
പ്രകൃതിപാഠത്തിന്റെ ഉൾ മുറിവ്
സത്യൻ മാടാക്കര .
വിതച്ചാലെ കൊയ്യാനാവൂ. കൊയ്ത്തരിവാളിനും പൂക്കൾക്കും കിളികൾക്കും വാഴുവാനായി ഒരിടം നമ്മുടെ മലയാളത്തിൽ എന്നു മുണ്ടായിരുന്നു.
പ്രകൃതിയും മനുഷ്യനും തമ്മിൽ ഒത്തുചേർന്ന കവിതകളാണല്ലോ നമ്മുടെ നാടോടി കലകൾ.
പ്രകൃതിയും ഭാവനയും സ്വപ്നവും കൂടിച്ചേർന്നതാണല്ലോ പഴഞ്ചൊല്ലും കടംങ്കഥയും വടക്കൻ പാട്ടും നാടൻ പാട്ടും.
ഈ വിത്തറയുടെ വയലുകൾ ചിലതൊക്കെ തരിശു കയറിക്കഴിഞ്ഞു.
ചിലയിടങ്ങളിൽ പുകക്കുഴലും പാലവും റെയിലും വന്നു ചേർന്നു. ഏറെക്കുറെ പഴയ ചതുപ്പുകളൊക്കെ കോൺക്രീറ്റ് കെട്ടിടങ്ങൾക്കു വാസസ്ഥാനമായി.
ഏരുമകൾ മുങ്ങിക്കുളിച്ച ചേറിൽ നിന്നു പഞ്ചനക്ഷത്ര ഹോട്ടലും നെടുങ്കൻ വിമാനത്താവളവും എന്നിടത്ത് നമ്മൾ എത്തി.
മലയാളി ലോകമലയാളിയായി അറിയപ്പെട്ടു. അവന്റെ ഉത്സവങ്ങൾ, നാടോടി ഗോത്രകലകൾ, പാരമ്പര്യ ചികിത്സകൾ - മരുന്നുകൾ, ഭക്ഷണങ്ങൾ അറിയണമെങ്കിൽ വിദേശികൾ എഴുതിയ ഗ്രന്ഥങ്ങൾ വായിക്കണമെന്നായി.
പണത്തിന്റെ ദുരയും കൊതിയും നിമിത്തം നമ്മൾ എല്ലാം മറന്നു. മഹിമ മറവിയിലാഴ്ത്തുമ്പോൾ എഴുത്തു നിലയും ദേശ വീര്യവും മെല്ലെ വഴിമാറിത്തുടങ്ങി.
പണത്തിന് നിലനില്പ് താങ്ങി നിർത്തുന്ന ചരക്കാണ് ആവശ്യം. അതിനുള്ള ആട്ടം,കൂത്ത് അരങ്ങ് ഭരിക്കുമ്പോൾ ആടുന്നവർ അറിയുന്നില്ല വാരിക്കുഴി .
ശാസ്ത്രവും സാങ്കേതിക വിദ്യയും നമുക്ക് ആൾക്കൂട്ട സാമൂഹ്യത തന്നപ്പോൾ അതിനെ നേരിടാൻ സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ ഒരു തുള്ളി പോലും കരുതിവെയ്ക്കാതെ ഐസ് പോലെ മരവിച്ച മനസ്സ് രൂപപ്പെടുത്തുകയാണ് നമ്മൾ ചെയ്തത്.
പിന്നെ നാട്, നാട്ടുകാർ രക്ഷപ്പെടുന്നതെങ്ങനെ?
പ്രകൃതിയെ തന്റെ ആവശ്യങ്ങൾക്കനുസരിച്ച് വെട്ടിപ്പിടിക്കാനും ചുറ്റുപാടിൽ മാറ്റങ്ങൾ സൃഷ്ടിക്കാനും മാത്രമല്ല പ്രകൃതിയെ കീഴ്പ്പെടുത്താനും മനുഷ്യന് കഴിഞ്ഞു.
എന്നാൽ പ്രകൃതി നിയമങ്ങളും അവയുടെ തെറ്റായ ഉപയോഗക്രമവും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഐക്യരൂപ്യത്തെ - താളബദ്ധതയെ തകർത്തിരിക്കുകയാണ്.
ഓരോ വിജയത്തിലും നമ്മൾ അഹങ്കരിക്കുമ്പോൾ പ്രകൃതി നമ്മളെ കീഴ്പ്പെടുത്തിയിട്ടുണ്ട്.
നമ്മൾ ആലോചിക്കാറില്ലെന്നു മാത്രം. "പുതിയ കൃഷി സ്ഥലങ്ങൾ നേടുന്നതിനായി മെസപ്പെട്ടോമിയയിലെയും ഗ്രീസിലെയും ഏഷ്യാമൈനറിലെയും അതു പോലുള്ള മറ്റു പ്രദേശങ്ങളിലെയും വനങ്ങൾ മുഴുക്കെ നശിപ്പിച്ച മനുഷ്യർ, വനങ്ങളോടൊപ്പം ഈർപ്പം തങ്ങി നില്ക്കാനാവശ്യമായ സംഭരണ കേന്ദ്രങ്ങളും നശിപ്പിച്ചു കൊണ്ട് ഈ രാജ്യങ്ങളിൽ ഇന്നത്തേതു പോലുള്ള നശിച്ച ഒരവസ്ഥക്ക് അടിത്തറ പാകുകയാണ് തങ്ങൾ ചെയ്യുന്നത് എന്ന കാര്യം സ്വപ്നത്തിൽ പോലും കണ്ടിരിക്കയില്ല.

ആൽപ്സ് പർവ്വത നിരകളുടെ തെക്കൻ ചെരിവുകളിൽ സമൃദ്ധമായി നിലനിന്നിരുന്ന പൈൻ മരക്കാടുകൾ മുഴുവൻ വെട്ടി നശിപ്പിച്ച ഇറ്റലിക്കാർ തങ്ങളുടെ പ്രദേശത്തെ ഡയറി വ്യവസായത്തിന്റെ ആണി വേരുകളാണ് തങ്ങൾ പിഴുതെറിയുന്നതെന്നോ, വർഷത്തിന്റെ വലിയൊരു ഭാഗത്തേക്കാവശ്യമായ ജലം സംഭരിച്ചു വെക്കാൻ സഹായകരമായ അരുവികൾ നശിപ്പിച്ചു കളയുകയാണെന്നോ, വർഷ കാലത്ത് താഴ് വര പ്രദേശങ്ങൾ കുത്തിയൊലിക്കുന്ന ജലപ്രവാഹത്തിന്റെ രൂക്ഷമായ ആക്രമണത്തിന് വിധേയമാകാൻ ഇടവരുത്തുകയാണെന്നോ അറിഞ്ഞിരുന്നില്ല.
ക്യൂബയിലെ മലഞ്ചെരിവുകളിൽ വളർന്നു നിന്നിരുന്ന കാടുകളെല്ലാം കത്തിച്ച് ചാരമാക്കിയ സ്പാനിഷ് പ്ലാന്റർമാർ കാപ്പിച്ചെടികളുടെ വിളക്കാവശ്യമായ വളം സുലഭമായി ലഭിക്കും എന്നതിൽക്കവിഞ്ഞ് ഒന്നും തന്നെ കണക്കിലെടുത്തിട്ടില്ല. "( ഏംഗൽസ്)
നമ്മുടെ തലച്ചോറും രക്തവും മാംസവുമടക്കം പ്രകൃതിയുടെ ഭാഗമാണെന്നും അതിനു മേലുള്ള അധീശത്വം പ്രകൃതി നിയമങ്ങളെ വീണ്ടുവിചാരം ചെയ്തുള്ള ജീവിതമാണെന്ന് പല ചിന്തകന്മാരും നേരത്തെ പറഞ്ഞിട്ടുണ്ട്. പക്ഷേ, ഓരോ ദിവസം കഴിയുന്തോറും പ്രകൃതിയുടെ നിലവിലുള്ള ഗതിയുമായി നമ്മുടെ ഇടപെടൽ വളരെ മോശമായിട്ടാണ് തുടരുന്നത്. ഐറിൻ പീറ്റർ സൂചിപ്പിച്ചത് പോലെ "ഇന്ന് നിങ്ങൾ ആകുലചിത്തനല്ലെങ്കിൽ അതിനർത്ഥം വ്യക്തമായി ചിന്തിക്കുന്നില്ല എന്നാണ്.
" അന്തരീക്ഷത്തിലെ കാർബൺ പിടിച്ചെടുത്തു വയ്ക്കാനുള്ള ഏറ്റവും വലിയ രണ്ടു ശേഖരണികളാണ് മണ്ണും മരങ്ങളും .
മണ്ണിനെ പട്ടിണിക്കിട്ടുകൊണ്ടു വിപണികളെ തീറ്റുന്നത് മരുവത്ക്കരണത്തിനും ഭക്ഷ്യ ദൗർലഭ്യത്തിനും വഴി വെക്കും.
മണ്ണിന് ആഹാരം നല്കിയാൽ അതു മനുഷ്യനും തിരികെ കിട്ടും"(മണ്ണോ എണ്ണയോ - വന്ദന ശിവ)
അതിവേഗം മാറുന്ന ആഗോള ഗ്രാമത്തിൽ ഏത് ഉല്പന്നവും പരീക്ഷിക്കാവുന്ന വസ്തുവായി മനുഷ്യരെ കച്ചവടക്കാർ കണ്ടെത്തിയിരിക്കുന്നു.
നീതി ബോധമുള്ള ജീവിത വീക്ഷണത്തിലൂടെ മാത്രമേ ചൂഷണ വിമുക്തത കൈവരിക്കാനാവൂ.
കുടിവെള്ള ലഭ്യതക്കുറവ്, മാലിന്യങ്ങൾ, ഭക്ഷണ പ്രശ്നം, ഇ- വേസ്റ്റ് , പ്രകൃതി ചൂഷണം ഇതൊക്കെ കണ്ണ് തുറന്ന് കാണണം.' വേൾഡ് വാച്ച് ഇൻസ്റ്റിറ്റ്യൂട്ട് ' പ്രസിദ്ധീകരിച്ച 'സ്റ്റേറ്റ് ഓഫ് ദ വേൾഡ് - 2005' നൽകിയ സൂചന ആശങ്കാജനകമാണ്.
മഞ്ഞുരുകുന്ന ജലം മുഴുവൻ ലോകത്തെ തീരദേശ പട്ടണങ്ങളെയാകെ വെള്ളത്തിലാക്കും. ഏഷ്യയുടെ അരിയുല്പാദനം താറുമാറാകും. ബംഗ്ലാദേശ് കൃഷി ഭൂമികൾ പലതും വെള്ളം കയറും. രാസ വ്യവസായ ങ്ങളും വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.
ചുരുക്കത്തിൽ മനുഷ്യന്റെയും പ്രകൃതിയുടെയും നിലനില്പ് ആശങ്കപ്പെടുത്തുന്ന ആഗോള പരിസരത്തിലെ വിശകലനങ്ങളും പഠനങ്ങളും ആപത്ക്കരമായ പലതും ചൂണ്ടിക്കാട്ടുന്നു. ജലം, ഊർജ്ജം വരുംകാലങ്ങളിൽ സുപ്രധാന വിഷയമായി മാനവരാശിക് നേരിടേണ്ടിവരുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പൊതു സ്ഥലത്തിലെ ആദർശ ലോകവും ജീവിതത്തിൽ എടുത്തു പെരുമാറുന്ന ജീർണ്ണതയും നമ്മൾ പരിശോധിക്കേണ്ടതുണ്ട്.
" ജീവന്റെ നിലനില്പിനും തുടർച്ചക്കുമായുള്ള പ്രകൃതി സംവിധാനങ്ങളിൽ ഉപഭോഗതൃഷ്ണാ ക്രാന്തവും അധികാര മോഹ ഭ്രാന്തവുമായ മനുഷ്യ ദുർവൃത്തികൾ കൊളോണിയലിസത്തിന്റെയും വ്യാവസായിക വിപ്ലവത്തിന്റെയും കാലങ്ങൾ തൊട്ടിങ്ങോട്ടു നടത്തിപ്പോന്ന കൈയ്യേറ്റങ്ങളുടെ ഫലങ്ങൾ ഇന്ന് ജീവ വിനാശകരമായ കൊടും ഭീഷണിയായിത്തീർന്നതിന്റെ ചരിത്രം സുവിദിതമാണല്ലോ.
ഒരു സംസ്കാരത്തിന്റെ വൈശിഷ്ട്യം അതിന്റെ ഉല്പന്നങ്ങളെ ആശ്രയിച്ചിരിക്കുന്നു.
എന്നാൽ ആധുനിക മനുഷ്യ സംസ്കാരം അതിന്റെ ഉപോൽപ്പന്നങ്ങളാൽ, പാഴ് വസ്തുക്കളാൽ ജീവനാശത്തിലേക്ക് എത്തിക്കുന്നു എന്ന വൈപരീത്യമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. നാം നേരിടുന്ന ജീവഭീഷണി നമ്മുടെ സംസ്കാരത്തിന്റെ ഉപോൽപ്പന്ന സൃഷ്ടിയല്ലാതെ മറ്റൊന്നുമല്ല. ആധുനിക സംസ്കൃതി ലോകത്തെ ആയുധ നിർമ്മാണ വശിഷ്ടകളടക്കമുള്ള എല്ലാ ചപ്പുചവറുകളുടെയും മാരകമായ കുപ്പത്തൊട്ടിയാക്കിയിരിക്കുന്നു."
(ഹരിത സാഹിത്യ ദർശനം -പ്രൊഫ: എം.അച്യുതൻ )
നിത്യചൈതന്യയതിയുടെ ഒരു നിരീക്ഷണം ഓർമ്മയിലെത്തുന്നു.
"മുറ്റത്ത് ഒരു പാവൽ മുളച്ചു വരുന്നു. കുറച്ചു ദിവസം അതിന്റെ വളർച്ചനോക്കിയിരുന്നാൽ നമുക്കത്ഭുതം തോന്നും. ഇടക്കിടക്ക് ഇലയുടെ ഞെട്ടിനടിയിൽ നിന്നു നൂലുകൾ പോലെ വള്ളികൾ വളർന്നു വന്ന് അതിനിട്ടുകൊടുത്തിരിക്കുന്ന പന്തലിന്റെ കാലുകൾ പിടിച്ച്, ഇതിനു മുമ്പ് പലപ്പോഴും പന്തലിൽ പടർന്നു പരിചയമുള്ളതു പോലെ വളർന്നു വ്യാപിക്കുന്നു.
എവിടെയെങ്കിലും പിടിച്ചു കഴിഞ്ഞാൽ ആ വള്ളികളെല്ലാം സ്പ്രിംഗ് പോലെ ചുരുണ്ട് ഏത് കാറ്റിലും മുറിഞ്ഞു പോകാത്ത മാതിരി പിടുത്തത്തെ ബലവത്താക്കുന്നു.
പിന്നെ മഞ്ഞപ്പുക്കൾ വരികയായി . പാവക്ക പഴുക്കുമ്പോൾ ആകർഷമായ ഓറഞ്ചോ, ചുവപ്പോ, മഞ്ഞയോ നിറം വരുന്നു.
പഴുത്ത പാവക്ക പൊട്ടിച്ചു നോക്കൂ. പുറത്തേക്കാൾ മനോഹരമാണ് അകം. സ്പ്രിംഗ് പോലെ വള്ളിയുണ്ടായിരിക്കുന്നതും, പൂവ് അഴകായിരിക്കുന്നതും, കായുടെ അകവും പുറവും വർണ്ണശബളമായിരിക്കുന്നതുമെല്ലാം അതിന്റെ വംശവർദ്ധനവിന് അനിവാര്യമാണ്.
പ്രകൃതിയുടെ ഈയൊരു പാഠം ഉദാഹരണമായെടുത്താൽ ജീവിതത്തെ സംബന്ധിക്കുന്ന വലിയ ചില രഹസ്യങ്ങൾ മനസ്സിലാക്കുവാൻ കഴിയും. "( നിത്യചൈതന്യ യതി )
അധിനിവേശ വിരുദ്ധ സമരത്തിൽ അറബിക്കടൽ ആധിപത്യം പോർച്ചുഗീസുകാർ സ്ഥാപിച്ചാലുള്ള ഭവിഷ്യത്ത് തിരിച്ചറിഞ്ഞു ഷെയ്ഖ് സൈനുദ്ദീൻ മഖ്ദും രണ്ടാമനും തുഹ്ഫത്തുൽ മുജാഹിദ്ദീനും നിറവേറ്റിയ പങ്ക് ഡോ.. കെ.കെ.എൻ. കുറുപ്പ് നടത്തിയ പഠനം കൂടി ഇതിനോട് ചേർത്തു വായിക്കട്ടെ.
" അധിനിവേശ വിരുദ്ധ സമരത്തിലെ ഏറ്റുമുട്ടലുകൾ പ്രത്യേകിച്ചും മുസ്ലീം സമൂഹം ഏറ്റെടുത്ത വിശാലമായ ഒരു ദൗത്യം കാരണം പതിനാറാം നൂറ്റാണ്ടിൽ ഗോവ പോലുള്ള ഒരു കോളനിയായി മലബാർ മാറിയില്ല. മാറ്റിയിരുന്നുവെങ്കിൽ കേരളീയ സംസ്കാരവും ഭാഷയും ഇവിടെ പുറംത്തള്ളപ്പെടുമായിരുന്നു. അതിന്റെ പിന്നിൽ ഒരു പ്രേരക ശക്തിയായി പ്രവർത്തിച്ചത് മഖ്ദുമുമാരുടെ ഇസ്ലാമിക തത്ത്വശാസ്ത്ര പ്രചാരണവും സാമ്രാജ്യത്വവിരുദ്ധമായ കാഴ്ചപ്പാടുമായിരുന്നു. കുഞ്ഞാലി മരക്കാൻ മാരുടെ നാവികപ്പടയുടെ പ്രേരക ശക്തിയും മഖ്ദൂം ആയിരുന്നു.
മറ്റു ഇസ്ലാമിക രാജ്യങ്ങളെക്കൂടി കൂട്ടിയിണക്കിക്കൊണ്ടു വിശാലമായ ഒരു സഖ്യം പോർച്ചുഗീസുകാർക്കെ തിരെ കെട്ടിപ്പടുക്കുവാൻ മഖ്ദൂം ഒരു രാജ്യതന്ത്രജ്ഞനെന്ന നിലയിൽ പ്രവർത്തിച്ചതും അദ്ദേഹത്തിന്റെ ചരിത്രപരമായ ദീർഘവീക്ഷണത്തെയാണ് ഉദാഹരിക്കുന്നത്.
എന്നാൽ ഇത്തരം ഒരു കൂട്ടുകെട്ടിന്റെ തന്ത്രപരമായ പ്രവർത്തനം പ്രത്യേകിച്ചും നാവികസൈന്യത്തിന്റെ ഏകീകരണ കാഴ്ചപ്പാടിൽ സംഘടിപ്പിക്കാൻ കഴിയാതെ പോയതിനാൽ സഖ്യം പരാജയപ്പെടുകയാണുണ്ടായത്. ഇന്ത്യൻ മഹാസമുദ്രത്തിൽ സ്വതന്ത്രമായ നില നില്പിനു ഇന്നും ഇത്തരത്തിലുള്ള ഒരു രാഷ്ട്രീയ സഖ്യവും പ്രവർത്തന ശൈലിയും ആവശ്യമാണെന്നു ഇക്കാര്യങ്ങൾ നമ്മെ അനുസ്മരിപ്പിക്കുന്നു.
പക്ഷേ,ആ കൂട്ടുകെട്ടു ശാക്തികച്ചേരികളുമായിട്ടായിരിക്കരുതെന്നുള്ള ഒരു ഗുണപാഠം നാം ഓർത്തിരികേണ്ടതും ഒരാവശ്യമാണ്.
മഖ്ദൂം ഒരു വ്യക്തിയെന്നതിലുപരി ഒരു പ്രസ്ഥാനവും സാമ്രാജ്യത്വ വിരുദ്ധമായ ഒരാശയത്തിന്റെ പ്രതീകവുമാണ്. അതുകൊണ്ടു തന്നെയാണ് ഈ മലബാറുകാരൻ 442 വർഷങ്ങൾക്കു മുമ്പ് എഴുതിയ ഒരു കൊച്ചു ഗ്രന്ഥം കമ്യുണിസ്റ്റ് മാനിഫെസ്റ്റോ പോലെ ലോകത്തിലെ പ്രധാനമായ മുപ്പത്തിയാറു ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടത്. കൂടാതെ, ഇന്നും അതിന്റെ ചർച്ച ലോകത്ത് നടന്നു വരുന്നു. ആധുനിക ഘട്ടത്തിൽ ചില പണ്ഡിതന്മാർ സിദ്ധാന്തിക്കുന്നതു പോലെ സംസ്ക്കാരങ്ങളുടെ, മതങ്ങളുടെ ഏറ്റുമുട്ടലുകളല്ല ഇന്നു നടക്കുന്നത്. നേരെ മറിച്ച് സമ്പന്ന സമൂഹങ്ങൾ അവികസിതവും അർദ്ധ വികസിതവുമായ സമൂഹങ്ങളുടെ വിഭവങ്ങൾ പുതിയ കോർപ്പറേറ്റീകരണത്തിലൂടെ കൈയടക്കുന്നതിനെതിരായ ഏറ്റുമുട്ടലുകളാണ്. മഖ്ദൂമിന്റെ ഗ്രന്ഥമാകട്ടെ ചിലർ വിശ്വസിക്കുന്നതു പോലെ തീവ്രവാദത്തിന്റെ ഒരു സൈദ്ധാന്തിക ഗ്രന്ഥ്രമല്ല, മറിച്ച് അതിനെ ചെറുത്തു നില്ക്കുന്നതിനുള്ള പ്രത്യയ ശാസ്ത്രപരമായ ഒരു മാനിഫെസ്റ്റോയാണ് ".
(ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമനും തുഹ്ഫത്തുൽ മുജാഹിദീനും- ഒരു ചരിത്ര ഗ്രന്ഥത്തിന്റെ 442-)o വർഷം ഒരു പുനർവായന:
പ്രൊഫ. (ഡോ). കെ.കെ.എൻ. കുറുപ്പ്.)
പ്രസാധകർ
ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂം ഇന്റർനാഷണൽ റിസർച്ച് സെന്റർ ഫോർ ഇൻഡോ-അറബ് റിലേഷൻസ് ആന്റ് സ്ട്രാറ്റജിക് സ്റ്റഡീസ് വടകര. കോഴിക്കോട്, 2025
ചിത്രം : കടപ്പാട് -പി വി കൃഷ്ണൻ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group