത്തിന്റെ ഭാഗമായി യുഎസിലെത്തുന്നവർ എന്നിവരുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളുടെ അവലോകനം മുൻപേ നിർബന്ധമാക്കിയിരുന്നു. അത് എച്ച്1 ബി, എച്ച്ർ എന്നിവയ്ക്കുകൂടി ബാധകമാക്കുകയാണ് ചെയ്തത്.
യുഎസ് വിസ ഒരു സവിശേഷ ആനുകൂല്യമാണെന്നും അവകാശമല്ലെന്നും വിദേശകാര്യവകുപ്പ് പറഞ്ഞു. അതിനാൽ യുഎസിൻ്റെ സുരക്ഷയ്ക്കും ജനങ്ങളുടെ ഭദ്രതയ്ക്കും ഭീഷണി ഉയർത്തുന്നവരോ രാജ്യത്ത് പ്രവേശിപ്പിക്കാൻ കൊള്ളാത്തവരോ ആയ വ്യക്തികളെ തിരിച്ചറിഞ്ഞ് ഒഴിവാക്കാൻ സാധ്യമായ എല്ലാ വിവരങ്ങളും ഉപയോഗിക്കുമെന്ന് വകുപ്പ് വ്യക്തമാക്കി. യുഎസ് വിസ ലഭിക്കാനുള്ള യോഗ്യത എല്ലാ അപേക്ഷകരും സത്യസന്ധമായി വ്യക്തമാക്കണമെന്നും വിസയ്ക്കുള്ള എല്ലാ നിബന്ധനകളും അനുസരിക്കണമെന്നുമുള്ള നിർദേശവുമുണ്ട്. കുടിയേറ്റ ചട്ടങ്ങൾ ശക്തമാക്കാൻ ട്രംപ് സർക്കാർ സ്വീകരിക്കുന്ന നടപടികളിൽ ഏറ്റവും പുതിയതാണ് ബുധനാഴ്‌ചത്തെ ഉത്തരവ്.
യുഎസിലെ ഐടി കമ്പനികൾ വിദേശത്തുനിന്നുള്ള വിദഗ്‌ധരെ നിശ്ചിതകാലത്തേക്ക് ജോലിക്കെത്തിക്കുന്നതിന് ഉപയോഗിക്കുന്ന വിസയാണ് എച്ച്1 ബി. ഇന്ത്യക്കാർ കാര്യമായി ഉപയോഗപ്പെടുത്തുന്ന വിസയുമാണ്.
പുതുതായി എച്ച്1 ബി വിസയ്ക്ക് അപേക്ഷിക്കാനുള്ള ഫീസ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സെപ്റ്റംബറിൽ ഒരുലക്ഷം ഡോളറായി (ഏകദേശം 89 ലക്ഷം രൂപ) ഉയർത്തിയിരുന്നു. ആശങ്കയുളവാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ യുഎസ് ഉൾപ്പെടുത്തിയിരിക്കുന്ന 19 രാജ്യങ്ങളിൽനിന്നുള്ളവരുടെ കുടിയേറ്റ അപേക്ഷകൾ പരിഗണിക്കുന്നത് കഴിഞ്ഞമാസം നിർത്തിവെക്കുകയും ചെയ്തിരുന്നു. വാഷിങ്‌ടണിൽ വൈറ്റ് ഹൗസിനടുത്ത് രണ്ട് നാഷണൽ ഗാർഡ് സൈനികരെ അഫ്‌ഗാനിസ്‌താനിൽനിന്നു കുടിയേറിയ വ്യക്തി വെടിവെച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ നടപടി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)
















