
വാഷിങ്ടൺ: ഇന്ത്യൻ കയറ്റുമതിയുടെ നട്ടെല്ലാണ് ഔഷധമേഖല എന്നിരിക്കേ, വിദേശ ബ്രാൻഡിലുള്ള മരുന്നുകൾക്ക് യുഎസ് പ്രഖ്യാപിച്ച 100 ശതമാനം തീരുവ ഇന്ത്യയുടെ മരുന്നുവ്യവസയായത്തെ കാര്യമായി ബാധിച്ചേക്കും..
ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ മരുന്നുകൾ കയറ്റുമതിചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് യുഎസ്. കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യൻ ഔഷധമേഖലയിൽ 2790 കോടി ഡോളറിൻ്റെ (ഏകദേശം 2.5 ലക്ഷംകോടി രൂപ) കയറ്റുമതിയാണുണ്ടായത്. അതിൽ 31 ശതമാനവും (ഏകദേശം 77,231 കോടി രൂപ) യുഎസിലേക്കായിരുന്നു. 2025-26 സാമ്പത്തികവർഷത്തിന്റെ ആദ്യപകുതിയിൽമാത്രം 370 കോടി ഡോളറിൻ്റെ (32,505 കോടി രൂപ) ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളാണ് ഇന്ത്യ യു.എസിലേക്ക് കയറ്റിയയച്ചത്.
യുഎസിൽ ഉപയോഗിക്കുന്ന ജനറിക് മരുന്നുകളിൽ 45 ശതമാനവും ബയോസിമിലർ മരുന്നുകളിൽ 15 ശതമാനവും ഇന്ത്യയിൽനിന്നുള്ളതാണ്. ഡോ. റെഡ്ഡീസ്, അരബിന്ദോ ഫാർമ, സൈഡസ് ലൈഫ്‌സയൻസസ്, സൺ ഫാർമ, ഗ്ലാൻഡ് ഫാർമ തുടങ്ങിയ കമ്പനികളുടെ വരുമാനത്തിന്റെ 30-50 ശതമാനവും യുഎസ് വിപണിയിൽനിന്നാണ്. ഈ സാഹചര്യത്തിൽ ട്രംപിന്റെ പ്രഖ്യാപനം ഔഷധവിപണിയെയും നിക്ഷേപകരെയും ബാധിച്ചേക്കുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം, ബ്രാൻഡഡ് മരുന്നുകളെക്കാൾ വിലകുറഞ്ഞ ജനറിക് മരുന്നുകളാണ് ഇന്ത്യയിൽനിന്ന് യുഎസ് കൂടുതലായി ഇറക്കുമതിചെയ്യുന്നത് എന്നതിനാൽ തീരുവ ഇന്ത്യയുടെ മരുന്നു കയറ്റുമതിയെ കാര്യമായി ബാധിക്കില്ലെന്ന വിലയിരുത്തലുകളുണ്ട്.
വിവിധ വാക്സിനുകൾക്കുള്ള ആഗോള ആവശ്യകതയുടെ 50 ശതമാനവും ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖലയാണ് വിതരണം ചെയ്യുന്നത്. ലോകത്തെ മരുന്നുവ്യവസായത്തിൽ ഉത്പാദനത്തിൻ്റെ അളവനുസരിച്ച് ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനവും ഉത്പാദനമൂല്യമനുസരിച്ച് 14-ാം സ്ഥാനവുമാണ്. ഇന്ത്യൻ ഔഷധമേഖല 2030-ഓടെ 13,000 കോടി ഡോളറിൻ്റെയും 2047 ഓടെ 45,000 കോടി ഡോളറിൻ്റെയും കയറ്റുമതി ലക്ഷ്യങ്ങൾ നേടുമെന്ന് പ്രവചിച്ചിരിക്കേയാണ് ട്രംപിന്റെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടാകുന്നത്.
റഷ്യൻ എണ്ണയുടെ പേരിൽ ചുമത്തിയ 25 ശതമാനം പിഴച്ചുങ്കവും ചേർത്ത് ഇന്ത്യൻ ചരക്കുകൾക്കുള്ള തീരുവ യുഎസ് 50 ശതമാനമാക്കി ഉയർത്തിയത് കഴിഞ്ഞമാസമാണ്.
സൂക്ഷ്‌മമായി വിലയിരുത്തുന്നു -ഇന്ത്യ
എല്ലാവിധ പേറ്റന്റ്റഡ് ഔഷധങ്ങൾക്കും ബ്രാൻഡഡ് മരുന്നുകൾക്കും 100 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള ട്രംപ് സർക്കാരിൻ്റെ തീരുമാനം ഇന്ത്യ സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ കാര്യങ്ങൾ പഠിച്ചുവരുകയാണെന്ന് വിദേശകാര്യവക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു,

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group