
ഇതാ ഒരു ലോക വനിതാ ദിനം കൂടി :കാർത്തിക ചന്ദ്രൻ , മലപ്പുറം
ലോകത്തില്‍ സ്ത്രീകള്‍ക്കെതിരായിട്ടുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുകൊ ണ്ടിരിക്കുന്നതിനിടയിലും ബഹിരാകാശ യാത്രക്ക് നാസ തിരഞ്ഞെ ടുത്ത ബഹിരാകാശ യാത്രീകയായ സുനിത വില്യംസിനെപ്പോലെയുള്ളവർ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നതിനിടയിലും ഇതാ ഒരു ലോക വനിതാ ദിനം കൂടി കടന്നുവന്നിരിക്കുന്നു. സ്ത്രീകളുടെ തുല്യത, അവകാശം പങ്കാളിത്തം സുരക്ഷഇവയൊക്കെഉറപ്പുവരുത്തുവാന്‍ വേണ്ടിയാണ് അന്താരാഷ്‌ട്ര വനിതാദിനം കൊണ്ടാടുന്നത്.
''പിതാ രക്ഷതി കൌമാരേ
ഭര്‍ത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി''
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മനുസ്മൃതിയിൽ എഴുതിവെച്ചിരിക്കുന്ന ഈ സംസ്കൃത ശ്ലോകത്തിനു ,
അച്ഛന്‍ കൌമാരത്തിലും ഭര്‍ത്താവു യൌവനത്തിലും ,പുത്രന്‍ വാര്‍ദ്ധക്യത്തിലും രക്ഷിക്കുന്നു-സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല”
എന്നാണര്‍ത്ഥം.
ഒരു പത്തുമുപ്പത് വര്ഷം മുമ്പുവരെ ഈ ശ്ലോകം ഭാരതത്തിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം കുറെയൊക്കെ ശരിതന്നെയായിരുന്നു .
എന്നാലീ ശ്ലോകം ഇന്നത്തെ കാലത്തിനു യോജിച്ചതാണെന്ന് തോന്നുന്നില്ല . കാരണം സ്ത്രീകൾ ഇന്ന് പുരുഷന്മാരോടൊപ്പംതന്നെ ജീവിതത്തിന്റെ നാനാതുറകളിലും കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്നു.

ബഹിരാകാശ യാത്രീകരായിട്ടും പൈലറ്റായിട്ടും ലോക്കോ പൈലറ്റായും രാജ്യംഭരിക്കുന്ന നേതാക്കളായിട്ടും ആംഡ് ഫോഴ്സ് നാവൽ ഓഫീസർമാരായിട്ടും കമ്പനി സിഒ മാരായിട്ടും ക്രിക്കറ്റ് ഹോക്കി തുടങ്ങിയിട്ടുള്ള സ്പോർട്ട്സ് താരങ്ങളെയും ബസ്സ് , ലോറി തുടങ്ങി ഹെവി വാഹനങ്ങൾ ഓടിക്കുന്നവരായിട്ടുമെന്നുവേണ്ട സമസ്തമേഖലകളിലും പുരുഷനൊപ്പം തന്നെ സ്ത്രീയും നിൽക്കുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലുമിക്കാലത്ത് സ്ത്രീ സ്വതന്ത്രയാണെന്ന് പറയപ്പെടുന്നത് സത്യമാണോ?
.jpg)
ദുര്‍ഗയായും കാളിയായും ശക്തി സ്വരൂപിണിയായും ആരാധിക്കുന്ന നാരീപൂജ നടത്തി സ്ത്രീകളെ ദേവതാ തുല്യം ആരാധിച്ചിരുന്ന നമ്മുടെ ഭാരതത്തില്‍,
ഇന്നു ഓരോ മൂന്ന് മിനിട്ടിലും ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നു . ഓരോ ഇരുപത്തഞ്ച് മിനിട്ടിലും ഒരു സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെടുന്നു.,ഓരോ ഇരുപത്തഞ്ച് മിനിട്ടിലും ഓരോ മാനഭംഗം നടത്തപ്പെടുന്നു. ഓരോ നാല്പത് മിനിട്ടിലും ഓരോ തട്ടിക്കൊണ്ടു പോകല്‍ നടക്കുന്നു. ഓരോ എഴുപത്തിയേഴ് മിനിട്ടിലും ഓരോ സ്ത്രീധന മരണം നടക്കുന്നു. ഓരോ ഒന്‍പതു മിനിട്ടിലും ഓരോ ഭര്‍തൃ പീഡനം നടക്കുന്നു.ഇതു സങ്കല്‍പ കഥയല്ല .പച്ചയായ പരമാര്‍ത്ഥം മാത്രം.
വിദ്യാഭ്യാസവും വിവരവും നേടി നല്ല നല്ല ജോലി നേടി വലിയ പദവികളില്‍ ഇരിക്കുന്ന സ്ത്രീകളുടെ കഥയും വ്യതസ്തമല്ല.
പെണ്ണിന് എന്നും പീഡനം മാത്രം. അത് ഒരു അമ്മയുടെ വയറ്റില്‍ പെണ്ണിന്‍റെ ജീവനാണ് തുടിക്കുന്നത് എന്നറിയുമ്പോള്‍ മുതലവൾ വേട്ടയാടപ്പെടുകയാണ്. അവള്‍ ഭൂമിയില്‍ പിറന്ന് വീഴണോയെന്ന് പോലും തീരുമാനിക്കുന്നത് , സ്ത്രീകള്‍ അടക്കമുള്ള ഒരു പറ്റം ആള്‍ക്കാരുടെ ദയയുടെ അടിസ്ഥാനത്തില്‍ മാത്രം. ഇതും നടക്കുന്നത് നമ്മുടെ ആര്‍ഷ ഭാരതത്തില്‍ തന്നെ .
എന്നാൽ പുതിയതലമുറ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി നടുറോഡുകളിൽപ്പോലും അഴിഞ്ഞാടുന്ന കാഴ്ചകളുമിന്ന് സർവ സാധാരണമായിരിക്കുന്നു. മയക്കുമരുന്നുവാഹകരായും സ്വർണ്ണക്കള്ളക്കടത്തുകാരായും സ്ത്രീകൾ ഉപയോഗിക്കപ്പെടുന്നു. കച്ചവടക്കണ്ണുകൾ സ്ത്രീക്ക് ചുറ്റും വട്ടമിട്ടുപറക്കുന്നു. ഉപയോഗം കഴിഞ്ഞാൽ ചവിട്ടുകൊട്ടയിലേക്കു വലിച്ചെറിയപ്പെടുന്ന പാഴ്വസ്തുവായുമവൾ മാറുന്നു. അഭ്യസ്തവിദ്യരായ പുതുതലമുറ വിവാഹം പോലും കഴിക്കാനിഷ്ടപ്പെടുന്നില്ല. 'ലീവിങ്ങ് ടുഗെദർ' എന്ന ആശയം മുറുക്കെപ്പിടിച്ചു നടക്കുന്നവരാണധികവും. ഇനി വിവാഹം കഴിക്കുകയാണെങ്കിൽ കുട്ടികൾ വേണ്ടായെന്ന് തീരുമാനമെടുക്കുന്നവരുടെ എണ്ണവും വർദ്ധിക്കുന്നു . ആരുടേയും കീഴിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരല്ല ഇന്നത്തെ പെൺകുട്ടികൾ . കുടുംബം കുഞ്ഞുങ്ങൾ എന്ന വ്യവസ്ഥിതി തന്നെ മാറിക്കഴിഞ്ഞു.
ഇതിനിടയില്‍വനിതാദിനങ്ങള്‍ക്കെന്ത് പ്രസക്തിയെന്ന് തോന്നിപ്പോകുന്നു.
സ്വന്തംകുടുംബങ്ങളിൽ നിന്നും ഒരു സ്ത്രീയെന്നനിലക്കുള്ള കർത്തവ്യങ്ങൾഎന്തൊക്കെയാണെന്ന് പെൺകുട്ടികളേയും ഒരുസ്ത്രീയെ ബഹുമാനിക്കനാമെന്നുള്ള പാഠം പ്രത്യേകിച്ച് ആൺകുട്ടികൾക്കും പഠിപ്പിച്ചുകൊടുക്കണം .
എന്നാൽ അണുകുടുംബങ്ങളിൽ കുട്ടികൾക്കതിനുള്ള സൗകര്യം ലഭിക്കുന്നില്ലയെന്നതും ഇന്നിന്റെ ശാപം തന്നെയാണ്.
ലോകത്തിലെ ഏറ്റവും പവിത്രമായ വാക്കാണ് ‘അമ്മ’. അമ്മ ഒരു സ്ത്രീയാണ്.
സഹോദരി ഒരു സ്ത്രീയാണ്.
വീടിന് വിളക്കാകുന്ന, എല്ലാ കാര്യങ്ങള്‍ക്കും പുരുഷന് തുല്യ പങ്കാളിത്തമുള്ള അര്‍ദ്ധനാരീശ്വര സങ്കൽപ്പത്തിലൂടെ എന്നും ഭാരതീയര്‍ പൂജിക്കുക തന്നെ ചെയ്തിട്ടുള്ള ‘ഭാര്യയും ഒരു സ്ത്രീയാണ്.
മകള്‍ ഒരു സ്ത്രീയാണ്.
ഈ സ്ത്രീ രൂപങ്ങളെ അതിന്‍റെതായ ബഹുമാനത്തോടെ ,സ്നേഹത്തോടെ കാണാന്‍ കഴിയാത്ത ഒരു കാലഘട്ടത്തില്‍ കൂടിയാണ് ഇന്നു ലോകം കടന്നു പോയിക്കൊണ്ടിരിക്കുന്നത് .
ഐശ്വര്യദേവതയായി , ലക്ഷ്മിയായി, ഭൂമിയായി, വിദ്യയായി എല്ലാം വേദകാലങ്ങള്‍ മുതല്‍ വാഴ്ത്തുന്ന സ്ത്രീ സ്വതന്ത്രയാവേണ്ടത് ലോക വിജയത്തിന്‍റെ തന്നെ ആവശ്യമാണ്. അത് കുടിച്ചുകൂത്താടിയിട്ടുള്ള സ്വാതന്ത്ര്യമല്ല .സ്ത്രീകളുടെ നവോഥാനമെന്ന പേരിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളുമല്ല. സ്വന്തം കുടുംബവും ജോലിചെയ്യുന്ന മേഖലയും എങ്ങനെ നന്നായി കൊണ്ടുനടക്കാമെന്നും അതുമൂലമൊരു സമൂഹം തന്നെയെങ്ങനെ ഉന്നതിയിലേക്കുയർത്താമെന്നും കാണിച്ചുകൊടുത്തിട്ടാവണം .
''യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാ
യത്രൈതാസ്തു ന പൂജ്യന്തേ
സര്‍വ്വാസ്തത്രാഫലാ ക്രിയാ''
സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്തു് ദേവന്മാര്‍ വിഹരിക്കുന്നു. അവര്‍ ആദരിക്കപ്പെടാത്തിടത്തു് ഒരു കര്‍മ്മത്തിനും ഫലമുണ്ടാവുകയില്ല.
മനുസ്മൃതി ഇങ്ങനെയും പറഞ്ഞിരിക്കുന്നു.ഇതുപോലുള്ള വചനങ്ങള്‍,വെറുതെ പ്രസംഗിക്കാന്‍ മാത്രം.അല്ലെങ്കില്‍ പരിഹസിച്ചു തള്ളാന്‍ മാത്രം.
ഒരു കുടുംബം ഭംഗിയായി പരിപാലിക്കാൻ കഴിവും പ്രാപ്തിയും ഒരു സ്ത്രീക്കാണ് ദൈവം നൽകിയിരിക്കുന്നത് .അതുകൊണ്ടുതന്നെയാണ് ഒരു സ്ത്രീ കുടുംബത്തിന്റെ വിളക്കാണെന്ന് പറയുന്നതും .
അവൾ വഴിതെറ്റിപ്പോയാൽ ആ കുടുംബവും വഴിതെറ്റിപ്പോവും തീർച്ച.
അടിപതറാതെ സ്വന്തം കുടുംബത്തേയും ഒരു സമൂഹത്തെത്തന്നെയും
സധൈര്യം മുന്നോട്ടുനയിക്കുവാൻ ഓരോ സ്ത്രീകൾക്കും കഴിയട്ടെ .എല്ലാ സ്ത്രീകൾക്കും വനിതാദിനാശംസകൾ.


കാർത്തിക ചന്ദ്രൻ , മലപ്പുറം


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group