തൊട്ടതെല്ലാം പൊന്നാക്കിയ എം ടി
: അശോക് ശ്രീനിവാസ്
എം ടി രേഖപ്പെടുത്താതെ പോയ രണ്ടു സംഭവങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത്. അതിലൊന്നു അദ്ദേഹത്തിന്റെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ളതും മറ്റൊന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ളതുമാണ്.
ആദ്യഭാര്യ എഴുത്തുകാരിയും വിവര്‍ത്തകയുമായ പ്രമീളയുമായി അകന്നതിന്റെ യഥാര്‍ഥ സത്യം, അല്ലെങ്കില്‍ അതിലേക്ക് നയിച്ച കാരണങ്ങള്‍ എം ടി എവിടെയും രേഖപ്പെടുത്തിയതായി അറിവില്ല. രണ്ടാമത്തേത് മാതൃഭൂമിയുമായുളള അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധത്തിന്റെ ഉലച്ചിലും അദ്ദേഹം രേഖപ്പെടുത്തിയതായി കണ്ടിട്ടില്ല. കൃതാര്‍ഥതയോടെ മാതൃഭൂമിയില്‍ നിന്നു പിരിഞ്ഞു എന്നു പറയുന്നത് സത്യവിരുദ്ധമായ പ്രസ്താവനയാണ്. ഔപചാരികമായ ഒരു ചരമക്കുറിപ്പിന്റെ ഭാഗമായി മാത്രം അതിനെ കണ്ടാല്‍ മതി. അതിനപ്പുറം മാനങ്ങളുള്ള ഒന്നാണത്. .അതിപ്പോള്‍ ചികഞ്ഞു പുറത്തിടേണ്ടതുമല്ല. പക്ഷേ , എം.ടി യെക്കുറിച്ചും മാതൃഭൂമിയെക്കുറിച്ചുമാകുമ്പോള്‍ അതങ്ങിനെ ഒഴിവാക്കാനുമാകില്ല.കാരണം മാതഭൂമിയും എം.ടിയും രണ്ടു പ്രസ്ഥാനങ്ങളാണ്. പരസ്പരപൂരിതമായ രണ്ടു പ്രസ്ഥാനങ്ങള്‍. അതിലെ അസ്വാരസ്യങ്ങള്‍ പോലും ചരിത്രത്തിന്റെ ഭാഗമായി വരുന്നതാണ്. ആരുടെ ഭാഗത്താണ് ശരി എന്നു കണ്ടുപിടിക്കേണ്ടതില്ല. എന്നാൽ , അതു രേഖപ്പെടുത്തേണ്ടതാണ് . അതില്‍ കുറ്റപ്പെടുത്തലോ ശരി - തെറ്റുകളോ ഇല്ല . ചരിത്രത്തിന്റ ഭാഗമാണത്. .അതിനെ ആര്‍ക്കും മായ്ച്ചു കളയാനുമാകില്ല. .ഒരു പക്ഷെ, കെ.ശ്രീകുമാര്‍ എഴുതി പൂര്‍ത്തിയാക്കി മാതൃഭൂമി പ്രസിദ്ധീകരിക്കുന്ന എം.ടി യുടെ ജീവചരിത്രത്തില്‍ അത് ഉണ്ടായേക്കാം. ഉണ്ടെങ്കില്‍ അത് മറ്റൊരു ചരിത്ര രേഖ കൂടിയാകും. പിൻകാലത്ത് മാതൃഭൂമി അദ്ദേഹത്തിന് അർഹിക്കുന്ന ആദരവ് നൽകിയിട്ടുണ്ടെന്നതും വിസ്മരിക്കാവുന്നതല്ല.
എം.ടിയുടെ വിടവാങ്ങല്‍ അപ്രതീക്ഷിതമൊന്നുമല്ല. ഒരു പുരുഷായുസ്സില്‍ ചെയ്തു തീര്‍ക്കാവുന്നതിന്റെ പരമാവധി അദ്ദേഹം
ഭാഷയ്ക്കും സാഹിത്യത്തിനും ചലച്ചിത്രത്തിനും നല്‍കിയിട്ടുണ്ട് . അതോടൊപ്പം സാംസ്‌കാരിക കേരളത്തിന് അദ്ദേഹത്തിന്റെ സാന്നിധ്യം നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. മരിക്കുന്നതിനു കുറച്ച് മാസങ്ങള്‍ക്കു മുമ്പ് ഒരു സാഹിത്യോത്സവത്തിൽ പങ്കെടുത്ത് നടത്തിയ പ്രസംഗവും കേരളം കാതോര്‍ത്ത് അതിനെ സ്വീകരിച്ചതും നാം കണ്ടതാണ്. അധികാരത്തിന്റെ ഒരു ശക്തിയും തനിക്ക് പ്രശ്‌നമല്ലെന്ന പ്രഖ്യാപനമായിരുന്നു അത്.
ആരാണ് എം.ടി ? മലയാളിയുടെ നാവിന്‍ തുമ്പത്ത് തത്തിക്കളിക്കുന്ന പേരാണത് . മറ്റൊരു എഴുത്തുകാരനും നല്‍കാത്ത സ്‌നേഹവായ്പ് മലയാളി അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട് . എം ടി അതിന് അര്‍ഹനാണെന്നതിനുള്ള തെളിവുകള്‍ മലയാളിക്ക് മുമ്പില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുമുണ്ട് . മനുഷ്യ ഹൃദയത്തോടാണ് എം.ടി.എന്നും സംവദിച്ചത് .അങ്ങിനെയാണ് അതി വിപുലമായ ഒരാസ്വാദകവൃന്ദം എം.ടി.ക്ക് ചുറ്റും രൂപപ്പെട്ടു വന്നത്. വ്യക്തിക്ക് അകത്തും പുറത്തുമുള്ള ജീവിതലോകങ്ങളുടെ ഏറ്റുമുട്ടലുകളില്‍ നിന്ന് പുതിയൊരു ലോകം അദ്ദേഹം സൃഷ്ടിച്ചെടുക്കുകയായിരുന്നു.
എം.ടിയുമായുള്ള എന്റെ അടുപ്പം ഏകദേശം മുപ്പത് വര്‍ഷത്തോളം നീണ്ടു നിന്നതാണ്്. അതിനര്‍ഥം അത്രയും വര്‍ഷം അദ്ദേഹവുമായി സജീവമായി അടുപ്പം പുലര്‍ത്തിയെന്നല്ല . തന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരു സഹപ്രവര്‍ത്തകന്‍ എന്ന പരിഗണനക്കപ്പുറം അദ്ദേഹം എന്നില്‍ സ്‌നേഹവാത്സല്യം ചൊരിഞ്ഞിരുന്നു.ഏത് ആള്‍ക്കുട്ടത്തിനിടയിലും എന്നെ കണ്ടാല്‍ അദ്ദേഹം അടുത്തേക്ക് വിളിക്കും. . വിശേഷം ചോദിക്കും. .അത് എന്തുകൊണ്ടായിരുന്നു എന്നനിക്കറിയില്ല. പത്രപ്രവര്‍ത്തകന്‍ എന്ന തലത്തിനപ്പുറം ഏതെങ്കിലും മേഖലയില്‍ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയുമല്ല ഞാന്‍. പക്ഷെ അദ്ദേഹം അതിലപ്പുറം പരിഗണന എന്നോട് കാണിച്ചിരുന്നു.
1989 ലാണ് എം.ടി രണ്ടാമതും മാതൃഭൂമിയിലെത്തുന്നത്. അപ്പോൾ ഞാന്‍ കോഴിക്കോട് ന്യൂസ് ഡസ്‌ക്കില്‍ സബ്ബ് എഡിറ്ററാണ്.1994 ല്‍ ഡസ്‌ക് ചീഫായിരുന്ന എ.സഹദേവന്‍ മാതൃഭൂമിയുടെ സിനിമാവാരികയായ ചിത്രഭൂമിയുടെ ചീഫായി നിയമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ താത്പര്യപ്രകാരമാണ് വൈകാതെ ഞാനും ചിത്രഭൂമിയിലെത്തുന്നത്. എല്ലാ തിങ്കളാഴ്ചയുമാണ് ചിത്രഭൂമി പുറത്തിറങ്ങുക. . അന്നാണ് ഞങ്ങള്‍ രണ്ടു പേരും എഡിറ്റർമാരായി എം.ടിയുടെ മുന്നിലെത്തുക. ഇറങ്ങിയ ചിത്രഭൂമിയെക്കുറിച്ചും അടുത്താഴ്ച ഇറക്കാനിരിക്കുന്ന പതിപ്പിനെക്കുറിച്ചും സംസാരിക്കും. അദ്ദേഹം എല്ലാം കേള്‍ക്കും,ചില അഭിപ്രായങ്ങള്‍ പറയും. അരമണിക്കൂറോളം നീളുന്ന കൂടിക്കാഴ്ച്ച . അത്രമാത്രം..വൈകാതെ സഹദേവേട്ടന്‍ മാതഭൂമി ആഴ്ച്ചപ്പതിപ്പിലേക്ക് മാറി. അതോടെ ചിത്രഭൂമിയുടെ ചുമതല എനിക്കായി. ഞാനും അതേ കീഴ് വഴക്കം തുടര്‍ന്നു. കുറച്ചു കാലം ഞാന്‍ ഒറ്റക്കായിരുന്നു. എന്റെ പരാതിയും പരിദേവനങ്ങളും കേട്ടു അവസാനം എനിക്ക് ഒരു സഹപ്രവര്‍ത്തകനെ തന്നു. തിരുവന്തപുരത്ത് ജേണലിസ്റ്റ് ട്രെയിനിയായിരുന്ന പി.എസ് ഷാഹിനെ. നിരന്തരം ഇടപെടുന്ന അനുഭവം എം ടിയിൽ നിന്നുണ്ടായിട്ടില്ല. വല്ല കാര്യങ്ങളും പറയാനുണ്ടെങ്കില്‍ വിളിപ്പിക്കും. നടന്‍ സുകുമാരന്‍ മരിച്ചപ്പോള്‍ അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു ,തന്റെ ഒരു കുറിപ്പു ഉണ്ടാകുമെന്ന് . കുറിപ്പ് കിട്ടി. പഴയ ഡയറിയില്‍ നിന്നോ മറ്റോ പറിച്ചെടുത്ത കടലാസ്സില്‍.
1999 ലാണ് എം.ടി.മാതൃഭൂമിയില്‍ നിന്നു പടിയിറങ്ങുന്നത്. സത്യത്തില്‍ പടിയിറങ്ങുക എന്നതിന്റെ പൂര്‍ണ്ണ അര്‍ഥത്തില്‍ തന്നെയായിരു്ന്നു ആ പടിയിറക്കം.
മാസമോ തീയതിയോ ഓര്‍മ്മയില്ല . ആഴ്ചപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന സഹദേവേട്ടന്‍ പെട്ടെന്ന് ഓടി വന്നു എന്നോട് പറഞ്ഞു. എം.ടി പോകുകയാണ്. വേഗം വരൂ എന്ന്. .ഞാനും അദ്ദേഹത്തിന്റെ പിറകെ പോയി .നേരെ എം.ടിയുടെ മുറിയിലേക്ക്. അപ്പോള്‍ അസ്വസ്ഥമായ മുഖഭാവത്തോടെ എം.ടി മുണ്ട് മുറു ക്കി ഉടുക്കുകയായിരുന്നു. കൂടെ രാധാകൃഷ്‌ണേട്ടനും..എം.ടിയുടെ സ്ഥിരം സഹചാരിയാണ് അറ്റന്‍ഡര്‍ ഒ. രാധാകൃഷ്ണന്‍ .(എം.ടി ബെല്ലടിച്ചാല്‍ രാധാകൃഷ്ണേട്ടൻ വരും. എം.ടി എന്തോ മുഖംകൊണ്ടു കാണിക്കും. രാധാകൃഷ്‌ണേട്ടന്‍ തിരിച്ചു പോകും. മടങ്ങി വരുന്നത് ചിലപ്പോള്‍ തീപ്പെട്ടിയും കൊണ്ടായിരിക്കും. . ചിലപ്പോള്‍ ബീഡിയായിരിക്കും. ചിലപ്പോള്‍ പേനയായിരിക്കും. കാണുന്നവര്‍ക്ക് മനസ്സിലാകില്ല. .എന്താണ് എം.ടി ആവശ്യപ്പെട്ടതെന്ന് .പക്ഷെ രാധാകൃഷ്‌ണേട്ടനറിയാം എന്തിനാണ് വിളിപ്പിച്ചതെന്ന് . അതാണ് അവര്‍ തമ്മിലുള്ള ബന്ധം.) മേശമേലിരിക്കുന്ന കുറച്ചു പുസ്തകങ്ങള്‍ രാധാകൃഷ്ണേട്ടൻ കയ്യിലെടുത്തു. ഞാനും സഹദേവേട്ടനും ബാക്കിയുള്ള പുസ്തകങ്ങൾ എടുത്തു. .എം.ടി മുൻപിൽ നടന്നു. ഞങ്ങൾ പിറകെയും. മാതൃഭുമിയുടെ പഴയ കെട്ടിടത്തിലെ രണ്ടാം നിലയിലെ പ്രസിദ്ധമായ മരക്കോവണിയും ഒന്നാം നിലയില്ലെ മൊസേക്ക് പതിപ്പിച്ച കോവണിയും ഇറങ്ങി താഴെ കാറിനടുത്തെത്തി. കമ്പനി കാറായ അംബാസിഡറില്‍ മുന്‍ സീറ്റില്‍ എം.ടി കയറി .ഞങ്ങള്‍ പുറകിലെ സീറ്റില്‍ പുസ്തകങ്ങള്‍ വെച്ചു. ഡ്രൈവര്‍ കയറി കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. എം.ടി. എന്നെയും സഹദേവേട്ടനെയും രാധാകൃഷ്‌ണേട്ടനെയും നോക്കി. ചുണ്ടു കോട്ടിയുള്ള ചിരി. കാര്‍ മെല്ലെ ഗെയ്റ്റ് കടന്നു നീങ്ങി. അതായിരുന്നു എം.ടിയുടെ മാതൃഭൂമിയില്‍ നിന്നുള്ള വിടവാങ്ങല്‍ . യാത്രയയപ്പോ ആദരവോടെയുള്ള വിട നല്‍കലോ ഒന്നുമുണ്ടായിരുന്നില്ല. കാലം മാത്രം സാക്ഷി. ഇന്നിപ്പോള്‍ എം.ടി പോയി. അന്നു സാക്ഷികളായുണ്ടായിരുന്ന സഹദേവേട്ടനും രാധാകൃഷ്ണേട്ടനും നേരത്തെ പോയി.
എം.ടി പോയി അധികം വൈകാതെ ഞാന്‍ കോഴിക്കോട് ഡസ്‌ക്കിലേക്കും തുടര്‍ന്നു മലപ്പുറത്തേക്കും മാറി. .മാതൃഭൂമിയുടെ മലപ്പുറം യൂണിറ്റ് തുടങ്ങുന്നതിന്റെ ഭാഗമായിട്ടായിരുന്നു മലപ്പുറത്തേക്കു ചീഫ് റിപ്പോര്‍ട്ടറായി സ്ഥലം മാറ്റം.പിന്നീട അവിടെത്തന്നെ സ്‌പെഷല്‍ കറസ്‌പോണ്ടന്റുമായി. പത്തു കൊല്ലത്തെ മലപ്പുറം ജീവിത കാലയളവിലാണ് എം.ടി യുമായി വീണ്ടും അടുക്കുന്നത്. . തുഞ്ചൻ പറമ്പ് ട്രസ്റ്റ് ചെയര്‍മാനായ എം ടി പലപ്പോഴും അവിടെയുണ്ടാകും. ഇടയ്ക്കു കോഴിക്കോട് ബ്യുറോ ചീഫായി പോയെങ്കിലും 2016 ൽ മലപ്പുറം യൂണിറ്റ് ന്യൂസ് എഡിറ്ററായി തിരിച്ചു വന്നതോടെ അദ്ദേഹവുമായി കുടുതല്‍ അടുക്കാനും പലകാര്യങ്ങളും ചര്‍ച്ചചെയ്യാനും അവസരമുണ്ടായി. തുഞ്ചന്‍ പറമ്പിന്റെ വികസനം ഉള്‍പ്പടെ കാര്യങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. തുഞ്ചന്‍ പറമ്പിന്റെ മുക്കിലും മൂലയിലും എം ടി യെ കൊണ്ടുപോയി ഫോട്ടോകള്‍ എടുപ്പിക്കാൻ കഴിഞ്ഞത് ചെറിയ കാര്യമല്ല. .ഒരു വൈമനസ്യവും കൂടാതെ അദ്ദേഹം ഫോട്ടോഗ്രാഫര്‍മാരുടെ മുന്നിൽ നിന്നു തന്നു. അത്രമാത്രം സ്വാതന്ത്ര്യം അദ്ദേഹം എനിക്കനുവദിച്ചു തന്നിരുന്നു. മാതൃഭൂമി സ്റ്റാഫ് ഫോട്ടോഗ്രാഫർ അജിത് ശങ്കരനും ചീഫ് ഫോട്ടോഗ്രാഫർ കെ.ബി.സതീഷ്‌കുമാറുമാണ് ആ ചിത്രങ്ങളൊക്കെയും എടുത്തത്. മാതൃഭൂമിയിൽ നിന്നു ഞാൻ വിരമിച്ച സന്ദർഭത്തിൽ എം.ടി. എനിക്ക് ഭാവുകങ്ങൾ നേർന്നു സംസാരിച്ചതിൻ്റെ ഓഡിയോ ക്ലിപ്പിംഗ് ഇപ്പോഴും നിധി പോലെ എൻ്റെ ലാപ്ടോപ്പിൽ ഉണ്ടു . എൻ്റെ സഹപ്രവർത്തകനായിരുന്ന സഹോദരതുല്യനുമായ ആഷിക് കൃഷ്ണനാണ് എൻ്റെ സീനിയറായി ജോലി ചെയ്ത സഹപ്രവർത്തകരുടെ കമൻ്റുകൾ ചേർത്ത് തയ്യാറാക്കിയ ഓഡിയോ ക്ലിപ്പിംഗിൽ എം.ടി.യുടെ കമൻ്റും ചേർത്തത്. വിരമിച്ച ശേഷവും പലതവണ എം ടിയെ കാണാനും സംസാരിക്കാനും എനിക്ക് ഭാഗ്യമുണ്ടായി.
കൈവെച്ച മേഖലകളിലെല്ലാം സർഗാത്മകതയുടെ കൈയ്യൊപ്പ് ചാര്‍ത്തിയ മറ്റൊരാള്‍ ലോകസാഹിത്യത്തിലുണ്ടാകുമോ എന്നു സംശയമാണ്. തൊട്ടതെല്ലാം പൊന്നാക്കിയ എന്ന പ്രയോഗം അന്വര്‍ഥമാക്കിയ ആളാണ് എംടി. സാഹിത്യവും ഭാഷയും ജീവിതത്തിന്റെ മറ്റെല്ലാ മേഖലകളേക്കാളും മുകളിലാണെന്നു അദ്ദേഹം നമുക്ക് കാണിച്ചു തന്നു. ആ സ്‌നേഹത്തിന് മുന്നില്‍ ശിരസ്സ് നമിക്കുന്നു.
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group