"2024" വിട പറയുമ്പോൾ പുതുവർഷത്തോട് പറയാനുള്ളത്:- ടി. ഷാഹുൽ ഹമീദ്

"2024" വിട പറയുമ്പോൾ പുതുവർഷത്തോട് പറയാനുള്ളത്:- ടി. ഷാഹുൽ ഹമീദ്
Share  
ടി .ഷാഹുൽ ഹമീദ്‌ എഴുത്ത്

ടി .ഷാഹുൽ ഹമീദ്‌

2024 Dec 25, 12:42 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

"2024" വിട പറയുമ്പോൾ പുതുവർഷത്തോട് പറയാനുള്ളത്:- ടി. ഷാഹുൽ ഹമീദ് 



2024 വിടപറയാൻ ദിവസങ്ങൾ മാത്രം,

 അതിജീവനവുമായി ബന്ധപ്പെട്ടതും ലോകം നേരിടുന്ന അസ്ഥിത പ്രശ്നങ്ങളും സംഭവ ബഹുലമായി അതേപടി 2025 ലും തുടരുമെന്നത് ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങൾ നിരീക്ഷിച്ചാൽ മനസ്സിലാകുന്നതാണ്. 

സാമൂഹ്യ സുരക്ഷയില്ലാത്ത ലോകം :- 


ലോകത്ത് 380 കോടി ജനങ്ങൾക്ക് യാതൊരു സാമൂഹിക സുരക്ഷിതത്വവും ഇല്ല എന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന ഏറ്റവും ഒടുവിൽ പുറത്ത് വിട്ട കണക്കുകൾ പ്രകാരം വ്യക്തമാക്കുന്നു. 


മനുഷ്യാവകാശം സാധ്യമാകണമെങ്കിൽ സാമൂഹ്യ സുരക്ഷ സംവിധാനം എല്ലാ ജനങ്ങൾക്കും ഒരുക്കണം. ലോകം നേരിടുന്ന സങ്കീർണമായ പ്രശ്നങ്ങളായ കാലാവസ്ഥാ വ്യതിയാനം, മലീനീകരണം, ജൈവവിദ്യങ്ങളുടെ ശോഷണം എന്നിവ പോലെ പ്രാധാന്യമുള്ള പ്രശ്നമാണ് സാമൂഹിക സുരക്ഷാ സംവിധാനം മനുഷ്യർക്ക് ഉണ്ടാക്കിക്കൊടുക്കലും.


നിമിഷനേരം കൊണ്ട് ജീവിതത്തിന്റെ താളം തെറ്റുകയും തന്റേതല്ലാത്ത പ്രശ്നങ്ങളുടെ ഇടയിൽപ്പെട്ട് പല കാരണങ്ങളാൽ മനുഷ്യർക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായിട്ടുള്ള 2024 പോലെ 2025 ആവർത്തിക്കാതിരിക്കാൻ സർക്കാർ സംവിധാനത്തിലൂടെയോ വരുമാനത്തിൽ നിന്നും മിച്ചം വെച്ചോ ഏർപ്പെടുത്തുന്നതോ ആയ സാമൂഹിക സുരക്ഷ,സർക്കാറുകൾ ഏർപ്പെടുത്തേണ്ടാതായിട്ടുണ്ട് അല്ലെങ്കിൽ നരകതുല്യമായി മാറുന്ന ജീവിതമായി മനുഷ്യരുടെ അവസ്ഥ 2025 ലും ആവർത്തിക്കുന്നതാണ്. 


ജീവിത ചെലവ് റോക്കറ്റ് വേഗത്തിൽ കുതിക്കുമ്പോൾ ആരോഗ്യരംഗത്ത് യാഥാർത്ഥ്യമായ കച്ചവട താൽപര്യങ്ങളിൽ പകച്ചു നിൽക്കാനേ ജനങ്ങൾക്ക് സാധിക്കുന്നുള്ളൂ. 


എല്ലാ ജനങ്ങൾക്കും നാമമാത്ര സാമൂഹ്യ സുരക്ഷ ഏർപ്പെടുത്താൻ ലോകത്തിന്റെ പോക്ക് ഇതേ ഗതിയിൽ തുടരുകയാണെങ്കിൽ 2073 വരെ കാത്തിരിക്കണം എന്ന അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ മുന്നറിയിപ്പ് 2025 ൽ വലിയ പ്രശ്നമായി മാറുമെന്നത് ഉറപ്പാണ്.

 വികസിത രാജ്യങ്ങളിൽ 85.9% ജനങ്ങൾക്കും സാമൂഹ്യ സുരക്ഷ ലഭിക്കുമ്പോൾ പിന്നോക്ക രാജ്യങ്ങളിൽ അത് 32.4% വും ആഫ്രിക്കയിൽ വെറും 19 % വും ആണ് എന്നത് നാം ഓർക്കേണ്ടതായിട്ടുണ്ട്. 


അസന്തുലിതാവസ്ഥ ദൃശ്യമായ ഈ മേഖല അതേപോലെ 2025 ലും തുടരാതിരിക്കാൻ 200 ബില്യൺ യുഎസ് ഡോളർ ആവശ്യമാണ്.

 സാമൂഹ്യ സുരക്ഷയ്ക്ക് പണമില്ല എന്ന് പറയുന്നതും വകയിരുത്തിയ ഫണ്ട് മാറ്റി ചെലവഴിക്കുന്നതും നിത്യ കാഴ്ചയായി ലോകത്തെ വിവിധ രാജ്യങ്ങളിൽ കണ്ടുവരുമ്പോൾ ഈ കാഴ്ചപ്പാടിന് 2025ൽ മാറ്റം ഉണ്ടാകുമോ എന്ന് ലോകം ഉറ്റു നോക്കുകയാണ്. 

തൊഴിൽ ചെയ്യുന്നവരുടെ സുരക്ഷിതത്വത്തിലും സ്ത്രീകളുടെ സുരക്ഷിത്വത്തിലും വലിയ പുരോഗതി 2024 ൽ നേടാൻ സാധിച്ചിട്ടില്ല. 

വ്യതിയാനം അനുഭവേദ്യമായ ആധുനിക കാലത്ത് ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്ന 20 രാജ്യങ്ങളിലെ ജനങ്ങളിൽ 8.7 % ജനങ്ങൾക്ക് മാത്രമേ സാമൂഹ്യ സുരക്ഷ ലഭിക്കുന്നുള്ളൂ എന്നത് 2024 ൽ ലോകത്ത് ഉണ്ടായ ഏറ്റവും വലിയ അസ്ഥിത്വ പ്രശ്നമായി മാറിയിട്ടുണ്ട് .

പ്രകൃതി ദുരന്തങ്ങളിൽ പ്രയാസമനുഭവിക്കുന്ന മനുഷ്യരുടെ പ്രശ്നങ്ങൾ 2025 ലും അഭിസംബോധന ചെയ്തില്ലെങ്കിൽ യാഥാർത്ഥ്യമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തങ്ങളിൽ സ്വയം കീഴടങ്ങാനെ മനുഷ്യർക്ക് സാധിക്കുകയുള്ളൂ. പ്രകൃതിദുരന്തങ്ങൾ ഇടയ്ക്കിടെ ഉണ്ടാകുന്ന രാജ്യങ്ങളിൽ താമസിക്കുന്ന 210 കോടി ജനങ്ങൾക്കും കൃത്യമായ സാമൂഹ്യ സുരക്ഷ സംവിധാനമില്ല എന്ന കാര്യം രാജ്യങ്ങൾ 2025ൽ മുഖവിലക്കേടുക്കേണ്ടതായിടുണ്ട്. സാമ്പത്തികമായി ഉയർന്ന രാജ്യങ്ങൾ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 16.2% വരെ ജനങ്ങൾക്ക് സാമൂഹ്യ സുരക്ഷിത്വത്തം ഒരുക്കാൻ വേണ്ടി ചെലവഴിക്കുമ്പോൾ പിന്നോക്ക രാജ്യങ്ങളിൽ ഇത് 4.2% വും അതിപിന്നോക്ക രാജ്യങ്ങളിൽ 0.8% വും മാത്രമാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 


അഭിമാനകരമായ ജീവിതം മനുഷ്യന്റെ സ്വപ്നമായി മാറുന്ന 2024 ലെ കാഴ്ച 2025 ലും തുടരുമെന്ന് ഏതാണ്ട് ഉറപ്പാണ്. 18 വയസ്സുള്ള കുട്ടികളിൽ 23.9% ന് മാത്രമേ സാമൂഹ്യ സുരക്ഷ സംവിധാനം ലഭിക്കുന്നുള്ളൂ 180 കോടി കുട്ടികൾക്ക് യാതൊരു സാമൂഹ്യ സുരക്ഷയും ലോകത്ത് ലഭിക്കുന്നില്ല എന്നത് 2025 നെ സ്വീകരിക്കുമ്പോൾ നെഞ്ചിടിപ്പാണ് ഉണ്ടാക്കുന്നത്. 

ആദ്യത്തെ കുഞ്ഞിന് ജന്മം നൽകുമ്പോൾ അമ്മമാർക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം 36.4 % അമ്മമാർക്കേ ലഭിക്കുന്നുള്ളൂ, 85 ദശ ലക്ഷം അമ്മമാർക്കും ഈ ആനുകൂല്യം ലഭിക്കുന്നില്ല,2025 ൽ എല്ലാ അമ്മമാർക്കും തുക ലഭിക്കുവാൻ നടപടി ഉണ്ടാക്കുകയാണെങ്കി ൽ 2030 ൽ ലോകം നേരിടാൻ ഉദ്ദേശിച്ച സുസ്ഥിര ലക്ഷ്യങ്ങൾ എളുപ്പത്തിൽ നേടാൻ രാജ്യങ്ങളെ പര്യാപ്തമാക്കുന്നതാണ് . 


തൊഴിലിടങ്ങളിൽ അപകടം പറ്റിയാൽ 37.4 % ന് മാത്രമേ സഹായം ലഭിക്കുന്നുള്ളൂ, ഇത് ജീവിതത്തിന്റെ താളം തെറ്റി പോകുന്നവരുടെ എണ്ണം വർദ്ധിക്കാനേ ഉപകരിക്കുകയുള്ളൂ. വൈകല്യമുള്ളവരിൽ 38.9% മാത്രമേ കൃത്യമായ സഹായം ലഭിക്കുന്നുള്ളൂ തങ്ങളുടെ വിധിയോർത്ത് മനുഷ്യരുടെ ദയാ ദാക്ഷിണ്യത്തിന് വിധേയമായി ജീവിക്കേണ്ടിവരുന്ന വൈകല്യമുള്ളവരുടെ പ്രശ്നങ്ങൾ 2025 ൽ പരിഹരിക്കപ്പെടേണ്ടതായിട്ടുണ്ട് .തൊഴിലില്ലാത്തവർക്ക് ലഭിക്കുന്ന ആനുകൂല്യം 16.7 %ന് മാത്രമായി ചുരുങ്ങുന്നു 165 ദശലക്ഷം പേർക്ക് അർഹത ഉണ്ടായിട്ടും ചെറിയ കാരണങ്ങൾ പറഞ്ഞ് പെൻഷൻ നിഷേധിക്കുന്നു.

 സാമൂഹ്യവ്യവസ്ഥ അളക്കുന്ന അളവുകോലിൽ ജീവിതം കുടുങ്ങിപ്പോയവർക്ക് പെൻഷൻ എന്നത് ദിവാസ്വപ്നമായി മാറുന്ന കാഴ്ചയും 2024 ൽ കാണപ്പെട്ടു. 


അഞ്ചുവർഷംകൊണ്ട് 380 കോടി ജനങ്ങൾക്ക് സാമൂഹ്യ സുരക്ഷ ഒരുക്കുക എന്ന ഭഗീരഥ പ്രയത്നമാണ് 2025 ൽ ലോകം നടത്തേണ്ടതായിട്ടുള്ളത്. 

ശൈഥില്യമാകുന്ന സാമൂഹ്യ വ്യവസ്ഥ:- 


സാമൂഹിക വ്യവസ്ഥയിൽ മനുഷ്യകുലം നിലനിൽക്കണമെങ്കിൽ പ്രത്യുൽപാദനം നടക്കണം. പ്രത്യുൽപാദന നിരക്ക്( ടി എഫ് ആർ) ഒരു സ്ത്രീയുടേത് 2.1 ആണ് ലോകം നിശ്ചയിച്ചതെങ്കിലും ലോകത്തെ പല രാജ്യങ്ങളിലും ഈ നിരക്കിനേക്കാൾ വളരെ കുറവായ രീതിയിലുള്ള പ്രത്യുൽപാദനമാണ് നടക്കുന്നത്.ദക്ഷിണ കൊറിയയിൽ 0. 7, സ്പെയിനിൽ 1.7 ഫ്രാൻസിൽ 1.8 ആണ്,മറ്റ് വികസിത രാജ്യങ്ങളുടെ കണക്കുകൾ പരിശോദിച്ചാൽ കുട്ടികളുടെ ജനനം ലോകം ആഗ്രഹിക്കുന്നതും നടക്കേണ്ടതുമായ രീതിയിൽ നടക്കുന്നില്ല എന്ന് കാണാവുന്നതാണ്.എന്നാൽ ചൈന, റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ജനനനിരക്ക് പ്രോത്സാഹിപ്പിക്കുന്നതിന് കാണിക്കുന്ന താൽപര്യം 2025 നെ വേറിട്ടതാക്കുമെന്ന് ഉറപ്പാണ്. 


2000 ത്തിൽ ലോകത്ത് ഒരു സ്ത്രീക്ക് 26.5 വയസ്സാകുമ്പോഴേക്കും ഒരു കുട്ടി ജനിച്ചിരുന്നുവെങ്കിൽ 2022ൽ അത് 29.5 വർഷമായി ഉയർന്നു, ഇക്കാര്യത്തിൽ ലോകത്തിലെ പല രാജ്യങ്ങളുടെയും ഇടപെടൽ 2025 നെ പ്രതീക്ഷ നിർഭരമാക്കുന്നതാണ്. യുവജനങ്ങൾക്ക് സാമ്പത്തിക ഭദ്രതയില്ലാത്ത അവസ്ഥ 2024ൽ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ പ്രകടമായെങ്കിൽ ഏതാണ്ട് 50 % യുവജനങ്ങളും ഇത്തരം അവസ്ഥ നേരിടേണ്ടി വരുന്നുണ്ട്. 2025 ൽ യുവാക്കക്ക്‌ വൈദഗ്ധ്യം കാലമാഗ്രഹിക്കുന്ന രീതിയിൽ നൽകിയാൽ മാത്രമേ യുവജനങ്ങൾക്ക് സാമ്പത്രിക ഭദ്രത കൈവരിക്കാൻ സാധിക്കുകയുള്ളൂ. 


കുടുംബത്തിൽ ഉണ്ടാകേണ്ട സ്വയംപര്യാപ്തത, തുല്യാത, ആരോഗ്യം, സാമൂഹിക സഹവർത്തിത്വം എന്നിവയിൽ ഉണ്ടാക്കേണ്ട മാറ്റം 2024 നേക്കാൾ മികച്ചതായെങ്കിലെ 2025 വർഷം സമ്പന്നമാകുകയുള്ളൂ. ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ചെറു ചലനങ്ങൾ പോലും കുടുംബത്തിന്റെ സാമ്പത്തികാവസ്ഥയെ താറുമാറാക്കുന്ന അവസ്ഥ 2024 ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഫലിച്ചതിൽ നിന്നും വിഭിന്നമായി കുടുംബങ്ങൾക്ക്‌ സാമൂഹികപിന്തുണ നൽകി സാമ്പത്തിക വലയം ഉണ്ടാക്കിയാലേ 2025ലെ കുടുംബ ബന്ധങ്ങൾ സ്വാർത്ഥകമാവുകയുള്ളൂ. 


കല്യാണത്തോടുള്ള വിമുഖതയും,കല്യാണം കഴിച്ചാൽ ചില കുടുംബങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വേർപിരിയലും 2024 ലെ കുടുംബ ബന്ധങ്ങളെ കലുഷിതമാക്കിയിരുന്നു ഇത് 2025ൽ സംഭവിക്കാതിരിക്കാൻ സാമൂഹിക സാമ്പത്തിക പിന്തുണ കുടുംബങ്ങൾക്ക് നൽകേണ്ടതായിട്ടുണ്ട്. 


അഭയാർത്ഥി പ്രവാഹം തുടർക്കഥയാകുമോ? റഷ്യ-ഉക്രൈൻ യുദ്ധവും, ഇസ്രയേലിന്റെ ഗാസ അധിനിവേശവും ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ 2025 ലും തുടരുമെന്ന് ഏതാണ്ട് ഉറപ്പാണ്. 117.3 ദശലക്ഷം പേർ സ്വന്തം ജനിച്ച മണ്ണിൽ നിന്നും നിർബന്ധിതമായി പാലായനം ചെയ്യേണ്ടി വന്നു,ഇതിൽ 75% പേരെയും സ്വീകരിക്കുന്നത് ദരിദ്ര രാജ്യങ്ങളാണ്. 


അഭയാർത്ഥികളിൽ 69% വും അയൽ രാജ്യങ്ങളിൽ അഭയം പ്രാപിക്കുമ്പോൾ ആ രാജ്യത്തുണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ 2024 നെ പോലെ 2025 നെയും പ്രക്ഷുബ്ധമാക്കുന്നതാണ്. അതിർത്തികളിൽ തോക്കുധാരികളെ നിർത്തിയും ഇരുമ്പു വേലി കെട്ടിയും അതിൽ വൈദ്യുതി കടത്തിവിട്ടും അയൽ രാജ്യങ്ങളിൽ നിന്നും വരുന്ന ആളുകളെ പ്രതിരോധിക്കുന്ന വൻകിട രാഷ്ട്രങ്ങളുടെ പ്രവർത്തി 2025 ലും തുടരുമെന്ന് പുതിയ അമേരിക്കൻ പ്രസിഡന്റിന്റെ അധികാര ലബ്ധിയോടെ ഏതാണ്ട് ഉറപ്പായിരിക്കുന്നു. ലോകത്തിലെ ജനസംഖ്യയിൽ കുട്ടികൾ 30% മാണ് എങ്കിലും അഭയാർത്ഥികളിൽ 40% വും കുട്ടികളാണ് എന്നത് വളർന്നുവരുന്ന തലമുറ നേരിടുന്ന പ്രയാസം 2025 ലും പര്യവസാനിക്കാതെ തുടരുമെന്ന് ഉറപ്പിക്കാം. ഉക്രൈൻ,പലസ്തീൻ, സുഡാൻ,മ്യാന്മാർ, കോംഗോ, സോമാലിയ, സിറിയ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് അയൽ രാജ്യങ്ങളിലേക്കുള്ള പാലായനവും അവർക്ക് ഉണ്ടാക്കുന്ന ദൈന്യതയാർന്ന ജീവിതവും 2024 ന്റെ നൊമ്പരമായിരുന്നുവെങ്കിൽ 2025 ൽ അത് ആശങ്കയായി മാറുന്നതാണ്. 


ലോകത്തെ അഭയാർത്ഥികളിൽ 87% വും 10 രാജ്യങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്,ഇവർക്ക് പ്രത്യേകമായ സാമ്പത്തിക പാക്കേജ് 2025 ഉണ്ടായില്ലെങ്കിൽ മനുഷ്യനിർമ്മിത ദുരന്തം നിലവിലുള്ള 8% വർദ്ധനവിൽ നിന്ന് 2025 ൽ ഇരട്ടിയായി വർധിക്കുന്നതാണ് ഗാസയിലെ ഏതാണ്ട് 80 % ജനങ്ങളെയും നിർബന്ധിതമായി ഇസ്രയേൽ നിഷ്കാസനം ചെയ്തിട്ടും ഇതികർത്തവ്യാമൂഢരായി നോക്കി നിൽക്കുന്ന ലോകരാഷ്ട്രങ്ങളുടെ അനങ്ങാപ്പാറ നയം (സ്ലീപ്പിങ് മെന്റാലിറ്റി) 2025 ൽ തുടരുമോ എന്നത് കണ്ടുതന്നെ അറിയേണ്ടതാണ്. കാർബൺ ഉദ്ഗമന വിടവ് കുറയുമോ? 


ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ പ്രോഗ്രാം (യു എൻ ഇ പി )യുടെ കാർബൺ ഉദ്ഗമന വിടവ് റിപ്പോർട്ട് 2024 പുറത്തുവന്നിട്ടുണ്ട്. കാലാവസ്ഥ പ്രതിസന്ധി നാൾക്കു നാൾ വർധിക്കുമ്പോൾ രാജ്യങ്ങളുടെ ആഗോള കൂടിച്ചേരൽ COP 30 2025ൽ ബ്രസീലിൽ വച്ച് നടക്കാൻ വേണ്ടി പോകുന്ന ഘട്ടത്തിൽ ലോകം പ്രത്യാശയോടെയാണ് ഈ യോഗത്തിന്റെ തീരുമാനങ്ങളെ കാത്തിരിക്കുന്നത്.


 ഹരിതഗൃഹവാതകങ്ങളുടെ ഉദ്ഗമനം നിലവിലുള്ളതിൽ നിന്നും 57% കുറച്ചാൽ മാത്രമേ പാരീസ് ഉടമ്പടി ലക്ഷ്യമിട്ട നേട്ടം നേടാൻ സാധിക്കുകയുള്ളൂ, ഇതിന് ഓരോ രാജ്യവും 2025 ൽ കൃത്യമായ പദ്ധതി തയ്യാറാക്കേണ്ടതായിട്ടുണ്ട്. 2023 ൽ 57.1 ഗിഗാ ടൺ ഹരിത ഗൃഹ വാതകങ്ങളാണ് ലോകം പുറന്തള്ളിയത് ഇങ്ങനെ പോയാൽ ലോകത്ത് ആഗോള ചൂടിന്റെ വർദ്ധനവ് 2.6 ഡിഗ്രിയായി വർദ്ധിക്കുന്നതാണ്. 


No more Hot Air എന്ന മുദ്രാവാക്യം ഐക്യരാഷ്ട്രസഭ 2024 ൽ മുഴക്കിയിരിക്കുന്നു അത് 2025ൽ ഓരോ രാജ്യവും ആത്മാർത്ഥമായി ഏറ്റെടുക്കേണ്ടതാണ്. ഓരോ വർഷവും ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം 1.3 % വളർച്ച ഉണ്ടാകുമ്പോൾ 2025 ൽ അതിൽ മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 


ഹരിതഗൃഹവാതകങ്ങളുടെ ഉദ്ഗമനം ഊർജ്ജമേഖലയിൽ നിന്നും 26% വും ഗതാഗത മേഖലയിൽ നിന്ന് 15 %വും വ്യവസായ, കൃഷി മേഖലകളിൽ നിന്ന് 11% വും ഭക്ഷ്യ സംസ്കരണ മേഖലയിൽ നിന്ന് 10%, മാലിന്യ മേഖലയിൽ 4% എന്നിങ്ങനെയാണ് സംഭവിക്കുന്നത്, ഇക്കാര്യത്തിൽ കാലത്തിന്റെ ചുവരെഴുത്ത് മാനിച്ച് നടപടി സ്വീകരിക്കേണ്ടതായിട്ടുണ്ട്. കാർബൺ പുറന്തള്ളി ലോകത്തെ മലിനീകരിക്കുന്നതിൽ വികസിത ജി 20 വൻകിട രാജ്യങ്ങൾ മുൻപന്തിയിലാണ് 2023 ൽ മാത്രം ആകെ ഉദ്ഗമനത്തിന്റെ 77% വികസിത രാജ്യങ്ങൾ പുറന്തള്ളിയപ്പോൾ ആഫ്രിക്കൻ രാജ്യങ്ങൾ 5% മാത്രമേ കാർബൺ പുറന്തള്ളിയിട്ടുള്ളൂ. 


ലോകത്തെ വൻകിട ആറു രാജ്യങ്ങളിൽ നിന്ന് 63% കാർബൺ ഉദ്ഗമനം ഉണ്ടാകുമ്പോൾ അവികസിത രാജ്യങ്ങളിൽ 3% മാത്രമേ ഉദ്ഗമനം നടക്കുന്നുള്ളു,ഇത്തരം രാജ്യങ്ങൾക്ക് ധനസഹായം നൽകുന്ന അന്താരാഷ്ട്ര തീരുമാനങ്ങളുടെ പുരോഗതി 2024 നെ അപേക്ഷിച്ചു 2025 ൽ മെച്ചപ്പെടേണ്ടതായിട്ടുണ്ട്. സോളാർ ഊർജ്ജത്തിലേക്ക് മാറിയാൽ ആകെ ഉദ്ഗമനത്തിന്റെ 27% കുറയ്ക്കാൻ സാധിക്കുന്നതാണ്. 


വൻകിട കാർബൺ പുറന്തള്ളൽ രാജ്യങ്ങളായ ചൈന, അമേരിക്ക, ഇന്ത്യ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, റഷ്യ, ബ്രസീൽ, എന്നീ രാജ്യങ്ങളിലെ നടപടികളും പ്രവർത്തനങ്ങളും 2025ൽ ലോകം ഉറ്റുനോക്കുകയാണ്. 2024 ജൂൺ ഒന്നിന് 82% ഹരിത ഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന 107 രാജ്യങ്ങളുടെ ഭരണാധികാരികൾ ഒത്തു ചേർന്ന് ഹരിതഗൃഹവാതകങ്ങളുടെ ഉദ്ഗമനം കുറക്കുമെന്ന് പ്രതിജ്ഞ എടുക്കുകയും നെറ്റ് സീറോ കാഴ്ചപ്പാടിൽ ധാരണയിൽ എത്തിയതും 2025 നെ വരവേൽക്കുമ്പോൾ പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണ്. പ്ലാസ്റ്റിക്ക്‌ വില്ലനായി തുടരുമോ? 


കല്ല്,മണ്ണ്, മരം,ലോഹം എന്നീ പ്രകൃതിദത്തമായ നിർമ്മാണ പദാർത്ഥങ്ങളുടെ പട്ടികയിൽ മനുഷ്യർ കൂട്ടിച്ചേർത്ത ഇന്ധനമാണ് പ്ലാസ്റ്റിക്ക്‌.മൃദുവായ എളുപ്പത്തിൽ രൂപപ്പെടുത്താൻ കഴിയുന്ന ആദ്യ കാല പ്ലാസ്റ്റിക്കുകൾ പ്രകൃതിദത്തമായ രാസവസ്തുക്കളിൽ നിന്നാണ് ഉത്പാദിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ പോളിമറികരണം എന്ന പ്രക്രിയ വഴി കൃത്രിമമായാണ് പ്ലാസ്റ്റിക്ക്‌ നിർമ്മിക്കുന്നത്.

പ്ലാസ്റ്റിക്ക്‌ ഉൽപ്പന്നങ്ങളിൽ 9% മാത്രമേ പുനരുപയോഗിക്കുന്നുള്ളൂ 12% പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും ഉപയോഗശൂന്യമായാൽ കത്തിക്കുകയാണ് ചെയ്യുന്നത്,ഇത് കടുത്ത മാലിന്യ പ്രശ്നമാണ് ലോകത്ത് ഉണ്ടാക്കുന്നത്. 

ലോകത്ത് ഒരു വർഷം 45 കോടി ടൺ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉല്പാദിപ്പിക്കുന്നു. ഇപ്പോഴത്തെ പ്ലാസ്റ്റിക്ക്‌ ഉത്പാദന നിരക്ക് അതേപടി തുടർന്നാൽ ആഗോളതാപന വർദ്ധനവ് 1.5 ഡിഗ്രി എന്നത് 2060 നു മുമ്പായി നേടാൻ സാധിക്കുകയില്ല എന്ന് ലാറൻസ് ബെർക്കിളി പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്ലാസ്റ്റിക് മലിനീകരണം തടയാൻ ലക്ഷ്യമിട്ട നാലാം ആഗോള ഉച്ചകോടി കാനഡയിലെ ഓട്ടോവോയിൽ 2024 ൽ നടന്നപ്പോൾ എടുത്ത തീരുമാനങ്ങൾ 2025 ൽ നടപ്പാക്കാൻ സാധിക്കേണ്ടതായിട്ടുണ്ട്. 

പ്ലാസ്റ്റിക്ക്‌ ഉത്പാദനത്തിന്റെ ആദ്യഘട്ട പ്രക്രിയയിൽ ചൂടുപിടിക്കുന്നതിന് വൈദ്യുതി,ഫോസിൽ ഇന്ധനം എന്നിവ ആവശ്യമായി വരുമ്പോൾ വലിയ രീതിയിൽ കാർബൺ പുറന്തള്ളൽ നടക്കുന്നു, ഇത് പ്ലാസ്റ്റിക് ഉത്പാദന മേഖലയിലെ കാർബൺ പുറന്തള്ളലിന്റെ 75% ആണ്. പ്ലാസ്റ്റിക്ക്‌ ഉൽപാദനം നിലവിൽ ഉള്ളതിൽ നിന്ന് 12 മുതൽ 17% കുറച്ചാൽ മാത്രമേ ഭൂമിയുടെ ആഗോളതാപന വർദ്ധനവ് പിടിച്ചു നിർത്താൻ സാധിക്കുകയുള്ളൂ. ലോകത്തെ കാർബൺ ബഹിർ ഗമനത്തിന്റെ 23 % ആണ് പ്ലാസ്റ്റിക്ക്‌ ഉത്പാദനം മൂലമുണ്ടാകുന്നത് എങ്കിലും 2000 മുതൽ ഈ മേഖലയിൽ 36% വളർച്ചയാണ് ഉണ്ടായിട്ടുള്ളത് എന്നതിന് 2025 ൽ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷ പരിസ്ഥിതിവാദികൾ പോലും വച്ചുപുലർത്തുന്നില്ല. 

പ്ലാസ്റ്റിക്ക്‌ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് ഏതാണ്ട് മൂന്നിലൊന്നും ചൈനയിൽ നിന്നാണ് ഇക്കാര്യത്തിൽ ചൈനീസ് അധികാരികളുടെ ഇടപെടൽ 2025 ൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അയർലൻഡിൽ പ്ലാസ്റ്റിക് സഞ്ചിക്ക് നികുതിപ്പെടുത്തിയത് പോലുള്ള പുത്തൻ പരിഷ്കാരങ്ങൾ 2025 ലും ഉണ്ടാകുമെന്ന് കാത്തിരിക്കാം. 

കേരളത്തിൽ ഒരു വർഷം ഉൽപാദിപ്പിക്കുന്ന ആകെ മാലിന്യത്തിന്റെ 18 % വും പ്ലാസ്റ്റിക്ക്‌ മാലിന്യങ്ങളാണ്.2004 ൽ തന്നെ പ്ലാസ്റ്റിക്കിന്റെ സൂക്ഷ്മ കണികകളെ (മൈക്രോ പ്ലാസ്റ്റിക്ക്‌ ) സമുദ്ര വെള്ളത്തിൽ കണ്ടെത്തിയിട്ടുണ്ട്. 

കുടിവെള്ള ബോട്ടിലുകൾ, പ്ലാസ്റ്റിക്ക്‌ ക്യാരി ബാഗുകൾ പൂർണമായും ഒഴിവാക്കുകയാണെങ്കിൽ പ്ലാസ്റ്റിക്കിനെ കൊണ്ടുണ്ടാകുന്ന വിപത്തിന് ഒരു വലിയ ശമനം ഉണ്ടാകാൻ സാധിക്കുന്നതാണ് 2025 ൽ ഇത് ഫലപ്രദമായി സാധിക്കുമോ എന്നത് ഇച്ഛാശക്തിയുള്ള ഭരണാധികാരികളുടെ പ്രവർത്തനങ്ങൾ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ . 

തൊഴിൽരംഗം അർത്ഥപൂർണ്ണമാ കുമോ? തൊഴിൽ രംഗത്ത് അടിമുടി മാറ്റമാണ് 2024 ൽ സംഭവിച്ചിട്ടുള്ളത്. വനിതകളുടെ തൊഴിൽ പങ്കാളിത്തം, സാങ്കേതികമാറ്റം, ഡിജിറ്റലൈസേഷൻ എന്നിവ 2025 ലും തുടരുമെന്ന് തീർച്ചയാണ്. കൃഷിയടക്കമുള്ള സാമ്പ്രദായിക മേഖലയിൽ നിന്നും വിജ്ഞാനാധിഷ്ഠിതവും വൈദഗ്ധ്യവുമായ തൊഴിൽ മേഖലയിലേക്ക് തൊഴിൽരംഗം അതിവേഗം വളർന്നു കൊണ്ടിരിക്കുന്നു. നിർമ്മാണ മേഖല 12 മുതൽ 14 % വളരുമ്പോൾ സ്വയംതൊഴിലിൽ ഏർപ്പെടുന്നവരും, ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരും വലിയ പ്രയാസങ്ങൾ നേരിടുന്നു.

അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് നാമ മാത്രമായിട്ടുള്ള വരുമാനവർദ്ധനവേ 2024 ൽ ഉണ്ടായിട്ടുള്ളൂ. കൂലിയും വരുമാനവും കുറഞ്ഞു വരികയും കൃഷി അടക്കമുള്ള തൊഴിൽ മേഖലകളിൽ 62% സാങ്കേതിക കഴിവുള്ളവരെ ആവശ്യമാവുകയും ചെയ്തതോടെ വലിയതോതിൽ ഗ്രാമീണ മേഖലയിൽ നിന്നും നഗരമേഖലകളിലേക്ക് ജനങ്ങൾ തൊഴിൽ തേടിയെത്താൻ തുടങ്ങി കൂടാതെ കോവിഡ് കാലത്തിനു ശേഷം സാമ്പത്തിക മേഖലയിൽ ഗിഗ് പ്ലാറ്റ് ഫോം വർദ്ധിച്ചു വന്നതോടെ തൊഴിൽ സുരക്ഷിതത്വവും വേതന സ്ഥിരതയും വലിയ പ്രശ്നങ്ങളായി 2025 ലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

തൊഴിൽ തേടി ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം 40% വർദ്ധിച്ചിട്ടുണ്ട്, സേവനമേഖലയിൽ വൻ കുതിച്ചുചാട്ടം ഉണ്ടായിരുന്നുവെങ്കിലും മാന്യമായ വരുമാനവും തൊഴിൽ സ്ഥിരതയും ഈ മേഖലയിൽ ലഭിക്കുന്നില്ല എന്നത് 2024 ന്റെ ബാക്കി പത്രമായി 2025 ലും മാറ്റമില്ലാതെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓരോ വർഷവും തൊഴിൽ മാർക്കറ്റിലേക്ക് എത്തുന്നവരുടെ എണ്ണം വർധിച്ചുവരുന്നുണ്ട് 2025ൽ അവരെ സ്വീകരിക്കുമ്പോൾ എന്ത് നിലപാടുകളാണ് രാജ്യങ്ങൾ സ്വീകരിക്കുക എന്നത് ലോകം ഉറ്റു നോക്കുകയാണ്. തൊഴിലില്ലായ്മ വ്യത്യസ്ത രാജ്യങ്ങളിൽ വ്യത്യസ്ത രീതികളിലാണെങ്കിലും തൊഴിൽരഹിതരിൽ 4% ന് മാത്രമേ വോക്കേഷണൽ ട്രെയിനിങ് ലഭിച്ചിട്ടുള്ളൂ എന്നത് രാജ്യങ്ങൾ ഇനിയും സാങ്കേതിക വൈദഗ്ധ്യാ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കപ്പെടുന്നു.

 ബിരുദമുള്ളവർ വർദ്ധിച്ചു വരികയും അവരിൽ തൊഴിലില്ലായ്മ സാർവത്രികമാവുകയും ചെയ്യുന്നത് വിദ്യാഭ്യാസ മേഖലയിലെ പല കോഴ്സുകളും തൊഴിൽ നേടാൻ പര്യാപ്തമല്ല എന്നതിന്റെയും കാലം ആവശ്യപ്പെടുന്ന കോഴ്സുകൾ അല്ല പല സർവ്വകലാശാലകളും 2024 ലും പിന്തുടർന്നത് എന്നതിന്റെ തെളിവായി കാണാം ഈ കാര്യത്തിന് 2025ൽ മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം അപകടം വിരൽത്തുമ്പിലോ? ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ ലോക അപകട സൂചികയുടെ 19 ആ മത് എഡിഷനിൽ രണ്ട് സുപ്രധാന കാര്യങ്ങൾ പറയുന്നു അതിലൊന്ന് തെറ്റായതും അസത്യവുമായ വിവരങ്ങൾ ലോകത്ത് വലിയ രീതിയിൽ വർദ്ധിച്ചുവരുന്നു എന്നതാണ്. 

മറ്റൊന്ന് കൃത്രിമ ബുദ്ധിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളുമാണ്. ലോകത്ത് 20 രാജ്യങ്ങളിൽ വ്യത്യസ്ത സംസ്ഥാനങ്ങളും ജനങ്ങളും തമ്മിൽ വലിയ ഏറ്റുമുട്ടൽ നടക്കുന്നു,അമേരിക്ക ഒരുവശത്തും ചൈന മറുവശത്തുള്ള വ്യാപാര ഏറ്റുമുട്ടലിന് പുതിയ മാനമാണ് 2024 ൽ ഉണ്ടായിട്ടുള്ളത്.

അമേരിക്കൻ സാമ്പത്തിക മേഖലയിൽ 1.7 ട്രില്യൻ അമേരിക്കൻ ഡോളർ കമ്മി ഉണ്ടായതും പുതുതായി അധികാരത്തിലേറുന്ന പ്രസിഡണ്ട് വലിയ രീതിയിൽ ചെലവ് ചുരുക്കൽ പ്രഖ്യാപിച്ചതും അരനൂറ്റാണ്ടിനിടയിലുള്ള വലിയ പലിശ വൻകിട കമ്പനികളെ പ്രതിസന്ധിയിലാക്കിയതും,ചൈനയുടെ കടബാധ്യത നെഗറ്റീവ് സ്റ്റേജിലേക്ക് പോയതും 2024 ൽ നാം കണ്ടതാണ്, ആയതിന്റെ തനിയാവർത്തനം ലോകത്തെ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന ലക്ഷണമാണ് സാമ്പത്തിക മേഖലയിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിതീവ്രമായ കാലാവസ്ഥ പ്രശ്നങ്ങളും, ഭൂമിക്കടിയിൽ ഉണ്ടാകുന്ന വലിയ മാറ്റങ്ങളും,പ്രകൃതി വിഭവങ്ങളുടെ ശോഷണവും അപര്യാപ്തതയും, മലിനീകരണവും, സൈബർ മേഖലയിലെ സുരക്ഷാ കുറവും ലോകം നേരിടുന്ന പ്രശ്നങ്ങളാണെങ്കിലും അതിലും വലിയ പ്രശ്നമായി കൃത്രിമ ബുദ്ധിയും അതുണ്ടാക്കുന്ന പ്രശ്നങ്ങളും ആയി മാറിക്കൊണ്ടിരിക്കുന്നു. 

പണപ്പെരുപ്പം അതിന്റെ ഉത്തുംഗ അവസ്ഥയിലാണുള്ളത്. ലോകത്ത് വിവിധ രാജ്യങ്ങളിൽ 7% മുതൽ 32% വരെ വിലക്കയറ്റം 2024ൽ ഉണ്ടായിട്ടുണ്ട് , ഇത് വിവിധ രാജ്യങ്ങളിലെ സാമ്പത്തിക മുരടിപ്പിന്റെ തോത് 9 മുതൽ 28 % വരെയായി രേഖപ്പെടുത്തുന്നു. 

ഓൺലൈൻ വ്യാപാരം അടക്കമുള്ള സാമ്പത്തിക കച്ചവട മേഖലകളിൽ വലിയ രീതിയിൽ പ്രശ്നങ്ങളും അധാർമികതയും കൊടികുത്തി വാഴുന്ന അവസ്ഥ 2024 സംജാതമായിട്ടുണ്ടായിരുന്നു. ഭക്ഷ്യവസ്തുക്കൾ ധാരാളമായി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം വർദ്ധിക്കുന്നു,ചൈന, സൗത്ത് കൊറിയ, ജപ്പാൻ, റഷ്യ,സൗദി അറേബ്യ എന്നിവ ഈ രാജ്യങ്ങളുടെ പട്ടികയിൽ ഉണ്ട്. ആർട്ടിക് പ്രദേശങ്ങളിൽ ചൂടുകൂടുന്നതോടുകൂടി ഐസ് ഉരുകി വെള്ളപ്പൊക്കം ഉണ്ടാകുന്നു. അന്തരീക്ഷത്തിലെ കാർബൺ പിടിച്ചെടുത്തു നശിപ്പിക്കുന്ന പദ്ധതി 2023 ൽ 6.4 ബില്യൺ അമേരിക്കൻ ഡോളർ മുതൽ മുടക്കി നടപ്പാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും 2024ൽ അത് നടപ്പിലായിട്ടില്ല 2025ലും ഇക്കാര്യത്തിൽ നിരാശ മാത്രമായിരിക്കും വിധി എന്നത് അനതിവിദൂരമല്ലാത്ത സമയങ്ങളിൽ ലോകത്തിന് മനസ്സിലാക്കാൻ സാധിക്കുന്നതാണ് . 

ക്വണ്ടം കമ്പ്യൂട്ടറിന്റെ സാധ്യതകൾ ഉപയോഗിച്ച് വൻകിട കമ്പനികളുടെ രഹസ്യങ്ങൾ ചോർത്തുന്നത് പതിവ് രീതിയായി മാറിയിട്ടുണ്ട് കൃത്രിമ ബുദ്ധി വിജയിക്കുന്നവരെക്കാൾ കൂടുതൽ പരാജയപ്പെട്ടവരെയാണ് സൃഷ്ടിക്കുന്നത്. 

അണുവായുധങ്ങൾക്ക് ശേഷം കൃത്രിമ ബുദ്ധി വലിയ വിനാശകരമായി മാറുന്നു എന്ന അവസ്ഥ 2025ലും തുടരുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്, കൃത്രിമ ബുദ്ധിയും അതിലൂടെ ഉണ്ടാകുന്ന തൊഴിലവസരങ്ങളും സാമ്പത്തിക പ്രചോദനം നൽകുന്നുണ്ടെങ്കിലും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ 2024 നേക്കാൾ കൂടുതൽ 2025 നെ സങ്കീർണ്ണമാ കുന്നതാണ്.

 ലോകത്തെ തൊഴിൽ മേഖലയിലുള്ള 5/3 തൊഴിലാളികൾക്കും പുതിയ പരിശീലനങ്ങൾ ആവശ്യമുണ്ട്. 

സംഘടിതാക്രമണങ്ങൾ കൊണ്ട് ലോകത്ത് 2024 ൽ 65000 പേരാണ് മരിച്ചതെങ്കിൽ മനുഷ്യ കടത്ത്,കള്ളക്കടത്ത്,മയക്കുമരുന്ന് വ്യാപാരം, കടൽ വഴിയുള്ള കുറ്റങ്ങൾ, അധാർമികമായ കച്ചവടങ്ങൾ, ബ്ലാക്ക് മാർക്കറ്റുകൾ എന്നിവ വർദ്ധിക്കുന്നതോടെ 2025 ലും സംഘടിത ആക്രമണത്തെ തുടർന്നുള്ള മരണം 2024 നേ ക്കാൾ വർദ്ധന ഉണ്ടാകുമെന്നാണ് കരുതുന്നത്.അമിതമായി മരുന്ന് കുത്തിവെച്ച് 2022 വരെ 110,000 യുവാക്കൾ അമേരിക്കയിൽ മരണപ്പെട്ടിട്ടുണ്ടെങ്കിൽ ഇത്തരം അപകട സാധ്യതകൾ ചെറുതും വലുതുമായ രീതിയിൽ ലോകത്തെ വിവിധ രാജ്യങ്ങളിൽ കണ്ടുവരുന്നു. 2024 ൽ ഉണ്ടായ ആഗോള ഭൗമ രാഷ്ട്രീയ പിരിമുറക്കങ്ങളുടെ തുടർച്ച 2025 ലും ഏതാണ്ട് അതേപടി തുടരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ നിരീക്ഷിക്കുന്നത്. 

പ്രതീക്ഷയോടുകൂടി ഒരു പുതുവർഷത്തെ നമുക്ക് സ്വീകരിക്കാം ഒപ്പം ഒരുപിടി ആശങ്കകളും 

By ടി ഷാഹുൽ ഹമീദ് 9895043496


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ഫാം ടൂറിസം :  മുരളി തുമ്മാരുകുടി
കാഴ്ച്ചയും കാഴ്ച്ചപ്പാടും എം.കോം.കാരന്‍ മീന്‍ കച്ചവടം തുടങ്ങിയപ്പോള്‍
കാഴ്ച്ചയും കാഴ്ച്ചപ്പാടും അധ്യാപകരുടെ ശ്രദ്ധക്ക്  : മുരളി തുമ്മാരുകുടി
Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25