കോര്‍പ്പറേറ്റുകളിലെ ജോലി ഉപേക്ഷിച്ച് വഴിയോരത്ത് എം.കോം.കാരന്റെ മീൻകച്ചവടം
കറുകച്ചാല്‍: വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലിചെയ്ത ബിരുദാനന്തര ബിരുദധാരി ഒരു സംരംഭം തുടങ്ങിയാല്‍ അത് വന്‍കിട സ്റ്റാര്‍ട്ടപ്പായിരിക്കുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ അക്കൗണ്ടന്റ് ജോലി ഉപേക്ഷിച്ച് വഴിയോരത്ത് മീന്‍കച്ചവടം തുടങ്ങി കൂടുതല്‍ വരുമാനം നേടുകയാണ് എം.കോം. കാരനായ കറുകച്ചാല്‍ പുതുപ്പള്ളിപ്പടവ് കല്ലോലിക്കല്‍ പ്രജിത്ത്കുമാര്‍ (28).
അഞ്ചുവര്‍ഷം സംസ്ഥാനത്തെ വിവിധ സ്വകാര്യസ്ഥാപനങ്ങളില്‍ അക്കൗണ്ടന്റായി ജോലിചെയ്ത പ്രജിത്തിന് കിട്ടിയിരുന്ന ശമ്പളം 15,000 രൂപയില്‍ താഴെ. മികച്ച വരുമാനമുള്ള മറ്റൊരു ജോലി കണ്ടെത്താനായില്ല. ഇതോടെയാണ് മീന്‍ കച്ചവടത്തിനിറങ്ങിയത്. സഹായിയായ കൂട്ടുകാരന്‍ ഗോകുലിന് ജോലിയും നല്‍കാനായി.
കച്ചവടം ഉച്ചയ്ക്ക് ഒരുമണി മുതല്‍ വൈകീട്ട് ഏഴുവരെ. എല്ലാചെലവും കഴിഞ്ഞ് ദിവസവും 1500 രൂപയിലേറെ കിട്ടുന്നു. അതിലേറെ സന്തോഷവുമുണ്ടെന്ന് പ്രജിത്ത് പറയുന്നു.
ചങ്ങനാശ്ശേരി-വാഴൂര്‍ റോഡില്‍ അണിയറപ്പടിയില്‍ തട്ടിട്ട്, പടുത കെട്ടിയാണ് മീന്‍കച്ചവടം. കടം വാങ്ങിയതും കൈയിലുള്ളതും ചേര്‍ത്ത് പന്ത്രണ്ടായിരം രൂപയാണ് കച്ചവടം തുടങ്ങാന്‍ വേണ്ടിവന്നത്. ഒരാഴ്ചകൊണ്ട് മുടക്കിയ പണം തിരികെ കിട്ടി. ആദ്യം 50 കിലോ മീനെടുത്ത് കച്ചവടം തുടങ്ങി. ഇപ്പോള്‍ 70 മുതല്‍ 80 കിലോവരെ ദിവസവും വില്‍ക്കുന്നു. പ്രജിത്ത് മീന്‍ തൂക്കിനല്‍കുമ്പോള്‍ ഗോകുല്‍ വൃത്തിയാക്കിക്കൊടുക്കും. ഇപ്പോള്‍ ഹോം ഡെലിവറിയും ആരംഭിച്ചിട്ടുണ്ട്.
എം.കോം.കാരന്‍ മീന്‍ കച്ചവടം തുടങ്ങിയപ്പോള്‍ ചില ബന്ധുക്കളും സുഹൃത്തുക്കളും എതിര്‍ത്തിരുന്നു. മീന്‍ കച്ചവടത്തിനായിരുന്നെങ്കില്‍ നീയെന്തിന് കോളേജില്‍പോയി എന്നായിരുന്നു ചോദ്യം. ആ ചോദ്യത്തിന് മറുപടി പറയാന്‍ പോയില്ല. മറിച്ച് നന്നായി ജീവിച്ചുകാണിക്കുക മാത്രമാണ് തനിക്ക് ചെയ്യാനുള്ളതെന്ന് പ്രജിത്ത് പറയുന്നു.
വിദ്യാഭ്യാസമുള്ളവര്‍ക്ക് നാട്ടില്‍ ഒരുപാട് ജോലി സാധ്യതകളുണ്ട്. പക്ഷേ ചെയ്യുന്ന ജോലിക്ക് ആനുപാതികമായ ശമ്പളം കിട്ടാത്തതാണ് പുതുതലമുറ നേരിടുന്ന പ്രശ്‌നമെന്ന് ഇദ്ദേഹം പറയുന്നു.
ഔപചാരിക വിദ്യാഭ്യാസമില്ലാത്ത ഇതര സംസ്ഥാന തൊഴിലാളികള്‍ മാസം 40,000 രൂപയിലധികം കൂലി വാങ്ങുമ്പോള്‍ വിദ്യാഭ്യാസം നേടിയ യുവാക്കള്‍ 15,000 രൂപയ്ക്ക് ജോലി ചെയ്യുന്നത് മിഥ്യാഭിമാനം മൂലമാണെന്നും പ്രജിത്ത് പറഞ്ഞു. ഭാവിയില്‍ ഒരു കടയെടുത്ത് കൂടുതല്‍പേര്‍ക്ക് ജോലി നല്‍കാവുന്ന തരത്തില്‍ കച്ചവടം വിപുലമാക്കണമെന്നാണ് ആഗ്രഹം.
കൂലിപ്പണിക്കാരനായ പ്രഭുകുമാറിന്റെയും പരേതയായ അജിതയുടെയും മകനാണ് അവിവാഹിതനായ പ്രജിത്ത്.courtesy: mathrubhumi
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group