'കുടകിലെ ടിബറ്റൻരാജ്യം'
യാത്രാനുഭവം പങ്ക് വെച്ച്
ജുനൈദ് കൈപ്പാണി
മാനന്തവാടി:ടിബറ്റിന് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ ടിബറ്റൻ സെറ്റിൽമെൻ്റായ കർണാടകയിലെ കുടക് ബൈലക്കുപ്പ സന്ദർശിച്ച ജുനൈദ് കൈപ്പാണിയുടെ യാത്രാനുഭവം ശ്രദ്ധേയമാകുന്നു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി സുഹൃത്തുക്കൊളോടൊപ്പം നടത്തിയ യാത്രയുമായി ബന്ധപ്പെട്ട ഫേസ്ബുക് കുറുപ്പിന്റെ പൂർണ്ണ രൂപം വായിക്കാം...
"കുടകിന്റെ വാണിജ്യ നഗരമാണു കുശാൽനഗർ. ഇവിടെ നിന്നു ഗുണ്ടികൊപ്പ, ഗൊഡ്ഡെ ഹൊസ്റു, കൊപ്പ. കൊപ്പ റൂട്ടിൽ വലത്തോട്ടു തിരിഞ്ഞാൽ നംദ്രോലിങ്.
പണ്ട് ചൈനക്കാരുടെ ആക്രമണം പേടിച്ച് ടിബറ്റിൽ നിന്ന് ഇന്ത്യയിലെത്തിയ പത്തുപേരുടെ സംഘം നിലയിറുപ്പിച്ച പ്രദേശമാണിത്.
ഇപ്പോൾ പതിനായിരം ആളുകളുള്ള വലിയ സമൂഹമായി മാറിയിരിക്കുന്നു . ഗോൾഡൻ ടെംപിളിനെ കേന്ദ്രീകരിച്ച് ‘ഭരണം നടത്തുന്ന ടിബറ്റൻ രാജ്യമായി’ മാറിയിരിക്കുന്ന ബൈലക്കുപ്പയിലെ വൈബ് അനിർവചനീയം.
ഇവിടെയുള്ള ആശ്രമവും ക്ഷേത്രവുമെല്ലാം സന്ദർശിക്കാൻ ദിവസേന ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്നുണ്ട്. ബുദ്ധ ശിൽപ്പങ്ങളുള്ള ഗോൾഡൻ ടെംപിളാണ് ഇവിടുത്തെ മുഖ്യ ആകർഷണം.
ബൈലക്കുപ്പയിലെ പത്തുകിലോമീറ്റർ ചുറ്റളവിൽ ടിബറ്റ് വംശജരാണ് താമസക്കാർ. സന്യാസിമാരും അവരുടെ അച്ഛനമ്മമാരുമായി 10,000 പേർ താമസിക്കുന്ന ‘കോളനി’യെന്നു പറയുന്നതാണ് ശരി.
ടിബറ്റ് വംശജരാണ് ബൈലക്കുപ്പയുടെ ‘ഉടമകൾ’. അവരുടെ ആത്മീയകേന്ദ്രമാണു ഗോൾഡൻ ടെംപിൾ. ടിബറ്റൻ കുടുംബങ്ങളിലെ ദമ്പതികൾ അവർക്കുണ്ടാകുന്ന ആദ്യത്തെ ആൺകുട്ടിയെ ആത്മീയ ജീവിതത്തിനു നിയോഗിക്കണം, അതാണു കീഴ് വഴക്കം. ഈ കുട്ടികളാണു പിന്നീട് ഗോൾഡൻ ടെംപിളിലെ സന്യാസികളാകുന്നത്.
ബൈലക്കുപ്പയിലെത്തുന്നവർക്ക് ഇവരുടെ പാട്ടും കുഴലൂത്തുമൊക്കെ നേരിൽ കാണാം
കൈയില്ലാത്ത മഞ്ഞക്കുപ്പായത്തിനു കുറുകെ, കടും തവിട്ടു നിറമുള്ള മേലങ്കിയണിഞ്ഞ സന്യാസികളെ കൂട്ടത്തോടെ കാണുമ്പോൾ ആരിലും ഒരു കൗതുകം ഉണരും. അങ്ങനെയാണ് അവരുടെ നടപ്പും ഇരിപ്പും ശാന്തതയും
സുവർണക്ഷേത്രത്തിന്റെ ഒന്നാമത്തെ വാതിലിനു മുമ്പിൽ കെട്ടിത്തൂക്കിയ മണിയുടെ ചുവട്ടിൽ ബുദ്ധ സന്യാസിവര്യൻ യിഷ് ലാമയ്ക്കൊപ്പം ഞങ്ങൾ ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്തു.
ഇവിടെയുള്ള
അമ്മിക്കല്ലിനോളം വലുപ്പമുള്ള ഒരു ദണ്ഡുകൊണ്ടാണ് പ്രാർത്ഥനക്കായി മണിയടിക്കുക.വട്ടപ്പാത്രത്തിന്റെ പോലുള്ള മണിയുടെ ശബ്ദം കേട്ടാണ് സന്യാസികൾ ഓരോരുത്തരായി ക്ഷേത്രത്തിലേക്കു പ്രാർത്ഥനസമയത്ത് കടന്നുവരിക.
ബൈലക്കുപ്പയിൽ എന്തൊക്കെയാണു കാണാനുള്ളതെന്ന് ആരെങ്കിലും ചോദിച്ചാൽ ചരിത്രം പറയാതെ ഒരു മറുപടി നൽകാൻ സാധിക്കില്ല.ചൈനയുടെ അതിർത്തിയിലുള്ള ടിബറ്റൻ കുന്നുകൾക്കു മുകളിൽ പ്രാർഥനയുമായി കഴിയുന്ന സന്യാസിമാരുടെ ചരിത്രം സംഭവബഹുലമാണ്.
ചൈനയുടെ ഭൂപ്രദേശത്താണെങ്കിലും ടിബറ്റിനെ ചൈനയുമായി യാതൊരു ബന്ധവുമില്ലാത്ത സ്ഥലമെന്ന രീതിയിലാണ് പാശ്ചാത്യ രാജ്യങ്ങൾ നോക്കിക്കണ്ടത്. ചൈനയിലെ അന്നത്തെ സർക്കാർ ഇതൊരു ആത്മാഭിമാന പ്രശ്നമായി കണ്ടു. ഇതിനിടെ, ദലൈലാമയെ ഭരണാധികാരിയായി അംഗീകരിച്ചുവെന്ന് ടിബറ്റിലെ ജനങ്ങൾ പ്രഖ്യാപിച്ചു. അതോടെ ഈ പ്രദേശം പിടിച്ചടക്കാൻ ചൈന തീരുമാനിച്ചു. ആക്രമിക്കുന്നവരെ സ്നേഹംകൊണ്ടും പ്രാർഥനകൊണ്ടും നേരിടാൻ പഠിച്ച ബുദ്ധശിഷ്യന്മാർ ചിന്നിച്ചിതറിയോടി. ജയിലിൽ പോകേണ്ടി വരുമെന്ന അവസ്ഥ വന്നപ്പോൾ ദലൈലാമ ഇന്ത്യയിൽ അഭയം തേടി. തണുത്ത കാലാവസ്ഥയുള്ള സ്ഥലത്ത് താമസിക്കാൻ അനുമതി നൽകണമെന്ന് ലാമ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിനോട് അഭ്യർഥിച്ചു. കുടകിലെ ബൈലക്കുപ്പയിൽ സന്യാസിമാർക്ക് പ്രധാനമന്ത്രി ഇടം നൽകി. ചൈനയിലെ രാഷ്ട്രീയം കലങ്ങിത്തെളിഞ്ഞപ്പോൾ ലാമ ടിബറ്റിലേക്കു മടങ്ങി. പക്ഷേ, ആത്മീയാചാര്യനൊപ്പം ബൈലക്കുപ്പയിൽ വന്ന സന്യാസിമാരിൽ ചിലർക്ക് ഇവിടം വിട്ടുപോകാനായില്ല.
ടിബറ്റൻ സന്യാസിമാരിൽ പതിനൊന്നാമനായ പേമ നൊർബ റിൻപോച്ചെ 1961ൽ കുടകിലെത്തി. കൂടെയുള്ള കുറച്ചു സന്യാസിമാരും 300 രൂപയുമായിരുന്നു അന്ന് റിൻപോച്ചെയുടെ കൈമുതൽ. മൊട്ടക്കുന്നായിക്കിടന്ന ബൈലക്കുപ്പയിൽ റിൻപോച്ചെ ഒരു ടെന്റ് നിർമിച്ചു. പതുക്കെ 1969ൽ ബൈലക്കുപ്പയിൽ ക്ഷേത്രം ഉയർത്തി.
'യോദ്ധ’ എന്ന സിനിമയിൽ പറയുന്ന റിൻപോച്ചെ തന്നെയാണ് ടിബറ്റൻമാരുടെ റിൻപോച്ചെ. ബൈലക്കുപ്പയിലെ സന്യാസി പരമ്പരയിൽ ഇപ്പോൾ മൂന്നു റിൻപോച്ചെമാരുണ്ട്. ക്യാബ്ജെ കർമകുജൻ റിൻപോച്ചെ, കെന്റുൽ ഗ്യങ് കാങ് റിൻപോച്ചെ, മുങ്സാങ് കുചൻ റിൻപോച്ചെ.
ഉത്സവകാലത്ത് ബൈലക്കുപ്പയിലെത്തിയാൽ കൂടുതൽ കാഴ്ചകൾ ആസ്വദിക്കാം. ടിബറ്റൻ കലണ്ടർ പ്രകാരം പുതുവർഷം ഫെബ്രുവരി – മാർച്ച് മാസങ്ങളിലാണ്. ന്യൂഇയർ ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ ഇപ്പോൾ ഇവിടെ ആരംഭിച്ചിട്ടുണ്ട്.
ടിബറ്റൻ കഫെയിലെ ടിബറ്റ്സ്മാമുസും കുടക് സ്റ്റൈൽ കോഫിയുമായിരുന്നു വൈകുന്നേരത്തെ സ്പെഷ്യൽ.
അതും കഴിഞ്ഞ് ഇരുട്ടുന്നതിനു മുൻപ് പതുക്കെ വയനാട്ടിലേക്ക് മടങ്ങി.
കുശാൽനഗർ യാത്ര പുതിയൊരു രാജ്യം സന്ദർശിച്ച അനുഭവമാണ് സമ്മാനിച്ചത്"
Junaid Kaippani
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group