കലാപമായി നേപ്പാളിലെ ജെൻ സീ വിപ്ലവം; പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വീടുകൾ അഗ്നിക്കിരയാക്കി

കലാപമായി നേപ്പാളിലെ ജെൻ സീ വിപ്ലവം; പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വീടുകൾ അഗ്നിക്കിരയാക്കി
കലാപമായി നേപ്പാളിലെ ജെൻ സീ വിപ്ലവം; പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വീടുകൾ അഗ്നിക്കിരയാക്കി
Share  
2025 Sep 09, 02:21 PM
vtk
PREM

കാഠ്മണ്ഡു: വിവിധ സാമൂഹികമാധ്യമങ്ങള്‍ നിരോധിച്ചുള്ള ഉത്തരവ് പിന്‍വലിച്ചിട്ടും നേപ്പാളില്‍ യുവാക്കളുടെ പ്രക്ഷോഭം തുടരുന്നു. തിങ്കളാഴ്ചയുണ്ടായ പ്രക്ഷോഭങ്ങളില്‍ 19 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയെ പുറത്താക്കണമെന്നും സര്‍ക്കാര്‍ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച വീണ്ടും പ്രതിഷേധം ആരംഭിച്ചത്. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ പലഭാഗങ്ങളിലും ചൊവ്വാഴ്ചയും യുവാക്കള്‍ അക്രമാസക്തരായെന്നാണ് റിപ്പോര്‍ട്ട്.


ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെ 26 സാമൂഹികമാധ്യമങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചതോടെയാണ് നേപ്പാളില്‍ സര്‍ക്കാരിനെതിരേ 'ജെന്‍ സീ വിപ്ലവം' എന്ന പേരില്‍ യുവാക്കള്‍ പ്രക്ഷോഭം ആരംഭിച്ചത്. വെള്ളിയാഴ്ച ആരംഭിച്ച പ്രക്ഷോഭത്തെ തിങ്കളാഴ്ച സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതോടെ കലാപസമാനമായി. അക്രമസംഭവങ്ങളിലും പോലീസ് നടപടിയിലുമായി 19 പേരാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. 347 പേര്‍ക്ക് പരിക്കേറ്റു. സ്ഥിതിഗതികള്‍ കൈവിട്ടതോടെ തിങ്കളാഴ്ച രാത്രി വൈകി സാമൂഹികമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍, നിരോധനം നീക്കിയെങ്കിലും 19 പേര്‍ കൊല്ലപ്പെട്ടതിന് കാരണം സര്‍ക്കാരാണെന്നും സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് യുവാക്കള്‍ വീണ്ടും തെരുവിലിറങ്ങിയത്.


സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച രാവിലെ കാഠ്മണ്ഡുവിലെ പാര്‍ലമെന്റിന് മുന്നില്‍ നൂറുകണക്കിന് യുവാക്കളാണ് സംഘടിച്ചത്. കാഠ്മണ്ഡുവില്‍ വീണ്ടും കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് ലംഘിച്ചാണ് യുവാക്കള്‍ ചൊവ്വാഴ്ച രാവിലെ വീണ്ടും തെരുവിലിറങ്ങിയത്. പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ചവരെ പിന്നീട് സായുധ പോലീസ് സംഘം ഇവിടെനിന്ന് നീക്കി. ഒട്ടേറെപേരെ കസ്റ്റഡിയിലെടുക്കുകയുംചെയ്തു. അതിനിടെ സംസ്ഥാനത്തിന്റെ കൂടുതല്‍ മേഖലകളിലേക്കും പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്.


നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി, പ്രസിഡന്റ് രാം ചന്ദ്ര പൗഡേല്‍ എന്നിവരുടെ സ്വകാര്യവസതികള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയെന്നാണ് റിപ്പോര്‍ട്ട്. വിവിധ മന്ത്രിമാരുടെ വീടുകളും തീവെച്ച് നശിപ്പിച്ചു. സിപിഎന്‍ മാവോയിസ്റ്റ് സെന്റര്‍ ചെയര്‍മാന്‍ പുഷ്പ കമാല്‍ ദഹലിന്റെ ലളിത്പുരിലെ വീടും നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റും മുന്‍ പ്രധാനമന്ത്രിയുമായ ഷേര്‍ ബഹാദുര്‍ ദൗബയുടെ വീടും ചൊവ്വാഴ്ച തീവെച്ച് നശിപ്പിച്ചു. ഷേര്‍ ബഹാദൂറിന്റെ വീട്ടുവളപ്പിലുണ്ടായിരുന്ന വാഹനങ്ങളും അടിച്ചുതകര്‍ത്തു.


ജെന്‍ സീ വിപ്ലവത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം രാജിവെച്ച ആഭ്യന്തര മന്ത്രി രമേഷ് ലേഖകിന്റെ വീടിന് നേരേയും ചൊവ്വാഴ്ച ആക്രമണമുണ്ടായി. രമേഷ് ലേഖകിന്റെ നായ്കാപിലെ വസതി പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. കിര്‍ത്തിപുരിലെ മുനിസിപ്പാലിറ്റി കെട്ടിടവും പ്രതിഷേധക്കാര്‍ തീവെച്ച് നശിപ്പിച്ചു. മുന്‍ ഉപപ്രധാനമന്ത്രി രഘുവീര്‍ മഹാസേതിന്റെ വീടിന് നേരേ കല്ലേറും ഉണ്ടായി. ചൊവ്വാഴ്ചത്തെ പ്രക്ഷോഭങ്ങള്‍ക്കിടെ പ്രതിഷേധക്കാരായ രണ്ടുപേര്‍ക്ക് വെടിയേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.


അതിനിടെ, പ്രക്ഷോഭം വീണ്ടും ശക്തമായതോടെ രണ്ട് മന്ത്രിമാര്‍ കൂടി ചൊവ്വാഴ്ച രാജിവെച്ചു. ജലവിതരണ വകുപ്പ് മന്ത്രി പ്രദീപ് യാദവ്, കൃഷി മന്ത്രി രാംനാഥ് അധികാരി തുടങ്ങിയവരാണ് രാജിവെച്ചത്. പ്രക്ഷോഭങ്ങള്‍ക്കും അക്രമസംഭവങ്ങള്‍ക്കും അയവില്ലാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി ചൊവ്വാഴ്ച സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിക്കാണ് യോഗം. പ്രതിഷേധക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എല്ലാ സഹോദരീ, സഹോദരന്മാരും സംയമനം പാലിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.


അതേസമയം, നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലി ദുബായിലേക്ക് പോകാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചികിത്സയ്‌ക്കെന്ന പേരിലാണ് ഒലി ദുബായിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതെന്നാണ് വിവരം. പ്രധാനമന്ത്രിയെ കൊണ്ടുപോകാനായി സ്വകാര്യ എയര്‍ലൈന്‍ കമ്പനിയായ 'ഹിമാലയ എയര്‍ലൈന്‍സി'ന്റെ വിമാനം സജ്ജമാക്കിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.


സാമൂഹികമാധ്യമങ്ങള്‍ ലഭ്യമല്ലാതായതോടെയാണ് കഴിഞ്ഞദിവസങ്ങളില്‍ സ്‌കൂള്‍, കോളേജ് യൂണിഫോമുകള്‍ ധരിച്ച് പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ആരംഭിച്ച പ്രക്ഷോഭം പൊഖറ, ബട്വാള്‍, ഭൈരഹവ, ഭരത്പുര്‍, ഇതാഹരി, ഡമകക് എന്നിവിടങ്ങളിലേക്ക് വ്യാപിച്ചിരുന്നു.പാര്‍ലമെന്റ് മന്ദിരമുള്‍പ്പെടെയുള്ള നിയന്ത്രിതമേഖലകളിലേക്ക് ബാരിക്കേഡുകള്‍ മറികടന്ന് പ്രക്ഷോഭകര്‍ പ്രവേശിച്ചതോടെ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. ലാത്തിവീശുകയും റബ്ബര്‍ ബുള്ളറ്റും കണ്ണീര്‍വാതകവും പ്രയോഗിക്കുകയും ചെയ്തു. പ്രക്ഷോഭകര്‍ പാര്‍ലമെന്റിന്റെ പ്രവേശനകവാടം തകര്‍ക്കുകയും വളപ്പില്‍ തീയിടുകയും ചെയ്തതിനാലാണ് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. കാഠ്മണ്ഡുവില്‍ സര്‍ക്കാര്‍ സൈന്യത്തെയിറക്കി. പോലീസ് നടപടിയില്‍ ജീവന്‍പൊലിഞ്ഞതിന്റെ ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്ത് ആഭ്യന്തരമന്ത്രി രമേഷ് ലേഖക് രാജിവെച്ചു.


ഐടി മന്ത്രാലയത്തില്‍ രജിസ്റ്റര്‍ചെയ്യണമെന്ന നിര്‍ദേശം പാലിക്കാത്ത മാധ്യമങ്ങളെയാണ് സര്‍ക്കാര്‍ നിരോധിച്ചത്. നേപ്പാളില്‍ സ്ഥിരമായി പ്രശ്‌നപരിഹാര ഓഫീസറെയും കംപ്ലയന്‍സ് ഓഫീസറെയും നിയമിക്കണമെന്ന് കഴിഞ്ഞവര്‍ഷം സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഓഗസ്റ്റ് 28 മുതല്‍ ഒരാഴ്ച ഇതിന് സമയം നല്‍കിയെങ്കിലും 26 സാമൂഹികമാധ്യമങ്ങള്‍ ചെയ്തില്ല. സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച ടിക്ടോക്, വൈബര്‍, വിറ്റ്ക്, നിംബസ്, പോപോ ലൈവ് എന്നിവയ്ക്ക് നിരോധനമില്ല. ഇവയിലൂടെയാണ് ജെന്‍ സീക്കാര്‍ പ്രക്ഷോഭത്തിന് ആളെക്കൂട്ടുന്നത്. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരുന്നു. അഭിപ്രായസ്വാതന്ത്ര്യം തങ്ങളുടെ അവകാശമാണെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രക്ഷോഭം. സാമൂഹികമാധ്യമനിരോധനം പിന്‍വലിക്കുക എന്ന ആവശ്യത്തിനൊപ്പം അഴിമതി തടയുക, സാമ്പത്തികാസമത്വം ഇല്ലായ്മചെയ്യുക എന്നീ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്. നേപ്പാളുമായി അതിര്‍ത്തിപങ്കിടുന്ന ഉത്തര്‍പ്രദേശിന്റെ അതിര്‍ത്തിജില്ലകളില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കി.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
PREM

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI