
ബാങ്കോക്ക്: ജനാധിപത്യസർക്കാരിനെ അട്ടിമറിച്ച് 2021 മുതൽ പട്ടാളം ഭരിക്കുന്ന മ്യാൻമാറിൽ ഡിസംബർ 28-ന് തിരഞ്ഞെടുപ്പുകൾ ആരംഭിക്കും. പട്ടാളഭരണകൂടം നിയമിച്ച തിരഞ്ഞെടുപ്പുകമ്മിഷൻ തിങ്കളാഴ്‌ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഘട്ടംഘട്ടമായി പല ദിവസങ്ങളിലാകും തിരഞ്ഞെടുപ്പെന്നും തീയതികൾ വൈകാതെ പ്രഖ്യാപിക്കുമെന്നും കമ്മിഷൻ അറിയിച്ചു. മ്യാൻമാറിലെ 330 ടൗൺഷിപ്പുകളും മണ്ഡലങ്ങളായിരിക്കുമെന്ന് സർക്കാർ നടത്തുന്ന 'മ്യാൻമാ ആലിൻ' ദിനപത്രത്തിൽ ശനിയാഴ്‌ച പ്രസിദ്ധീകരിച്ച പ്രസ്‌താവനയിൽ കമ്മിഷൻ പറഞ്ഞിരുന്നു.
പട്ടാളത്തിന്റെ പിന്തുണയുള്ള യൂണിയൻ സോളിഡാരിറ്റി ആൻഡ് ഡിവലപ്മെന്റ് പാർട്ടിയുൾപ്പെടെ അറുപതോളം രാഷ്ട്രീയകക്ഷികളാണ് മത്സരിക്കാൻ രജിസ്റ്റർചെയ്തിട്ടുള്ളത്.
2020-ലാണ് മ്യാൻമാറിൽ അവസാനം പൊതുതിരഞ്ഞെടുപ്പ് നടന്നത്. ജനാധിപത്യപ്പോരാളി ആങ് സാൻ സ്യൂപിയുടെ പാർട്ടിയായ നാഷണൽ ലീഗ് ഫോർ ഡിമോക്രസി (എൻഎൽഡി) അന്ന് വൻവിജയം നേടി. എന്നാൽ, 2021 ഫെബ്രുവരിയിൽ അധികാരത്തിലേറാൻ പോകുമ്പോൾ എൻഎൽഡി സർക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിക്കുകയായിരുന്നു. സ്യൂചിയുൾപ്പെടെയുള്ള എൻഎൽഡി നേതാക്കൾ ജയിലിലാണ്. പാർട്ടിയെ പട്ടാളം പിരിച്ചുവിടുകയും ചെയ്തു. സ്വതന്ത്രനിരീക്ഷകർ വലിയ ക്രമക്കേടുകൾ ഒന്നുമില്ലെന്നു വിധിയെഴുതിയ ആ തിരഞ്ഞെടുപ്പിൽ വ്യാപക തട്ടിപ്പ് ആരോപിച്ചായിരുന്നു സൈന്യത്തിന്റെ നടപടി.
മ്യാൻമാറിന്റെ ഒട്ടേറെ മേഖലകൾ പട്ടാളഭരണകൂടത്തിൻ്റെ നിയന്ത്രണത്തിലല്ല. ജനാധിപത്യാനുകൂലികളായ പോരാളികളുടെയും വംശീയന്യൂനപക്ഷങ്ങളിൽപ്പെട്ട വിമതരുടെയും കൈവശമുള്ള ഈ പ്രദേശങ്ങളിൽ എങ്ങനെ തിരഞ്ഞെടുപ്പ് നടക്കുമെന്ന് വ്യക്തമല്ല. രാജ്യത്തിൻ്റെ പലഭാഗങ്ങളിലും ആഭ്യന്തരയുദ്ധവും നടക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് സായുധസംഘങ്ങളും ഒട്ടേറെ പ്രതിപക്ഷസംഘടനകളും പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനെ എതിർക്കുകയോ അട്ടിമറിക്കുകയോ ചെയ്യുന്നവർക്ക് വധശിക്ഷവരെ വ്യവസ്ഥചെയ്യുന്ന പുതിയ തിരഞ്ഞെടുപ്പുനിയമം പട്ടാളഭരണകൂടം കഴിഞ്ഞമാസം പാസാക്കിയിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group