ജാതിസമരവും ഭക്ഷണവും : സത്യൻ മാടാക്കര

ജാതിസമരവും ഭക്ഷണവും : സത്യൻ മാടാക്കര
ജാതിസമരവും ഭക്ഷണവും : സത്യൻ മാടാക്കര
Share  
സത്യൻ മാടാക്കര എഴുത്ത്

സത്യൻ മാടാക്കര

2025 Feb 25, 09:33 PM
NISHANTH
kodakkad rachana
man

ജാതിസമരവും ഭക്ഷണവും

: സത്യൻ മാടാക്കര


മിശ്രഭോജനത്തെക്കുറിച്ചും അതിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചും സഹോദരന്‍ അയ്യപ്പന്‍ എഴുതിയത് വായിക്കുമ്പോള്‍ നൂറ് വര്‍ഷം പിന്നിട്ടിട്ടും ജാതി ചിന്തകള്‍ വിട്ടുപോകാത്ത സമകാലിക സാമൂഹ്യാവസ്ഥ ചര്‍ച്ചയ്ക്കായി മുമ്പിലുണ്ട്. അജമാംസ രസായനവും, ആട്ടിന്‍ബ്രാത്തും കഴിച്ച് മസാലദോശ തിന്നണമെന്ന് പറയുന്നവര്‍ ഇറച്ചിക്കഥയില്‍ അടങ്ങിയ ഒളിച്ചുകളി വേര്‍തിരിച്ചറിയണം.

എന്തു ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് ജനാധിപത്യത്തില്‍ മനുഷ്യരാകുന്നു. 

അങ്ങനെ വന്നാലെ അത് ചരിത്രത്തിന്റെ നൈരന്തര്യമാകൂ.

 അതില്‍ ആരൊക്കെ എന്നത് രാഷ്ട്രീയ പ്രക്രിയയാണ്.

 കീഴാളതയുടെ ഒന്നിപ്പിക്കല്‍ അങ്ങനെയും സാധ്യമാകും എന്നിടത്താണ് സഹോദരന്‍ അയ്യപ്പനും, പന്തിഭോജനവും നമ്മുടെ ഓര്‍മ്മയില്‍ വരേണ്ടത്.


സമഭാവന ദൈനംദിന ജീവിതത്തില്‍ ബാധകമാകുന്ന അവകാശമായതിനാല്‍ അതിന് പ്രത്യയശാസ്ത്രം, സാമൂഹ്യത എന്നിവയോടൊപ്പം വലിയൊരു ചേര്‍ച്ചയുണ്ട്. ഇതിനെ ചുറ്റിപ്പറ്റിയാണ് സാര്‍വ്വലൗകികമായ മനുഷ്യാവകാശ രേഖകള്‍ തന്നെ ഉരുത്തിരിഞ്ഞത്.


പ്രതിരോധത്തിന് എന്ത് അര്‍ത്ഥമെന്ന് ചോദിക്കുന്നത് ശീലമാക്കിയവര്‍ തുടരട്ടെ. നമുക്ക് മുമ്പില്‍ പ്രതിരോധ വിജയമായ മാഗ്നകാര്‍ട്ട എന്ന പ്രമാണമുണ്ടല്ലോ!

 പതിമൂന്നാം നൂറ്റാണ്ടിലെ ആ അവകാശ സമരം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍പോലും മനുഷ്യാവകാശത്തെ പ്രതീക്ഷയിലേക്കും പ്രത്യാശയിലേക്കും നയിക്കുന്നു.  

കോര്‍പ്പറേറ്റ് മേഖല എല്ലാം അണ്‍ എക്കണോമിക്കായി പ്രഖ്യാപിച്ചു. അവര്‍ നിര്‍ദ്ദേശിക്കുന്ന പദ്ധതി അടിച്ചേല്‍പ്പിക്കുമ്പോള്‍ മനുഷ്യാവകാശത്തിന് ശബ്ദിക്കുകയല്ലാതെ മറ്റ് നിവൃത്തിയില്ല.


ഓര്‍മ്മയും ചരിത്രവും ജനകീയാഭിലാഷത്തിന്റെ പ്രയോഗമാകേണ്ട ചരിത്രപാഠമാകുന്നു. വരേണ്യവാദപരവും പ്രതിലോമവുമായി ഇംഗിതങ്ങള്‍ അടിച്ചേല്‍പ്പിക്കലല്ല ചരിത്രത്തിന്റെ വായന. സാമാന്യ ജനത്തിനേതായ വോട്ടിന്റെ വിലയാണ് ജനാധിപത്യ പ്രക്രിയയില്‍ അധികാരത്തിന്റെ താങ്ങ്. പുനരാനയിക്കേണ്ടത് അന്ധകാരത്തിലേക്ക് തള്ളിവിടുന്ന ലാഭ ചിന്തകളല്ല മറിച്ച് പ്രതിസന്ധി പഠിച്ചുള്ള കാലിക പ്രതിരോധമാകുന്നു.

ayyappan

സഹോദരന്‍ അയ്യപ്പന്‍

പന്തിഭോജനത്തിലൂടെ ജാതിസമരം

സഹോദരന്‍ അയ്യപ്പന്‍ 1917 മെയ് 29-ന് ചെറായില്‍ ഈഴവരെയും പുലയരെയും ഒന്നിച്ചിരുത്തി മിശ്രഭോജനം നടത്തി. കേരള ചരിത്രത്തില്‍ ജാതീയതക്കെതിരായ സമരങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്. 

വൈകുണ്ഠ സ്വാമികള്‍ മുതല്‍ തുടങ്ങുന്ന, ജാതീയ വേര്‍തിരിവുകൾക്കെതിരെയുള്ള പ്രക്ഷോഭം ഇപ്പോഴും തുടരുന്ന പ്രക്രിയയാണ്. 

എന്നാല്‍ ജാതിസമരത്തെ ഭക്ഷണവുമായി ബന്ധപ്പെടുത്തി നടത്തിയ സമരത്തിന്റെ പ്രാധാന്യം ഇക്കാലത്തെ ബീഫ് നിരോധനം - സസ്യേതര ഭക്ഷണങ്ങൾക്കെതിരെയുള്ള നീക്കങ്ങൾ എന്നിവയിലൂടെ ഫാസിസത്തിന്റെ അടയാളം കുറിച്ചുകൊണ്ടു എത്തുമ്പോഴാണ് പ്രാധാന്യം ഏറുന്നത്. 

നാരായണഗുരുവിന്റെ പ്രഖ്യാപിത ലക്ഷ്യം തന്നെ അവശജനോദ്ധാരണം എന്നതായിരുന്നു. അതില്‍ മുഖ്യമായത് ജാതി ചിന്ത ഇല്ലാതാക്കലാണ്. 

ഗുരുവിന്റെ ശിഷ്യരില്‍ പ്രധാനിയായ സഹോദരന്‍ അയ്യപ്പന്‍ ഭക്ഷണത്തിലൂടെയാണ് (എല്ലാ ജാതിക്കാരെയും ഒന്നിച്ചിരുത്തിയുള്ള പന്തിഭോജനം) ഇതിനെതിരെ പ്രക്ഷോഭം തുറന്നത്.

 ശ്രീനാരായണഗുരുവും പന്തിഭോജനം നടത്തുകയും താഴ്ന്ന ജാതിയിലുള്ളവരെ പാചകക്കാരാക്കി ആശ്രമങ്ങളില്‍ നിയമിക്കുകയും ചെയ്തിട്ടുണ്ട്. 

ആലുവ അദ്വൈതാശ്രമ സംസ്കൃത പാഠശാലയില്‍ നടന്ന പന്തിഭോജനത്തെക്കുറിച്ച് കുറ്റിപ്പുഴ രാമകൃഷ്ണപ്പിള്ള എഴുതിയത് വായിച്ചാല്‍ ഗുരുവിന്റെ മാനവികത തിരിച്ചറിയാനാകും. 

നേരത്തെ തന്നെ അരുവിപ്പുറത്ത് വാവൂട്ട് സഭ, വര്‍ക്കല ആശ്രമത്തിലെ സദ്യ എന്നിവയൊക്കെ ഗുരുവിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. 

എന്നാല്‍ അതില്‍നിന്ന് വ്യത്യസ്തമായി പൊതുഇടത്ത് പന്തിഭോജനം നടത്തുകയും അത് ജാതിക്കെതിരായ സമരമുറയാക്കിത്തീര്‍ക്കുകയുമാണ് ശിഷ്യനായ അയ്യപ്പന്‍ ചെയ്തത്. "സാമൂഹ്യപരിഷ്കരണമായിരുന്നു സഹോദരന്‍ അയ്യപ്പന്റെ ദൗത്യം. 

അതുവഴി ജാതീയവും മതപരവുമായ എല്ലാ അവശതകളും ഉടച്ചുവാര്‍ക്കുകയും. നാരായണഗുരുവായിരുന്നു അദ്ദേഹത്തിന്റെ മാര്‍ഗ്ഗദര്‍ശി." (കൗമുദി-സഹോദരന്‍ പതിപ്പ്).


എന്തായിരുന്നു മിശ്രഭോജനം എന്നതിന് സഹോദരന്‍ അയ്യപ്പന്‍ തന്നെ എഴുതിയത് വായിക്കാം.



mishrabhojanasilpamathil

'മിശ്രഭോജനംകൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന് ചിലര്‍ വാദിക്കുന്നു. പുലയനും നമ്പൂതിരിയും കൂടിയിരുന്നു പന്തിഭോജനം ചെയ്താല്‍ പുലയന്‍ ഉയരുകയില്ലെന്നുമാത്രമല്ല നമ്പൂതിരി താഴുകകൂടി ചെയ്യുമെന്നാണ് അവരുടെ പ്രമാണം. 

നമ്പൂതിരിയെ താഴ്ത്തി പുലയന്റെ നിലയില്‍ കൊണ്ടുവരാതെ പുലയനെ ഉയര്‍ത്തി നമ്പൂതിരിയുടെ നിലയിലാക്കണമത്രെ. മിശ്രഭോജനമെന്നു കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്ന ഈ ഗൂഢാലോചനക്കാർ അതിന്റെ ഉദ്ദേശവും ഉപയോഗവും തീരെ മനസ്സിലാക്കിയിട്ടില്ല. 

മിശ്രഭോജനം വിദ്യാഭ്യാസവും ധനവും വര്‍ദ്ധിപ്പിച്ചുകളയാമെന്ന് വച്ചിട്ടല്ല. ഉയര്‍ന്നവരെ താഴ്ത്തി താണവരുടെ സ്ഥിതിയില്‍ കൊണ്ടുവരാനും മിശ്രഭോജനക്കാര്‍ക്ക് ഉദ്ദേശമില്ല. 

പൊതുവില്‍ രാജ്യത്തിന്റെ ക്ഷേമത്തിനുവേണ്ടി, ആര്‍ക്കും ഉപദ്രവം ഉണ്ടാകാത്ത വിധത്തില്‍ ജാതിവ്യത്യാസം ഇല്ലാതാക്കണമെന്നുമാത്രമേ അവര്‍ക്ക് ആഗ്രഹമുള്ളു.

 ഒരു താണജാതിക്കാരന്‍ എത്ര യോഗ്യനും പരിശുദ്ധനും ശുചിയുള്ളവനും ആയാലും അവന് നീചനും വൃത്തിഹീനനുമായ ഒരു ഉയര്‍ന്ന ജാതിക്കാരനുമായി ഊണുകഴിക്കാന്‍ പോയിട്ട് അയാളുടെ അടുത്ത് പോകുകതന്നെ പാടില്ല. 

നമ്മുടെ സമുദായ ജീവിതത്തിന്റെ പോക്ക് അങ്ങനെയാണ്. വാസ്തവത്തില്‍ ശുചിയും യോഗ്യതയും മറ്റും ആരും നോക്കുന്നില്ല. 

നമ്പൂതിരിസ്ത്രീ പെറ്റവന്‍ എത്ര നീചനായി ജിവിച്ചാലും അവന്‍ ശ്രേഷ്ഠന്‍. 

പുലച്ചി പെറ്റവന്‍ എത്ര ഉല്‍കൃഷ്ടനായി ജീവിച്ചാലും അവന്‍ നീചന്‍. 

ശുചിയുള്ളവന്‍, ശുചിയില്ലാത്തവന്‍, നല്ലവന്‍, ചീത്തവന്‍, യോഗ്യന്‍, നിസ്സാരന്‍ എന്നീ ഭേദങ്ങളല്ല കണക്കാക്കുന്നത്.

താണവനെന്ന് പറയുന്നവന്‍ ഉയര്‍ന്നവനെന്ന് പറയുന്നവന്‍ എന്നുള്ളതാണത്രെ യഥാര്‍ത്ഥ ഭേദം! ജനങ്ങളുടെ ഈ വിശ്വാസഗതിക്ക് വളരെക്കാലത്തെ പരിചയംകൊണ്ട് എളുപ്പത്തില്‍ ഉടക്കാന്‍ പാടില്ലാത്ത ദൃഢത വന്നുപോയിട്ടുണ്ട്. 

എങ്കിലും അതിന് മാറ്റം വരുത്താതെ ജാതി വ്യത്യാസം ഇല്ലാതാക്കുവാനുള്ള ശ്രമം ഒരു വിധത്തിലും ഫലിക്കുകയില്ല. ജാതിഭേദം വകവെയ്ക്കാതെ ശുചിയുള്ളവന്‍ ഒരുമിച്ചിരുന്നു ഊണുകഴിച്ചതുകൊണ്ട് ആന്തരമായോ ബാഹ്യമായോ ആര്‍ക്കും ഒരു ദോഷവും ഉണ്ടാവില്ലെന്ന് മിശ്രഭോജനക്കാര്‍ക്ക് അനുഭവമായിരിക്കുന്നു. 

മിശ്രഭോജനം ജനസാമാന്യത്തിന്റെ കല്ലിച്ചുപോയ മനോഗതിയെ എളുപ്പത്തില്‍ ഉരുക്കുവാനുള്ള സിദ്ധൗഷധമാകുന്നു.

 ആകയാല്‍ അത് താണവരെ ഉയര്‍ത്തുന്നതിനും ഉയര്‍ന്നവരുടെ അന്ധവിശ്വാസത്തെ ഇല്ലാതാക്കുന്നതിനും പൊതുവില്‍ ജനങ്ങളുടെ ഇടയില്‍ സൗഹാര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും ഉപകരിക്കും. പക്ഷെ സ്വാര്‍ത്ഥപരമായ ജനസമ്മതം രക്ഷിക്കുവാന്‍വേണ്ടി പ്രസംഗമൊന്ന്, പ്രവൃത്തി മറ്റൊന്ന് എന്ന നിലയില്‍ ജീവിക്കുന്ന ഒരു കൂട്ടം സമുദായ പരിഷ്ക്കാരികള്‍ക്ക് മിശ്രഭോജനാസ്ത്രം എടുത്ത് ജാതിരാക്ഷസനോട് യുദ്ധം ചെയ്യാന്‍ സാധിക്കുകയില്ല. അതുകൊണ്ട് അവര്‍ മിശ്രഭോജനക്കാരെ പരിഷ്കാരികൾ, കിഴക്കാംതൂക്കായി ചാടി ആത്മനാശം ചെയ്യുന്നവര്‍, ദേശകാല വിചാരം ഇല്ലാത്തവര്‍ എന്നൊക്കെ അധിക്ഷേപിക്കുന്നു.


xxxxxx

 ജനക്ഷേമം കൂടാതെ സാധിക്കാത്ത നല്ല കാര്യങ്ങള്‍ ക്ഷോഭത്തെ ഭയന്നു ചെയ്യാതിരിക്കുന്ന കൃത്യഭീരുക്കളെ പറഞ്ഞു സമാധാനപ്പിക്കേണ്ട ആവശ്യമില്ല.

 ക്ലേശമില്ലാത്ത വലിയ സമുദായ പരിഷ്ക്കാരം സാധ്യമാണോ താണ ജാതിക്കാരെ ക്രമേണ റോട്ടില്‍ നടത്തി പിന്നെ ക്രമേണ തീണ്ടല്‍ മാറ്റി പിന്നെ ക്രമേണ തൊടുക്കില്ലാതാക്കി ഇങ്ങനെ അന്തമില്ലാതെ ക്രമേണ ക്രമേണയായി ചുരുങ്ങിയത് ഒരു മന്വന്തരം കൊണ്ട് അവര്‍ മനുഷ്യരാണെന്ന് സമ്മതിക്കാമെന്ന് പറയുന്ന നിര്‍ദ്ദയന്മാരോടും ഉത്തരം പറയേണ്ട. വിദ്യയും ധനവും ഉണ്ടായതുകൊണ്ടുമാത്രം ജാതിവ്യത്യാസം പോകുമെന്ന് വയ്ക്കുന്നതിലും അര്‍ത്ഥമില്ല. അയ്യങ്കാരമാരും പട്ടന്മാരും തമ്മില്‍ പന്തിഭോജനവും വിവാഹവും ഉണ്ടോ ?


....അന്യരുടെ സഹായങ്ങള്‍ കൊണ്ടുതന്നെ ഒരു സമുദായത്തിന് യഥാര്‍ത്ഥമായ ഉയര്‍ച്ച കിട്ടുകയില്ല. ഈ തത്വങ്ങളൊക്കെ ഗ്രഹിച്ചാണ് മിശ്രഭോജനത്തെ ഇന്ത്യന്‍ സമുദായ പരിഷ്ക്കരണത്തിനുള്ള ഒരു മാര്‍ഗ്ഗമായി ബുദ്ധിമാന്മാര്‍ സ്വീകരിച്ചിട്ടുള്ളത്. സര്‍ നാരായൺ ചന്ദ്രസര്‍ക്കാര്‍, ഗാന്ധി മുതലായ ഭാരതീയ നേതാക്കന്മാര്‍ ഈ അഭിപ്രായക്കാരാണ്. പറയാന്‍ വെച്ചു വിളമ്പുന്ന ഒരു വിരുന്നിന് ചേരുവാന്‍ സമ്മതമാണോ എന്ന് ഒരു സായ്പ് പരേതനായ മിസ്റ്റര്‍ ഗോക്കലയോട് എഴുതി ചോദിക്കുകയുണ്ടായി (താന്‍ സസ്യാഹാരക്കാരനായതുകൊണ്ട്) മത്സ്യമാംസം ഇല്ലെങ്കില്‍ വിരുന്നിന് പങ്കുക്കൊള്ളുവാന്‍ ഒരു വിരോധവും ഇല്ലെന്ന് ആ മഹാന്‍ മറുപടി കൊടുത്തുവത്രെ. ഇവരെപ്പോലെയുള്ള ഉത്തമ ബ്രാഹ്മണര്‍ക്ക് പറയനോടുകൂടി മിശ്രഭോജനം ചെയ്യുവാന്‍ വിരോധമില്ലെങ്കില്‍ ഈഴവര്‍ മുതലായ ജാതിക്കാര്‍ പുലയരോടുകൂടി പന്തിഭോജനം ചെയ്യുന്നത് കിഴുക്കാന്‍ തൂക്കായ ചാട്ടവുമായി ആ സമുദായങ്ങളുടെ നേതാക്കന്മാരെന്ന് വിചാരിക്കപ്പെട്ടുപോരുന്ന ചിലര്‍ അഭിപ്രായപ്പെടുന്നത് അത്ഭുതകരമാണ്. മുമ്പില്‍ ആരെങ്കിലും ചെയ്തുപോയെന്ന് വെച്ച് അനുകരണാപവാദത്തെ ഭയന്ന് നല്ല കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുന്ന ഒരു കൂട്ടം സരസന്മാരുടെ ദുരഭിമാനത്തിനും നമസ്ക്കരിക്കുകതന്നെ വേണം. മിശ്രഭോജനത്തെ അധിക്ഷേപിക്കുന്നവര്‍ അതിനെ ജാതി സങ്കടം ഒഴിവാക്കാനുള്ള മറ്റ് ഉപായങ്ങളോട് താരതമ്യപ്പെടുത്തി അതിന്റെ ഉദ്ദേശവും പ്രയോജനവും ഗാഢമായി ആലോചിച്ച് അറിഞ്ഞെങ്കില്‍ ഉപകാരമായിരിക്കും." (സഹോദരന്‍. പുസ്തകം ക 1093 കന്നി 1917)


മിശ്രഭോജനത്തെക്കുറിച്ചും അതിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചും സഹോദരന്‍ അയ്യപ്പന്‍ എഴുതിയത് വായിക്കുമ്പോള്‍ നൂറ് വര്‍ഷം പിന്നിട്ടിട്ടും ജാതി ചിന്തകള്‍ വിട്ടുപോകാത്ത സമകാലിക സാമൂഹ്യാവസ്ഥ ചര്‍ച്ചയ്ക്കായി മുമ്പിലുണ്ട്. അജമാംസ രസായനവും, ആട്ടിന്‍ബ്രാത്തും കഴിച്ച് മസാലദോശ തിന്നണമെന്ന് പറയുന്നവര്‍ ഇറച്ചിക്കഥയില്‍ അടങ്ങിയ ഒളിച്ചുകളി വേര്‍തിരിച്ചറിയണം.


സഹോദരന്‍ അയ്യപ്പന്‍ മ്യൂസിയം

"ജാതിവ്യവസ്ഥ രൂപകല്‍പന ചെയ്തതും നടപ്പിലാക്കിയതും വൈദിക സമൂഹമാണ്. ഇന്ത്യയുടെ ചരിത്രം തമസ്ക്കരിച്ചുകൊണ്ടും കെട്ടുകഥകള്‍ പ്രചരിപ്പിച്ചുകൊണ്ടും അവര്‍ അത് ഊട്ടിയുറപ്പിച്ചു. നമ്മുടെ ഉപഭൂഖണ്ഡത്തില്‍ വൈദികമതം, ബൗദ്ധ-ജൈനമതങ്ങള്‍ എന്നിങ്ങനെ രണ്ട് വ്യത്യസ്ത ധാരകൾ ഏറ്റുമുട്ടുകയുണ്ടായി. ജാതിവ്യവസ്ഥ അംഗീകരിക്കാതിരുന്ന ബുദ്ധമതവും ജൈനമതവും നീണ്ടകാലം ആധിപത്യം പുലര്‍ത്തുകയുണ്ടായി. അവയ്ക്ക് ജാതി വ്യവസ്ഥയെ തടഞ്ഞു നിര്‍ത്താന്‍ കഴിഞ്ഞു. ഈ വസ്തുത മറച്ചു പിടിച്ചുകൊണ്ടാണ് വൈദികധാരയുടെ പിന്തുടര്‍ച്ചക്കാര്‍ അയ്യായിരത്തില്‍പരം കൊല്ലത്തെ പാരമ്പര്യം അവകാശപ്പെടുന്നതും. ജാതിവ്യവസ്ഥ അത്രയും കൊല്ലങ്ങളായി നിലനില്‍ക്കുന്ന ഒന്നാണെന്ന് പലരും ധരിച്ചു വെച്ചിട്ടുള്ളതും. ബൗദ്ധ-ജൈന മതങ്ങള്‍ക്ക് പ്രാമുഖ്യമുണ്ടായിരുന്ന കാലത്ത് ഇന്നത്തെ ദളിത്-പിന്നോക്ക വിഭാഗങ്ങള്‍ സാമൂഹികമായ അവശതകള്‍ അനുഭവിച്ചിരുന്നില്ല. കൃഷി, കൈത്തൊഴില്‍ എന്നിങ്ങനെയുള്ള ഉല്‍പാദന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട് അവര്‍ നാടിനെ സമ്പദ്സമൃദ്ധമാക്കി. രണ്ടായിരം കൊല്ലം മുമ്പ് രചിക്കപ്പെട്ടവയെന്ന് കരുതപ്പെടുന്ന തമിഴ് കൃതികളില്‍നിന്ന്, അക്കാലത്ത് വൈദിക ബ്രാഹ്മണരുള്‍പ്പെടെ വിവിധ ജാതികളില്‍പ്പെട്ടവര്‍ തെക്കന്‍ പ്രദേശങ്ങളില്‍ ഉണ്ടായിരുന്നതായി കാണാം. എന്നാല്‍ പൂജാദികര്‍മ്മങ്ങള്‍ ചെയ്തിരുന്നത് ബ്രാഹ്മണരായിരുന്നില്ല. അവര്‍ക്ക് സമൂഹത്തില്‍ സവിശേഷ സ്ഥാനവും ഉണ്ടായിരുന്നില്ല. അബ്രാഹ്മണര്‍ ജാതീയമായ അവശതകള്‍ അനുഭവിച്ചിരുന്നില്ല." (ബി.ആര്‍.പി.ഭാസ്ക്കര്‍: തൂത്താല്‍ പോകാത്ത ജാതി


photo courtesy :Indian Express

SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW