
ഏകമുഖമല്ല വൈവിധ്യമാണ് സംസ്ക്കാരത്തിന്റെ അടയാളങ്ങൾ
: സത്യൻ മാടാക്കര .
ചരിത്ര വസ്തുതകളെ പൊലിപ്പിച്ച് രാഷ്ടീയ ലക്ഷ്യം നേടുന്നതിനപ്പുറം വ്യത്യസ്തകളുടെ സാംസ്കാരിക മുദ്രകൾ കണ്ടെത്തി പാരസ്പര്യത്തിന്റെ ഭാഷയാണ് നമ്മൾ ഇനി തേടേണ്ടത്.
അറിവുകൾ സാമൂഹ്യ ഇച്ഛ നിറവേറ്റുന്നു എന്നു പറയുന്നതിൽ അതിശയോക്തിയില്ല.
അതിന് സത്യം തേടുന്ന വിശുദ്ധി വേണം. ചരിത്രത്തിലാണ് ഇന്നിന്റെ ഭാവി.
ഇറച്ചി - മീൻ ഒഴിവാക്കണമെന്ന് പറയുന്നവർ സാമൂഹ്യതയുടെ പിന്നാമ്പുറത്ത് ഭക്ഷണത്തിന്റെ സ്വീകാര്യം ഏതു നിലക്കായിരുന്നുവെന്ന് കണ്ടെത്തണം.
വ്യത്യസ്ത കളുടെ ഭിന്നാവസ്ഥകൾ കൂടിച്ചേരുമ്പോഴാണ് മനുഷ്യൻ മനുഷ്യനെ കണ്ടെത്തുക.

ഇന്ത്യൻ ജനത നടത്തിയ ഐതിഹാസിക സമരമാണ് 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം. ഹിന്ദുക്കളും മുസ്ലീംങ്ങളും ക്രിസ്ത്യാനികളും സിക്കുകാരും മറ്റനേകഠ ഉപജാതി വിഭാഗങ്ങളും ആ സമരത്തിൽ ഒറ്റക്കെട്ടായി അണിനിരന്നു.
തീർച്ചയായും ദേശ വളർച്ചയിൽ ബഹുസ്വരത വഹിച്ച പങ്ക് ചർച്ച ചെയ്യപ്പെടണം. മതപരമായ സാധകരണം ജനാധിപത്യത്തിന് ഭൂഷണമല്ല.
മധ്യകാല ചരിത്രം പരിശോധിച്ചാൽ മത്സ്യം, മാംസം ജനങ്ങൾക്കിടയിൽ തന്നെ എങ്ങനെ സ്വീകരിക്കപ്പെട്ടു എന്ന് കാണാം.

കേരളത്തെക്കുറിച്ചുള്ള പഠനത്തിൽ സോമശേഖരൻ എഴുതുന്നു.( കേരളപ്പഴമ - സാഹിത്യഅക്കാദമി)" സംഘക്കളിയിലെ കൈമളോതിക്കൻ സംവാദത്തിൽ ഓതിയ്ക്കൻ കൈമളെ പരിഹസിക്കുന്നതു മുഴുക്കെ, മീൻചുമക്കുന്നവനേ, മീൻ തിന്നുന്നവനേ, മീൻ മണക്കുന്നവനേ എന്നിങ്ങനെയാണ്.

ഉണിച്ചന്ദ്രോനും ഉണിക്കോ നാരും തമ്മിലുള്ള വഴക്കിനു അടിയന്തിര പ്രകോപനവും മീനുമായിചേർന്നതാണ്. മുക്കുവൻ കൊടുക്കുന്ന മീൻ വീതിച്ചപ്പോൾ ഒരാൾക്ക് 'തലയും ചെറകുമെല്ലാം കൂടിപ്പോയി ' എന്നതാണൊരു കാര്യം. പാട്ടു കൃതികളിലടക്കം സുന്ദരമായ നായാട്ടു വർണനകളുണ്ട്. മുത്തപ്പന്റെ തോറ്റത്തിൽ വേട്ട നായ്ക്കളെ സംരക്ഷിക്കുന്നതിന്റെയും ഇനം തിരിച്ചുള്ളതിന്റെ യും വർണനകളുണ്ട്. അയ്യപ്പനെ അനന്തപുരം വർണനം വർണ്ണിക്കുക നായാടവെല്ലാം ചേകോനെന്നാണ് ' .
ഇബൻ ബത്തൂത്ത മലയാളിയുടെ ഭക്ഷണ ക്രമത്തിൽ ചേമ്പും ഇറച്ചിയും കൂടി ധാരാളമുണ്ടെന്നു പറയും. തോറ്റംപാട്ട് കാളയിറച്ചിയും അത്രകണ്ട് നിഷിധമല്ലെന്ന് പറയും.
കുട്ടിച്ചാത്തന്റെ ഇഷ്ടഭക്ഷണം കാളയിറച്ചിയാണ്.
ഭാഷാ കൗടിലീയത്തിൽ 'ഇറച്ചിയാട്ടു വിൽക്കുമവരില്ലവുമുണ്ട് '.
നളോപാഖ്യാനം ഗദ്യത്തിൽ നളനെ കൊണ്ട് വിശേഷമായി " ഇറച്ചിയിടിപ്പിച്ച് വെപ്പിച്ചാണ് ദമയന്തി നളപാചകം തിരിച്ചറിയുക"
വി.വി. വേലുക്കുട്ടി അരയൻ എഴുതിയ 'മനുഷ്യനും മതവും ' എന്ന ലേഖനം ഏറെ പ്രസക്തിയുള്ള ഒന്നാണ്." ശ്രീരാമൻ ഇറച്ചിയും മീനും ഭക്ഷിച്ചിരുന്ന രാജാവാണ്. അദ്ദേഹത്തെ വിഷ്ണുവിന്റെ അവതാരമെന്നു പറഞ്ഞാൽ മീൻ മയനായ വിഷ്ണുവിന്റെ മത്സ്യ മാംസ പ്രിയനായ ശ്രീരാമന്റെ അവതാരം എന്ന വ്യാഖ്യാനം കൂടി ചേർക്കണം.
ശ്രീകൃഷ്ണൻ കടപ്പുറത്തു രാജധാനി സ്ഥാപിച്ചു ജീവിച്ചിരുന്ന ഒരു ദാശർഹദാശൻ തന്നെയായിരുന്നു.
യാദവന്മാർ മത്സ്യ പിടുത്തക്കാരും മത്സ്യ ഭോജികളുമായിരുന്നു. ശിവൻ ഒരു മീൻപിടുത്തക്കാരൻ കൂടിയായിരുന്നു. മധുരയിലെ സുധർമ നെന്ന അരയ രാജാവിന്റെ മകളെ വിവാഹം ചെയ്യുന്നതിനു ശിവൻ ചെന്നപ്പോൾ നല്ല മീൻപിടുത്തക്കാരനാണോ എന്നു പരീക്ഷിപ്പാനായി സേതു ക്കരയിൽ അദ്ദേഹത്തെ അയച്ചു വല വീശൽ പരീക്ഷ നടത്തിയെന്നും അതിൽ വിജയിയായിക്കണ്ടതിനു ശേഷമാണ് സുധർമ്മൻ രാജകുമാരിയെ ശിവനു കൊടുത്തതെന്നും ഹാലസ്യ പുരാണത്തിൽ കാണുന്നു.
ഉത്തര ഭാരതത്തിൽ വിശേഷിച്ചു ബംഗാളിൽ ഉള്ള ബ്രാഹ്മണർ മത്സ്യ ഭോജി ളായിരുന്നു.അവിടങ്ങളിലെ ക്ഷേത്രങ്ങളിൽ മീൻ ഒരു വിശുദ്ധ വസ്തുവായി നിവേദിക്കുക കൂടി ചെയ്യുന്നുണ്ട്.
മീൻ പിടിക്കുന്നതു നികൃഷ്ടമെങ്കിൽ തിന്നുന്നത് അതിലും നികൃഷ്ടമല്ലേ?
കേരളത്തിലെ ക്ഷത്രിയരും ബ്രാഹ്മണരും ഒഴിച്ചു മറ്റു ക്ഷേത പ്രവേശനമുള്ള സകല സവർണ്ണ ഹിന്ദുക്കളും മത്സ്യ ഭോജികളാകുന്നു.
ഇക്കൂട്ടത്തിൽ വിനോദത്തിനോ, വയറ്റിനോ വേണ്ടി ഒറ്റാൽ, ചൂണ്ടൽ, വീച്ചുവല എന്നീ ലഘുപകരണങ്ങൾ കൊണ്ടു കടലിൽ നിന്നോ കായലിൽ നിന്നോ മത്സ്യം പിടിക്കുന്നവരും ചിലർ ഉണ്ടായേക്കാം.കണവാ മത്സ്യത്തിന്റെ മഷി,1
' ഇന്ത്യൻ ഇങ്ക്' എന്ന പേരു മാറ്റിയാൽ അതുകൊണ്ട് ചിത്രം വരച്ച് ക്ഷേത്ര ഭിത്തിയെത്തന്നെ അലങ്കരിക്കാനും അതു സേവ്യ എന്നു പേരു മാറ്റിയാൽ കുടിക്കാനും കവിടി എന്ന മീനോട്ടി വരാട ഭസ്മമായതിനാൽ അതു സേവിക്കാനും ബ്രാഹ്മണ ക്ഷത്രിയന്മാർക്കു വിരോധമില്ല. "
ഭക്ഷണം, വസ്ത്രം, ഭാഷ എന്നിവയി ലൊക്കെ വന്നുപെട്ട കീഴാളനേടിയെടുക്കലിന്റെ പിന്നിൽ വലിയ ചരിത്രമുണ്ട്. ചരിത്രപരവും ജാതിപരവുമായ ഉച്ചനീചത്വത്തിന്റെ വിശകലനം നടക്കുന്നതിലൂടെയേ സാമൂഹികമായ അസമത്വത്തിന്റെ വാസ്തവം പുറത്തു വരൂ .
പ്രബുദ്ധവും പ്രബലവുമായ സമൂഹത്തിനു മാത്രമേ സംസ്കാരം ആധുനികവല്ക്കരിക്കാൻ കഴിയുകയുള്ളൂ. ഭയം കൊണ്ട് ഒരാൾക്ക് സ്നേഹം വിളയിക്കാൻ കഴിയില്ല. സ്ത്രീകൾക്ക് ബ്ലാസ് ധരിക്കാനും പാവപ്പെട്ടവർക്ക് നല്ല വീട് പണിയുവാനും,പൊതു കാണറിൽ നിന്ന് വെള്ളം കോരാനും, പൊതു വിദ്യാഭ്യാസ പ്രവേശനം നേടാനും, ദേവാലയത്തിൽ പ്രവേശിച്ച് പ്രാർത്ഥിക്കാനും കഴിഞ്ഞതിനു പിന്നിൽ ഭയമില്ലാത്ത നവോത്ഥാന സമരത്തിന്റെ വലിയ അദ്ധ്യായം ഉണ്ട്.
മനുഷ്യരാശിയുടെ ഐക്യത്തിലും മാനവികതയിലും ഊന്നൽ കൊടുത്തുള്ള ജനാധിപത്യപരിശ്രമങ്ങളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജനതയ്ക്കാവശ്യം.അത് ഉണ്ടാകാൻ മനുഷ്യന്റെ സുസ്ഥിതിക്ക് തടസ്സം നില്ക്കുന്ന വിപത്തുക്കളെ പ്രതിരോധിക്കേണ്ടതുണ്ട്.- അതിലൂടെ വളർന്നു വരുന്നത് സമത്വത്തിലൂന്നിയ സാമൂഹ്യക്രമമാണെന്നതിൽ സംശയമില്ല. ചരിത്രബോധമില്ലായ്മ ഒരു ജനതയെ ഉണർത്തുന്നില്ല.
പല മതക്കാർ, ജാതികൾ, ഉപജാതികൾ ഒന്നിച്ചു ജീവിക്കുന്നിടത്ത് സാഹോദര്യത്തിന്റെ വിശാലത പങ്ക് വെയ്ക്കപ്പെടണം.
മനുഷ്യർ എന്ന നിലയിലുള്ള മൈത്രീ ബന്ധം സ്ഥാപിച്ചെടുക്കുമ്പോഴേ സമാധാനപരമായ ജീവിതം രൂപപ്പെടുന്നുള്ളൂ.പല കാലങ്ങളിലായി ഇന്ത്യയിലേക്കു വന്ന വിദേശ സഞ്ചാരികളുടെ ചരിത്ര വിവരണങ്ങളിൽ നിന്ന് കൊടുക്കൽ വാങ്ങലിലൂടെ വളർന്നു വന്ന ഒരു ജന സമൂഹത്തിന്റെ ചിത്രമാണ് നമുക്ക് ലഭിച്ചത്.
ക്രിസ്താബ്ദത്തിന് നൂറ്റാണ്ടുകൾക്ക് മുമ്പ് മലബാറുമായുള്ള സമുദ്രാന്തര വാണിജ്യം പുഷ്ടിപ്പെട്ടിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മലബാറിന്റെ പശിമയാർന്ന മണ്ണിൽഉയിരെടുത്ത സുഗന്ധ ദ്രവ്യങ്ങളും തുണിത്തരങ്ങളും ആനക്കൊമ്പും മയിലും കടൽ കടന്നിരുന്നു. ബാബിലോൺ,അസ്സീറിയ, അറേബ്യ എന്നീ രാജ്യങ്ങളിൽ മലബാർ ഉല്പന്നങ്ങൾ നാം കണ്ടു മുട്ടുന്നു.
(വി.എച്ച്. ദിരാർ)മധ്യകാല ഇന്തോ - അറബ് ചരിത്രം പപഠിക്കുമ്പോൾ
പ്രാചീന കാലത്ത് തന്നെ നിലനിന്ന പരസ്പര സഹകരണത്തിന്റെയും കച്ചവടത്തിന്റെയും തെളിവുകൾ ഒട്ടനവധി പരന്നുകിടക്കുന്നു.
അതാകട്ടെ വൈദ്യശാസ്ത്രം, ഗണിതംജ്യോതിശാസ്ത്രം, സയൻസ്, സാഹിത്യം, തത്ത്വചിന്ത, വേദങ്ങളുടെ പരിഭാഷഎന്നിവയിലൂടെ ഇന്ത്യ മറ്റു രാജ്യങ്ങളിൽ അറിയപ്പെടുന്നതിന് വഴി തുറന്നു ഒട്ടനവധി മറുനാടൻ ഭാഷാ പദങ്ങൾ ഇന്ത്യൻ ഭാഷകളിൽ കൂടിക്കലരുന്നതിന് ഇടയാക്കായത് പഴയ കാല സമ്പർക്കങ്ങളാണ് എന്നിപ്പോൾ ഗവേഷണങ്ങൾ സാക്ഷ്യപ്പെടു ത്തുന്നു.
ഇത്തരത്തിൽ ബഹു സ്വത്വത്തിലധിഷ്ഠിതമായ ബഹുമുഖ ജീവിതാഖ്യാനം ഏകമുഖത്തോടെ എഴുതുമ്പോൾ, പ്രചരിപ്പിക്കുമ്പോൾ, അസഹിഷ്ണുതയോടെ നോക്കിക്കാണുമ്പോൾ ചരിത്ര സത്യം തന്നെയാണ് മായ്ച്ചു കളയുന്നത്. സംവാദം, വിമർശനം, പ്രതിരോധം, ചരിത്രസാക്ഷ്യം തുടരുക ജനാധിപത്യ പൗരധർമ്മമാകുന്നു. ഇന്ത്യയുടെ യൗവന ഭാഗം അങ്ങനെയാണ് നവ നവീകരണത്തിലേക്കും പുതുലോക ക്രമത്തിലേക്കും വികസിക്കുക. പാഠം പല കാലങ്ങളിൽ
പലതാകുന്നു.
"സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്നാണ് ബ്രിട്ടീഷ് രാജ വാഴ്ച്ച യെക്കുറിച്ച് പറഞ്ഞിരുന്നത്.
ആലങ്കാരികമായും ഭൂമിശാസ്ത്രപരമായുമുള്ള അർത്ഥങ്ങളാണ് അവരതിന് കല്പിച്ചിരുന്നത്. ആലങ്കാരികമായി പറഞ്ഞാൽ തങ്ങളുടെ സാമ്രാജ്യം എന്നന്നേക്കും തുടരുമെന്നാണ് അവർ കരുതിയിരുന്നത്. ഭൂമിയുടെ എൺപത്തഞ്ചു ശതമാനത്തിന്റെയും നിയന്ത്രണമുണ്ടായിരുന്നതിനാൽ ഭൂമിശാസ്ത്ര പരമായും ഈ പ്രയോഗം ശരിയായിരുന്നു. പക്ഷേ, സൂര്യൻ അസ്തമിക്കുക തന്നെ ചെയ്തു."
( വന്ദന ശിവ )

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group