
അക്രമം സ്‌കൂളിൽ എത്തുമ്പോൾ
:മുരളി തുമ്മാരുകുടി
താമരശ്ശേരിയിൽ ആക്രമണങ്ങളിൽ ഒരു സ്‌കൂൾ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവം സമൂഹത്തെ ഒരിക്കൽ കൂടി ചിന്തിപ്പിക്കേണ്ടതാണ്.
സാധാരണഗതിയിൽ ഇക്കാലത്ത് വിദ്യാർത്ഥികളും യുവാക്കളും ഇടപെട്ട ഒരു വിഷയമുണ്ടായാൽ രണ്ടു പ്രശ്നങ്ങൾ ഉടൻ പറയും.
1. മയക്കു മരുന്നുകളുടെ സ്വാധീനം
2. വിദ്യാർത്ഥി രാഷ്ട്രീയം
ഇവിടെ കേട്ടിടത്തോളം ഇവ രണ്ടും അല്ല പ്രതി.
ഒരു ട്യൂഷൻ സെന്ററിലെ വാർഷികവുമായി ബന്ധപ്പെട്ടുണ്ടായ നിസ്സാരമായ പ്രശ്നം, കുട്ടികൾ അത് ‘അഭിമാന പ്രശ്നം’ ആയി കാണുന്നു. മൃഗങ്ങൾ കൂട്ടുകൂടി ആക്രമിക്കുന്നത് പോലെ അവർ എതിർചേരിയിലുള്ളവരെ ആക്രമിക്കുന്നു. ആക്രമണത്തിൽ ഒരു കുട്ടി കൊല്ലപ്പെടുന്നു. അതോടെ വിഷയം പ്രാദേശിക വാർത്തകൾക്കപ്പുറം എത്തുന്നു.
ഇത്തരം വിദ്യാർത്ഥി സംഘട്ടനങ്ങൾ കേരളത്തിൽ ഇപ്പോൾ വ്യാപകമാണ്. ഇപ്പോൾ മൊബൈൽ ഫോൺ ഉള്ളത് കൊണ്ട് സ്‌കൂളിനകത്ത്, പുറത്ത്, ബസ് സ്റ്റാൻഡിൽ ഒക്കെ ഇത്തരം സംഘട്ടനങ്ങൾ നടക്കുന്നത് നമ്മൾ പലകുറി കണ്ടിട്ടുണ്ട്. ഇതിൽ മിക്കതിലും രാഷ്ട്രീയം ഒന്നുമല്ല വിഷയം, ഒരു തരം ഗാംഗ് വാർ ആണ്. അതിൽ മരണങ്ങൾ സംഭവിക്കാത്തത് കൊണ്ട് കേസും കൂട്ടവും ഒന്നും ഉണ്ടായിക്കാണില്ല.
വിദ്യാർത്ഥി സംഘട്ടനങ്ങൾ കേരളത്തിൽ പുതുമ അല്ല. ഞാൻ ആദ്യമായി വിദ്യാർത്ഥി സംഘട്ടനം കാണുന്നത് വെങ്ങോലയിൽ ശാലേം സ്‌കൂളിൽ ആണ്. അന്ന് സ്‌കൂളിൽ തന്നെ രാഷ്ട്രീയം ഉണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്നു. കെ.എസ്.യു. - എസ്.എഫ്.ഐ. രണ്ടുകൂട്ടരും ആവേശത്തോടെ പ്രചാരണം നടത്തുന്നു. ഒരു ദിവസം ഉച്ചസമയത്ത് 10 - C യിൽ പ്രചാരണത്തിനെത്തിയ 10 - A ക്കാരനെ എതിർപക്ഷം മർദ്ദിക്കുന്നു. തലപൊട്ടി ചോര ഒഴുകുന്നു. നേരിട്ട് കണ്ടതാണ്, 1977 ൽ ആയിരിക്കണം. രാഷ്ട്രീയം കത്തി നിൽക്കുന്ന സമയമാണല്ലോ.
രണ്ടാമത്തെ, കൂടുതൽ വയലന്റ് ആയ കാഴ്ച കാണുന്നത് കാലടിയിൽ ആണ്. ശ്രീ. ബ്രഹ്മാനന്ദോദയം സ്‌കൂളിൽ സയൻസ് എക്സിബിഷൻ നടക്കുന്നു. അത് കാണാൻ ശാലേം സ്‌കൂളിൽ നിന്നും ഞങ്ങൾ അവിടെ എത്തുന്നു. എത്തുമ്പോൾ എക്സിബിഷൻ നിർത്തി വെച്ചിരിക്കയാണ്, കാരണം ബ്രഹ്മാനന്ദോദയത്തിലെ കുട്ടികളും എക്സിബിഷന് വന്ന നീലേശ്വരത്തെ കുട്ടികളും തമ്മിൽ സംഘർഷമാണ്.
എന്താണെങ്കിലും കാലടി വഴി വന്നതല്ലേ പുഴ ഒന്ന് കണ്ടേക്കാം എന്ന് കരുതി ഞങ്ങൾ ആശ്രമം കടവിൽ ഇറങ്ങുന്നു. പുറകെ കല്ലും കൊഴിയുമായി ഒരു സംഘം വിദ്യാർഥികൾ എത്തുന്നു, കാലടി സ്‌കൂളിലെ കുട്ടികൾ നീലേശ്വരത്തെ കുട്ടികളെ നോക്കി നടക്കുകയാണ്. പിന്നാലെ നീലേശ്വരം സ്‌കൂളിലെ കുട്ടികൾ എത്തുന്നു, അവരും ‘ആയുധധാരികൾ’ ആണ്. പിന്നെ ഹിസ് ഹൈനെസ്സ് അബ്ദുള്ളയിലെ ശങ്കരാടി പറഞ്ഞത് പോലെ "യുദ്ധമായിരുന്നു യുദ്ധം!". അന്നേ സുരക്ഷാ ബോധമുള്ളത് കൊണ്ട് ഞങ്ങൾ കണ്ടം വഴി ഓടി. അവിടെയും മരണം ഒന്നും ഉണ്ടായില്ല.
എന്തുകൊണ്ടാണ് പതിറ്റാണ്ടുകൾ ആയി സ്‌കൂൾ വിദ്യാർത്ഥികളിൽ ഉൾപ്പെടെ സംഘം ചേർന്നുള്ള അക്രമം നടക്കുന്നത്.
മുൻപ് പറഞ്ഞിട്ടുള്ളതാണ്, എന്നാലും ഒന്ന് കൂടി പറയാം.
1. കുട്ടികളെ ‘തല്ലി’വളർത്തുമ്പോൾ ഒരു വിഷയത്തിലെ ന്യായവും അന്യായവും തീരുമാനിക്കുന്നതിനുള്ള ശരിയായ വഴി ‘അടി’ ആണെന്ന വിശ്വാസത്തോടെ കുട്ടികൾ വളരുന്നു. സ്‌കൂളിലെ അധ്യാപകർക്ക് വടി നൽകുകയല്ല വീട്ടിൽ നിന്നും വടി ഒഴിവാക്കുകയാണ് ഒന്നാമത് ചെയ്യേണ്ടത്.
2. കുട്ടികൾ ആണെങ്കിലും മുതിർന്നവർ ആണെങ്കിലും അക്രമത്തിന് മുതിർന്നാൽ അതിന് പ്രത്യാഘാതം ഉണ്ടാകണം. ഒരാൾ മരിക്കുമ്പോൾ കർശന നടപടികൾ ഉണ്ടാകുമ്പോൾ അല്ല, എത്ര ചെറുതാണെങ്കിലും നിയമലംഘനമോ അക്രമമോ ഉണ്ടായാൽ അതിന് തക്ക ശിക്ഷ സമയോചിതമായി ലഭിക്കുമ്പോൾ ആണ് ആ തെറ്റ് ആവർത്തിക്കാതിരിക്കാൻ കുറ്റവാളികൾക്കും ചെയ്യാതിരിക്കാൻ മറ്റുള്ളവർക്കും തോന്നുന്നത്.
3. മക്കളോ മരുമക്കളോ ഒരക്രമസംഭവത്തിൽ ഇടപെട്ടാൽ സകല സാമൂഹ്യ സാമ്പത്തിക ബന്ധങ്ങളും ഉപയോഗിച്ച് അവരെ നിയമപരമായ ശിക്ഷയിൽ നിന്നും രക്ഷപെടുത്താൻ മാതാപിതാക്കളും ബന്ധുക്കളും അണിനിരക്കുന്നിടത്തോളം കാലം കുട്ടികൾ അക്രമങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കും.
4. അക്രമങ്ങൾ ചെയ്ത കുട്ടികളുടെ ബന്ധുക്കൾ കുട്ടികളെ നിയമക്കുരുക്കിൽ നിന്നും ഒഴിവാക്കാൻ ശുപാർശയുമായി വരുമ്പോൾ സാമൂഹ്യമായോ രാഷ്ട്രീയമായോ സാമ്പത്തികമോ ആയ കാരണങ്ങളാൽ പിന്തുണക്കുന്ന രാഷ്ട്രീയ - ഉദ്യോഗസ്ഥ സംവിധാനം നിലനിൽക്കുമ്പോൾ ഈ സാഹചര്യത്തിന് മാറ്റം ഉണ്ടാകില്ല. ഇക്കാര്യത്തിൽ കക്ഷിഭേദം ഒന്നും ഉണ്ടാവില്ല.
4. കുട്ടികൾ അക്രമസംഭവങ്ങളിൽ ഏർപ്പെട്ടാൽ "കുട്ടികൾ അല്ലേ, ഒരു പ്രാവശ്യത്തേക്ക് ക്ഷമിക്കാം" എന്ന തരത്തിൽ മയത്തിൽ സ്‌കൂൾ അധികാരികളും പോലീസും കോടതിയും കാര്യങ്ങളെ കൈകാര്യം ചെയ്താൽ കുട്ടികൾ നന്നാവില്ല എന്ന് മാത്രമല്ല കുറ്റം ചെയ്യാൻ സാധ്യത ഉള്ളവരും അത് കാണുന്നുണ്ട്. ഇപ്പോൾ തന്നെ താമരശ്ശേരിയിലെ സംഭവത്തിൽ "കൂട്ടം കൂടി അക്രമം നടത്തിയാൽ കേസ് എടുക്കില്ല" എന്നും "പരീക്ഷ ആയത് കൊണ്ട് പരിഗണന ലഭിക്കും" എന്നൊക്കെ കുട്ടികൾ പരസ്പരം പറയുന്നത് ഇത്തരം അനുഭവബോധ്യത്തിൽ നിന്നാണ്.
വീട്ടിലും സ്‌കൂളിലും പുറത്തും അക്രമത്തിനെതിരെ സീറോ ടോളറൻസ് ആയിരിക്കണം നമുക്ക്. അക്രമം കാണിക്കുന്നവർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഏറ്റവും വേഗത്തിൽ ലഭിക്കണം. നിയമത്തിന്റെ നടത്തിപ്പിൽ തെറ്റായ തരത്തിൽ ഇടപെടില്ല എന്ന് മാതാപിതാക്കളും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തീരുമാനിക്കണം.
ഇത്തരത്തിൽ അക്രമങ്ങൾ നടത്തിയ നൂറു പേർക്ക് സമയബന്ധിതമായി ശിക്ഷ ലഭിച്ചാൽ തീരാവുന്ന അക്രമ വാസന മാത്രമേ ഇപ്പോൾ കേരളത്തിലുള്ളൂ.
ഇപ്പോൾ ശ്രമിച്ചാൽ അത് മാറ്റാം.
എത്ര സുന്ദരമായ (നടക്കാത്ത) സ്വപ്നം!
മുരളി തുമ്മാരുകുടി

നവകേരളത്തിൽ സഹപാഠികളെ റാഗ് ചെയ്യുന്നതിലും ഉപദ്രവിക്കുന്നതിലും ഒക്കെ സ്ത്രീ-പുരുഷ സമത്വം വരുന്നുണ്ടെന്നതാണ് മറ്റൊരാശ്വാസം
മുൻപ് പറഞ്ഞത് പോലെ, ഇവിടെയും സീറോ ടോളറൻസ് ആണ് വേണ്ടത്. ഇത് ചെയ്ത കുട്ടികളും മറച്ചു വക്കാൻ ശ്രമിച്ച അധ്യാപകരും പിന്നെ തൽക്കാലം ആ സ്‌കൂളിൽ ഉണ്ടാകേണ്ട അത്യാവശ്യം ഇല്ല.
നിയമം അനുശാസിക്കുന്ന ശിക്ഷ ഒക്കെ കിട്ടിയതിന് ശേഷം നോക്കിയാൽ മതി.
ഞാൻ മനസ്സിലാക്കിയിടത്തോളം ഇത്ര ദിവസം ആയിട്ടും ഈ കുറ്റകൃത്യം ചെയ്തവരെ സസ്‌പെൻഡ് പോലും ചെയ്തിട്ടില്ല.
കേസ് എടുത്തതല്ലാതെ അന്വേഷണമോ അറസ്റ്റോ ഉണ്ടായിട്ടില്ല.
"കുട്ടികൾ അല്ലേ, പ്രത്യേകിച്ചും പെൺകുട്ടികൾ, ഭാവി പോകും, ഇപ്രാവശ്യത്തേക്ക് ക്ഷമിക്കൂ" എന്നൊക്കെ ചിന്തിച്ച് സ്‌കൂൾ അധികൃതരും പോലീസും മാതാപിതാക്കളും രാഷ്ട്രീയക്കാരും കോടതിയും ഒക്കെ "കരുണ" കാണിക്കുന്നത് കൊണ്ടാണ് ഇത്തരം അക്രമങ്ങളും ആഭാസങ്ങളും നിലനിൽക്കുന്നത്.
ആണാണെങ്കിലും പെണ്ണാണെങ്കിലും കുട്ടിയാണെങ്കിലും മുതിർന്നതാണെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ ശിക്ഷ ഉണ്ടാകണം. അങ്ങനെയാണ് റൂൾ ഓഫ് ലാ യിൽ ആളുകൾക്ക് വിശ്വാസവും ബഹുമാനവും ഉണ്ടാകുന്നത്.
മുരളി തുമ്മാരുകുടി

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group