
ഒരു പാമ്പിനെ പിടിക്കാൻ
എത്ര ആൾ വേണം?
മുരളി തുമ്മാരുകുടി
സാധാരണ ഗതിയിൽ രണ്ടാളുകൾ. ഒരാൾ "സ്പോട്ടർ." പാമ്പിൽ നിന്നും അല്പം സുരക്ഷിതമായ ഭൂരത്തിൽ എന്നാൽ പാമ്പിരിക്കുന്ന സ്ഥലം കൃത്യമായി കാണാവുന്ന തരത്തിലായിരിക്കണം സ്പോട്ടർ. പാമ്പുകടിക്കുള്ള പ്രഥമ ശുശ്രൂഷയിൽ പരിശീലനം ലഭിച്ച ആളുമായിരിക്കണം. പ്രഥമ ശുശ്രൂഷ കിറ്റ് അടുത്ത് വേണം. പാമ്പ് പിടിക്കുന്ന ആളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ ജോലി.
രണ്ടാമത്തേത് "കാച്ചർ". പാമ്പിൽ നിന്നും കടിയേൽക്കാതിരിക്കാനുള്ള വ്യക്തിസുരക്ഷാ ഉപകരണങ്ങൾ ധരിച്ചിരിക്കണം. പാമ്പിനെ പിടിക്കാനുള്ള കൃത്യമായ ഉപകരണങ്ങൾ കയ്യിൽ വേണം. പിടിക്കുന്ന പാമ്പിനെ സുരക്ഷിതമായി കൊണ്ടുപോകാനുള്ള സംവിധാനങ്ങൾ ഉണ്ടായിരിക്കണം. സ്വന്തം സുരക്ഷ ഉറപ്പാക്കി, പരമാവധി സുരക്ഷിതമായി പാമ്പിനെ പിടിക്കുക എന്നതാണ് കാച്ചറുടെ ഉത്തരവാദിത്തം.
വലുപ്പം കൂടിയ പാമ്പാണെങ്കിലും തെളിഞ്ഞ പ്രദേശമല്ലെങ്കിലും വെളിച്ചം കുറവാണെങ്കിലും ഒരു സഹായി കൂടി ആകാം. സഹായിയും കാച്ചറുടെ തുല്യമായ പരിശീലനം നേടിയ ആളാകണം. വ്യക്തിസുരക്ഷാ ഉപകരണങ്ങൾ അയാളും ധരിച്ചിരിക്കണം.
ഇതിനപ്പുറം പാമ്പുപിടിക്കുന്ന സ്ഥലത്ത് നിൽക്കുന്ന ഓരോരുത്തരും അവർക്ക് അപകടമുണ്ടാക്കുകയാണ് ചെയ്യുന്നത്. കാച്ചറും സ്പോട്ടറും തമ്മിലുള്ള കമ്യൂണിക്കേഷൻ ബുദ്ധിമുട്ടിലാക്കുന്നു. പാമ്പുപിടിക്കുന്ന ആളുടെ ജോലി കൂടുതൽ പ്രയാസമാക്കുന്നു. മൊത്തത്തിൽ അപകടസാധ്യത കൂട്ടുന്നു. ഇതൊക്കെയാണ് ആഗോളമായ രീതി.
എന്നാൽ നമുക്ക് ഒരു നാടൻ രീതിയുണ്ട്.
പാമ്പുപിടിക്കാൻ ആളെത്തിയാലുടൻ ആ പഞ്ചായത്തിലെ ആബാലവൃദ്ധം ജനങ്ങളും ഹാജർ, സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ. സ്ഥലത്തില്ലാത്തവർക്ക് വേണ്ടി വീഡിയോ എടുക്കാൻ മൊബൈലുള്ള വരെല്ലാം റെഡി. പാമ്പിനെ പിടിക്കുന്നവർക്ക് നിർദ്ദേശം നൽകാൻ ഒന്നല്ല ഒരു ഡസൻ പരസഹായ സ്പോട്ടർമാർ. ഇന്നു കണ്ട വീഡിയോയിൽ പാമ്പിനും നിർദ്ദേശം നൽകുന്നുണ്ട്, "ഒന്നു കേറടാ ചക്കരേ."
കേരളത്തിൽ പാമ്പിനെ പിടിക്കുന്ന ഒരാൾ പോലും പൂർണ്ണമായി വ്യക്തിസുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചുകണ്ടിട്ടില്ല. അതവർക്ക് അറിയാത്തത് കൊണ്ടാണോ ഇല്ലാത്തത് കൊണ്ടാണോ എന്നെനിക്കറിയില്ല. എന്താണെങ്കിലും നല്ല സാമർത്ഥ്യവും അതിലേറെ ഭാഗ്യവും കൊണ്ടാണ് നമ്മുടെ കാച്ചർമാർ അപകടമില്ലാതെ പോകുന്നത്. കണ്ടുനിൽക്കാൻ വരുന്നവർ ഡാർവിൻ അവാർഡിനുള്ള മത്സരാർത്ഥികളാണ്. അവർക്ക് ഗുഡ്ലക്ക്.
സർക്കാരിനോട്.പാമ്പുപിടുത്തത്തിന് ചെല്ലുമ്പോൾ 25 മീറ്റർ എങ്കിലും നോ എൻട്രി ആക്കി ആളെ ഒഴിപ്പിക്കുക. അബദ്ധത്തിൽ പാമ്പ് കടിയേറ്റുതന്നെ അനേകർ നാട്ടിൽ മരിക്കുന്നുണ്ട്, പോയി ചോദിച്ചുവാങ്ങാൻ വിടേണ്ട കാര്യമുണ്ടോ?
എന്റെ വായനക്കാരോട്.നിങ്ങളുടെ വീട്ടിലോ പുറത്തോ പാമ്പുപിടുത്തം നടക്കുന്നുണ്ടെങ്കിൽ അവിടെ നിന്നും പരമാവധി ഒഴിഞ്ഞുമാറി നിൽകുക. കുട്ടികളെ മാറ്റി നിർത്തുക. സുരക്ഷിതരായിരിക്കുക.
മുരളി തുമ്മാരുകുടി

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group