ഹരിതാമൃതം അതിൻറെ
ചരിത്ര പ്രസക്തി :
പി ഹരീന്ദ്രനാഥ്
കഴിഞ്ഞ 15 വർഷമായി വടകരയിൽ നടന്നുവരുന്ന ഹരിതാമൃതം കേവലമൊരു വിപണനമേള അല്ല.
വൈവിധ്യപൂർണവും വിസ്മയകരവുമായ ഈ ഒത്തുചേരൽ ഒരു പ്രതീക മാണ് , സന്ദേശമാണ് , പ്രത്യാശയാണ് , ഒരു മുന്നറിയിപ്പും കൂടിയാണ് . നമ്മുടെ പൂർവികർ വിതച്ച വിത്തിന് തുല്യം അതിജീവന ശേഷിയുള്ള മറ്റൊന്ന് ഇല്ലതന്നെ എന്ന ഗാന്ധിയൻ വചനത്തിൻറെ പുതിയ കാലത്തെ വിളംബരമാണ് മഹാത്മാ ദേശസേവ ട്രസ്റ്റ് ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഹരിതാമൃതം .
വിഷച്ചെടി നട്ടു പനിനീർപ്പൂവ് പറിച്ചെടുക്കാൻ കഴിയില്ല എന്ന പ്രകൃതിനിയമം ഹരിതാമൃതം നമ്മളെ നിരന്തരം ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുന്നു .
നമ്മുടെ സമൂഹം പല തലങ്ങളിൽ ,പല മാനങ്ങളിൽ അനുദിനം രോഗാതുരമാവുകയാണ് .
ഭൂതകാലനന്മകളോടുള്ള അവഗണനയും ആദർശശൂന്യമായ
ജീവിതവീക്ഷണങ്ങളും മനുഷ്യത്വരഹിതവും മത്സരാധിഷ്ഠിതവുമായ കമ്പോളവല്ക്കരണവും സൃഷ്ടിക്കുന്ന ആർത്തിയുടെയും അത്യാർത്തി
യുടെയും തടവുകാരായി മാറുകയാണ് നാമോരോരുത്തരും . പ്രകൃതിയുമായി ഇഴയടുപ്പമുള്ള ജീവിതശൈലി അന്യംനിന്നുപോകുന്ന സമകാലികാവസ്ഥയിൽ അത്യന്തം ഗൗരവമേറിയ ഒരു സാംസ്കാരിക പ്രതിരോധത്തിൻ്റെ കവചമായി മാറുകയാണ് ഹരിതാമൃതം . തന്റേതല്ലാത്ത ഒന്നിനോടുള്ള നമ്മുടെയെല്ലാം ദയനീയമായ വിധേയത്വത്തെ തുറന്നുകാട്ടുകയാണ് ഈ ജനകീയ കൂട്ടായ്മ.
തീവ്രമായ ഉപഭോഗത്വരയാണ് ഈ വിനാശകാരിയായ വിധേയത്വത്തിൻ്റെ പ്രഭവകേന്ദ്രം . മനുഷ്യവംശത്തിൻ്റെ അതിജീവനത്തിന് ക്ഷതമേൽ
പ്പിക്കാത്ത ജീവിതാവബോധത്തിലേക്ക്, പ്രകൃതിയുമായുള്ള
സമന്വയത്തിലേക്ക് പാരിസ്ഥിതികമായ തിരിച്ചറിവുകളിലേക്ക് എല്ലാ പരിമിതികൾക്കിടയിൽനിന്നും വെളിച്ചം വീശുന്നു എന്നതാണ് ഹരിതാമൃതത്തിൻറെ ചരിത്രപ്രസക്തി.
പ്രകൃതി നിയമമനുസരിച്ച് ഹിതകരമായ ജീവിതം നയിക്കുക എന്നതിന് പകരം ഹിംസാത്മകമായ പാശ്ചാത്യനാഗരികത ജന്മമേകിയ ദ്രുതഗതിയിലുള്ള ആധുനിക വിഭ്രാന്തിയിൽ ലയിക്കാനുള്ള മനുഷ്യ സമൂഹത്തിൻറെ തെറ്റായ രീതികൾക്കെതിരെയുള്ള മുന്നറിയിപ്പായി ഗാന്ധിജി എഴുതിയ പുസ്തകമാണ് 'ഹിന്ദ് സ്വരാജ്' അഥവാ 'സ്വയംഭരണം'. ഇന്ന് മനുഷ്യരാശി നേരിടുന്ന വൻവിപത്തിനെ മുൻകൂട്ടി കണ്ട ഗാന്ധിജിയുടെ ക്രാന്തദർശനത്തിന്റെ സാക്ഷ്യപത്രമാണ് ഈ ലഘുഗ്രന്ഥം . അദ്ദേഹത്തിൻറെ 'സ്വരാജി'ൽ ആരോഗ്യം , പരിസര ശുചിത്വം , കൃഷി , മൃഗസംരക്ഷണം , വിദ്യാഭ്യാസം , കല , സംസ്കാരം , വിനോദം... എല്ലാമെല്ലാം ഉണ്ട് . നമ്മുടെ സഹജാവസ്ഥയെ തിരിച്ചുപിടിക്കാനും നിലനിർത്താനുമുള്ള പ്രാഥമിക മാർഗമാണ് ഗാന്ധിജിയുടെ 'സ്വദേശി'. 'വികസനം താൽക്കാലിക ജീവസന്ധാരണത്തിന് ഉള്ള വെട്ടിപിടുത്തം അല്ല മറിച്ച് ,ജീവവംശത്തെ യാകമാനം നന്മയിലേക്ക് നയിക്കേണ്ട ഒരു സാംസ്കാരിക ഉത്തരവാദിത്വ മാണ്' എന്ന ഗാന്ധിയൻ പരികല്പന സഫലീകരിക്കാനുള്ള , കാലത്തിൻറെ അനിവാര്യതയായ ചെറിയ മനുഷ്യരുടെ ശബ്ദവും കൂട്ടായ്മയുമാണ് ഹരിതാമൃതം . ജനശക്തിയും നാട്ടറിവുകളും പ്രാദേശികവിഭവങ്ങളും സംയോജിക്കുന്ന ഒരു നവജീവിതസാധ്യതയെ കുറിച്ചുള്ള അന്വേഷണവുമാണ് .
ഹരിതാമൃതം പതിനഞ്ചാം വാർഷികമഹോത്സവം വടകരയിൽ
ഉദ്ഘാടനം :ഡോ .കെ .കെ .എൻ .കുറുപ്പ്
ഫെബ്രുവരി 6 ന് ഉച്ചയ്‌ക്ക് 3 മണി
(കോഴിക്കോട് സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും പ്രമുഖചരിത്രപണ്ഡിതനും ഗവേഷകനുമായ
ഡോ. കെ.കെ.എൻ. കുറുപ്പ് വടകരക്കടുത്തുള്ള
ചോമ്പാൽ സ്വദേശിയാണ് )
''അനാഥരാക്കരുത്:മാതാപിതാക്കളെ" എന്ന സന്ദേശമുയർത്തി ഹരിതാമൃതം'25 ഫെബ്രുവരി 6 മുതൽ 11 വരെ വടകര ടൗൺഹാളിൽ സംഘടിപ്പിക്കുകയാണ്. ഹിതാമൃതം പരിപാടിയുടെ പതിനഞ്ചാം വാർഷികം കൂടിയാണ്.
ആറുദിവസമായി നടക്കുന്ന ഹരിതാമൃതത്തിൽ സെമിനാറുകൾ, പ്രഭാഷണങ്ങൾ, പഠനക്ളാസുകൾ, ഓപ്പൺഫോറങ്ങൾ
ഔഷധസസ്യ പഠനഗാലറി,
നാട്ടുഭക്ഷണശാല, എന്നിവ അവതരിപ്പിക്കും.
ജൈവകർഷകർക്കും പരമ്പരാഗത കർഷകർക്കും പരമ്പരാഗത കുടി ൽ വ്യവസായികൾക്കും പാരമ്പര്യ വൈദ്യന്മാർക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുളള പവലിയനുകൾ തയ്യാറാക്കി നൽകുന്നതാണ്.
ഡോ.നിശാന്ത് തോപ്പിൽ M.Phil,Ph.D വടകരയിൽ .
ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്‌തു ആചാര്യനും സയന്റിഫിക് വാസ്തു കൺസൾറ്റണ്ടും വാസ്‌തു ഭാരതി വേദിക് റിസർച്ച് അക്കാദമി ചെയർമാനുമായ ഡോ.നിശാന്ത് തോപ്പിൽ M.Phil,Ph.D ഫെബ്രുവരി 11 നു രാവിലെ 10 മണിയ്ക്ക് വടകരയിൽ .
ഹരിതാമൃതം 25 ആരോഗ്യസെമിനാറിൽ '' കൃഷിയും ആരോഗ്യവും വാസ്‌തുശാസ്‌ത്രത്തിലൂടെ '' എന്ന വിഷയത്തെ ആധാരമാക്കി അദ്ധേഹം പ്രഭാഷണം നടത്തും
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group