
മുംബൈ: എച്ച് 1ബി വിസ നിരക്ക് കുത്തനെ ഉയർത്തുകയും പുതിയ എച്ച് 1 ബി വിസ നൽകുന്നതിന് കർശനനിയന്ത്രണങ്ങൾ കൊണ്ടുവരുകയുംചെയ്ത പശ്ചാത്തലത്തിൽ അമേരിക്കൻ കമ്പനികൾ ഇന്ത്യയിലേക്കു പ്രവർത്തനം മാറ്റുന്നതു പരിഗണിക്കുന്നു. ആഗോള നൈപുണ്യകേന്ദ്രങ്ങൾ ശക്തിപ്പെടുത്തി വളർച്ച ത്വരിതപ്പെടുത്തുന്നതിന് കമ്പനികൾ പുതിയവഴികൾ തേടുകയാണ്. നിലവിൽ ഇന്ത്യയിൽ 1,700-ലധികം ആഗോള നൈപുണ്യ കേന്ദ്രങ്ങൾ (ജിസിസി - ഗ്ലോബൽ കേപബിലിറ്റി സെന്റർ) പ്രവർത്തിക്കുന്നുണ്ട്. ആഗോളതലത്തിലുള്ളതിന്റെ പകുതിയോളം വരുമിത്. കാറുകളുടെ രൂപകല്പന മുതൽ മരുന്നുകളുടെ കണ്ടെത്തൽ വരെ ഇന്ത്യയിൽ ഇതിലൂടെ നടന്നുവരുന്നു. വിവിധ മേഖലകളിൽ ഗവേഷണങ്ങളും വികസനപ്രവർത്തനങ്ങളും ഇതുവഴി നടക്കുന്നു. എച്ച് 1ബി വിസയുടെ നിയന്ത്രണം ഇത്തരം കേന്ദ്രങ്ങളുടെ പ്രവർത്തന ഹബ്ബായി ഇന്ത്യയെ മാറ്റാനുള്ള സാധ്യതകളാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
നിർമിതബുദ്ധി കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയതും വിസയിൽ കുറവു വരുത്തിയതും മുൻനിർത്തി തൊഴിൽക്രമം മാറ്റാനാണ് അമേരിക്കൻ കമ്പനികൾ ആലോചിക്കുന്നത്. ഇത്തരം പദ്ധതികൾ തയ്യാറായി വരുന്നതായി ഡിലോയിറ്റ് ഇന്ത്യയുടെ ജിസിസി ഇൻഡസ്ട്രി പാർട്ണർ രോഹൻ ലോബോ വ്യക്തമാക്കുന്നു. സാമ്പത്തിക സേവനം മുതൽ ടെക്നോളജി വരെ, വിവിധമേഖലകളിൽ ഈ മാറ്റത്തിനു തുടക്കമാകുകയാണ്.
എച്ച് 1ബി വിസയുടെ ഫീസ് നിലവിലെ 5,000 ഡോളറിൽനിന്ന് ഒരു ലക്ഷം ഡോളറായാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർത്തിയത്. അമേരിക്കയിൽ വിദേശികളുടെ വരവ് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് നീക്കം. ഇതിനെതിരേ അമേരിക്കൻ കമ്പനികൾ കോടതിയെ സമീപിക്കാനുള്ള സാധ്യത തേടുന്നുണ്ട്. ഇതു സാധ്യമായില്ലെങ്കിൽ ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്ക് പ്രവർത്തനം മാറ്റുന്നതിനാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഔദ്യോഗികമായി കമ്പനികൾ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
അമേരിക്കൻ ടെക്നോളജി കമ്പനികളായ ആമസോൺ, മൈക്രോസോഫ്റ്റ്, ആപ്പിൾ, ആൽഫബെറ്റ്, ജെപി മോർഗൻ ചേസ്, വാൾമാർട്ട് പോലുള്ള കമ്പനികളാണ് എച്ച് 1 ബി വിസയിൽ കൂടുതൽ നിയമനം നടത്തിയിട്ടുള്ളതെന്ന് സർക്കാർ കണക്കുകൾ പറയുന്നു. ഇവർക്ക് നിലവിൽ ഇന്ത്യയിൽ പ്രവർത്തനമുള്ളതാണ്.
അമേരിക്കൻ കമ്പനികൾ ജോലികൾ പുരംകരാറായി നൽകിയാൽ 25 ശതമാനം തീരുവ ഈടാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. ഇത് ഇന്ത്യയിൽനിന്നുള്ള ഐടി സേവനകയറ്റുമതിയെ ബാധിക്കാനുള്ള സാധ്യതകൾ കൂടുതലാണ്. അതുകൊണ്ടുതന്നെ പുതിയ തീരുമാനങ്ങളെടുക്കുന്നതിൽ കമ്പനികൾ കൂടുതൽ ജാഗ്രതയോടെയാണ് നീങ്ങുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group