ഒഴിവാക്കാനാകുന്ന മരണങ്ങൾ!
:മുരളി തുമ്മാരുകുടി
ആലപ്പുഴ മെഡിക്കൽ കോളേജിലെ അഞ്ച് ഒന്നാം വർഷ വിദ്യാർഥികൾ റോഡപകടത്തിൽ മരിച്ചു എന്ന വാർത്ത എന്നെ നടുക്കുന്നു, ഏറെ സങ്കടപ്പെടുത്തുന്നു.
മരിച്ച വിദ്യാർത്ഥികളുടെ വീട്ടിലെ കാര്യം ആലോചിക്കുകയാണ്. ഈ വർഷം മെഡിക്കൽ കോളേജിൽ അഡ്മിഷൻ ലഭിച്ച സമയം ആലോചിച്ചു നോക്കൂ.
എന്തുമാത്രം സന്തോഷം, അഭിമാനം, പ്രതീക്ഷ. ഇന്നിപ്പോൾ എന്തൊരു ഞെട്ടലായിരിക്കും. എന്തുമാത്രം ദുഃഖം, നിരാശ.
ഇനി അവർ ജീവിച്ചിരിക്കുന്നത്രയും കാലം ഈ ദുഖത്തിന് അവസാനമുണ്ടാ കുമോ?
ഇതിപ്പോൾ അഞ്ചു പേരുടെ കാര്യമല്ല.കേരളത്തിൽ ഒരു വർഷത്തിൽ നാലായിരത്തോളം ആളുകൾ റോഡപകടത്തിൽ മരിക്കുന്നുണ്ട്. ആയിരത്തിലധികം പേർ മുങ്ങിമരിക്കുന്നു.
ഈ രണ്ട് അപകടങ്ങളിലും ഏറ്റവും കൂടുതൽ മരിക്കുന്നത് യുവാക്കളാണ്. അതിലേറെയും വിദ്യാർഥികളും.വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളവരാണ് അപകടത്തിൽ പെടുന്നത്.
അതും മിക്കവാറും ഒന്നോ രണ്ടോ ആളുകളായി. അതുകൊണ്ട് തന്നെ ഓരോ വർഷവും അപകടത്തിൽ പെടുന്ന സംസ്ഥാനത്തെ മൊത്തം വിദ്യാർത്ഥികളുടെ കണക്ക് ആരും നോക്കാറില്ല.
ആയിരം? ആയിരത്തി അഞ്ഞൂറ്? രണ്ടായിരം? ആയിരം കുടുംബങ്ങൾ? അതിൽ കൂടുതൽ?
ഓരോ അപകടവും അപഗ്രഥിച്ചാൽ നിസ്സാരമായ മുൻകരുതലും അല്പം സുരക്ഷാബോധവും ഉണ്ടെങ്കിൽ ഒഴിവാക്കാവുന്ന അപകടങ്ങൾ ആയിരുന്നു ഇവയെല്ലാമെന്ന് മനസിലാക്കാം.
പക്ഷെ, നമ്മുടെ കുട്ടികൾക്ക് നാം ഒരു സുരക്ഷാ വിദ്യാഭ്യാസവും നൽകുന്നില്ല. സ്‌കൂൾ ബസിൽ നിന്നിറങ്ങി പോകുമ്പോൾ അതേ ബസ് കയറി ഒരു കുഞ്ഞു മരിച്ചത് കഴിഞ്ഞ ആഴ്ചയാണ്. ഇത് തന്നെ വർഷത്തിൽ എത്ര പ്രാവശ്യം നടക്കുന്നു.
വിനോദ യാത്രക്ക് പോകുമ്പോൾ മുങ്ങി മരിക്കുന്നവർ എത്ര പേർ!
രാത്രി യാത്രകളിൽ, ഹെൽമെറ്റ് ഉപയോഗിക്കാതെ, ഓവർ ലോഡ് കയറി പോകുമ്പോൾ, ട്രെയിനിൽ നിന്നും ഓടിയിറങ്ങുമ്പോൾ, ചാടി കയറുമ്പോൾ, ഡോറിനടുത്ത് നിൽക്കുമ്പോൾ, എന്നിങ്ങനെ മുൻകൂട്ടി കാണാവുന്ന അപകട സാധ്യത ഉള്ളിടത്താണ് കൂടുതൽ മരണങ്ങൾ സംഭവിക്കുന്നത്.
സുരക്ഷാ പരിശീലനം സ്‌കൂൾ തലം മുതൽ നമ്മുടെ സ്‌കൂളുകളിൽ വേണം. പുതിയൊരു സുരക്ഷാ സംസ്കാരം ഉണ്ടാകണം.
നമ്മുടെ കുഞ്ഞുങ്ങളുടെ ചോര നമ്മുടെ റോഡുകളിലും റെയിൽ പാളങ്ങളിലും പുഴകളിലും വീഴരുത്.
മരിച്ച കുട്ടികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ ചേരുന്നു.
സുരക്ഷിതരായിരിക്കുക!
മുരളി തുമ്മാരുകുടി
photo courtey:Asianet
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group