
അഭിമാനം ;
ചോമ്പാലയുടെ
ആകാശത്തോളം
: ദിവാകരൻ ചോമ്പാല
ഫിബ്രവരി 13
ഡോക്ടർ കെ കെ എൻ കുറുപ്പ് ഇന്ന് 85 ൻ്റെ നിറവിൽ .
ഓരോ ജന്മദിനവും ഓരോ ഓർമ്മപ്പെടുത്തലാണ് .
അവനവൻറെ കർമ്മമണ്ഡലം പൂർത്തിയാക്കാനുള്ള സൂചനകൾ .
ഒപ്പം ജീവിതത്തിൻറെ തുടർ ദിവസങ്ങളെ കുറിച്ചുള്ള പ്രത്യാശയിലും .
പ്രമുഖ ചരിത്ര ഗവേഷകനും കവിയും എഴുത്തുകാരനും കോഴിക്കോട് യൂണിവേഴ്സിറ്റിയിലെ
ഏഴാം വൈസ് ചാൻസലറുമായ ഡോക്ടർ കെ കെ എൻ കുറുപ്പ് ചോമ്പാല സ്വദേശിയാണ് .
മഹാകവിപട്ടം നൽകി ആദരിച്ച കുട്ടമത്ത് കുന്നിയൂർ കുഞ്ഞി കൃഷ്ണക്കുറുപ്പ് എന്ന മഹാകവിയുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ തറവാട്ടിൽ 1939 ഫെബ്രുവരി 13 നായിരുന്നു ജനനം .
കവികളും എഴുത്തുകാരുമായി നിരവധി പേർ ഈ കുടുംബത്തിലെ കണ്ണികൾ.
ജനിച്ചതും വളർന്നതും വടകര താലൂക്കിലെ ചോമ്പാലക്കടുത്ത് കല്ലാമലയിലെ കോവുക്കൽ കടവിനടുത്തുള്ള കല്ലാക്കോവിലകം തറവാട്ടിൽ .
കുട്ടമത്ത് തറവാട്ടിലെ മുതുകാരണവന്മാരുടെ സംഗമസ്ഥലവും ഇവിടെ തന്നെ .
കുറുപ്പിൻറെ എഴുത്തിന്റെ തുടക്കം കവിതകളിലൂടെ .
പ്രവാഹ ഗീതം എന്ന ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിക്കുമ്പോൾ കുറുപ്പിന് വയസ്സ് 18 .
തുടർന്ന് ബാലഗീതം എന്ന കവിത സമാഹാരം. ഒട്ടനവധി ഇംഗ്ലീഷ് കവിതകൾ വേറെയും ഇദ്ദേഹത്തിൻറെ തായുണ്ട് .
കലയും സാഹിത്യവും ചരിത്രവുമായി 40ലേറെ കൃതികൾ മലയാളത്തിലും ഇംഗ്ലീഷിലുമായി ഇതിനകം പ്രസിദ്ധപ്പെടുത്തിയിരുന്നു .
പ്രദേശത്തെ കല്ലാമല യുപി സ്കൂളിൽ അധ്യാപകനായി ജീവിതം ആരംഭിച്ച് കോഴിക്കോട് സർവ്വകലാശാലയിലെ വൈസ് ചാൻസിലർ പദവിക്കൊപ്പം ചരിത്ര ഗവേഷണവും ഗ്രന്ഥരചനയും പ്രഭാഷണവും തുടർന്ന ഡോക്ടർ കെ കെ എൻ കുറുപ്പ് എന്ന മഹദ് വ്യക്തി ചോമ്പാലക്കാരനാണെന്ന് അഭിമാനപൂർവ്വം ഉറക്കെ പറയാൻ ആഗ്രഹിക്കുന്നവരാണ് ഇവിടുത്തെ നാട്ടുകാർ .
നാട്ടിലെ പരമോന്നത വ്യക്തിത്വങ്ങളിൽ ഏറെ പ്രമുഖൻ.
നന്നേ ചെറുപ്പത്തിൽ അധികാരത്തിലേക്ക് അടിവച്ചു കയറിയ കെ കെ എൻ കുറുപ്പിനെക്കുറിച്ചും പറയാനുണ്ട് ഏറെക്കാര്യം .അറിയാനുണ്ട് അതിലേറെ .
1960ൽ റവന്യൂ വകുപ്പിലെ ജോലിക്കൊപ്പം പഠനം .ഇതിനിടയിൽ എഴുത്തും ഗവേഷണവും .
തുടർന്ന് കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ എം എക്ക് ചേർന്നു .
1972 ൽ കോഴിക്കോട് സർവ്വകലാശാലയിലെ അധ്യാപകൻ .ഇവിടുത്തെ അധ്യാപകനായ എംപി ശ്രീകുമാരൻ നായരുടെ കീഴിൽ തലശ്ശേരി ഫാക്ടറിയെ അടിസ്ഥാനമാക്കി നടത്തിയ ഗവേഷണത്തിൽ ഡോക്ടറേറ്റ് നേടി .1978 ൽ ഫെലോഷിപ്പ് നേടി പോസ്റ്റ് ഡോക്ടറൽ ഉപരിപഠനത്തിന് ലണ്ടനിലേക്ക് .
അവിടെ നിന്നും തുടർപഠനം നെതർലാണ്ടിൽ .
നെതർലാണ്ടിൽ നിന്നും കോഴിക്കോട് യൂണിവേഴ്സിറ്റിയിലേക്ക് ജോലിയിൽ പ്രവേശിച്ചെങ്കിലും വീണ്ടും വിദേശത്തേക്ക് .
ക്യുബയിലെ കാർഷിക പരിഷ്കാരങ്ങളെ കുറിച്ച് സമഗ്രമായ പഠനം നടത്തുന്നതിനായി കേന്ദ്രസർക്കാർ നിയമിച്ച മൂന്നംഗ സംഘത്തിൽ ഒരാളായിരുന്നു ഈ ചോമ്പാലക്കാരൻ കെ കെ എൻ കുറുപ്പ് .
വിവിധ അന്താരാഷ്ട്ര സമ്മേളനങ്ങളിലും കോൺഗ്രസ്സുകൾക്കുമൊപ്പം ബർലിനിൽ നടന്ന മലയാള സമ്മേളനത്തിലും അന്താരാഷ്ട്ര സാമ്പത്തിക സമ്മേളനത്തിലും വിശിഷ്ടാതിഥിയായി പങ്കെടുക്കാനവസരം ..
നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ നടന്ന സമ്മേളനങ്ങളിലും പ്രതിനിധിയായി പങ്കെടുത്ത കുറുപ്പ് .ഇൻഡോസ് സോവിയറ്റ് ഡെലിഗേഷന്റെ ഭാഗമായി സോവിയറ്റ് റഷ്യയിലും സന്ദർശനം നടത്തി .രാഷ്ട്രങ്ങൾ തമ്മിലുള്ള സാംസ്കാരിക വിനിമയത്തിന്റെ ഭാഗമായുള്ള ഈ സന്ദർശനം .
സന്ദർശനത്തിൽ ആർ എസ് ശർമ്മ ,എം .ജി .എസ് .നാരായണൻ ,ഉത്സവ് പട് നായിക് തുടങ്ങിയ പ്രമുഖർക്കൊപ്പമായിരുന്നു ഈ യാത്രകൾ.
ചരിത്രാന്വേഷണവും വൈസ് ചാൻസിലർ പദവിയും ഒന്നിച്ചുകൊണ്ട് നടക്കുമ്പോഴും കുട്ടമത്ത് തറവാടിൻ്റെ അതി മഹത്തായ കാവ്യകലാ പാരമ്പര്യം അശേഷം കൈമോശം വരാതെ പൈതൃക സ്വത്തായി സൂക്ഷിക്കാനും കെ കെഎൻ കുറിപ്പ് മറന്നില്ല .സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസിൻ്റെ ഡയറക്ടർ ജനറൽ തുടങ്ങിയ പദവികളും കുറുപ്പ് സാറിന് സ്വന്തം .
കൊടക്കാട് കലാനികേതനത്തിൻ്റെ സ്ഥാപകനായ ഡോക്ടർ കെ കെ എൻ കുറുപ്പ് കേരളത്തിൽ ഒരു ഫോക്‌ലോർ പ്രസ്ഥാനത്തിന് ശുഭാരംഭം കുറിക്കുകയുമുണ്ടായി.
202ൽ വടകരയിൽ മലബാർ പ്രദേശത്തിൻ്റെ ഗവേഷണത്തിന് വേണ്ടി സ്വന്തം ഫണ്ട് ഉപയോഗിച്ച് മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെൻറ് എന്ന ഗവേഷണ സ്ഥാപനം ആരംഭിച്ചു .
ഇന്ത്യാ ഗവർമ്മെണ്ടുമായും മറ്റു സാംസ്കാരിക സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവർത്തിച്ചുവരുന്നു.
2006 ൽ സെൻറർ ഫോർ ഹെറിറ്റേജ് സ്റ്റഡീസിൻ്റെ ഡയറക്ടർ ജനറലായി കുറുപ്പ് സാർ നിമിതനായി.

ചിത്ര സമർപ്പണം : മാത്യുസ് സാർ


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group