പുതുവർഷത്തെ
മാറ്റങ്ങളോടെ
വരവേൽക്കാം
:എൽ സുഗതൻ
(സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്
ലൈഫ് സ്കിൽ ട്രെയിനർ.)
2024 നമ്മോട് വിട പറയാനും 2025 നെ വരവേൽക്കാനും നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ നമുക്ക് നമ്മുടെ വ്യക്തിജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും എന്തെല്ലാം ശ്രദ്ധിക്കാം.
കഴിഞ്ഞ ഒരു വർഷക്കാലം വലിയ പരാജയങ്ങൾ നേരിട്ടവരും വൻ വിജയങ്ങൾ കൈവരിച്ചവരും ഉണ്ടാകും. ആ വിജയ പരാജയങ്ങളുടെ മൂല്യനിർണയം ആയിരിക്കണം ഈ നിമിഷങ്ങളിൽ നമ്മൾ ഓരോരുത്തരും പ്രാവർത്തികമാക്കേണ്ടത്. കഴിഞ്ഞവർഷം ആരംഭത്തിൽ നമ്മൾ ആഗ്രഹിച്ച ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ടോ എന്നതും ഇല്ലെങ്കിൽ എന്താണ് സംഭവിച്ച പിഴവെന്നും അത് പുതിയ വർഷത്തിൽ നേടിയെടുക്കാൻ എന്തെല്ലാം കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും വിലയിരുത്തേണ്ട സമയമാണിത്. നമ്മുടെ ആരോഗ്യം, കുടുംബ ബന്ധങ്ങൾ, വിദ്യാഭ്യാസ നേട്ടങ്ങൾ, തൊഴിൽ പരമായ നേട്ടങ്ങൾ, മക്കളുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ, സാമ്പത്തിക പുരോഗതിയും നഷ്ടങ്ങളും, അതിലുപരി ഓരോ വ്യക്തിക്കും ഉണ്ടായിട്ടുള്ള മാനസിക പരിവർത്തനങ്ങൾ, ഓരോ വിഷയത്തിലും നമ്മുടെ കാഴ്ചപ്പാടുകളിലും മനോഭാവത്തിലും വന്ന മാറ്റങ്ങൾ
അങ്ങനെ നീണ്ടുപോകുന്നു നമ്മൾ വിലയിരുത്തേണ്ട ജീവിത സംബന്ധിയായ വിഷയങ്ങൾ.
വരും വർഷം എങ്ങനെ നമുക്ക് കൂടുതൽ മെച്ചപ്പെടുത്താം, കഴിഞ്ഞ കാലത്ത് പറ്റിയ തെറ്റുകൾ എങ്ങനെ തിരുത്താം....
ഈ രണ്ട് വിഷയങ്ങൾ എങ്ങനെ ക്രിയാത്മകമായി വിലയിരുത്താം.
ആദ്യം കഴിഞ്ഞ കാലത്തിലേക്ക് പോകാം..
കഴിഞ്ഞവർഷം ആരംഭത്തിൽ നമുക്ക് ജീവിത ലക്ഷ്യങ്ങളോ തീരുമാനങ്ങളോ ഉണ്ടായിരുന്നോ?
എങ്കിൽ അവ ഏതെല്ലാമായിരുന്നു.
അവയിൽ ഏതെങ്കിലും നേടിയെടുക്കാൻ സാധിച്ചിരുന്നോ. എങ്കിൽ ഏതൊക്കെ?
ഇല്ലെങ്കിൽ എവിടെയാണ് വീഴ്ച പറ്റിയത്. അതിന് കാരണക്കാരൻ ഞാൻ തന്നെയായിരുന്നോ അതോ മറ്റെന്തെങ്കിലും ഘടകങ്ങൾ ആയിരുന്നോയെന്ന് സ്വയം വിലയിരുത്തുവാൻ കഴിയണം....
ആ നേട്ടങ്ങൾ കൈവരിക്കുന്നതിന് ആരുടെയെല്ലാം പിന്തുണ നമുക്ക് ലഭിച്ചു. അവരോടൊക്കെ നേരിട്ട് നന്ദി പറയുവാനും ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുവാനും പറ്റിയ നിമിഷങ്ങൾ ആണിത്.( നമ്മളുടെ ഉന്നമനത്തിൽ നമ്മളെ പരിഹസിച്ചവരും കളിയാക്കി വരും ഒറ്റപ്പെടുത്തിയവരും ഒക്കെ ഉണ്ടാകാം. സത്യത്തിൽ അവരും നമ്മളുടെ സുഹൃത്തുക്കൾ തന്നെയാണ്. അവരോടുള്ള വാശിയായിരിക്കാം ഒരുപക്ഷേ നമ്മളെ വിജയത്തിലെത്തിച്ചത്. അതിനാൽ അവരോടും നന്ദി പറയാൻ മടിക്കേണ്ട)
2025 നെ വരവേൽക്കുമ്പോൾ
ആദ്യം എടുത്തുപറയേണ്ടത്,
അടുത്ത ഒരു വർഷത്തേക്കുള്ള വ്യക്തവും ക്രിയാത്മവുമായ ഒരു പ്ലാനിങ് ആണ്. അത് കുടുംബാംഗങ്ങളോടൊപ്പം ആയാൽ ഏറ്റവും നന്ന്. അതിനു മാത്രമായി ഒരു ബുക്ക് മാറ്റിവെക്കുന്നതും ഓരോ വ്യക്തിയുടെയും ചെറുതും വലുതുമായ ലക്ഷ്യങ്ങളും തീരുമാനങ്ങളും അതിൽ എഴുതുന്നതും മെച്ചപ്പെട്ട തീരുമാനം തന്നെയാണ്.( ഇതിൽ കുട്ടികളെ നിർബന്ധമായും ഉൾപ്പെടുത്തുക) അത് അംഗങ്ങൾ തമ്മിൽ പരസ്പരം ബോധ്യപ്പെടുത്തി എഴുതുമ്പോൾ കുടുംബത്തിൽ ഒട്ടാകെ ആത്മവിശ്വാസവും സന്തോഷവും ഉളവാകുമെന്നുള്ളതിൽ സംശയമില്ല. കുട്ടികൾ നേടിയെടുക്കേണ്ട പഠന മികവുകൾ, സ്വഭാവത്തിൽ വരുത്തേണ്ട മാറ്റങ്ങൾ, പുതിയ ജീവിതക്രമങ്ങൾ, ആരോഗ്യപരിപാലനത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഓരോ വ്യക്തിയിലും സാമ്പത്തിക അച്ചടക്കം നിലനിർത്താനും അതുവഴി കുടുംബത്തിന്റെ സാമ്പത്തിക പുരോഗതിക്ക് വേണ്ടിയുള്ള നയങ്ങൾ നടപ്പാക്കാനും കഴിയും.
മാതൃകയാകണം മാതാപിതാക്കൾ.
ജീവിതത്തിൽ അടുക്കും ചിട്ടയും ഉള്ള വ്യക്തികളായി മാതാപിതാക്കൾ മാറണം. കഴിഞ്ഞ നാളുകളിലെ കുറവുകൾ അവർ തിരുത്തണം. എങ്കിൽ മാത്രമേ കുട്ടികൾ അത് മാതൃകയാക്കുകയുള്ളൂ.
രക്ഷിതാക്കൾ മൊബൈൽ ഫോണും സ്ക്രീനും കൂടുതൽ ഉപയോഗിക്കുന്നത് കാണുന്ന കുട്ടിയും
അത് അനുകരിക്കാൻ ശ്രമിക്കുന്നതിൽ തെറ്റില്ല. അതിനാൽ കുട്ടികൾ വായിക്കുന്ന സമയത്തെങ്കിലും അവരോടൊപ്പം ഇരുന്ന് എന്തെങ്കിലും വായിക്കുവാനുള്ള മനോഭാവം ഉണ്ടാകണം.
. കൊച്ചുകുട്ടികൾക്ക് ആവശ്യത്തിൽ കൂടുതൽ സമയം മൊബൈൽ/സ്ക്രീൻ അനുവദിക്കില്ല എന്ന തീരുമാനം എടുക്കണം. വർഷാരംഭത്തിൽ തന്നെ അത് കുട്ടിയെ ബോധ്യപ്പെടുത്തുകയും വേണം. അതിന് പ്രത്യേക സമയക്രമം നിർദ്ദേശിച്ചാലും കുഴപ്പമില്ല.
മാസം തോറുമുള്ള കുടുംബ ബജറ്റുകൾ കുട്ടികളെ കൊണ്ട് തയ്യാറാക്കുക. അതിലൂടെ കുട്ടികൾ കുടുംബത്തിന്റെ വരവും ചെലവും മനസ്സിലാക്കട്ടെ, ഒപ്പം സാമ്പത്തിക അച്ചടക്കമുള്ളവരായി അവർ വളരട്ടെ.
കൗമാരപ്രായത്തിൽ തന്നെ കുട്ടികളിൽ ഉറച്ച ലക്ഷ്യബോധവും കഠിനാധ്വാനവും ശീലമാക്കുക.
ആശുപത്രി യാത്രകളിലും പൊതു മീറ്റിങ്ങുകളിലും, മാർക്കറ്റുകളിലും, രക്ഷിതാക്കളുടെ തൊഴിലിടങ്ങളിലും (വല്ലപ്പോഴെങ്കിലും ) കുട്ടികളെ കൂടെ കൂട്ടുക.
വീട്ടിൽ നിന്നും സ്കൂളിൽ പോയി തിരിച്ചെത്തുന്ന വരെയുള്ള ചെറുതും വലുതുമായ വിശേഷങ്ങൾ ദിനംപ്രതി ചോദിച്ചറിയുക. അതിനായി എല്ലാദിവസവും ഊണ് മേശക്ക് ചുറ്റും കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് സംസാരിക്കുക. അതിൽ സാമ്പത്തിക വിഷമങ്ങളും, ശാരീരിക വിഷമങ്ങളും സാമൂഹ്യ വിഷയങ്ങളും, മാതാപിതാക്കളുടെ മുൻകാല ജീവിത അനുഭവങ്ങളും നേട്ടങ്ങളും പരാജയങ്ങളും, എല്ലാം അവിടെ വിഷയമാകട്ടെ. ആ സമയം എല്ലാവിധ സ്ക്രീനുകളും ഓഫ് ചെയ്ത് കുടുംബത്തിന്റെ കെട്ടുറപ്പിന് വേണ്ടി എല്ലാവരും അവരവരുടെ വിശേഷങ്ങൾ അയവിറക്കുന്ന സ്ഥലം കൂടിയാകട്ടെ അത്.
കഴിഞ്ഞവർഷം നേടിയെടുക്കാൻ കഴിയാതെ പോയ ലക്ഷ്യങ്ങൾ ഈ വർഷം കൂടുതൽ ഗൗരവമായി കാണുകയും അത് നടപ്പാക്കാൻ വേണ്ടുന്ന നയങ്ങൾ ആസൂത്രണം ചെയ്യുകയും വേണം. കഴിഞ്ഞകൊല്ലം
അതിന് തടസ്സമായി നിന്ന ഘടകങ്ങൾ കണ്ടെത്തി പരിഹരിച്ച് മുന്നേറാൻ കഴിയണം. വ്യക്തമായ പ്ലാനിങ്ങും സ്ഥിരോൽസാഹവും കഠിനാധ്വാനവും ഉണ്ടെങ്കിൽ മനുഷ്യനെ നേടിയെടുക്കാൻ കഴിയാത്തതായി ഒന്നുമില്ല എന്ന തത്വം ഇവിടെ ഓർക്കാം.
ഏവർക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഒരു പുതുവർഷം ആശംസിക്കുന്നു.
എൽ സുഗതൻ
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്
ലൈഫ് സ്കിൽ ട്രെയിനർ.
9496241070
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group