
മുംബൈ: തുർക്കിയുമായും അസർബൈജാനുമായുള്ള വ്യാപാര ഇടപാടുകൾ പൂർണമായി ബഹിഷ്‌കരിച്ച് ഇന്ത്യൻ വ്യാപാരികൾ. വെള്ളിയാഴ്ച 24 സംസ്ഥാനങ്ങളിൽനിന്നുള്ള വ്യാപാരിസംഘടനകളുടെ നേതാക്കൾ ചേർന്നാണ് തീരുമാനമെടുത്തത്. ഇന്ത്യ-പാക് സംഘർഷത്തിൽ തുർക്കി പാകിസ്‌താനൊപ്പം നിൽക്കുകയും ഇന്ത്യയെ ആക്രമിക്കാനായി ഡ്രോണുകൾ നൽകുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
വ്യാപാരികളുടെ കൂട്ടായ തീരുമാനമാണിത്. തുർക്കി, അസർബൈജാൻ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിയും അവിടേക്കുള്ള കയറ്റുമതിയും ഉടനടി നിർത്തിവെക്കാനാണ് തീരുമാനമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ‌് (സിഎഐടി) സെക്രട്ടറി ജനറൽ പ്രവീൺ ഖാണേൽവാൾ അറിയിച്ചു. ഇന്ത്യൻ കമ്പനികൾ ഈ രാജ്യങ്ങളിൽ പരസ്യങ്ങളോ സിനിമയോ ഷൂട്ട് ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് എട്ടുകോടിയോളം വ്യാപാരികളെ പ്രതിനിധാനംചെയ്യുന്ന സംഘടനയാണ് സിഎഐടി. 40,000 ട്രേഡ് അസോസിയേഷനുകൾ ഇതിനുകീഴിൽ വരുന്നു.
സംഘടനയുടെ തീരുമാനം അംഗീകരിച്ച് ഏഷ്യയിലെ ഏറ്റവും വലിയ പഴം-പച്ചക്കറി മൊത്ത വ്യാപാരകേന്ദ്രമായ ഡൽഹിയിലെ ആസാദ്‌പുർ മണ്ഡിയും വാഷിയിലെ എപിഎംസിയും തുർക്കിയിൽനിന്നുള്ള ആപ്പിൾ ഇറക്കുമതി നിർത്തുന്നതായി അറിയിച്ചു വർഷങ്ങളായി തുർക്കിയിൽനിന്ന് ആപ്പിൾ വാങ്ങുന്നുണ്ടെന്നും നിലവിലെ സാഹചര്യത്തിൽ അതു നിർത്തുകയാണെന്നും ആസാദ്‌പൂർ മണ്ഡി ചെയർമാൻ മീത്ത റാം കൃപലാനി പറഞ്ഞു. 2024-ൽ ഇവിടേക്കുമാത്രം 1.16 ലക്ഷം ടൺ ആപ്പിൾ തുർക്കിയിൽനിന്നെത്തി. വർഷം 11.76 ലക്ഷം ടൺ ആപ്പിളാണ് തുർക്കിയിൽനിന്ന് ഇന്ത്യയിലേക്കെത്തുന്നത്. ഏകദേശം 1000-1200 കോടിരൂപയാണ് ഇതിന്റെ മൂല്യം.
തുർക്കിയുമായുള്ള പ്രധാന വ്യാപാരം ഇങ്ങനെ
* ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മാർബിളിൻ്റെ 70 ശതമാനത്തിനടുത്ത് തുർക്കിയിൽനിന്നാണ്. വർഷം 2500 മുതൽ 3000 കോടിരൂപവരെയാണ് മൂല്യം. ബഹിഷ്കരണത്തോടെ ഇറ്റലി, ഇറാൻ, ഈജിപ്‌ത് പോലുള്ള രാജ്യങ്ങളിൽനിന്നാകും ഇറക്കുമതി
* 1000 മുതൽ 1200 കോടിരൂപയുടെ ആപ്പിളാണ് തുർക്കിയിൽനിന്നെത്തുന്നത്. ന്യൂസീലൻഡ്, ഇറാൻ പോലുള്ള രാജ്യങ്ങളിലേക്ക് വ്യാപാരം മാറും
* ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്‌ലിങ് സേവനങ്ങൾ നൽകുന്ന തുർക്കിഷ് ഏവിയേഷൻ സേവന കമ്പനിയായ സെലിബിയുടെ കരാറുകൾ ഒഴിവാക്കി
* 2024-ൽ മൂന്നുലക്ഷത്തോളം ഇന്ത്യൻ വിനോദസഞ്ചാരികൾ തുർക്കി സന്ദർശിച്ചു. ഏകദേശം 3000 മുതൽ 4000 കോടിരൂപവരെയാണ് ഇവർ തുർക്കിയിൽ ചെലവഴിച്ചതെന്നാണ് കണക്ക്
* ഇന്ത്യയുടെ ഇറക്കുമതിയുടെ 0.5 ശതമാനമാണ് തുർക്കിയിൽനിന്നുള്ളത്. ഏകദേശം 378 കോടി ഡോളർ (33,300 കോടിരൂപ) വരും മൂല്യം, മാർബിൾ, ആപ്പിൾ, രാസവസ്‌തുക്കൾ എന്നിവയാണ് പ്രധാനം
*കയറ്റുമതിയുടെ 1.5 ശതമാനം. ഏകദേശം 665 കോടി ഡോളറാണ് (56,800 കോടിരൂപ) ഇതിൻ്റെ മൂല്യം. എൻജിനിയറിങ് ഉത്‌പന്നങ്ങൾ, രാസവസ്‌തുക്കൾ, ടെക്സ്റ്റൈൽ എന്നിവയാണ് പ്രധാനം
* വർഷം 1000 കോടിയുടെ ഡ്രൈഫ്രൂട്ട് തുർക്കിയിൽനിന്നെത്തുന്നു. അത്തിപ്പഴം, ആപ്രിക്കോട്ട്, മുന്തിരി എന്നിവയാണ് പ്രധാന ഉത്പന്നങ്ങൾ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group