നാരായണ ഗുരുവും
പരിസ്ഥിതിയും
: സത്യൻ മാടാക്കര
'' നാമും ഈ മരവുമായി ഒരു ഭേദവുമില്ല, അതുപോലെ മറ്റുള്ളവയും. ഈ വക കളിലെല്ലാം നിറഞ്ഞു നില്കുന്നത് നാം തന്നെ; അവ നമ്മളിലും."
സൗകര്യം കിട്ടുമ്പോൾ മരങ്ങൾ വെച്ചു പിടിപ്പിക്കണം, തണലുമായി, പഴവുമായി ."
ആത്മീയതയുടെ പ്രബുദ്ധത ഏറ്റുവാങ്ങിയ എല്ലാ അന്വേഷികളുടെയും അവധൂത ജീവിതത്തിൽ പരിസ്ഥിതിയോട് അങ്ങേയറ്റം ആഭിമുഖ്യം നിറഞ്ഞ ജീവിത ദർശനം നിറഞ്ഞതായി കാണാം. ആശ്രമങ്ങളിലല്ല,ഗുഹകളിലും കുന്നുമ്പുറങ്ങളിലും ആളൊഴിഞ്ഞ വനപ്രദേശത്തും അവർ ഏകാന്ത തപസ്സിൽ ലയിച്ചു.
ശ്രീബുദ്ധൻ, മഹാവീരൻ, ശ്രീരാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ, രമണ മഹർഷി, അരവിന്ദൻ, ജിദ്ദു കൃഷ്ണമൂർത്തി, ദയാനന്ദ സരസ്വതി, ഓഷോ, നാരായണ ഗുരു എന്നിവരിലൊക്കെ ഈ ജീവിതാംശം കാണാം. ഹിന്ദു മതത്തിൽ മാത്രമല്ല മറ്റു മതങ്ങളിലും ജീവിച്ച മഹാന്മാരിലും ഇത്തരം അവസ്ഥ കണ്ടെത്താനാവും.
ശ്രീനാരായണ ഗുരുവിന്റെ ജീവിത യാത്രയിൽ ആവാസം പങ്കിട്ടവലിയൊരു ജീവിതചര്യയാണ് ആദ്യകാല ജീവിതത്തിലുള്ളത്.
ഗുരുവിന്റെ ജീവിതത്തിൽ മരുത്വാമല എന്ന കന്യാകുമാരി ജില്ലയിലെ കുന്നിലെ ഗുഹയിൽ അനുഷ്ഠിച്ച തപസ്സും, കാട്ടുചെടികൾ ഭക്ഷിച്ചും അരുവിയിലെ വെള്ളം ഗ്നിഗ്നിനിക്ക് ഗ്നികുടിച്ചും കഴിഞ്ഞ ധ്യാന നാളുകളും നമുക്കറിയാം. അതേ പോലെ കേരളീയ ജാതി സമൂഹത്തിൽ വിപ്ലവാഗ്നിക്ക് തുടക്കം കുറിച്ച അരുവിപ്പുറം ശിവപ്രതിഷ്ഠ,ആ സ്ഥലവും നെയ്യാറിന്റെ തീരത്തുള്ള ചെറിയൊരു ഗ്രാമമാണ്.
പ്രകൃതി സൗന്ദര്യ വിശാലത നിറഞ്ഞ പ്രദേശം. ഈ ജീവിതത്തിനു ശേഷമുള്ള സാമൂഹ്യ ഇടപെടലിൽ നിന്നാണ് നിരവധി സന്ദേശങ്ങളും വിളംബരങ്ങളും കവിതകളും നാരായണ ഗുരു കേരള ജനതയ്ക്ക് നല്കിയത്.. ഓരോ സന്ദർഭകളിലും പറഞ്ഞു കൊടുത്ത സന്ദേശങ്ങൾ ഇന്നും നിലനില്ക്കുന്നുവെന്നതാണ് ഗുരുവിന്റെ കാലിക പ്രസക്തി. കവിതകൾമിസ്റ്റിസിസം, യോഗാത്മക ഭാഷ കൊണ്ട് സമ്പന്നമാണ്. അത് വ്യാഖ്യാനത്തിലൂടെ മനസ്സിലാക്കേണ്ടതുണ്ട്.
സംസ്കാരം പ്രകൃതിയുടെ അടുപ്പത്തിലൂടെയേ വളരൂ എന്ന ബോധ്യം ഗുരുവിന് ഉണ്ടായിരുന്നു. പ്രകൃതിയെ നന്നായി സ്വാധീനിച്ച ശൈവ ഗുരുക്കന്മാർ ഗുരുവിന് ഏറെ പ്രിയപ്പെട്ട ആചാര്യന്മാരായിരുന്നു. ശൈവസിദ്ധാന്തത്തിലെ ആചാര്യരെല്ലാം പ്രകൃത്യുപാസകരാണ്. സൃഷ്ടിയുടെ ധ്വനി നൽകുന്ന ശിവ പ്രതീകമാണ് ലിംഗ പൂജ സിന്ധു നദീതട സംസ്ക്കാരത്തിലും ലിംഗ പൂജ ഉണ്ടായിരുന്നു.
അവർ ആദി ശിവ ഭക്തരായിരുന്നു. ഗുരു വരുൾ എന്ന പുസ്തകത്തിൽ നടരാജ ഗുരു ഇങ്ങനെഎഴുതി..
' 1890-നോട് അടുത്ത കാലത്തു മരുത്വാമലയിലെ ഗുഹകളെ ഒരു താപസൻ തന്റെ സങ്കേതമാക്കിയിരുന്നു.
തൊട്ടടുത്തുള്ള കന്യാകുമാരിയിൽ, ഭാരതാംബയുടെ പാദാഗ്രത്തിലുമുണ്ടൊരു വലിയ പാറ . മൂന്നു മഹാ സമുദ്രങ്ങൾ നിരന്തരം തഴുകിക്കൊണ്ടിരിക്കുന്ന നാനാവർണ്ണാങ്കിതമായ മണലിന്മേൽ തലയുയർത്തി നില്ക്കുന്ന ഈ കരിമ്പാറയിൽ ചെന്നിരുന്നാണ് വിവേകാനന്ദ സ്വാമി കന്യാകുമാരി ദേവിയെ ധ്യാനിച്ചത്.
ഈ ദേവിയെയാണ് ചരിത്രാതീത കാല ജനത ലോക മാതാവായി കരുതി പൂജിച്ചിരുന്നത്. അതിനടുത്തു മരുത്വാമലയിലെ ഗുഹാന്തരങ്ങളും ചുറ്റുമുള്ള താമരപ്പൊയ്കകളും കിഴക്കുനിന്നും പടിഞ്ഞാറു നിന്നും മാറി മാറി തടസ്സമില്ലാതെ വീശിക്കൊണ്ടിരിക്കുന്ന ശുദ്ധമായ കടൽക്കാറ്റും നാരായണ ഗുരുവിൽ വാസനാ രൂപത്തിൽ മങ്ങിക്കിടന്ന ജ്ഞാന രത്നത്തിനു ഭാവനയും രൂപവുംകൈവരാൻ സഹായിച്ചു. ഗുരുവിന്റെ വ്യക്തിത്വം ഇവിടെ വെച്ചു പരിപക്വമായി. അങ്ങനെ അവിടുന്നു പൂർണ്ണപ്രജ്ഞനായൊരു ഗുരുവായി മാറി."
ഭൂമിയെക്കുറിച്ചുള്ള പഠനമാണ് ഇക്കോളജി എന്ന് പാഠപുസ്തകത്തിൽ നിന്നു പഠിച്ചല്ല ഗുരു പ്രകൃതി ഉപാസകനായത്.
ഗുരു നോക്കിക്കണ്ട പ്രകൃതി പരിസ്ഥിതി ദർശനങ്ങളുടെ അടിസ്ഥാന ചിന്തയുമായി ചേർത്തു വെയ്ക്കുമ്പോൾ പഠിക്കാനേറെയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, പ്രകൃതി നാശം, കുടിവെള്ളമില്ലായ്മ വ്യത്യസ്ത വൈറസ് രോഗങ്ങൾ പെരുകുന്ന പുതുനാഗരികതയിലും ഗുരുവിന്റെ പരിസ്ഥിതി കാഴ്ചപ്പാട് കാലാതീതമായ ആവാസ സത്യദർശനം ആകുന്നു. മനുഷ്യരും സകല ജീവജാലങ്ങളും നിറഞ്ഞ സമസ്ത പ്രപഞ്ചം ഒരൊറ്റ പരമമായ സത്യത്തിൽ നിന്ന് ഉരുവം കൊള്ളുന്ന തെന്നായിരുന്നു ഗുരുവിന്റെ കാഴ്ചപ്പാട്.
പരിസ്ഥിതിയെ സ്നേഹിച്ച് മലമുകളിൽ ആശ്രമം പണിത് ( രമണാശ്രമം) സന്ന്യാസജീവിതം നയിച്ച രമണ മഹർഷിയെ ഗുരു സന്ദർശിച്ച സന്ദർഭം 'രമണ മഹർഷി ' എന്ന ശീർഷകത്തിൽ സരസ്വതി എസ്. വാര്യർ എഴുതിയ പുസ്തകത്തിൽ ഇങ്ങനെ വിശദീകരിക്കുന്നു.
" ഒരിക്കൽ നാരായണ ഗുരു കാഞ്ചീപുരത്തിൽ വന്നപ്പോൾ ഗോവിന്ദനാനന്ദഗിരി തിരുവണ്ണാമലയിലെ രമണ മഹർഷിയെ ദർശിക്കേണ്ടതാണ് എന്നു പറഞ്ഞു. ഒരതിശയം പോലെ ശ്രീനാരായണഗുരു ഇതിന് സമ്മതിക്കയും ചെയ്തു.
രാവിലെ പത്തു മണിക്ക് ശ്രീനാരായണ ഗുരുവും ശിഷ്യരും സ്കന്ദാശ്രമത്തിലെത്തി. ഭഗവാൻ അവിടെത്തന്നെ വരാന്തയിൽ ഇരിക്കുന്നുണ്ട്. പുറത്തു നിന്നുകൊണ്ട് നാരായണ ഗുരു ഭഗവാനെ വളരെ നേരം സൂക്ഷിച്ചു നോക്കി.
ശിഷ്യരൊക്കെ അകത്തു ചെന്ന് ഭഗവാനെ ദർശിച്ചു. നാരായണ ഗുരു മൗനമായി നിന്നു. അവിടെ നടക്കുന്നവയും ഭഗവാനെയും സൂക്ഷിച്ചു നോക്കി നിന്നു.
കുട്ടികളും മുതിർന്നവരും അവിടെ വന്നുകൊണ്ടേയിരുന്നു. മുതിർന്നവരൊക്കെ കുറച്ചുനേരം ഭഗവാന്റെ സന്നിധിയിലിരുന്ന ശേഷം ഒന്നും മിണ്ടാതെ തിരിച്ചു പോവും.
ഭഗവാൻ ആരെയും ശ്രദ്ധിക്കാതെ മൗനം പാലിച്ചിരിക്കുകയാണ്. വരുന്നവരോടൊന്നും ഭഗവാൻ 'ആരാണ്?
എവിടെ നിന്നാണ് വരുന്നത് ? എന്നൊന്നും ചോദിക്കുന്നില്ല. അതേസമയം ഭഗവാനിൽ നിന്നും പ്രസരിച്ചു കൊണ്ടിരുന്ന ആനന്ദാനുഭവം എല്ലാവരും മതിവരുവോളം ആസ്വദിച്ചു കൊണ്ടിരുന്നു.
ഇതൊക്കെ നാരായണഗുരുവിനെ വളരെയേറെ ആകർഷിച്ചു. കുറച്ചുനേരം കഴിഞ്ഞ് ചുനൈക്കടുത്തുള്ള മാവിൻ ചുവട്ടിൽ നാരായണ ഗുരു വിശ്രമിച്ചു. അദ്ദേഹം സാത്ത്വിക ഭക്ഷണം ഒറ്റയ്ക്കിരുന്നാണ് കഴിക്കുക. ശിഷ്യർ അദ്ദേഹത്തിനു വേണ്ടി പ്രത്യേകമായി ഭക്ഷണം പാകം ചെയ്യും. അവർ അതും കൊണ്ട് സ്കന്ദാശ്രമത്തിലെത്തിയിരുന്നു.
ഭോജന സമയത്ത് ഭഗവാൻ നാരായണ ഗുരുവിനെ വിളിക്കുവാൻ പറഞ്ഞു. ശിഷ്യർ പറഞ്ഞു. 'അവിടുന്നു തന്നെ വിളിക്കണം' എന്ന് . ഭഗവാൻ പുറത്തു വന്നു ചോദിച്ചു.
മലയാളത്തിലാണ് ചോദിച്ചത്. 'എന്താ ? ഞങ്ങളോടൊപ്പം ഊണു കഴിച്ച കൂടോ ' എന്ന്.' ആവാം ' എന്നു പറഞ്ഞ് ഗുരുവും ഭഗവാന്റെ അടുത്തു വന്നിരുന്നു.' താങ്കൾക്കു വേണ്ടി ഉണ്ടാക്കിയ പ്രത്യേക ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട്. അതിനാൽ ഇനി എല്ലാവർക്കും ഉണ്ണാം ." എന്നു ഭഗവാൻ പറഞ്ഞു. ഉച്ച ഭക്ഷണത്തിനു ശേഷം പതിവു പോലെ മലമുകളിൽ ഉലാത്തുവാൻ പോയി. നാരായണ ഗുരു മാവിൻ ചുവട്ടിൽ തന്ന ചെന്നിരുന്നു. "
അധ:കൃത സമൂഹത്തിന്റെ ഉന്നമനത്തിനായി ഗുരു പ്രവർത്തിക്കാൻ തുടങ്ങിയപ്പൊഴും കൃഷിയെക്കുറിച്ചും വൃത്തിയായി നടക്കേണ്ടതിനെ പ്പറ്റിയും നിരന്തരമായി പറഞ്ഞിരുന്നു.
അമ്പലങ്ങളിൽ പ്രതിഷ്ഠ നടത്തിയപ്പോഴും അതിനോടൊപ്പം ആളുകൾക്ക് വിശ്രമിക്കാനുള്ള സ്ഥലവും പൂന്തോട്ടവും വായിക്കാൻലൈബ്രറിയും വേണമെന്ന് പറഞ്ഞു.പ സന്ന്യാസ ജീവിതത്തിനൊപ്പം തന്നെ മാറ്റം മനസ്സിലാക്കി പ്രവർത്തിക്കാനും ജീവിതത്തിന് വെളിച്ചം നല്കാനും ഗുരുവിന് കഴിഞ്ഞു.
പുത്തൻ തലമുറയോട് പരിസ്ഥിതിയെക്കുറിച്ച് ഗുരു നടത്തിയ സംവാദം (1921 ആലുവ അദ്വൈതാശ്രമം) പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നു.
". ഒടുങ്ങാത്ത ആവശ്യങ്ങൾ മനുഷ്യർക്കല്ലാതെ വേറൊരു മൃഗത്തിനുമില്ല. അവൻ ഭൂമുഖത്തെല്ലാം സംഹാര താണ്ഡവം ചെയ്തു നടക്കുന്നു. പോകുന്നിടത്തെല്ലാം ശൂന്യതയുടെ കരിനിഴൽ പരത്തുന്നു. മരങ്ങളെല്ലാം വെട്ടി നശിപ്പിക്കുന്നു. പച്ച നിറഞ്ഞ ഭൂപ്രകൃതിയെ വികൃതമാക്കി ശൂന്യതയിലാഴ്ത്തുന്നു.
ഭൂമുഖം കൊണ്ടു മാത്രം അവൻ തൃപ്തനാകുന്നില്ല. ഭൂഗർഭത്തിലേക്കു തുരന്നു കയറി ഈ ഗോളത്തിന്റെ കെട്ടുറപ്പ് തകർത്തു കളയുന്നു.......
അവന്റെ ചെയ്തികളുടെദാരുണ ഫലം മനുഷ്യവർഗത്തെ മാത്രം ബാധിക്കുന്നതായിരുന്നെങ്കിൽ തരക്കേടില്ലായിരുന്നു. വനത്തിലെ വാനരർക്കും പക്ഷികൾക്കും മനുഷ്യർ കാരണം സ്വൈര തയില്ലാതായിരിക്കുന്നു.
മനുഷ്യർ തനിക്ക് വരുത്തി കൂട്ടുന്ന വംശനാശത്തിൽ മറ്റുള്ള ജീവികളെപ്പെടുത്താതെ നിശ്ശേഷം നശിച്ചു വെണ്ണീറായിപ്പോയിരുന്നെങ്കിൽ അതൊരു അനുഗ്രഹമായി കരുതാമായിരുന്നു.
അവർക്ക് അവരുടെ ജന്മാവകാശമായ ശാന്തി അനുഭവിക്കാമായിരുന്നുവല്ലോ.",
ആത്മീയതയിലൂന്നി ഭക്തിരസത്തോടെ ഗുരു എഴുതിയ അഞ്ചുമനോഹര പദ്യങ്ങളടങ്ങിയ കൃതിയാണ്' അർദ്ധനാരീശ്വരസ്തവം, ഗുരുദേവ കൃതികളുടെ സമ്പൂർണ്ണ വ്യാഖ്യാനമടങ്ങുന്ന പുസ്തകത്തിൽ ഈ പദ്യത്തെക്കുറിച്ച് കേരള സാഹിത്യ അക്കാദമി സ്കോളർ ആയിരുന്ന ശ്രീ ജി. പ്രിയദർശൻ നല്കിയ വിവരങ്ങൾ താഴെ ചേർക്കുന്നു.
1936 - ഡിസംബർ 6റാം തിയതിയിലെ കേരള കൗമുദിയിൽ കൃപാമൃതം എന്ന തലക്കെട്ടിൽ ശ്രീ.സി.വി. കുഞ്ഞുരാമനാണ് ഈ കൃതി ആദ്യമായി പ്രസിദ്ധം ചെയ്തത്.
1069-ൽ അരുവിപ്പുറത്തു വെച്ചാണ് സ്വാമികൾ ഇത് രചിച്ചതെന്ന് സി.വി. ഉറപ്പിച്ചു പറയുന്നു.
ഇതിന്റെ രചനയെപ്പറ്റിസി.വി. ഇങ്ങനെ വിവരിക്കുന്നു. അക്കാലത്ത് വർഷമില്ലായ്കയാൽ സ്ഥലത്തെ കൃഷികൾ മുഴുവൻ നശിച്ച് നെയ്യാറും വരണ്ട് ജനങ്ങൾക്ക് കുടിക്കാൻ പോലും ജലം കിട്ടായ്കയാൽ സ്ഥലത്തെ ചില മാന്യന്മാർ സ്വാമികളുടെ അടുക്കൽ ചെന്ന് സങ്കടം പറഞ്ഞു. അതു കേട്ടു ആർദ്രതയുണ്ടായിട്ട് സ്വാമി അല്പനേരം ചിന്താമഗ്നനായിരുന്നു.
അതിന് ശേഷം ഈ പദ്യങ്ങൾ ചൊല്ലിയെന്നും മഴയുണ്ടാകുമെന്ന് പറഞ്ഞ് അവരെ ആശ്വസപ്പെടുത്തി അയച്ചു എന്നും പറയുന്നു.
ഒന്നുരണ്ടു മണിക്കൂർ നേരം കഴിഞ്ഞപ്പോൾ ഭയങ്കരമായ ഒരു വർഷമുണ്ടായി. നെയ്യാർ കരകവിഞ്ഞ് ഒഴുകുക പോലും ചെയ്തുവത്രെ."
'അയ്യോയീ വെയിൽ കൊണ്ടു വെന്തുരുകി വാ - ടീടുന്നൂ നീയെന്നിയേ, കയ്യേ കീടുവതിന്നു കൺകിലൊരുവൻ
കാരുണ്യവാനാരഹോ!
പയ്യാർന്നീ ജനമാഴിയിൽ പതിവതി -
ന്മുന്നേ പരന്നൂഴിയിൽ
പെയ്യാറാകണേ ഘനാം ബൂ കൃപയാ
ഗംഗാ നദീ ധാമമേ !
(കഷ്ടം, ലോകം മുഴുവൻ വേനൽ നിമിത്തം ചുട്ടുരുകി നശിക്കുന്നു. അല്ലയോ ഭഗവൻ അങ്ങല്ലാതെ ഈ കഷ്ടസ്ഥിതിയിൽ സഹായിക്കാൻ കാരുണ്യമുള്ള ഒരാൾ വേറെയാരുണ്ട് ! ആഹാരം കാട്ടാതെ വിശന്നു ആളുകൾ മരിക്കാനിടവരുന്നതിനു മുമ്പ് അവിടുന്നു രക്ഷിക്കണം. ഭൂമിയിൽ സർവ്വത്ര പരന്ന മേഘജാലം വർഷിക്കുമാറാകണം. ഭഗവത് കൃപ കൊണ്ടേ അതു സാധ്യമാവൂ! അവിടുന്നു സദാ ഗംഗാ നദിയുടെ ആവാസസ്ഥാനമാണല്ലോ)
നാടും കാടുമൊരേ കണക്കിനു നശി -
ച്ചീടുന്നതും നെക്കിന -
ക്കീടും നീരുമൊഴിഞ്ഞു നാവുകൾ വര -
ണ്ടീടുന്നതും നിത്യവും
തേടും ഞങ്ങളുമുള്ളു നൊന്തു തിരിയും
പാടും പരീക്ഷിച്ചു നി-
ന്നീട്ടും നായകനെന്തു നന്മയരുളാ -
യ്വാനർദ്ധ നാരീശ്വരാ!
( നാടും കാടും ഒരുപോലെ വെയിലേറ്റുണങ്ങി കരിയുന്നു. വറ്റിയ ജലാശയങ്ങളിൽ നിന്നും നെക്കിയെടുത്തു നാവു നനയ്ക്കുന്ന വെള്ളവും കിട്ടാതായിരിക്കുന്നു.
അതു നിമിത്തം നാവുകൾ വരണ്ടു പോയിരിക്കുന്നു. ഞങ്ങളെന്നും അങ്ങയെ ഭജിക്കുന്നവരല്ലെ ? ഇന്നിതാ ഹൃദയം നൊന്തു പരിഭ്രമിക്കുന്നു. ഈ ദുരിതത്തിൽ ഞങ്ങളെ കണ്ണു തുറന്നു നോക്കി നിൽക്കുന്ന ഈശ്വരൻ നല്ലതു വരുത്താൻ താമസിക്കുന്നതെതിന് .? പ്രകൃതിയെ പൂർണമായി വശത്താക്കിയിട്ടുള്ള അർധനാരീശ്വരനാണല്ലോ അവിടുന്ന് .)
ഊട്ടിത്തീറ്റി വളർത്തു മുമ്പർ തടി നീ -
നാഥന്നുമിപ്പോളുയിർ -
കൂട്ടത്തോടൊരു കൂറുമില്ല, കഥയെന്ത -
യ്യോ! കുഴപ്പത്തിലായ്
നാട്ടിൽ കണ്ടതശേഷവും ബത! നശി -
ച്ചീടുന്നതും കണ്ടു നീ
മൂട്ടിൽ തന്നെയിരുന്നിടുന്നു, മുറയോ?
മൂളർദ്ധനാരീശ്വര!
( എല്ലാ സുഖങ്ങളും ആ ഹാരവും തന്നു രക്ഷിച്ചു വളർത്തുന്ന ഗംഗാപതിയായ ഭഗവാന് ഇപ്പോൾ ജീവജാലങ്ങളോട് ഒരു കാരുണ്യവുമില്ലെന്നായോ ! എന്തു പറയാൻ? കഷ്ടം!എല്ലാം കലങ്ങിമറിഞ്ഞിരിക്കുന്നു. അല്ലയോ ഭഗവൻ, അങ്ങ് നാട്ടിലുള്ള സകലതും നശിക്കുന്നതു കണ്ടു കണ്ട് ഇതിനെല്ലാം ആദികാരണമായി ഇങ്ങനെ വിളങ്ങുന്നു. കഷ്ടം! ഇതു ശരിയാണോ! ഭാര്യയ്ക്കു ദേഹം പകുതി നല്കിയ അല്ലയോ ഭഗവൻ അങ്ങെന്താണൊന്നും മിണ്ടാത്തത് ?ഏന്തെങ്കിലും ഒരാശ്വാസ വാക്കു പറയൂ .)
ദാരിദ്യം കടുതായി, ദഹിച്ചു തൃണവും
ദാരുക്കളും ദൈവമേ !
നീരില്ലാതെ നിറഞ്ഞു സങ്കട മഹോ!
നീയൊന്നുമോർത്തീലയോ !
ആരുള്ളിത്ര കൃപാമൃതം ചൊരിയുവാ
നെന്നോർത്തിരുന്നോരി ലീ -
ക്രൂരത്തീയിടുവാൻ തുനിഞ്ഞ തഴകോ?
കൂറർദ്ധനാരീശ്വര !
( ചോറും തൊഴിലുമില്ലാതെ എല്ലായിടത്തും ദാരിദ്ര്യം പെരുകുന്നു. എല്ലാറ്റിനും ഉടമയായ അല്ലയോ ഈശ്വര പുല്ലുകളും കരിഞ്ഞു ചാമ്പലായി. വെള്ളം കിട്ടാത്തതു കൊണ്ട് . സർവ്വത്ര സങ്കടമേ കാണാറുള്ളൂ. കഷ്ടം ഇതൊന്നും അങ്ങു കണ്ടില്ലെന്നുണ്ടോ? അങ്ങയെപ്പോലെ കാരുണ്യാമൃതം പൊഴിക്കുന്നവർ മറ്റാരുമില്ലെന്നായിരുന്നു ഞങ്ങളുടെ ധാരണ. അങ്ങനെയുള്ള ഈ ഭക്തന്മാരുടെ മേൽ വേനലാകുന്ന കൊടും തീ കോരിയിടാൻ അങ്ങേയ്ക്കു തോന്നിയതു ഭംഗിയോ! പകുതി പെൺ ദേഹം പൂണ്ടവനേ ഒന്നുമൊഴിയൂ .)
മുപ്പാരൊക്കെയിതാ മുടിഞ്ഞു മുടിയിൽ
ചൊല് പൊങ്ങുമപ്പും ധരി -
ച്ചെപ്പോഴും പരാത്മനിഷ്ടയിലിരു
ന്നീടുന്നു നീയെന്തഹോ! ഇപ്പാരിനിയാളുമിപ്പരിഷയി -
ന്നാരോടുരയ്ക്കുന്നു നിൻ
തൃപ്പാദത്തണലെന്നിയേതുണ നമു
ക്കർദ്ധനാരീശ്വരാ!
(മൂന്നു ലോകങ്ങളും വേനലേറ്റു ഇതാ ദഹിക്കുന്നു. അല്ലയോ ഭഗവൻ, അവിടുത്തെ പ്രസിദ്ധിപെറ്റ ഗംഗാജലം തലയിൽ ചുമന്നുകൊണ്ട് ബ്രഹ്മാനന്ദത്തിൽ ലയിച്ചിരിക്കുന്നു. എന്തിനാണിങ്ങനെ? ഈ ലോകത്തിനി ഉടമയാര് ? ദു:ഖിക്കുന്ന ഈ ലോകം ഇനി ആരോടു പരാതി പറയും! അല്ലയോ അർദ്ധനാരീശ്വര അങ്ങയുടെ കാലടികളുടെ തണലല്ലാതെ ഞങ്ങൾക്കു വേറെ രക്ഷയെന്ത്?)(വ്യാഖ്യാന കടപ്പാട്: ശ്രീനാരായണ ഗുരുദേവ കൃതികൾ സമ്പൂർണ്ണ വ്യാഖ്യാനം - പ്രൊഫ: ജി.ബാലകൃഷ്ണൻ നായർ)
ജീവജാലങ്ങളെല്ലാം ഒരേ ചൈതന്യത്തിന്റെ സൃഷ്ടിയാണെന്ന കാഴ്ചപ്പാട് ഇതിൽ തെളിയുന്നു. അതിനാൽ സർവ്വ ചരാചരങ്ങളോടും അനുകമ്പ, സ്നേഹം, സമത്വം വെച്ചുപുലർത്താൻ മാനവരാശിയോട് ഗുരു പറഞ്ഞു. അനുകമ്പാദശകത്തിൽ
ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനു കമ്പയും സദാ
കരുണാകരാ! നല്കുകുള്ളിൽ നിൻ
തിരുമെയ് വിട്ടകലാതെ ചിന്തയും
എന്നെഴുതിയപ്പോൾ മഴയില്ലാത്തതിനെക്കുറിച്ച് മറ്റൊരിടത്ത് ഇങ്ങനെ പ്രാർത്ഥിക്കുന്നു.
നീരില്ലായ്കിൽ പാരിലേതും
കാര്യമാർക്കും നടന്നിടാ
മാരിയില്ലായ്കിലപ്പോഴാ
നീരുമില്ലാതെയായിടും. ഇതാണ് പരിസ്ഥിതിയിലൂന്നി സമകാലികതയ്ക്ക് ഗുരു കാണിച്ചു തന്ന പ്രകൃതിപാഠം. അത് ഉൾകൊണ്ട് പെരുമാറാൻ കഴിയുമ്പോഴേ ശ്രീനാരായണ ധർമ്മം പങ്കുപറ്റുന്നവരായി മനുഷ്യർ മാറുന്നുള്ളൂ
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group