
ഹിന്ദു സമുദ്രവും വിഴിഞ്ഞം കരാറും :ഡോക്ടർ കെ .കെ .എൻ .കുറുപ്പ്
ഹിന്ദു സമുദ്രത്തിലേയ്ക്കുള്ള ഏറ്റവും അഗാധമായ വാതായനമാണ് വിഴിഞ്ഞം. ഏതു വലിയ കപ്പലിനും അവിടെ കരയിലടുക്കുവാൻ കഴിയുന്നു. ഈ കവാട മറ്റുള്ളവർക്ക് അവകാശപ്പെടുമ്പോൾ ഇന്ത്യൻ നേവിയുടെ സ്വാതന്ത്ര്യം പോലും നമ്മുടെ വൻകരയിൽ ശിഥിലമായിത്തീരുന്നു. ഇന്ത്യൻ വാണിജ്യത്തിന്റെ എൺപത് ശതമാനവും ഇന്ന് നടന്നുവരുന്നത് സമുദ്രത്തിലൂടെയാണ്. അപ്പോൾ സമുദ്രങ്ങളിലെ നമ്മുടെ സ്വാതന്ത്ര്യം പ്രത്യേകിച്ചും ഹിന്ദു സമുദ്രത്തിലേതിനു വലിയ പ്രാധാന്യമുണ്ട്
കേരളത്തിൻറെ സ്വപ്ന സമാനമായ ഒരു പദ്ധതി വിഴിഞ്ഞം കരാറിലൂടെ സാധിച്ചിരിക്കുന്നുവെന്ന് നമ്മുടെ ഭരണാധികാരികൾ ആത്മാഭിമാനം കൊള്ളുന്നു .
കരാറിലെയും അതിൻ്റെ ഭൂമി സംബന്ധമായ ചാർത്തുകളുടെയും മുക്കുവ ഗ്രാമങ്ങളുടെ തൊഴിൽ അവസര നിഷേധത്തെപ്പറ്റിയും മറ്റും വിവിധ തലങ്ങളിലുള്ള ചർച്ചകൾ ഇവിടെ നടന്നിരുന്നു .
എന്നാൽ ആ കരാറിലൂടെ ഹിന്ദു സമുദ്രത്തിൻ്റെ സ്വാതന്ത്ര്യം എന്ന ആശയത്തെ ഇന്ത്യ ഗവൺമെൻറ് എത്രമാത്രം ബലി കഴിക്കേണ്ടി വന്നിട്ടുണ്ടെന്ന് പദ്ധതിയോട് അനുബന്ധിച്ച് ഇന്ത്യൻ നാവിക സൈന്യത്തിന്റെ ഒരു കേന്ദ്രത്തിന് വിഴിഞ്ഞം പരിസരത്ത് പ്രത്യേക സ്ഥാനം അനുവദിക്കപ്പെട്ടില്ലെന്ന കാര്യത്തിലൂടെ വ്യക്തമാക്കപ്പെടുകയാണ് .ചാനൽ ചർച്ചകളിൽ നാവിക കേന്ദ്രം അത്തരം ഒരു സ്ഥാനത്തിന് നിശ്ചിത സമയത്തിനുള്ളിൽ അതായത് രണ്ട് അവസരം ഉണ്ടായിട്ട് പോലും ആവശ്യപ്പെട്ടില്ലെന്നുള്ളതും ഉയർന്ന കാര്യം അനുസ്മരിക്കട്ടെ .
ഹിന്ദു സമുദ്രം ഇന്ന് ശാക്തികചേരികളുടെ ഒരു കളിത്തൊട്ടിലായി മാറിക്കൊണ്ടിരിക്കുകയാണ് .
യുഎസ് ഗ്രിയോ ഗ്രാഷ്യയിലും ചൈന മാലിദ്വീപിലും മറ്റും തങ്ങളുടെ സുരക്ഷിത കേന്ദ്രങ്ങൾ കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്നു .
കൊളമ്പോ മറ്റു ചില യൂറോപ്യൻ കരാറുകളിൽ അംഗമാണ്.
ഇതെല്ലാം അന്താരാഷ്ട്ര പരിധികൾക്കകത്തും പുറത്തും ഹിന്ദു സമുദ്രത്തെ തങ്ങളുടെ സ്വാധീനത്തിൽ കൊണ്ടുവരുന്നതിൻ്റെ പരിശ്രമങ്ങളാണ് .
അറബിക്കടൽ ഒരു പൈറസി കടൽ (കടൽകൊള്ള ) അല്ലാതിരുന്നിട്ടും അതിൽ രണ്ടു വർഷങ്ങൾക്ക് മുമ്പ് ഇറ്റാലിയൻ നാവികർ അഥവാ കപ്പലുകാർ തോക്ക് പിടിച്ച് പാറാവ് നിന്നുകൊണ്ട് നമ്മുടെ മത്സ്യ തൊഴിലാളികളിൽ രണ്ടുപേരെ വെടിവെച്ചു കൊന്നതും അതുണ്ടാക്കിയ അന്താരാഷ്ട്ര തർക്കങ്ങളും ഇവിടെ ഓർക്കേണ്ടിയിരിക്കുന്നു .
നിയമപരമായ നമ്മുടെ കടൽ അതിർത്തിയിൽ കാണിച്ച ഈ ധാർഷ്ട്യം ഹിന്ദു സമുദ്രത്തിലേക്ക് ശാക്തീകച്ചേരികൾ ഇറക്കുമതി ചെയ്യാൻ നാം അനുവദിക്കുന്ന ഒരു സ്ഥിതി വന്നു ചേർന്നിരിക്കുകയാണ് .
പത്തിരുപത് വർഷങ്ങൾക്ക് മുൻപ് കാണ്ടിലാ തുറമുഖത്തിന് സമീപമുള്ള ഒരു ദ്വീപ് മൊൺസാന്തോ കമ്പനിക്ക് ഉപ്പ് നിർമ്മാണത്തിന് ചാർത്തിക്കൊടുക്കാൻ നടപടികൾ ഉണ്ടാക്കിയപ്പോൾ ഇന്ത്യ മുഴുവൻ ഏറ്റവും സജീവമായ ഒരു പ്രക്ഷോഭമുണ്ടായത് നമ്മുടെ കടലിൻറെ അതിർത്തികൾ സുരക്ഷിതമാക്കുവാൻ ആയിരുന്നു.
എന്നാൽ ഇന്ന് ആഗോളീകരണത്തിൻ്റെ ഈ കാലഘട്ടത്തിൽ വിഴിഞ്ഞം തുറമുഖത്തെപ്പറ്റി അത്തരം ഒരു ആശങ്ക ഉണ്ടാകാത്തത് അതിൻറെ കരാർ ഇന്ത്യൻ കമ്പനിയായ അദാനി ഗ്രൂപ്പ്കവശപ്പെടുത്തിയതിനാലാണോ എന്ന് സംശയിക്കുന്നു .
എന്നാൽ അദാനിക്കാർ പത്തോ ഇരുപതോ വർഷങ്ങൾക്കുശേഷം കൂടുതൽ ലാഭം നേടുവാനായി തങ്ങളുടെ അവകാശം ഏതെങ്കിലും കോർപ്പറേറ്റുക ൾക്ക് കൈമാറ്റം ചെയ്യുമ്പോൾ നമ്മുടെ സമുദ്ര പ്രദേശമായ നമ്മുടെ സമുദ്രപരമായ ,നാവികമായ സ്വാതന്ത്ര്യം എവിടെ എത്തിയിരിക്കുമെന്ന് ചിന്തിക്കാവുന്നതാണ് .;
ജനാധിപത്യപരമായ ഇന്ത്യയിൽ അമ്പതോ അറുപതോ കൊല്ലം ഒരു അവകാശ തർക്കം നിയമപരമായി നീട്ടി കൊണ്ടുപോകുവാൻ ആർക്കും കഴിയും .
ഉദാഹരണത്തിന് കണ്ണൻദേവൻ ചായത്തോട്ടത്തിൻ്റെ മിച്ചഭൂ മിതർക്കം തന്നെ മതിയാവുന്നു
ഹിന്ദു സമുദ്രത്തിലേക്കുള്ള ഏറ്റവും അഗാധമായ വാതായനമാണ് വിഴിഞ്ഞം .
ഏത് വലിയ കപ്പലിനും അവിടെ കരയിലെടുക്കുവാൻ കഴിയുന്നു ഈ കവാടം മറ്റുള്ളവർക്ക് അവകാശപ്പെടുമ്പോൾ ഇന്ത്യൻ നാവിയൂടെ സ്വാതന്ത്ര്യം പോലും നമ്മുടെ വൻകരയിൽ ആയിത്തീരുന്നു.
ഇന്ത്യൻ വാണിജ്യത്തിൻറെ 80 ശതമാനവും ഇന്ന് നടന്നുവരുന്നത് സമുദ്രത്തിലൂടെയാണ് .
അപ്പോൾ സമുദ്രങ്ങളിലെ നമ്മുടെ സ്വാതന്ത്ര്യം പ്രത്യേകിച്ചും ഹിന്ദുസമുദ്രത്തിലേതിന് വലിയ പ്രാധാന്യമുണ്ട്.
അഞ്ച് നൂറ്റാണ്ടുകൾക്ക് മുൻപ് ഹിന്ദു സമുദ്രത്തിന്റെയും അതിൻറെ കൈവഴിയായ അറബിക്കടലിന്റെയും സ്വാതന്ത്ര്യമാണ് ഈ വൻകരയുടെ അഥവാ അന്ന് പശ്ചിമ തീരാ ദേശങ്ങളുടെ സ്വാതന്ത്ര്യം നിലനിർത്തുന്ന തെന്ന് അറബി ഗ്രന്ഥത്തിലൂടെ ശൈഖ് സൈനുദ്ധീൻ മഖ്ടും രണ്ടാമൻ എന്ന പണ്ഡിതൻ സിദ്ധാന്തിക്കുകയും ചെങ്കടൽ വരെ ആക്രമണകാരികളായ പോർച്ചുഗീസുകാരെ തുരുത്തിക്കൊണ്ട് അറബിക്കടൽ -ഹിന്ദു സമുദ്രം എന്നിവയുടെ സ്വാതന്ത്ര്യം നിലനിർത്തുവാൻ കുഞ്ഞാലിമരക്കാർ നാവിക സൈന്യത്തെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു .
അതിൻറെ ഫലമായി മലബാർ പതിനാറാം നൂറ്റാണ്ടിൽ ഗോവ പോലെ ഒരു കോളനിയായി മാറിയില്ല
ബ്രിട്ടനിൽ നാവിക ശക്തി വളർന്നുവന്നതും ഇന്ത്യയിൽ അത്തരം ഒരു പ്രധാന ശക്തി ഇല്ലാതിരുന്നതും ആയിരുന്നു ഇന്ത്യൻ കോളനിവൽക്കരണത്തിന്റെ കാരണമെന്ന് ചരിത്രകാരനായ കെ എം പണിക്കർ സിദ്ധാന്തിച്ചത് ഒരു വലിയ യാഥാർത്ഥ്യമായിരുന്നു .
നാവിക ശക്തിയെ അടിസ്ഥാനമാക്കി യുഎസ് 1812 കാലത്ത് മൺറോ സിദ്ധാന്തം നടപ്പിലാക്കിയതാണ് അതിൻറെ രാഷ്ട്രീയ ശക്തിയുടെ അടിസ്ഥാനമെന്ന് ചരിത്രകാരന്മാർ വിലയിരുത്തുന്നു .
ഈ സിദ്ധാന്തം തങ്ങളുടെ സമുദ്രങ്ങളിൽ നിന്ന് മറ്റു ശക്തികൾ അകന്നു നിൽക്കണം എന്നായിരുന്നു .
മഖ്‌ദൂം അത്തരത്തിൽ ഒരു സിദ്ധാന്തം വഴി ഈ നാട്ടിലെ സ്വാതന്ത്ര്യം ഹിന്ദു സമുദ്രത്തിന്റെ സ്വാതന്ത്ര്യമാണെന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നു .
ബ്രിട്ടീഷ് പാരമ്പര്യം തുടർന്നു കൊണ്ടുള്ള നമ്മുടെ രാജ്യരക്ഷ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് ചൈന ,പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയവയുടെ അതിർത്തികളിലാണ് .
ബ്രിട്ടൻ്റെ കാലം മുതൽ ചൈനയും അഫ്ഗാനിസ്ഥാനും അതുപോലെ റഷ്യൻ സാർ ചക്രവർത്തി അഫ്‌ഗാൻ കീഴടക്കുമോ എന്ന ഭീതിയും കരകേന്ദ്രീകൃതമായ ഒരു സൈന്യത്തെ ശക്തമാക്കുകയുണ്ടായി .
തങ്ങളുടെ ഏറ്റവും ശക്തമായ റോയൽ നാവി നിലനിൽക്കുമ്പോൾ നാമമാത്രമായ ഒരു നാവിക സൈന്യമാണ് അവർ പരിഗണിച്ചത് .ദുർബലമായ ഈ നാവിക ശക്തിയുടെ തുടർച്ചയെന്നോണം സ്വാതന്ത്ര്യനന്തരവും സമുദ്ര രാജ്യങ്ങളെപ്പറ്റി നമ്മൾ വളരെയൊന്നും വ്യാകുലപ്പെടുന്നില്ല .
ഉദാഹരണത്തിന് രണ്ടു വർഷങ്ങൾക്കു മുമ്പ് ഇന്ത്യയുടെ ഏറ്റവും പ്രധാനമായ രണ്ടു മുങ്ങിക്കപ്പലുകളും മറ്റൊന്നും അവയുടെ പ്രധാന കമാൻഡർമാരോടൊപ്പം ഒരു യുദ്ധകാലത്ത് എന്നപോലെ കടലിൽ നഷ്ടപ്പെട്ടപ്പോൾ ഒട്ടും മനസ്താപമില്ലാതിരുന്ന ഒരു രാജ്യരക്ഷാ മന്തി നമുക്കുണ്ടായിരുന്നു .
ശക്തമായ ഒരു നാവിക കേന്ദ്രം വേണമെന്ന് ആവശ്യപ്പെട്ടിരുന്നത് അദ്ദേഹമായിരുന്നു എന്ന് ഓർക്കേണ്ടിയിരിക്കുന്നു .
ഇതെല്ലാം വ്യക്തമാക്കുന്ന ഒരു കാര്യം ശൈഖ് സൈനുദ്ധീൻ മഖ്‌ദൂം രണ്ടാമൻ ചൂണ്ടിക്കാണിച്ചതുപോലെ ഹിന്ദു സമുദ്രത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന ഭരണകൂടവും നയവും ഏറ്റവും ആവശ്യമുള്ള ഒരു കാലഘട്ടത്തിലാണ് ഇന്ത്യൻ സമൂഹം ജീവിക്കുന്നത് എന്നാണ്.
വിഴിഞ്ഞം വർഷങ്ങൾക്ക് ശേഷം ഒരു പക്ഷേ ക്യുബയിലെ ഓറിയൻട്രിനിലെ ഗ്വന്തനാമോ തുറമുഖം പോലെ അമേരിക്കൻ സൈനിക പരിശീലന കേന്ദ്രമായി മാറുന്നുവെങ്കിൽ അതിലാശ്ചര്യപ്പെടുവാനില്ല .
ഗ്വന്തനാമോ കേന്ദ്രം ഏതാണ്ട് 450 ചതുരശ്ര കിലോമീറ്റർ വരുന്ന പ്രദേശം നിയമപരമായി തന്നെ യുഎസ് കൈവശപ്പെടുത്തിയതാണ് .
അവിടുത്തെ മിതശീതോഷ്‌ണമുള്ള സമുദ്രം (ഐസ് വീഴാത്തത് ) തങ്ങളുടെ സൈനിക പരിശീലനത്തിന് ആവശ്യമാണെന്ന് അവർ കണ്ടെത്തിയതാണ്.
അതുപോലെ വിഴിഞ്ഞം കരാറിലൂടെ ഇത്തരം ഒരു ഘട്ടം ഇന്ത്യയിൽ ആവർത്തിക്കപ്പെടാതിരിക്കാൻ പല്ലവഗ്രാഹികളായ നമ്മുടെ ഭരണാധികാരികൾ ശ്രദ്ധിക്കുമാറാകട്ടെ .അവരുടെ കാഴ്ചപ്പാടുകളും നയങ്ങളും ദുർബലമാകുമ്പോൾ ഇന്ത്യൻ നാവിക പ്രതിരോധവും ദുർബലമായി തീരുന്നു .ചരിത്രം ഒരിക്കലും ആവർത്തിക്കപ്പെടുന്നില്ല .പക്ഷേ മറ്റൊരു വിധത്തിൽ അത് തുടർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ചിത്രം : പ്രതീകാത്മകം
(ചരിത്രകാരന്മാർ ,നാവൽ ഓഫീസർമാർ .കോസ്റ്റൽഗാർഡ്സ് ഡയറ്കടർ ജനറൽ ഡോ .മാധവൻ പാലേരി ( റിട്ട )
തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത സെമിനാറിൻറെ ആശയമായി 2016 ൽ പ്രമുഖ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത് )
വാർത്ത : കടപ്പാട് -ജനയുഗം

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group