കല്ലാക്കോവിലകം കഥകൾ :
ഡോ .കെ .കെ .എൻ കുറുപ്പ് ;
കരിമേഘങ്ങൾക്ക്
മറയ്ക്കാനാവാത്ത
ധ്രുവ നക്ഷത്രം
:ദിവാകരൻ ചോമ്പാല
വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക ''
എന്ന മുദ്രാവാക്യവുമായി വായനയുടെ മഹത്വം വിളിച്ചറിയിച്ചുകൊണ്ട് 'സനാതന ധർമ്മം' എന്ന പേരിൽ ഒരു വായനശാലയ്ക്ക് ജന്മം നൽകിയ കേരളീയ മഹാനായിരുന്നു ശ്രീ പി .എൻ. പണിക്കർ .
അതും തൻറെ പതിനാറാമത്തെ വയസ്സിൽ .
കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് ശുഭാരംഭം കുറിച്ചതും അങ്ങിനെ.
'വായനയിലൂടെ അറിവും അറിവിലൂടെ തിരിച്ചറിവും '-
എന്ന ലക്ഷ്യവുമായി ചോമ്പാൽ പ്രദേശത്തെ കല്ലാമലയിലെ പുരാതന തറവാടായ കല്ലാകോവിലകത്തെ നാരായണൻ എന്ന ഇളമുറക്കാരൻ തൻറെ പതിനാറാമത്തെ വയസ്സിൽ രംഗത്തിറങ്ങി.
വായനശാല തുടങ്ങാൻ .ചിറയിൽപീടികയിൽ. 1955 കാലഘട്ടങ്ങളിൽ.
മുഖ്യ സഹകാരികളായി സി.അനന്തൻമാസ്റ്റർ ,ചിറയിൽ രാഘവൻ .പി വി കുഞ്ഞിരാമൻപണിക്കർ അത്തോളി ലക്ഷ്മണൻ , വാഴയിൽ പീടികയിൽ ശങ്കരൻകുട്ടി നായർ ,അച്യുതൻ തുടങ്ങിയ ഒരു കൂട്ടം സുമനസ്സുകളുടെ കൂട്ടായ്മയും കൂടിയായപ്പോൾ കല്ലാകോവിലകത്ത് നാരായണനെന്ന ചെറുപ്പക്കാരാന് ആവേശം ഇരട്ടിയായി .ആഗ്രഹം ഒരുതരം ഇരമ്പലായിമാറിയു നില .
ചിറയിൽ പീടികയിൽ വിഭവസമൃദ്ധമായ നിലയിൽ അക്ഷരസദ്യ നടത്താൻ അക്കാലത്ത് പറ്റിയ ഒരിടമായി കണ്ണിപ്പൊയിൽ ചാത്തൻ എന്നവരുടെ പീടികമുറി കണ്ടെത്തിയതോടെ ചിറയിൽ പീടികയിലെ നവോദയ വായനശാലയുടെ ഭ്രുണം വളരുകയായിരുന്നു .
കല്ലാകോവിലകത്തെ നാരായണനെന്ന ഈ പതിനാറുകാരനാണ് പിൽക്കാലങ്ങളിൽ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ നിലയിൽ വളർന്നുയർന്ന വിഖ്യാതനായ ചോമ്പാലക്കാരൻ !
ചരിത്ര ഗവേഷകൻ ,കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പദവിയിൽ വരെയെത്തിയ ഡോക്ടർ കെ കെ എൻ കുറുപ്പ് എന്ന പ്രമുഖൻ .
ചിറയിൽ പീടികയിൽ വിഭവസമൃദ്ധമായ അക്ഷരസദ്യ !
സാമാന്യം തെറ്റില്ലാത്ത നിലയിൽ വസ്തുവകകളും സാമ്പത്തിക ഭദ്രതയുള്ള ചിറയിൽ പീടികയിലെ പ്രമുഖനായിരുന്നു അക്കാലത്ത് കണ്ണിപ്പൊയിൽ ചാത്തൻ എന്ന നാട്ടുമ്പുറത്തുകാരൻ
കണ്ണിപ്പൊയിൽ ചാത്തൻ എന്നവരുടെ മകൾ കാർത്ത്യായനിയും കല്ലാക്കോവിലകത്തെ നാരായണനും മടപ്പള്ളി ഹൈസ്ക്കൂളിൽ ഒന്നിച്ചു നടന്നുപോയി പഠിച്ചവർ ,അയൽവാസികൾ ,നല്ല സൗഹൃദത്തിലുള്ളവർ .
ആ നിലയിൽ കാർത്യായനിയുടെ നിർബ്ബന്ധപ്രേരണയിലും ശുപാർശയിലൂടെയുമായിരുന്നു മാസം രണ്ടുരൂപ നിരക്കിൽ നിസ്സാര വാടകയ്ക്ക് പീടികമുറി വായനശാലയ്ക്കായി ചാത്തൻ എന്നവർ സസന്തോഷം അനുവദിച്ചുനൽകിയത് .
'' കല്ലാക്കോവിലകത്തെ കുട്ടിയല്ലേ... നടക്കട്ടെ കാര്യങ്ങൾ ''-
എന്ന അനുഗ്രഹത്തോടെയായിരുന്നു ചാത്തൻ എന്നവർ പീടിക മുറിയുടെ താക്കോൽ നൽകിയതെന്ന് 70 വർഷങ്ങൾക്കിപ്പുറവും കൃതജ്ഞതാ നിർഭരമായ മനസ്സോടെ നാരായണനെന്ന ഡോക്ടർ കെ കെ എൻ കുറുപ്പ് സ്മരിക്കുന്നു .
ഒപ്പം പീടികമുറി ലഭിക്കാൻ കാർത്യായനി കാണിച്ച നല്ലമനസ്സിനും കൃതജ്ഞതയർപ്പിക്കുന്നു .
ചരിത്ര ഗവേഷകനും കോഴിക്കോട് യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായിരുന്ന ഡോക്ടർ കെ .കെ .എൻ കുറുപ്പ് പോയകാലത്തെ ചരിത്രത്തിലെ തിരുശേഷിപ്പുകൾ അടർത്തിയെടുത്ത് അക്കമിട്ടു നിരത്തുകയാണ്
കല്ലാക്കോവിലകം കഥകളിലൂടെ ..
ഇന്ത്യയിലെ കൈത്തറി വ്യവസായത്തൻറെ പ്രചാരക പ്രമുഖനും വഴികാട്ടിയും മാത്രമല്ല ആൾ ഇന്ത്യാ ഹാൻഡ്‌ലൂം ബോർഡ് ചെയർമാൻ കൂടിയായിരുന്നു കൊളരാട് തെരുവിലെ ശ്രീ .പി .ചാത്തു എന്ന മനുഷ്യസ്‌നേഹി .
സദാ ഖദർ ഷാൾ പുതച്ചു നടക്കുന്ന ഗാന്ധിയനായ കമ്മ്യൂണിസ്റ്റ് ,അഭ്യസ്തവിദ്യൻ, സാമൂഹ്യ സ്നേഹി ,കല്ലാമല സ്കൂളിൻറെ മാനേജർ എന്നീനിലകളിളെല്ലാം ഏറെ ശ്രദ്ധേയനായ ശ്രീ.പി.ചാത്തു കൈനീട്ടമായി അഥവാ വരപ്രസാദം എന്ന നിലയിൽ കല്ലാകോവിലകത്ത് നാരായണൻ്റെ കൈ വെള്ളയിൽ വെച്ചു കൊടുത്ത 25 രൂപ മുടക്കു മുതലുകൊണ്ടാണ് ചിറയിൽ പീടികയിൽ നവോദയം വായനശാലയുടെ തുടക്കം.
ഈ നാട്ടുമ്പുറത്ത് നവോദയ വായനശാല എന്ന പേരിൽ ഗ്രാമീണവായനശാല പിറവിയെടുത്തതുമങ്ങിനെ.
ചിറയിൽപീടിക എന്ന സ്ഥലത്തിനുമുണ്ട് തലമുറകൾ കൈമാറിയതും കേട്ടറിഞ്ഞതുമായ ചില ചരിത്രവിശേഷങ്ങൾ .
ഈ പ്രദേശത്ത് എത്രയോ വർഷങ്ങൾക്ക് മുൻപ് പുരാതനമായ ക്ഷേത്രവും ക്ഷേത്രത്തിനോട് അനുബന്ധ മായുള്ള ചിറ എന്ന ജലാശയവും ഉണ്ടായിരുന്നതായി വിശ്വാസം .
ഇവിടുത്തെ ഭൂപ്രകൃതി സാക്ഷ്യപ്പെടുത്തുന്നതുമങ്ങിനെ .
കാലാന്തരത്തിൽ ചിറ എന്ന ഈ ജലാശയം മണ്ണുമൂടി കരയായി രൂപാന്തരം പ്രാപിച്ചതാണെന്ന് വിശ്വസിക്കു ന്നവരാണിവിടുത്തുകാരിൽ ഏറെപ്പേരും .
ഈ ചിറയുമായി ബന്ധപ്പെട്ടുകൊണ്ടുതന്നെയാവാം ഈ സ്ഥലത്തിന് ചിറയിൽ പീടിക എന്നപേര് ഇപ്പോഴും നിലനിൽക്കുന്നതെന്ന് വേണം കരുതാൻ .
തൊട്ടടുത്തുള്ള ചിലവീട്ടുകാർ ഇന്നും അറിയപ്പെടുന്നത് ചിറയിൽ എന്ന വീട്ടുപേരിലും .ചിലപറമ്പുകളുടെ പ്രമാണങ്ങളിൽ വരെ ചിറയിൽ എന്ന പേര് കാണാനാകും.
സ്വാതന്ത്ര്യ സമരകാലത്ത് സമരസേനാനികളുടെ സുരക്ഷിത താവളം കൂടിയായിരുന്നു ചിറയിൽപീടിക എന്ന ഇടം .
ബ്രിട്ടീഷുകാരുടെ ഭരണത്തെ ഉന്മൂലനം ചെയ്യാനൊരുമ്പെട്ടവർ റയിൽവേ ഓവ് പാലത്തിനു ഡയനാമിറ്റ് വെച്ചതും ചിറയിൽ പീടിക എന്നസ്ഥലത്തുവെച്ചു തന്നെ .
റയിൽവേ ടെലിഫോൺ ബന്ധം അറുത്തുമാറ്റിയതും ഇവിടെ വെച്ചുതന്നെ .
ഇന്ന് കാണുന്ന വലിയകെട്ടിടങ്ങളോ വിശാലമായ നെയ്ത്തു ശാലയോ റോഡ് സംവിധാനമോ ഒന്നുമില്ലാത്ത ആൾത്തിരക്കില്ലാത്ത ഒരിടമായിരുന്നു ചിറയിൽപീടിക .
നവോദയം വായനശാലയും ടി പി കണാരേട്ടനും തന്നെയായിരുന്നു ഉച്ചനേരങ്ങളിലും മറ്റും പൊതുസമ്പർക്കത്തിൻറെ കണ്ണികൾ.
വായനശാലയുടെ മുന്നിലെ അറബിപ്പുളി മരത്തിൻ്റെ ചുവട്ടിലായിരുന്ന ചായപ്പീടികയിൽ വരുന്നവർക്ക് കൈകഴുകാൻ വെള്ളം വെച്ചിരുന്നത് .ഒരു സിമന്റ് പാത്രത്തിൽ .
ഒരുപാട് ചരിത്രസത്യങ്ങളുടെ നേർസാക്ഷികൂടിയാണ് ചിറയിൽപീടിക എന്ന ഈ സ്ഥലം .
1955 ഒക്ടോബർ 5 നായിരുന്നു ശ്രീ .പി ചാത്തു വായനശാലയുടെ ഉദ്ഘാടനകർമ്മം ചിറയിൽ പീടികയിൽ നിർവ്വഹിച്ചത് .
വായനശാലയുടെ ആദ്യകാല പ്രസിഡണ്ടും പി.ചാത്തു തന്നെയായിരുന്നു .
പിൽക്കാലങ്ങളിൽ ഇ എം നാണു മാസ്റ്ററിൽ തുടങ്ങി മറ്റുപലരും തൽസ്ഥാനനങ്ങളിൽ.
അക്കാലത്തെ സമുന്നതരായ നിരവധിപേർ അഥവാ എണ്ണത്തിലേറെപ്പേർ വായനശാലാപ്രവർത്തനത്തിൽ കല്ലാക്കോവിലകത്ത് നാരായണനും സുഹൃത്തുക്കൾക്കും കരുത്ത് പകരാനായി രംഗത്തെത്തി.
കല്ലാമല സ്കൂളിലെ ഇ .എം .നാണു മാസ്റ്ററുടെ നേതൃത്വം വായനശാലയ്‌ക്ക് ലഭിച്ച ദൈവാനുഗ്രഹ മായിരുന്നു വെന്ന് മനസ്സിന് മറയില്ലാതെ ഡോ . കെ കെ എൻ കുറുപ്പ് സമ്മതിക്കുന്നു .
കല്ലാക്കോവിലകം തറവാട്ടിലെ പുസ്തക ശേഖരത്തിൽ നിന്നുള്ള കുറെയേറെ പുസ്തകങ്ങളും ഉദാരമതികളായ നാട്ടുകാരുടെ വകയായി ദാനമായി ലഭിച്ച മറ്റു പുസ്തകങ്ങളും എല്ലാംകൂടി വായനശാലയുടെ അത്യാവശ്യം വേണ്ട മുന്നൊരുക്കങ്ങൾ അനുദിനം വർദ്ധിച്ചു കൊണ്ടിരുന്നു .
വായനയിലും എഴുത്തിലും ചെറുപ്രായത്തിലെ താല്പര്യമുണ്ടായിരുന്ന കല്ലാകോവിലാകാത്ത നാരായണൻ പത്രാധിപരായിക്കൊണ്ട് പത്തോളം കയ്യെഴുത്തുമാസികകൾ നവോദയ വായനശാലയിൽ വായനക്കാർക്ക് സമർപ്പിച്ചിരുന്നു .
തളിപ്പറമ്പിലെ അഡ്വക്കെറ്റ് ഒതേനൻ നമ്പ്യാർ നവോദയം വായനശാലയുടെ കൈയെഴുത്തു മാസിക വായിച്ചശേഷം നൽകിയ ആസ്വാദനക്കുറിപ്പ് ജീവിതത്തിൽ ആദ്യമായി ലഭിച്ച വിലപ്പെട്ട അവാർഡായി ഇന്നും മനസ്സിൽ സൂക്ഷിക്കുന്നുവെന്ന് കെ കെ എൻ കുറുപ്പ് സാർ അഭിമാനപൂർവ്വം സ്‌മരിക്കുന്നു .
ഒന്നിലേറെ പേരുടെ ആദ്യാക്ഷരങ്ങൾ കൂട്ടിച്ചേർത്ത് ' അനലൻ ' എന്ന പേരിലായിരുന്നു കയ്യെഴുത്തു മാസികയുടെ അണിയറ പ്രവർത്തകർ അക്കാലത്ത് പ്രവർത്തിച്ചിരുന്നതെന്ന് ഡോ .കെ കെ എൻ കുറുപ്പ് ഓർക്കുന്നു .
കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ ആദ്യത്തെ മുഖ്യമന്ത്രി സഖാവ് ഇ .എം .ശങ്കരൻ നമ്പൂതിരിപ്പാട് 1956 ൽ ഉദ്ഘാടനം ചെയ്‌ത നവോദയ വായനശാലയുടെ ഒന്നാം വാർഷികോത്സവം കല്ലാമലക്കാരുടെ മാത്രമല്ല ചോമ്പാൽ പ്രദേശത്തിൻ്റെ തന്നെ അഭിമാന നിമിഷം കൂടിയായിരുന്നുവെന്ന് കുറുപ്പുസാർ ഇപ്പോഴും സ്‌മരിക്കുന്നു .
മുഖ്യമന്ത്രിപഥമേറ്റെടുക്കാൻ നീലേശ്വരത്തുനിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രാമധ്യേയാണ് ഇ എം എസ്സ് നവോദയം വായനശാലയുടെ ഒന്നാം വാർഷികാഘോഷപരിപാടിയുടെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചിരുന്നത്.
മുഖ്യമന്ത്രി എന്നനിലയിൽ ഇ എം എസ്സിൻറെ ആദ്യത്തെ ഉത്‌ഘാടനവും ചിറയിൽ പീടികയിലാണ് നടന്നത് .
യുവ എഴുത്തുകാരൻ കല്ലാകോവിലകത്ത് നാരായണൻ രചിച്ച 'പ്രവാഹ ഗീതം 'എന്ന പുസ്തകത്തിൻറെ പ്രകാശന കർമ്മം നിർവഹിച്ചത് നവോദയ വായനശാലയിലെ പ്രവർത്തകരും കൂട്ടായ്മയും തന്നെ ..പിൽക്കാലങ്ങളിൽ ലോകം അറിയപ്പെട്ട ഡോക്ടർ കെ കെ എൻ കുറുപ്പിൻ്റെ എഴുത്തുപുരയിൽ നിന്നും പിറന്നുവീണ കടിഞ്ഞൂൽ കനിയും 'പ്രവാഹഗീതം ' എന്ന കൃതി തന്നെ .
1960 ലായിരുന്നു ഈ പുസ്തക പ്രകാശന കർമ്മം നടന്നത്.
ആഴ്ച്ച ഫണ്ട് നടത്തിയും ഉദാരമതികളിൽ നിന്നും ലഭിച്ച സംഭാവനകളിലൂടെയും പുസ്തകം വിറ്റുകിട്ടിയ തുകകൊണ്ടും നവോദയ വായനശാലക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിനാവശ്യാമായ 4 സെൻറ് സ്ഥലം തൊട്ടടുത്തുതന്നെ കണ്ടെത്തുകയുണ്ടായി .
അക്കാലങ്ങളിൽ ചോമ്പാലയിലെ പ്രധാനിയായ എ .ടി. ചാരൻ എന്നവരുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം 1965 ഒക്ടോബർ 6 ന് വായനശാല കെട്ടിട നിർണമ്മാണകമ്മറ്റിക്ക് സ്വന്തമായി .
1988 ൽ അന്നത്തെ അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ജനാബ്. പുത്തലത്ത് മമ്മുഹാജി വായനശാല കെട്ടിടത്തിനായി ശിലാസ്ഥാപനം നടത്തി .
1995 ൽ വായനശാല പുതിയ കെട്ടിടത്തിലേക്ക് .
ഉദ്ഘാടനം അന്നത്തെ കേരള നിയമ സഭാസ്പീക്കർ എം .വിജയകുമാർ .
റഫറൽ ലൈബ്രറിയുടെ ഉദ്‌ഘാടനം കേരളഗ്രന്ഥശാല സെക്രട്ടറി ഐ .വി .ദാസ് .
നിയമ സഭാസ്പീക്കർ എം .വിജയകുമാറിനെ കോഴിക്കോട് സർവ്വകലാശാല അദ്ധ്യാപകനായ കെ കെ എൻ കുറുപ്പ് സാർ ആദ്യമായി മുഖാമുഖം കാണുന്നതും ഇതേ ഉദ്ഘാടനവേദിയിൽ വെച്ചുതന്നെ .
മുക്കാളിയിലെ കാനവയലിൽ കണാരേട്ടൻ്റെ സൈക്കിൾ കടയിൽനിന്നും സൈക്കിൾ വാടകക്കെടുത്ത്
ആഴ്ചയിൽ രണ്ടും മൂന്നും തവണ ചിറയിൽ പീടികയിലെ നവോദയ വായനശാലയിൽ പുസ്തകമെടുക്കാൻ പോയ ഒരു കുട്ടിക്കാലത്തിൻ്റെ നല്ല ഓർമ്മകൾ എൻറെ മനസ്സിലിപ്പോഴുമുണ്ട്.
ഏകദേശം 65 വർഷങ്ങൾക്ക് മുൻപ് ടി .പി .കണാരേട്ടന് ചായക്കടയോട് ചേർന്നാണ് വായനശാല അന്ന് പ്രവർത്തിച്ചത് .
ചായക്കച്ചവടവും വായനശാലയുടെ നടത്തിപ്പും കുറ്റമറ്റ നിലയിൽ സദാ പ്രസന്നവദനനായ ടി പി കണാരൻ നിർവ്വഹിച്ചു .
ഒരണ കൊടുത്താൽ ഒരു ചായകിട്ടും .അതിലും കുറഞ്ഞ തുകയ്ക്ക് പലാപ്പം എന്ന ചതുരത്തിലുള്ള നാടൻ ബിസ്ക്കറ്റും .
നിരപ്പലകയിലിരുന്നാവും പലരും ചായ കുടിക്കുക '.
കമ്മ്യൂണിസം നാട്ടിൽ വേരുറച്ചു കൊണ്ടു വരുന്ന സമയം .കണാരേട്ടനാവട്ടെ തികഞ്ഞ കമ്യൂണിസ്റ്റും ആദ്യമായി കണാരേട്ടൻ നവോദയ വായനശാലയിൽ നിന്നും എനിക്കെടുത്തുതന്ന പുസ്തകത്തിൻറെ പേര് 'ഇങ്കുലാബിൻ മക്കൾ ' എന്നോ മറ്റോ ആയിരുന്നു .
ബർമ്മയിൽ അഭയാർത്ഥിയായി റംഗൂണിൽ നിന്നും ഏറെ കൊല്ലങ്ങൾക്കു മുമ്പേ നാട്ടിലെത്തിയ ആർ കെ കുറുപ്പ് എന്നൊരാൾ താമസം കല്ലാമലയിൽ .
യുവാവായ കെ കെ എൻ കുറുപ്പുമായി അദ്ദേഹത്തിന് നല്ല സൗഹൃദം. രണ്ടുപേരും നിരന്തര സമ്പർക്കത്തിൽ .ബന്ധുക്കൾ .ഇടക്ക് രണ്ടുപേരും പുഴനീന്തിക്കടക്കുന്നതും അക്കാലത്തെ പതിവ് കാഴ്ച്ച .
ആദ്യമായി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന മഹദ്ഗ്രന്ഥം പാരായണം ചെയ്യുന്നതിനായി കെ കെ എൻ കുറുപ്പിന് അവസരമൊരുക്കിയത് ആർ കെ കുറുപ്പ്.
കെ കെ എൻ കുറുപ്പ് എന്ന യുവാവിൽ കമ്മ്യൂണിസവുമായുള്ള ആത്മ ബന്ധം തുടങ്ങുന്നതും ആർ കെ കുറുപ്പിലൂടെ .
ചോമ്പാലയിൽ ആദ്യമായി ഹിന്ദു ഇംഗ്ളീഷ് ദിനപത്രം വരുത്തിയിരുന്നതും ആർ കെ കുറുപ്പിന് വേണ്ടിത്തന്നെ.
'സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ ,സംഘടിച്ച് സംഘടിച്ച് ശക്തരാകുവിൻ '- വിപ്ലവകരമായ സാമൂഹ്യ മാറ്റത്തിനായുള്ള ശംഖൊലിയായിരുന്നു ആ ഗ്രന്ഥത്തിലുടനീളമെന്ന് കെ കെ എൻ കുറുപ്പ് സമ്മതിക്കുന്നു .'
മാർക്സും എംഗൽസും ചേർന്ന് ജർമ്മൻ ഭാഷയിൽ എഴുതിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഒട്ടുമുക്കാൽ ഭാഷകളിലും തർജുമ ചെയ്തിട്ടുണ്ട് .
ചരിത്രത്തിൻറെ ഗതി മാറ്റത്തെ തിരുത്തിക്കുറിക്കുന്നതിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഗ്രന്ഥമാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നും കെ കെ എൻ കുറുപ്പ് സാർ പറഞ്ഞു .
പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച നിരവധി പുസ്തകങ്ങൾ നവോദയം വായനശാലയിൽ ഉണ്ടായിരുന്നു .
പഴയകാലത്ത് മികവിൽ മികച്ച പ്രിൻറിംഗ് രീതിയിലായിരുന്നു മിനുത്ത കട്ടിക്കടലാസിൽ 'സോവിയറ്റ് നാട് 'എന്ന പ്രസിദ്ധീകരണം ലഭിച്ചിരുന്നത് .
നിസ്സാരമായ തുക വരിസംഖ്യ നൽകിയാൽ തപാലിൽ വരുമായിരുന്നു ഈ മാസിക .
നാദാപുരം കല്ലാച്ചി ആ ഭാഗങ്ങളിൽ എവിടെയോ ഉള്ള വിശ്വൻ എന്നൊരാളായിരുന്നു സോവിയറ്റ് നാടിൻറെ അക്കാലത്തെ പ്രചാരകനും പ്രവർത്തകനും.
ഫുൾകൈ ഷർട്ട് ധരിച്ച് കഫ്‌ബട്ടനിട്ട പരിഷ്കാരിയായ , സരസമായി സംസാരിക്കുന്ന സുമുഖനായ വിശ്വൻ ആ കാലത്ത് പലർക്കും പ്രിയങ്കരനായിരുന്നു .
എൻറെ അച്ഛൻ ചോയി വൈദ്യരുടെ ആയുർവ്വേദ ഷോപ്പിലെ ബെഞ്ചിൽ പലപ്പോഴും വിശ്വൻ എന്ന ആൾ വന്നിരിക്കുമായിരുന്നു .
അദ്ധേഹം ഏറെനേരം അച്ഛനുമായി സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് .
സോവിയറ്റ് നാടിൻറെ കുറെ പഴയ പ്രതികൾ കുട്ടിയായ എനിക്ക് സൗജന്യമായി അദ്ദേഹം തന്നതും ഞാൻ മറന്നിട്ടില്ല .
പിന്നീട് ഞാൻ അതിൻറെ പേജുകൾ ഇളക്കിയെടുത്താണ് പാഠപുസ്തകങ്ങൾ പൊതിഞ്ഞത് .
എന്നെപ്പോലെ പലരും അക്കാലങ്ങളിൽ പുസ്തകം പൊതിയാൻ സോവിയറ്റ് നാട് മാസിക തപാലിലെത്തുന്നതും നോക്കി നിന്നിരുന്നു .
ചരിത്ര ഗവേഷകനും എഴുത്തുകാരനും കോഴിക്കോട് യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായ ഡോക്ടർ കെ കെ എൻ കുറുപ്പിൻ്റെ ഇളം പ്രായത്തിൽ മനസ്സിൽ കമ്യൂണിസത്തിന് വിത്തെറിഞ്ഞ് മുളപ്പിച്ചതിൽ വിശ്വൻ എന്ന വ്യക്തിക്കുള്ള ഉള്ള പങ്കും ഏറെ വലുതായിരുന്നുവെന്ന് അർത്ഥശങ്കകിടയില്ലാതെ ഡോ .കെ .കെ എൻ കുറുപ്പ് എന്ന വലിയ മനുഷ്യൻ തുറന്നു സമ്മതിക്കുന്നു .
അതും അഭിമാനപൂർവ്വം .ആവേശപൂർവ്വം.
അതുപോലെ കുട്ടി കാലങ്ങളിൽ സ്കൂളിൽ പോകാൻ അങ്ങേയറ്റം മടിയുള്ള നാരായണൻ എന്ന തന്നെ ഇ എം നാണു മാസ്റ്റർ കല്ലാക്കോവിലകത്തെ വീട്ടിൽ വന്ന് തൂക്കിയെടുത്ത് കല്ലാമല സ്കൂളിൽ കൊണ്ടുപോയിരുന്ന പതിവില്ലായിരുന്നു വെങ്കിൽ ഞാനൊരിക്കലും ഈ നിലയിലെത്തുമായിരുന്നില്ല എന്ന് കൃതജ്ഞതാ നിർഭരമായ മനസ്സോടെ അടിവരയിട്ട നിലയിൽ ഡോക്ടർ കെ കെ എൻ കുറുപ്പ് സമ്മതിക്കുന്നു .
ഗുരുതുല്യനായ നാണുമാസ്റ്ററെ ആദരവോടെ അദ്ദേഹം ഇപ്പോഴും സ്മരിക്കുന്നു.
ഇ എം നാണു മാസ്റ്റർ കല്ലാമല യു പി സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ എന്നതിലുപരി പ്രദേശത്തെ രാഷ്ട്രീയ -സാമൂഹ്യ- സാംസ്ക്കാരിക വേദികളിലെല്ലാം നിറസാന്നിധ്യമായിരുന്നു സദാ ഊർജ്വസ്വലനായ ഇ .എം.നാണു മാസ്റ്റർ .
തച്ചോളിക്കളി ,കോൽക്കളി പൂരക്കളി തുടങ്ങിയ പ്രാചീന കലാരൂപങ്ങളിലും നാടക കലാകാരന്മാരുടെ കൂട്ടായ്മയിലും നാണുമാസ്റ്റർ സജീവ സാന്നിധ്യമുറപ്പാക്കിയിരുന്നു .
സി പി ഐ എം മുൻ ഒഞ്ചിയം ഏരിയ സെക്രട്ടറിയും വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന പരേതൻ ഇ എം ദയാനന്ദൻ നാണുമാസ്റ്റരുടെ മകനാണ് .
കെ കെ എൻ കുറുപ്പ് പോയ കാലങ്ങളിൽ തൃക്കരിപ്പൂരിൽ പട്ടേലരായി ജോലി നോക്കി കൊണ്ടിരിക്കുന്ന കാലം
തെക്കേ തൃക്കരിപ്പൂരിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ഒരു വനിതാസഹകരണ ബാങ്ക് അദ്ദേഹത്തിൻ്റെ കുറുപ്പിൻ്റെ ശ്രദ്ധയിൽപ്പെട്ടു .
ഇതുപോലെ ഒരു വനിതാ സഹകരണ ബാങ്ക് എന്തുകൊണ്ട് സ്വന്തം ഗ്രാമത്തിൽ കുഞ്ഞിപ്പള്ളിക്കടുത്ത് സ്ഥാപിച്ചുകൂടാ ?.
പുതിയ ആശയം ,പുതിയ ആഗ്രഹം കെ കെ എൻകുറുപ്പിൻ്റെ മനസ്സിൽ മുളപൊട്ടി .
തൻറെ മനസ്സിൽ ഉദയം ചെയ്ത നവീന ആശയം അദ്ദേഹം ആദ്യം പങ്കുവെച്ചത് കോ-ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റിൽ ഇൻസ്പെക്ടറായ കോവുക്കൽ ഗോപാലകൃഷ്ണക്കുറുപ്പ് എന്ന വ്യക്തിയുമായി .
ഗോപാലകൃഷ്ണക്കുറുപ്പുമായി നടത്തിയ നിരന്തര ചർച്ചയുടെയും പ്രവർത്തനത്തിൻ്റെയും പരിണിതഫലമാണ് കുഞ്ഞിപ്പള്ളിയിൽ ഇന്ന് കാണുന്ന അഴിയൂർ വനിതാ സഹകരണ ബാങ്ക് .
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അക്കാലത്തെ സജീവ പ്രവർത്തകനും സുഹൃത്തുമായ ചോമ്പാൽ സ്വദേശി ഗംഗാധരക്കുറുപ്പുമായാണ് പിന്നീട് വിഷയം ഈ ആശയം കൈമാറിയത് .
വണ്ണത്താൻ വീട്ടിൽ ഗംഗാധരക്കുറുപ്പിന്റെ മകൻ ഷാജി സെക്രട്ടറി ആയുള്ള കുഞ്ഞിപ്പള്ളിയിൽ ഇന്ന് കാണുന്ന വനിതാ സഹകരണ ബാങ്കിൻറെ പിറവിയുടെ കഥ ഇങ്ങനെ.
147 മെമ്പർമാരും അരലക്ഷം രുപയുടെ ഓഹരിമൂലധനവുമായി പ്രവർത്തനമാരംഭിച്ച സഹകരണസംഘം പത്തുവർഷങ്ങൾക്കുള്ളിൽ 687 മെമ്പർമാരും 861410 രൂപ ഓഹരിമൂലധനവുമായി വളന്നുയർന്നത് പഴയകഥ .ഇന്ന് കേരളത്തിലെ വനിതാസഹകരണസംഘങ്ങളുടെ ഒന്നാം സ്ഥാനത്തെത്തി നിൽക്കുന്നു കുഞ്ഞിപ്പള്ളിയിലെ അഴിയൂർ വനിതാ സഹകരണ സംഘം .
ബാങ്കിൻറെ വളർച്ചയിൽ നാട്ടുകാരനും വന്ദ്യവയോധികനായ ഡോ .കെ കെ എൻ കുറുപ്പ് അതീവ സന്തോഷവാൻ .
ഡോ .കെ .കെ .എൻ കുറുപ്പ് ;
കരിമേഘങ്ങൾക്ക് മറയ്ക്കാനാവാത്ത ധ്രുവ നക്ഷത്രം
:ദിവാകരൻ ചോമ്പാല
കടപ്പാട് : മാതൃഭുമി
https://www.mathrubhumi.com/news/news-plus/kkn-kurup-navodaya-library-kerala-1.10261156
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group