സാമ്പത്തിക അസമത്വം ലോകത്ത് പുത്തൻ കോളനിവൽക്കരണത്തിന് കാരണമാകുന്നോ :ടി ഷാഹുൽ ഹമീദ്.

സാമ്പത്തിക അസമത്വം ലോകത്ത് പുത്തൻ കോളനിവൽക്കരണത്തിന് കാരണമാകുന്നോ  :ടി ഷാഹുൽ ഹമീദ്.
സാമ്പത്തിക അസമത്വം ലോകത്ത് പുത്തൻ കോളനിവൽക്കരണത്തിന് കാരണമാകുന്നോ :ടി ഷാഹുൽ ഹമീദ്.
Share  
ടി .ഷാഹുൽ ഹമീദ്‌ എഴുത്ത്

ടി .ഷാഹുൽ ഹമീദ്‌

2025 Feb 11, 11:10 PM
vasthu
mannan

സാമ്പത്തിക അസമത്വം ലോകത്ത് പുത്തൻ കോളനിവൽക്കരണത്തിന് കാരണമാകുന്നോ

:ടി ഷാഹുൽ ഹമീദ്.


 ലോകത്ത് ശതകോടീശ്വരന്മാരുടെ സമ്പത്ത് 2024 ൽ മൂന്നുമടങ്ങ് വർദ്ധിച്ച് 2 ട്രില്യൻ യുഎസ് ഡോളറായപ്പോൾ , 1990 മുതൽ ദാരിദ്ര്യം അനുഭവിക്കുന്നവരുടെ വരുമാനം മാറ്റമില്ലാതെ തുടരുകയാണ് എന്ന് 2025 ജനുവരിയിൽ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര സംഘടനയായ ഓക്സ്ഫോമിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓരോ ആഴ്ചയിലും 4 പുതിയ അതിസമ്പന്നർ ലോകത്ത് ഉണ്ടാവുകയും 2024ൽ മാത്രം 204 അതിസമ്പന്നന്മാർ പിറവിയെടുക്കുകയും ചെയ്തിട്ടുണ്ട്. അതിസമ്പന്നന്മാരുടെ സമ്പത്തിൽ 60% സ്വത്തും പൈതൃകമായി ലഭിച്ചതാണെങ്കിൽ, ബാക്കിയുള്ള സ്വത്തുക്കൾ കുത്തക വ്യാപാരത്തിലൂടെയും, ഭരണാധികാരികളുമാ യി സ്ഥാപിച്ച ചങ്ങാത്തത്തിലൂടെയും, അഴിമതിയിലൂടെയും നേടിയെടുത്തതാണ്

 എന്ന് ഓക്സ്ഫാമ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.


 ലോകത്തിന്റെ സാമ്പത്തികരംഗം പരിശോധിച്ചാൽ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന രാജ്യങ്ങളും തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന രാജ്യങ്ങളുമായി വലിയ അന്തരവും വിവേചനവും ഉള്ളതായി കാണാം, അസ്തമിച്ചു പോയ കോളനിവൽക്കരണം വീണ്ടും പല രൂപത്തിൽ കടന്നുവരുന്നതായി ഓക്സ്ഫോം റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങൾ കീഴടക്കി കോളനികൾ ഉണ്ടാക്കി സമ്പത്ത് കൊള്ളയടിച്ച്, വംശവെറി നടത്തി, കടുത്ത മനുഷ്യാവകാശം ലംഘനം നടത്തിയുണ്ടാക്കിയ കോളനിവൽക്കരണത്തിനെതിരെ ജനങ്ങളുടെ ദീർഘകാലമായ ചെറുത്തുനിൽപ്പിന്റെ ഭാഗമായി സ്വാതന്ത്ര്യം ലഭിച്ച പല രാജ്യങ്ങളിലും ഇപ്പോൾ രണ്ടാം കോളനിവൽക്കരണം പുതിയ രൂപത്തിൽ നടക്കുന്നതായി ഓക്സ്ഫോം റിപ്പോർട്ട് പ്രസ്താവിക്കുന്നു. 

 ലോകത്തിലെ പട്ടിണി രാജ്യങ്ങളിൽ നിന്നും പിന്നോക്ക രാജ്യങ്ങളിൽ നിന്നും ഓരോ മണിക്കൂറിലും 30 ദശലക്ഷം യുഎസ് ഡോളർ ലോകത്ത് അസമത്വത്തിന് വിത്തുപാകി  വിവിധ ഭാഗങ്ങളിൽ കോളനികൾ ഉണ്ടാക്കിയ അമേരിക്ക, ബ്രിട്ടൻ,ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ അതിസമ്പന്നൻമാരായ 1% വരുന്ന ശതകോടീശ്വരന്മാരിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു എന്ന ഓക്‌സ്ഫാം നിരീക്ഷണം,രണ്ടാം കോളനിവൽക്കരണത്തിന്റെ വരവിനെയാണ് സൂചിപ്പിക്കുന്നത്. ശതകോടീശ്വരന്മാർക്ക് ഒരു ദിവസം 570 കോടി രൂപ വരുമാനം ലഭിക്കുകയും കഴിഞ്ഞ മൂന്നുവർഷമായി ശതകോടീശ്വരന്മാരുടെ സമ്പത്ത് റോക്കറ്റ് പോലെ കുതിക്കുകയും ചെയ്യുമ്പോൾ അതിസമ്പന്നർ കണ്ണഞ്ചിപ്പിക്കുന്ന വരുമാനത്തിന്റെയും സമ്പത്തിന്റെയും ഉടമകളായി മാറുന്ന കാഴ്ചയാണ് ലോകത്ത് കാണുന്നത്. 2023 ൽ 2565 പേരായിരുന്നു അതിസമ്പന്നന്മാരായി ലോകത്തുണ്ടായിരുന്നതെങ്കിൽ 2024 ൽ അത് 2769 ആയി വർദ്ധിച്ചു. കഴിഞ്ഞ 12 മാസത്തിനുള്ളിൽ 15 ട്രില്ലിയൻ യുഎസ് ഡോളർ അതിസമ്പന്നന്മാരുടെ കൈയിലേക്ക് വന്നത് ഏറ്റവും വേഗതയുള്ള രണ്ടാമത്തെ സാമ്പത്തിക കുതിപ്പ് രേഖപ്പെടുത്തി കൊണ്ടാണ്. ആശ്ചര്യമായി തോന്നാവുന്ന രീതിയിൽ ലോകത്ത് ഏറ്റവും വലിയ 10 അതിസമ്പന്നന്മാരുടെ സമ്പത്ത് കഴിഞ്ഞവർഷം പ്രതിദിനം 100 ദശലക്ഷം യുഎസ് ഡോളർ കണ്ടു വർദ്ധിച്ചത് കഠിനമായ പ്രയത്നത്തിലൂടെയോ സേവനങ്ങൾ നൽകിയതിലൂടെയോ അല്ല മറിച്ച് സമ്പത്തുള്ളവന്റെ കയ്യിലേക്ക് കൂടുതൽ സമ്പത്ത് എത്തുന്ന ആധുനികകാലത്തെ സാമ്പത്തിക ക്രയവിക്രയം കൊണ്ട് മാത്രമാണ്.


 സ്വിറ്റ്സർലാൻഡിലെ പ്രകൃതിരമണീയമായ ദാവോസിൽ ആഗോള സാമ്പത്തിക ഫോറം ഉച്ചകോടിയിൽ കഴിഞ്ഞ ദിവസം ലോക നേതാക്കന്മാർ ഒത്തുകൂടിയ സന്ദർഭത്തിൽ ആഗോള സമ്പദ് വ്യവസ്ഥയിൽ ശതകോടീശ്വരന്മാരുടെ സ്വാധീനം കുറക്കുന്നത് സംബന്ധിച്ച് വല്ല ചർച്ചയും നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പിന്നോക്ക രാജ്യങ്ങളിൽ നിന്ന് പലരീതിയിൽ വികസിത രാജ്യങ്ങളിലേക്കും വ്യക്തികളിലേക്കും അനിയന്ത്രിതമായി ഒഴുകുന്ന പണത്തിന് തടയിടുവാൻ ലോക സാമ്പത്തിക ഫോറത്തിൽ ഫലപ്രദമായ നീക്കങ്ങൾ പോലും നടന്നില്ല എന്നത് കോളനിവൽക്കരണം പുതിയ രൂപത്തിൽ രാജ്യങ്ങളെ പിടിമുറുക്കുന്നു എന്നതിന് തെളിവായി കാണാവുന്നതാണ്. ആഗോള സമ്പത്തിന്റെ 69 % വും പാശ്ചാത്യ രാജ്യങ്ങളാണ് കയ്യടക്കി വെച്ചിട്ടുള്ളത് എന്ന വസ്തുതയുടെ മേലാപ്പിലാണ് പിന്നോക്ക രാജ്യങ്ങളിലെ ഭരണാധികാരികൾ ലാവോസിലെ ചർച്ചകളിൽ പങ്കെടുത്തത്. വരുമാനത്തിന്റെ ഏതാണ്ട് പകുതിയും കടം വീട്ടാൻ വേണ്ടി മാത്രം വരുമാനം ചെലവീടേണ്ടി വരുന്ന പിന്നോക്ക രാജ്യങ്ങളും, പ്രസ്തുത തുക മുഴുവനും ലോകത്തിലെ വൻകിട രാജ്യങ്ങളിലേക്കാണ് ഒഴുകിപ്പോകുന്നത് എന്ന നഗ്നസത്യം ഓക്സ്ഫോം പുറത്തുവിട്ടിട്ടും ക.മ എന്ന ഒരക്ഷരം പോലും പറയാതെ സാമ്പത്തിക വിടവിന്റെ പാലത്തിലൂടെ വീണ്ടും വീണ്ടും സമ്പന്ന രാജ്യങ്ങളിലേക്ക് പണം എത്തിക്കുന്ന ചാക്രിയ പ്രക്രിയയുടെ ദാസന്മാരായി ലോകത്തെ പല ഭരണാധികാരികളും മാറിക്കഴിഞ്ഞു എന്നത് ഒരു നഗ്ന സത്യമായി അവശേഷിക്കുന്നു.പല രാജ്യങ്ങൾക്കും പണം കടം കൊടുക്കുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നത് ന്യൂയോർക്ക്,ലണ്ടൻ എന്നീ നഗരങ്ങളിലാണ്.

 1970 മുതൽ 2023 വരെ വരുമാനം കുറഞ്ഞ രാജ്യങ്ങൾ പലിശ ഇനത്തിൽ മാത്രമായി 3.3 ട്രില്ലിയൻ യുഎസ് ഡോളർ അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്. കോളനിവൽക്കരണ കാലത്ത് ഉണ്ടായിരുന്ന വംശീയത,ചൂഷണം എന്നതിന് പകരം അഭിനവ കോളനിവൽക്കരണത്തിൽ അസമത്വം എന്ന പുതിയ സാഹചര്യമാണ് ലോകത്ത് ഉണ്ടായിട്ടുള്ളത്. പിന്നോക്ക രാജ്യങ്ങളിലെ ജനങ്ങളുടെ ആയുർദൈർഘ്യത്തേക്കാൾ 15 വർഷം വികസിത രാജ്യങ്ങളിലെ ജനങ്ങൾക്ക് ആയുർ ദൈർഘ്യം ലഭിക്കുന്നു എന്നതും വൻകിട രാജ്യങ്ങളിൽ ലഭിക്കുന്നതിനേക്കാൾ 87 % മുതൽ 95% വരെ കുറഞ്ഞ നിരക്കിലുള്ള കൂലിയാണ് പിന്നോക്ക രാജ്യങ്ങളിലെ തൊഴിലാളികൾക്ക് ലഭിക്കുന്നത് എന്ന ഓക്സ്ഫോമ് റിപ്പോർട്ടിലെ കണ്ടെത്തൽ അസമത്വം ലോകത്ത് നീരാളി പോലെ വളരുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്. ലോകത്ത് തൊഴിൽ രംഗത്ത് 90% തൊഴിലാളികളും പിന്നോക്ക രാജ്യങ്ങളിൽ നിന്നുള്ളവർ ആണെങ്കിൽ അവർക്ക് ആഗോള വരുമാനത്തിന്റെ 21% മാത്രമാണ് വരുമാനമായി ലഭിക്കുന്നത്. വരുമാനത്തിന്റെ സിംഹഭാഗവും യാതൊരു വിയർപ്പും ഒഴുക്കാത്ത അതിസമ്പന്നന്മാരുടെ കീശയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്.അതിസമ്പന്നർ ലാഭേച്ചയോടെ വരുമാനം വർദ്ധിപ്പി ക്കുവാൻ അധാർമികമായ കാര്യങ്ങൾ ചെയ്തിട്ടും അതൊക്കെ നിർവ്വികാരതയോടെ നോക്കി നിന്ന് പ്രോത്സാഹിപ്പിക്കുകയോ, അതി സമ്പന്നരിൽ നിന്ന് ന്യായമായ നികുതി ചുമത്തുകയോ ചെയ്യാത്ത രാജ്യങ്ങളുടെ നിസംഗത അസമത്വത്തിന് കാരണമാകുന്നു. ലോകത്തെ പകുതി കോടീശ്വരന്മാരും ജീവിക്കുന്നത് പൈതൃകമായി ലഭിച്ച സ്വത്തിന് നികുതി ചുമാത്താത്ത രാജ്യങ്ങളിലും, അതിസമ്പന്നരെ നികുതി ചുമത്തുന്ന കാര്യത്തിൽ താലോലിക്കുന്ന രാജ്യങ്ങളിലുമാണ്.

 ലോക ബാങ്കിന്റെ അഭിപ്രായത്തിൽ അസമത്വം ഇങ്ങനെ പോവുകയാണെങ്കിൽ ഈ നൂറ്റാണ്ട് കഴിഞ്ഞാലും ദാരിദ്ര്യം ഇല്ലായ്മ ചെയ്യാൻ സാധിക്കുകയില്ല. 

 അസമത്വം കുറക്കാൻ സാധിച്ചാൽ ദാരിദ്ര്യം ലക്ഷ്യമിട്ടതിനേക്കാൾ മൂന്നിരട്ടി വേഗതയിൽ നിർമാർജജനം ചെയ്യാൻ സാധിക്കുന്നതാണ്. ലോകത്തെ 360 കോടി ജനങ്ങൾ എന്താണ്ട് 44% വിവിധ ദാരിദ്ര്യവാസ്ഥയിലാണ് ജീവിക്കുന്നത് എന്നാൽ ഓക്സ്ഫാമിന്റെ അഭിപ്രായത്തിൽ ലോകത്തെ 1% വരുന്ന അതിസമ്പന്നർ ആഗോള സമ്പത്തിന്റെ 45% വും വിവിധ രീതിയിൽ കയ്യടക്കി വെച്ചിരിക്കുന്നു എന്നതിൽ നിന്ന് ലോകത്ത് വരുമാനത്തിലുള്ള അന്തരം അത്യധികം ഭീകരമാണ് എന്നതിന്റെ തെളിവായി കാണാം. ലോകത്തെ വനിതകളിൽ പത്തിലൊന്നും അതി ദാരിദ്രവസ്ഥയിലൂടെ കടന്നുപോകുന്നു, ലോകത്തെ 8% ജനങ്ങൾ മാത്രമേ അസമത്വം കുറഞ്ഞ രാജ്യങ്ങളിൽ ജീവിക്കുന്നുള്ളൂ. ലോകത്ത് പുതിയ താരോദയങ്ങൾ വൻകിട കോർപ്പറേറ്റ് ഭീമന്മാരുടെ രൂപത്തിൽ പിറവിഎടുക്കുന്ന പ്രവണത അനുദിനം വർദ്ധിക്കുന്നു. ആമസോൺ ഉടമ ജെഫ് ബെസോസ് ലോകത്തെ ഓൺലൈൻ മാർക്കറ്റിന്റെ സിംഹ ഭാഗവും കയ്യടക്കി വെച്ചിരിക്കുന്നു. ജർമ്മനി,ഫ്രാൻസ്, ബ്രിട്ടൻ,സ്പെയിൻ എന്നീ രാജ്യങ്ങളിലെ ഓൺലൈൻ വ്യാപാരത്തിന്റെ 70% വും amazon ആണ് കയ്യടക്കി വെച്ചിരിക്കുന്നത്. ആഫ്രിക്കയിലെ അതിസമ്പന്നനായ അലിഗോ ഡാൻഗോട്ടെ നൈജീരിയയിലെ സിമന്റ് വ്യാപാരത്തിന്റെ ഏതാണ്ട് 100 % വും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലെ ഭൂരിഭാഗവും കയ്യടക്കി വെച്ചിരിക്കുന്നു.

 പുതിയ കോളനിവൽക്കരണം ദൃശ്യമായതിന്റെ തെളിവായി ലോകത്തിന്റെ കോടീശ്വരന്മാരിൽ 77 % വും ജീവിക്കുന്നത് ലോക ജനസംഖ്യയുടെ അഞ്ചിൽ ഒന്ന് മാത്രം വരുന്ന ഭൂ പ്രദേശതാണ്. സമ്പത്ത് കോടീശ്വരന്മാർക്ക് ലഭിക്കുന്നതിലും വൈരുദ്ധ്യങ്ങൾ കാണുന്നു,പിന്നോക്ക രാജ്യങ്ങളിൽ ജീവിക്കുന്ന 1% വരുന്ന ശതകോടീശ്വരന്മാർ ആ രാജ്യങ്ങളിലെ സമ്പത്തിന്റെ 20% കയ്യടക്കി വെക്കുമ്പോൾ, വികസിത രാജ്യങ്ങളിലെ ശതകോടീശ്വരന്മാരുടെ വരുമാനത്തേക്കാൾ രണ്ട് മടങ്ങ് അധികമാണ് എന്ന ഓക്സ്ഫാമിന്റെ കണ്ടെത്തൽ ദരിദ്ര രാജ്യങ്ങളുടെ പാവപ്പെട്ടവരുടെ അവസ്ഥ കോളനി കാലത്തേക്കാൾ പരിതാപകരമാണ് എന്നത് സൂചിപ്പിക്കുന്നു.


 ലോകത്ത് ഭരണാധികാരികളിൽ ഏതാണ്ട് 39 % വും ബ്രിട്ടൻ, അമേരിക്ക, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയവരാണ്. കോളനിവൽക്കരണത്തിന്റെ അവസാനകാലത്ത് സ്ഥാപിക്കപ്പെട്ട ലോകബാങ്ക്,ഐ എം എഫ്,80 വർഷമായി ലോകത്ത് പ്രവർത്തിക്കുന്നുണ്ടെങ്കിലും ലോകത്തെ വികസിത ജി 7 രാജ്യങ്ങൾക്കാണ് 41% വോട്ടിംഗ് അധികാരവും എന്നത് ലോക ജനസംഖ്യയുടെ 10% മാത്രം ജനങ്ങൾ അധിവസിക്കുന്ന രാജ്യങ്ങളുടെ താത്പര്യമാണ് സംരക്ഷിക്കപ്പെടുക എന്നത് തീർച്ചയായ കാര്യമാണ്. ലോകത്തെ പ്രശ്നങ്ങളിൽ ഇടപെടൽ നടത്തുന്ന ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗൺസിൽ അടക്കിവാഴുന്നത് യൂറോപ്യൻ രാജ്യങ്ങളും ആഗോള മാപ്പിൽ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന രാജ്യങ്ങളുമാണ്. ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗൺസിലെ 47% വും കൈയ്യടക്കി വെച്ചിരിക്കുന്നത് മുമ്പ് കോളനി വൽക്കരണത്തിന് നേതൃത്വം നൽകിയ രാജ്യങ്ങളാണ്.

 ലോക സാമ്പത്തിക രംഗത്തെ നിയന്ത്രിക്കുന്നത് അമേരിക്ക,ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ്. ലോകത്തിലെ അവികസിത രാജ്യങ്ങളിലെ വിതരണ ശൃംഖലകളിൽ വൻകിട ബഹുരാഷ്ട്ര കമ്പനികളുടെ തേരോട്ടമാണ് നടക്കുന്നത്,എല്ലാവിധ കച്ചവട മേഖലകളും കുത്തക്കകൾ കീഴടക്കിയിരിക്കുന്നു, ഇത് മറ്റൊരുതരം കോളനിവൽക്കരണമാണ് ലോകത്ത് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്.ലോകത്ത് സാമ്പത്തിക അടിമത്വം കൊടികുത്തി വാഴുന്നതായാണ് ലോക സമ്പത്ത് രംഗം നിരീക്ഷിച്ചാൽ മനസ്സിലാക്കാൻ സാധിക്കുക.


 ലോകത്തെ 5 വൻകിട കോർപ്പറേറ്റ് കമ്പനികളുടെ ആകെയുള്ള വരുമാനം ലോകത്തെ 200 കോടി സാധാരണ ജനങ്ങളുടെ വരുമാനത്തേക്കാൾ കൂടുതലാണ് എന്ന ഓക്സ്ഫോമിന്റെ കണ്ടെത്തൽ ലോകത്തെ ഞെട്ടിച്ചു കളഞ്ഞിരിക്കുന്നു. ഇങ്ങനെ കുത്തക ശക്തികൾ വളരുന്നത് അസമത്വത്തിന് കാരണമാകുന്നു എന്ന ഐഎംഎഫ് ന്റെ നിരീക്ഷണം കണ്ടില്ലെന്ന് നടിച്ച് വൻകിട കമ്പനിക്കാർക്ക് സഹായം ചെയ്തു നൽകുന്ന ഭരണാധികാരികൾ സാധാരണക്കാരുടെ ജീവിതത്തെയാണ് ദുരിതത്തിലാക്കുന്നത്. ലോകത്തെ കുത്തക മുതലാളിമാരിൽ 18% വും വൻകിട കമ്പനികൾക്ക് നേതൃത്വം നൽകുന്നവരാണ്.


 1750ൽ ഇന്ത്യ ഉപ ഭൂഖണ്ഡം വ്യവസായ പ്രാധാന്യമുള്ള ആഗോള വ്യവസായത്തിന്റെ 25% വും നടന്നിരുന്ന പ്രദേശമായിരുന്നുവെങ്കിൽ, 1900 ആകുമ്പോഴേക്കും കോളനിവൽക്കരണം കാരണം 2% മാത്രം വ്യവസായിക പുരോഗതിയുള്ള രാജ്യമായി കൂപ്പു കുത്തിയത് കോളനിവൽക്കരണം കാരണമാണ് എന്നാൽ പുത്തൻ കോളനിവൽക്കരണം കാരണം ഇതിലും ഭയാനകമായ സാഹചര്യമാണ് വരാൻ പോകുന്നത് എന്ന് ഓക്സ്ഫാമ് ലോകത്തോട് വിളിച്ചു പറയുന്നു.


 ബ്രിട്ടനിൽ പണക്കാരുടെ വരുമാനം 107 മടങ്ങ് വർദ്ധിക്കുകയും, ഫ്രാൻസിന്റെ ആകെ സമ്പത്തിന്റെ 80 % വും 10 % പണക്കാരുടെ കൈയ്യിലാകുകയും ചെയ്തത് ലോകത്തിന് നിരാശയാണ് സമ്മാനിക്കുന്നത്. കോളനിവൽക്കരണത്തിന്റെ ഉൽപ്പന്നമാണ് അസമത്വം.16 മുതൽ 20 വരെയുള്ള നൂറ്റാണ്ടിനിടയിൽ യൂറോപ്പിൽ നിന്നും ഏതാണ്ട് 63 ദശലക്ഷം ആളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോളനിവൽക്കരണത്തിന്റെ ഭാഗമായി ജോലിക്ക് വേണ്ടി പോയി,അവർ വൻകിട പണക്കാരായി തിരിച്ചു നാട്ടിലെത്തി അതിസമ്പന്നൻ മാരാവുകയും അവരുടെ അനന്തരാവകാശികൾ ഇപ്പോഴും അതിസമ്പന്നരുടെ ലിസ്റ്റിൽ ഇടംപിടിക്കുന്നത് കോളനിവത്കരണ കാലത്തെ ധനം കൊണ്ട് മാത്രമാണ് എന്ന് അർത്ഥശങ്കകിടയില്ലാത്ത വിധം ഒക്സ്ഫാമ് വരച്ചു കാട്ടുന്നു.


 സാമ്പത്തിക രംഗത്ത് മാത്രമല്ല അസമത്വം ഉള്ളത് ആരോഗ്യരംഗത്തും ഇത് കാണാൻ സാധിക്കുന്നുണ്ട്. സൗത്ത് സുഡാനിൽ ഒരു ലക്ഷം കുട്ടികൾ ജനിക്കുമ്പോൾ 1223 അമ്മമാർ മരണപ്പെടുന്നു, എന്നാൽ വികസിത രാജ്യമായ ഓസ്ട്രേലിയയിൽ ഇത് ഒരു ലക്ഷം ജനനത്തിൽ വെറും നാലെണ്ണം മാത്രമാണ് സംഭവിക്കുന്നത്. ലോക തൊഴിൽ സംഘടനയുടെ അഭിപ്രായത്തിൽ ലോകത്ത് ഇപ്പോഴും 50 ലക്ഷം പേർ അടിമത്വത്തിൽ കഴിയുന്നു എന്നത് ലോകത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്.പിന്നോക്ക രാജ്യങ്ങളിൽ നിന്നുള്ള വൈദ്യഗദ്യവും സമർത്ഥരുമായ ജനങ്ങൾ അതിവികസിത രാജ്യങ്ങളിലേക്ക് വലിയ രീതിയിൽ കുടിയേറുകയാണ്.2021 മുതൽ 2023 വരെ ബ്രിട്ടനിലെ നേഴ്സുമാരിൽ 19% വും ആരോഗ്യരംഗത്ത് കടുത്ത പ്രയാസമുള്ള നൈജീരിയ, ഗാന എന്നീ രാജ്യങ്ങളിൽ നിന്നാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വിപ്ലവമായ കൃത്രിമ ബുദ്ധിയുമായി ബന്ധപ്പെട്ട മേഖലകളിൽ വികസിത രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരിൽ 65 % വും പിന്നോക്ക- മദ്യവർഗ്ഗരാജ്യങ്ങളിൽ നിന്നുള്ളവരാണ്.


 കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് 2050 ൽ നെറ്റ് സീറോ കാർബൺ എന്ന ലക്ഷ്യം നേടാൻ 1.6 ബില്യൺ ഹെക്ടർ വനം ഉണ്ടാക്കണം, ഏതാണ്ട് ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ അഞ്ചു മടങ്ങ് വരുന്ന സംരംഭത്തിന് വികസിത രാജ്യങ്ങൾ നൽകുന്ന കാലാവസ്ഥ ഫണ്ടിന്റെ 78% വും ഭീമമായ പലിശയുള്ളതും രാജ്യങ്ങളെ കടക്കണിയിൽ ആക്കുന്നതുമാണ്.  


 ലോകത്തിലെ വിവിധ രാജ്യങ്ങളുടെ അതിർത്തി 91.4% വും വരച്ചത് കോളനി കാലത്തായിരുന്നു. 1500 നു മുമ്പ് വെറും 1% രാജ്യങ്ങളുടെ അതിർത്തി മാത്രമേ നിശ്ചയിച്ചിട്ടുള്ളൂ. വിവിധങ്ങളായ താല്പര്യങ്ങളും,ഭൂമിയിലെ ധാതു സമ്പത്തുകളും,പ്രകൃതി വിഭവങ്ങളും എളുപ്പം ലഭിക്കുന്ന രീതിയിലുള്ള നിലയിലായിരുന്നു വികസിത രാജ്യങ്ങൾ അതിർത്തികൾ നിശ്ചയിച്ചത്.

 എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്ന ലക്ഷ്യത്തിൽ നിന്ന് കോളനിവൽക്കരണ കാലത്ത് തന്നെ ആരംഭിച്ച ആഗോള സ്ഥാപനങ്ങൾ തെന്നി മാറുന്നുണ്ട് എന്ന് ലോക കാര്യങ്ങൾ നിരീക്ഷിച്ചാൽ മനസ്സിലാക്കാവുന്നതാണ്.

  1945 ൽ ഐക്യരാഷ്ട്രസഭ രൂപീകരിക്കുമ്പോൾ ലോകത്തെ മൂന്നിലൊന്ന് ഏതാണ്ട് 750 ദശലക്ഷം ജനങ്ങളും ജീവിച്ചത് കോളനിവൽക്കരണം ഉണ്ടാക്കിയ അനിശ്ചിതാവസ്ഥയിലുള്ള പ്രദേശങ്ങളിലായിരുന്നുവെങ്കിൽ ഇന്ന് 2024 ൽ 2 ദശലക്ഷം പേർ 17 സ്വയം ഭരണാധികാരമില്ലാത്ത പ്രദേശങ്ങളിലാണ് ജീവിക്കുന്നത്.

 ലോകത്ത് അന്താരാഷ്ട്ര രംഗത്ത് പ്രവർത്തിക്കുന്ന മിക്ക സംഘടനകളെയും തലപ്പത്ത് വൻകിട രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ലോക ഭക്ഷ്യകാർഷിക സംഘടനയുടെ അധ്യക്ഷ സ്ഥാനം അമേരിക്കക്കാർക്കും, ലോകത്ത് യുഎൻ നേതൃത്വത്തിലുള്ള സമാധാന സേനയുടെ തലപ്പത്ത് ഫ്രഞ്ചുകാരും, മനുഷ്യാവകാശപരമായ കാര്യങ്ങൾ നോക്കുന്ന അന്താരാഷ്ട്ര സംഘടനകളിൽ ബ്രിട്ടീഷുകാരും മാത്രമേ നേതൃസ്ഥാനത്ത് ഉണ്ടാവുകയുള്ളൂ. ലോക ബാങ്ക്, ഐഎംഎഫ് എന്നീ സ്ഥാപനങ്ങളുടെ തലപ്പത്ത് ഒന്നുകിൽ അമേരിക്കക്കാരും അല്ലെങ്കിൽ യൂറോപ്പിൽ നിന്നുള്ളവരും മാത്രമായിരിക്കും ഉണ്ടാവുക. കോളനിവൽക്കരണത്തിന് നേതൃത്വം കൊടുത്ത രാജ്യങ്ങളുടെ കയ്യിൽ തന്നെയാണ് ഇപ്പോഴും ലോകത്തെ മിക്ക അന്താരാഷ്ട്ര സംഘടനയുടെയും താക്കോൽ സ്ഥാനമുള്ളത് എന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.

 അന്താരാഷ്ട്ര വ്യാപാര സംഘടന WTO വികസിത രാജ്യങ്ങളുടെ താല്പര്യം മാത്രമേ സംരക്ഷിക്കുന്നുള്ളൂ. കോവിഡ് കാലത്ത് ഇന്ത്യ,സൗത്ത് ആഫ്രിക്ക എന്നി രാജ്യങ്ങളുടെ നേതൃത്വത്തിൽ നൂറോളം രാജ്യങ്ങൾ കോവിഡ് വാക്സിൻ, സാങ്കേതിക കാര്യങ്ങൾ, ചികിത്സ എന്നിവയുടെ ഭൗതിക സ്വത്താവകാശം ഒഴിവാക്കി തരണമെന്ന് ആവശ്യമുന്നയിച്ചെങ്കിലും പണക്കാരുടെ താൽപര്യം മാത്രം മുൻനിർത്തി എത്രയോ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന സൗകര്യം ലോക വ്യാപാര സംഘടന നിരാകരിക്കുകയാണ് ചെയ്തത്. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകളുടെ 75 % നേതൃത്വവും വൻകിട രാജ്യങ്ങളിൽ നിന്നുള്ളവരാണ്, ഇതിൽ 51 % വും അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ മാത്രമാണ്,വിരോധാഭാസം എന്ന് പറയട്ടെ ദരിദ്ര രാജ്യങ്ങളിൽ നിന്നുള്ള 2.5% പേർ മാത്രമേ ഇത്തരം സംവിധാനങ്ങളുടെ തലപ്പത്തുള്ളൂ എന്നത് നിരാശാജനകമാണ്, ഇതിൽ 1% മാത്രമേ പിന്നോക്ക രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകൾ ഉള്ളൂ.


 ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗൺസിലിന്റെ സ്ഥിരം അംഗങ്ങളായ അഞ്ച് രാജ്യങ്ങളാണ് ലോകത്തിന്റെ ആയുധ വ്യാപാരത്തിന്റെ 73.5 % വും കൈയ്യടക്കി വെച്ചിരിക്കുന്നത്.  സെക്യൂരിറ്റി കൗൺസിൽ 95% പ്രമേയങ്ങളും ലോകത്ത് നീണ്ടുകിടക്കുന്ന സംഘർഷങ്ങളെ കുറിച്ചാണ് തീരുമാനമെടുക്കുന്നത്.


 ഐക്യരാഷ്ട്രസഭയ്ക്ക് ഏറ്റവും കൂടുതൽ ഫണ്ട് നൽകുന്നത് 10 വികസിത രാജ്യങ്ങളാണ്,അതിൽ എട്ടും ആഗോളതലത്തിൽ വടക്ക് ഭാഗത്ത് (ഗ്ലോബൽ നോർത്ത്)ലുള്ള രാജ്യങ്ങളാണ്. ഐക്യരാഷ്ട്രസഭയുടെ 53% പ്രവർത്തന ഫണ്ടും വികസിത രാജ്യങ്ങളാണ് നൽകുന്നത്, പ്രധാനപ്പെട്ട ഐകരാഷ്ട്രസഭയുടെ ആസ്ഥാനങ്ങളും വികസിത രാജ്യങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഐക്യരാഷ്ട്രസഭയുടെ 19.2 % പ്രവർത്തനം മാത്രമേ ആഗോളതലത്തിൽ തെക്കുഭാഗത്തുള്ള രാജ്യങ്ങൾക്ക് ലഭിക്കുന്നുള്ളു.


 ലോകത്ത് നടക്കുന്ന ഗവേഷണത്തിന്റെ കുത്തകയും വികസിത രാജ്യങ്ങൾക്കാണ്. ലോകത്തിലെ ക്ഷയ രോഗത്തിന്റെ 98% കേസുകളും പിന്നോക്ക മധ്യ വരുമാനമുള്ള രാജ്യങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് എങ്കിലും പക്ഷേ ക്ഷയരോഗത്തെ കുറിച്ച് ഗവേഷണം നടത്തുന്നതിനുള്ള ഫണ്ടിന്റെ 93% വും നൽകിയത് അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് എന്ന സ്ഥാപനത്തിനാണ്.


 1990 മുതൽ 2020 വരെ അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധമായ ജേണലുകളിൽ 73% പ്രബന്ധങ്ങളും അവതരിപ്പിച്ചത് വികസിത രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അവികസിത രാജ്യങ്ങളിൽ നിന്നുള്ളവരുടെ 16% പ്രബന്ധം മാത്രമേ പ്രസിദ്ധീകരിച്ച് വന്നിട്ടുള്ളൂ,പക്ഷേ പ്രബന്ധത്തിൽ ഉൾപ്പെട്ടിട്ടുള്ള വിഷയത്തിൽ 61% വും പിന്നോക്ക രാജ്യങ്ങളുടേതാണ് എന്നത് വിസ്മയകരമാണ്. ലോകത്തെ മികച്ച ആരോഗ്യം സംബന്ധിച്ച പ്രസിദ്ധീകരണങ്ങളുടെയും തലപ്പത്ത് ഒന്നുകിൽ അമേരിക്കക്കാർ അല്ലെങ്കിൽ ബ്രിട്ടീഷുകാർ എന്നതാണ് ലോക ത്തിന്റെ കീഴ് വഴക്കം, ആഫ്രിക്കക്കാർ തീരെ ഇല്ല എന്ന് തന്നെ പറയാം ഇത് ആഗോളതലത്തിൽ വിജ്ഞാന മേഖലയിലും അസമത്വം ഉള്ളതിന്റെ വ്യക്തമായ തെളിവാണ്. 

 ലോകത്തെ മികച്ച 7 ൽ 5 സർവ്വകലാശാലകളും അമേരിക്കയിലാണ് സ്ഥിതി ചെയ്യുന്നത്.


 പിന്നോക്ക രാജ്യങ്ങളുടെ നയപരമായ കാര്യങ്ങളിലും വികസിത രാജ്യങ്ങളിൽ നിന്നുള്ളവരുടെ കടന്നുകയറ്റം ഉണ്ടാകുന്നു.1956 മുതൽ 1964 വരെ ചിക്കാഗോ സർവകലാശാലയിൽ നിന്നും പഠിച്ച 26 വിദ്യാർത്ഥികൾ "ചിക്കാഗോ ബോയ്സ്" എന്ന പേരിൽ അറിയപ്പെടുന്നവർ ചിലി രാജ്യത്ത്  ഭരണരംഗത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ നേതൃത്വം നൽക്കിയിരിന്നു,ഇന്ന് ചിലി ലോകത്തെ ഏറ്റവും കൂടുതൽ അസമത്വം ഉള്ള രാജ്യമായി മാറാൻ ഇത് കാരണമായി.


 കോളനിക്കാലത്തെ നികുതി പിരിവിന്റെ കാര്യത്തിൽ പിരിച്ചെടുത്ത നികുതി എങ്ങനെ ചെലവഴിക്കുന്നു എന്നത് ഭരണാധികാരികൾ ജനങ്ങളോട് പറഞ്ഞിരുന്നില്ല, അതുപോലെ നികുതിn ഘടനയും അസമത്വപൂർണ്ണമായിരുന്നു. ഏതാണ്ട് ഇതേ ഘടനയിൽ തന്നെയാണ് ഇന്നും നികുതി പിരിവിന്‍റെ കാര്യത്തിൽ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്.


 അമേരിക്ക,ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് ലോക സാമ്പത്തിക രംഗം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര രംഗത്ത് ഉണ്ടാകുന്ന മിക്ക വ്യാപാര ഉടമ്പടിയും വൻകിട രാജ്യങ്ങൾക്ക് അനുകൂലമാണ്.

 അമേരിക്കൻ ഡോളറിന്റെ അപ്രമാധിത്വം വ്യാപാര രംഗത്തും,ബാങ്കിംഗ് രംഗത്തും ലോകം അനുഭവിച്ചറിയുകയാണ്. 2024ലെ ആദ്യ പാദത്തിൽ ലോകത്തെ എല്ലാ ദേശീയ ബാങ്കുകളും കരുതൽ ധനത്തിന്റെ 58.9 %വും സൂക്ഷിച്ചത് അമേരിക്കൻ ഡോളറിൽ ആയിരുന്നു, ഇത് അമേരിക്കൻ താത്പര്യം കച്ചവടത്തിൽ മുഴച്ച് നിൽക്കാൻ കാരണമാകുന്നു.

പല രാജ്യങ്ങളും കോളനിവൽക്കരണത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ബാധ്യത തീർക്കുന്ന കാര്യത്തിൽ ഇപ്പോഴും പൂർണ്ണവിരാമം ആയിട്ടില്ല. ഫ്രാൻസുമായി 122 വർഷത്തെ കരാർ ഹൈത്തി രാജ്യം ഉണ്ടാക്കിയത് കോളനിക്കാലത്തെ കടം വീട്ടുന്നതിന് വേണ്ടിയാണ്.

 പല കോളനികളും സ്വാതന്ത്ര്യം പ്രാപിച്ചപ്പോൾ സാമ്പത്തികരംഗം താറുമാറായ അവസ്ഥയിലായിരുന്നതിനാൽ സഹായം തേടി വികസിത രാജ്യങ്ങളെ സമീപിക്കുകയും അവർ നൽകിയ ലോൺ കൊണ്ട് കടത്തിലായ രാജ്യങ്ങൾ നമ്മുടെ മുമ്പിൽ രണ്ടാം കോളനിവൽക്കരണത്തിന്റെ ദുരന്തസൂചകമായി നിൽക്കുന്നു.

 ലോകത്തെ രാജ്യങ്ങളുടെ ആകെ കടം 307 ട്രില്യൻ യുഎസ് ഡോളറായി വളർന്നു അതിൽ സിംഹ ഭാഗം കടം വാങ്ങിയവർ പിന്നോക്ക രാജ്യങ്ങളും,കടം നൽകിയവർ മുമ്പ് കോളനിവൽക്കരണം നടത്തിയ രാജ്യങ്ങളോ അത്തരം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളോ ആണ് എന്നത് രണ്ടാം കോളനിവൽക്കരണം യാഥാർത്ഥ്യമായതിന്റെ ദൃഷ്ടാന്തമാണ്.

 ഐഎംഎഫ് കടം നൽക്കുമ്പോൾ പല ഉപാധികളും മുന്നോട്ടുവെക്കുന്നത് രാജ്യങ്ങളിലെ ജനങ്ങളെ സാരമായി ബാധിക്കുന്നതാണ്. സ്വകാര്യവൽക്കരണം, ഉദാരവൽക്കരണം, ചെലവ് ചുരുക്കൽ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ വെട്ടിച്ചുരുക്കൽ, സബ്സിഡി നിയന്ത്രണം എന്നിവയെല്ലാം നിബന്ധനകൾ ആയി വരുന്നതിനാൽ ഐഎംഎഫ് ധനസഹായം ലഭിച്ച രാജ്യങ്ങളിലെ ദാരിദ്ര്യം കൂടുതൽ വർദ്ധിക്കുന്ന അവസ്ഥയിലാണ് കാണുന്നത്. ഓക്സ്ഫാമിന്റെ അഭിപ്രായത്തിൽ ഐഎം എഫ് ഒരു ഡോളർ ധനസഹായം നൽകുമ്പോൾ നാല് ഡോളർ ചിലവ് ചുരുക്കാനാണ് നിർബന്ധിക്കുന്നത്. ആരോഗ്യം,വിദ്യാഭ്യാസം എന്നി മേഖലയെക്കാൾ കൂടുതൽ പണം കടം വീട്ടാൻ വേണ്ടി വിനിയോഗിക്കുന്ന രാജ്യങ്ങളിലാണ് ലോകത്തെ 330 കോടി ജനങ്ങളും ജീവിക്കുന്നത് എന്നത് ജനങ്ങളുടെ പരിതാപകരമായ അവസ്ഥയുടെ മറ്റൊരു ഉദാഹരണമായി കാണാം.


 ഐഎംഎഫ് നിർദ്ദേശം പ്രകാരം കോവിഡ് കാലത്ത് ചെലവ് ചുരുക്കൽ നടപടി കാരണം 15 രാജ്യങ്ങളിലെ 100 കോടി ജനങ്ങളുടെ വരുമാനത്തെ സാരമായി ബാധിച്ചു. വൻകിട രാജ്യങ്ങൾക്ക് ലോൺ നാമ മാത്ര പലിശക്ക് 1% ത്തിൽ താഴെ മാത്രം ലഭിക്കുമ്പോൾ പിന്നോക്ക രാജ്യങ്ങൾക്ക് ഇത് 5 മുതൽ 8% വരെ പലിശക്കാണ് ലഭിക്കുന്നത്.

 ലോകത്തെ 43% സാമ്പത്തിക ആസ്തിയും കയ്യടക്കി വച്ചിരിക്കുന്നത് 1% വരുന്ന അതിസമ്പന്നരാണ്. ഐ എം എഫിന്റെ പല നിർദ്ദേശങ്ങളും ജനവിരുദ്ധമാണ് കൂടാതെ പൊതുമേഖലയിൽ സൗജന്യ സേവനങ്ങൾ നൽകാൻ പാടില്ല എന്നാണ് ഐഎംഎഫ് ന്റെ നിലപാട്. ഇന്ത്യയിലെ 37 % പേരും സ്വകാര്യ ആശുപത്രിയുടെ ചെലവിനാൽ ബുദ്ധിമുട്ടുമ്പോൾ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള ഐഎഫ്സി ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ സ്വകാര്യ ആശുപത്രികൾ തുടങ്ങാൻ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ധനസഹായം നൽകി എന്നത് സ്വകാര്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് അന്താരാഷ്ട്രതലത്തിൽ സ്വീകരിക്കുന്നത് എന്നതിന്റെ മകുടോദാഹരണമാണ്.


 കോളനി വാഴ്ച ക്കാലത്ത് വരുമാനത്തിന്റെ 75% ചെലവും സൈനിക ആവശ്യത്തിനാണ് ചെലവഴിച്ചത്, 3% മാത്രമേ റോഡുകൾ അടക്കമുള്ള പൊതുസൗകര്യങ്ങൾ നിർമ്മിക്കാൻ വിനിയോഗിച്ചിട്ടുള്ളു നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും മിക്ക രാജ്യങ്ങളും സൈനിക ആവശ്യത്തിനാണ് വരുമാനത്തിന്റെ ഏറിയ പങ്കും ചെലവഴിക്കുന്നത് എന്ന് പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതാണ്.


 ലോകത്തെ പിന്നോക്ക രാജ്യങ്ങളിലെ തൊഴിലാളികൾ അന്താരാഷ്ട്ര കമ്പനികൾ തുച്ഛമായ വേതനം നൽകി തൊഴിലെടുപ്പിക്കുന്നു, ഗത്യന്തരമില്ലാതെ ജോലി ചെയ്യുന്നവർ മറ്റൊരു രീതിയിലുള്ള കോളനിവൽക്കരണത്തിന്റെ ഇരയാണ്. പ്രകൃതി സമ്പത്തും ധാതു വിഭവങ്ങളും മറ്റു സൗകര്യങ്ങളും അനുഗ്രഹിച്ചിട്ടും ആഫ്രിക്കയിലെ 43% ജനങ്ങൾക്കും കരണ്ട് സൗകര്യം ഇല്ല, ധാതു സമ്പത്തിന്റെ 2% മാത്രമേ ഫലപ്രദമായി ആഫ്രിക്കൻ രാജ്യങ്ങൾ കയറ്റുമതി ചെയ്യുന്നുള്ളൂ പക്ഷേ ബഹുരാഷ്ട്ര കുത്തക കമ്പനികൾ വലിയ രീതിയിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും പ്രകൃതി വിഭവങ്ങളും ധാതു സമ്പത്തും കയറ്റുമതി ചെയ്യുന്നു. ലോകത്തെ വൻകിട കമ്പനികളിലെ CEO മാരിൽ പത്തിൽ ഏഴും അതിസമ്പന്നന്മാരാണ്.


 ഡിജിറ്റൽ കോളനിവൽക്കരണം ലോകത്ത് ധൃതഗതിയിൽ നടക്കുന്നു. ആഗോളതലത്തിൽ ഇന്റർനെറ്റ് സെർച്ച് എഞ്ചിന് വേണ്ടി 91.6% വും ഗൂഗിളിനെയാണ് ആശ്രയിക്കുന്നത്, ഗൂഗിൾ ആകട്ടെ അതിസമ്പന്നനായ ഒരു കോടീശ്വരന്റെതാണ്. മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം 70.5 % വും ഡിജിറ്റൽ പരസ്യത്തിന്റെ 39% ഇതേ കമ്പനി തന്നെയാണ് കൈകാര്യം ചെയ്യുന്നത്.


 ഒരേ തൊഴിലിൽ ഏർപ്പെട്ടാൽ വ്യത്യസ്ത രാജ്യങ്ങളിൽ വ്യത്യസ്ത വരുമാനമാണ് ലഭിക്കുന്നത് എന്നത് അസമത്വത്തിന്റെ ഭീകരരൂപമാണ് വെളിവാകുന്നത്. വികസിത രാജ്യങ്ങളിൽ നികുതി ചുമത്തലു കളിൽ 99.4% നഷ്ടം സംഭവിക്കുമ്പോൾ ദരിദ്ര രാജ്യങ്ങളിൽ 0.6% മാത്രമാണ് എന്നാണ് ഓക്സ്ഫോമിന്റെ റിപ്പോർട്ടിൽ പറയുന്നത്.


 സമ്പത്ത് കുന്നുകൂടി ന്യായമായ നികുതി പോലും നൽകാത്ത അതിസമ്പന്നന്മാരുടെ സ്വർഗ്ഗഭൂമിയായി പല വികസിത രാജ്യങ്ങളും മാറി എന്ന് ഓക്സ്ഫോം കുറ്റപ്പെടുത്തുന്നു.


 ലോകത്ത് കൊടികുത്തി വാഴുന്ന രണ്ടാം കോളനിവൽക്കരണം പുതിയ രൂപത്തിലും ഭാവത്തിലും അരങ്ങ് തകർക്കുമ്പോൾ അസമത്വം, വംശീയത എന്നിവക്ക്‌ അറുതി വരുത്തണം.അസമത്വം കുറയ്ക്കുന്നതിന് എല്ലാ രാജ്യങ്ങൾക്കും കൃത്യമായ ഒരു നയം ഉണ്ടാകണം,പ്രസ്തുത നായത്തിൽ രാജ്യത്തിലെ 10% അതിസമ്പന്നരുടെ വരുമാനം 40% ദരിദ്രരുടെ ആകെ വരുമാനത്തിൽ കൂടാൻ പാടില്ല എന്ന് നിഷ്കർഷിക്കണം അങ്ങനെ കൂടിയാൽ അധിക വരുമാനം രാജ്യത്തിന്റെ സമ്പത്തായി മാറ്റണം. നിലവിലെ നികുതി നിരക്ക്, നികുതി ചുമത്തൽ എന്നിവ കാലോചിതമായി പരിഷ്കരിക്കണം അതിസമ്പന്നർക്ക് സൂപ്പർ നികുതി ഏർപ്പെടുത്തണം. നികുതി വെട്ടിപ്പ് കണ്ടുപിടിച്ച് നടപടിയെടുത്താലേ അസമത്വം കുറക്കുവാൻ സാധിക്കുകയുള്ളൂ.

 ചില മേഖലകളിൽ കുത്താവകാശം കയ്യാളുന്ന വൻകിട കമ്പനിക്കാരുടെ കുത്തകാവകാശം നിർത്തലാക്കണം, വിതരണ ശൃംഖലയിൽ അസമത്വം കുറയ്ക്കുവാൻ കമ്മ്യൂണിറ്റി വിതരണ ശൃംഖല രാജ്യങ്ങളിൽ ഉണ്ടാകണം,എല്ലാ രംഗത്തും ഉത്തരവാധിത്വം ഉണ്ടാക്കി കമ്പനികളുടെ വരുമാനത്തിൽ നിശ്ചിത തുക സാമൂഹ്യ സേവനങ്ങൾക്ക് വിനിയോഗിക്കുന്ന സംവിധാനം പരിഷ്കരിക്കണം.


 രാജ്യങ്ങളിൽ ധന ഏകീകരണം നടക്കുന്നുണ്ടോ  എന്ന് സൂക്ഷ്മമായി പരിശോധിക്കുവാൻ ഏജൻസികളെ നിയമിക്കണം, കമ്പനികൾക്ക് കൃത്യമായ ലൈസൻസ് നിയന്ത്രണം ഏർപ്പെടുത്തണം, പ്രകൃതിയെ ചൂഷണം ചെയ്യുന്നില്ല എന്ന് ഉറപ്പു വരുത്തുവാൻ പ്രകൃതി സംരക്ഷണ സേന ഉണ്ടാക്കണം, ഇതിന്റെ ചെലവ് കമ്പനികളിൽ നിന്ന് നിയമം മൂലം ഈടാക്കണം,ഓരോ മേഖലയിലും ബഹുരാഷ്ട്ര കുത്തക കമ്പനികൾ സ്വദേശികളുടെ സേവനം ഉപയോഗിക്കുകയാണെങ്കിൽ കുത്തകകൾ രജിസ്റ്റർ ചെയ്ത രാജ്യങ്ങളിലെ അതേ ശമ്പളവും ആനുകൂല്യവും നൽകാൻ നിബന്ധന ആയി ലൈസൻസിൽ ഉൾപ്പെടുത്തണം. 

2025 പ്രതീക്ഷയുടെ വർഷമാണ്,ലോകത്തിലെ മൂന്നാം ലോകരാജ്യങ്ങൾ ഇന്തോനേഷ്യയിലെ ബാഗ്ദുമിൽ ഒരുമിച്ചു കൂടിയതിന്റെ എഴുപതാം വാർഷികം ആഘോഷിക്കാൻ പോകുകയാണ്,ലോകത്തിന്റെ പ്രതീക്ഷയുമായി ആഫ്രിക്കൻ രാജ്യങ്ങൾ ഒത്തുകൂടി ആഫ്രിക്കയിലെ ജനങ്ങൾക്ക്‌ മാന്യമായി ജീവിക്കണം അതിനായി നഷ്ടപരിഹാരം ലഭിക്കണമെന്ന മുദ്രാവാക്യം ഐകകണ്ഠേന ഉയർത്തിയ വർഷമാണ് 2025.ഐക്യരാഷ്ട്ര സഭ സ്ഥാപിച്ചതിന്റെ 80 ആം വാർഷികവും 2025 ൽ ആഘോഷിക്കുകയാണ്. സാമ്പത്തിക വികസനം സംബന്ധിച്ച് ആഗോള ഉച്ചകോടി 2025ൽ നടക്കുവാൻ പോകുകയാണ്.ലോക സാമൂഹിക ഉച്ചകോടിയും 2025 ൽ നടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സൗത്താഫ്രിക്ക, അമേരിക്ക, ഓസ്ട്രേലിയ, എന്നി രാജ്യങ്ങളിൽ അപകോളനികരണത്തിനായി ജനങ്ങൾ തെരുവിൽ ഇറങ്ങിയിരിക്കുന്നു 

 കോളനിവൽക്കരണത്തിന് ശേഷിപ്പുകൾ പൊട്ടിച്ചെറിയാൻ ജനങ്ങൾ വെമ്പൽ കൊള്ളുന്നു, പുതിയ തരത്തിലുള്ള ഒരു കോളനി വാഴ്ചയും അനുവദിക്കില്ല എന്ന് ലോകം ഉചൈയ്‌സ്തരം ഉദ്ഘോഷണം നടത്തുന്നു.

 സമസ്ത പൂർണ്ണമായ പങ്കാളിത്തം ലോകത്തെ എല്ലാ അന്താരാഷ്ട്ര സംഘടനകളിലും ഉണ്ടാകണം. ഐക്യരാഷ്ട്ര സഭയുടെ ഘടനാ പുന സംഘടിപ്പിക്കണം. സെക്യൂരിറ്റി കൗൺസിൽ കാലത്തിനനുസരിച്ച് വിപുലപ്പെടുത്തണം, വിറ്റോ അധികാരം എന്ന കോളനിവൽക്കരണത്തിന്റെ ശേഷിപ്പ് പൊട്ടിച്ചെറിയണം. വേൾഡ് ബാങ്ക്, ഐ എം എഫ് എന്നിവയിൽ എല്ലാ രാജ്യങ്ങൾക്കും കൃത്യമായി സ്ഥാനം വേണം, ധനാഢ്യന്മാരുടെ താല്പര്യ മാത്രം സംരക്ഷിച്ച് കോളനിവൽക്കരണത്തിന്റെ രണ്ടാം ഉദയത്തിന് കാരണക്കാരായ ഈ സംവിധാനങ്ങൾക്ക് പകരം പുത്തൻ സംവിധാനങ്ങൾ ലോകത്ത് മൂന്നാം ലോകരാജ്യങ്ങളുടെ നേതൃത്വത്തിൽ ഉണ്ടാകണം,ഇതിനായി സഞ്ചിതനിധി രൂപീകരിക്കണം. അന്താരാഷ്ട്ര സംഘടനകളിൽ തൊഴിൽ ചെയ്യാൻ എല്ലാ രാജ്യങ്ങൾക്കും അവസരം ഉണ്ടാകണം ഇതിനായി ലോക പബ്ലിക് സർവീസ് കമ്മീഷൻ ഉണ്ടാകണം. ലോൺ നൽകുമ്പോൾ എല്ലാ രാജ്യങ്ങൾക്കും ഒരേ നിലപാട് ആയിരിക്കണം രാജ്യങ്ങളെ നോക്കി നിലപാടെടുക്കുന്ന കോളനിവൽക്കരണത്തിന്റെ തത്വം പുതിയ തന്ത്രമായി ഉപയോഗിക്കുന്നത് ഇല്ലാതാകണം. ലോൺ നൽകുമ്പോൾ നിബന്ധനകൾ ഉൾപ്പെടുത്തുവാനുള്ള അധികാരം അന്താരാഷ്ട്ര സാമ്പത്തിക ഏജൻസികളിൽ നിന്നും എടുത്തു കളയണം.

 കാലാവസ്ഥയെ പ്രതിരോധിക്കുവാൻ ദരിദ്ര രാജ്യങ്ങൾക്ക് നൽകുന്ന ധനസഹായം ഉപാധിരഹിത ഗ്രാൻഡ് ആയി നൽകണം.അന്യം നിന്നുപോകുന്ന സമൂഹങ്ങളെ നിലനിർത്താൻ പ്രത്യേക ഫണ്ട് നൽകണം, സ്ത്രീകൾ, കുട്ടികൾ,പ്രത്യേക കഴിവുള്ളവർ,വൃദ്ധർ എന്നിവർക്ക് ആഗോളതലത്തിൽ തുല്യതയോടെയുള്ള ജീവിതം സൃഷ്ടിക്കുവാൻ ആഗോള ഏജൻസികൾ ഉണ്ടാവണം. ചില രാജ്യങ്ങൾക്ക് മേൽക്കോയ്മ ഉള്ള ഏജൻസികളിൽ സമത്വം നടപ്പിലാക്കണം.


 കോളനിവൽക്കരണത്തിന് നേതൃത്വം നൽകിയ രാജ്യങ്ങൾ കോളനിവാഴ്ചയിലൂടെ പൂർവികർ ഉണ്ടാക്കിയ പ്രയാസങ്ങൾക്ക് നിർബാധം മാപ്പു പറയണം എങ്കിലേ രണ്ടാം കോളനി വൽക്കരണം തടയാനുള്ള മാനസിക തയ്യാറെടുപ്പ് ലോകരാജ്യങ്ങൾക്ക് ഉണ്ടാവുകയുള്ളൂ


By 


ടി ഷാഹുൽ ഹമീദ് 

9895043496

shahul1971@gmail.com

  

SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ഇതാ ഒരു ലോക വനിതാ ദിനം കൂടി :കാർത്തിക ചന്ദ്രൻ , മലപ്പുറം
mannan
NISHANTH
samudra