എഴുപത് മണിക്കൂർ ജോലി !
:മുരളി തുമ്മാരുകുടി
രാജ്യം വികസിപ്പിക്കാൻ തൊഴിലാളികൾ ആഴ്ചയിൽ ശരാശരി എഴുപത് മണിക്കൂർ ജോലി ചെയ്യണം എന്ന് ശ്രീ നാരായണമൂർത്തി പറഞ്ഞതായി പണ്ട് വായിച്ചപ്പോൾ സത്യത്തിൽ ഞാൻ അത് വിശ്വസിച്ചില്ല.
പക്ഷെ ഇന്ന് ശ്രീ നാരായണമൂർത്തി ഈ വിഷയത്തിൽ അദ്ദേഹം വീണ്ടും അഭിപ്രായം പറഞ്ഞിട്ടുണ്ട്.
ആയിരത്തി തൊള്ളായിരത്തി എൺപത്തി ആറിൽ രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ തൊഴിൽ ദിനങ്ങൾ ആഴ്ചയിൽ അഞ്ചാക്കി ചുരുക്കിയതിൽ താൻ നിരാശനായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇന്ത്യയിൽ ആണ് ഞാൻ എൻ്റെ തൊഴിൽ ജീവിതം തുടങ്ങിയത്.
ആയിരത്തി തൊള്ളായിരത്തി എൺപത്തി എട്ടിൽ. അതിന് ശേഷം ഇതിപ്പോൾ അഞ്ചാമത്തെ രാജ്യത്തിൽ ആറാമത്തെ ജോലിയാണ്.
മുപ്പത്തി ആറു വർഷത്തെ തൊഴിൽ ജീവിതത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞാൽ ഈ "എഴുപത് മണിക്കൂർ " "ആഴ്ചയിൽ ആറു ദിവസം" കഠിനാധ്വാനവും നമ്മുടെ കരിയർ പുരോഗതിയോ രാജ്യത്തിൻറെ പുരോഗതിയോ തമ്മിൽ ഒരു ബന്ധവുമില്ല.
പുരോഗമനപരമായ നിയമങ്ങൾ ഉണ്ടാകുന്നതാണ് രാജ്യത്തിൻറെ പുരോഗതിയുടെ അടിസ്ഥാനം.
പതിറ്റാണ്ടുകൾക്ക് ശേഷം അഞ്ചു ദിന തൊഴിൽ വാരം കൊണ്ടുവന്നത് ഉൾപ്പടെ എത്രയോ പുരോഗമനപരമായ മാറ്റങ്ങൾ ആണ് ശ്രീ രാജീവ് ഗാന്ധി കൊണ്ടുവന്നത്.
നമ്മുടെ പുരോഗതിയുടെ അടിസ്ഥാനം. പുരോഗമനപരമല്ലാത്ത ഒരു സിസ്റ്റത്തിൽ ആളുകൾ പെടാപ്പാട് പെട്ടാലോന്നും രാജ്യം പുരോഗമിക്കില്ല.
വ്യക്തിപരമായും ഇത് ശരിയാണ്. കൂടുതൽ സമയം ജോലി ചെയ്യിക്കുന്നതല്ല തൊഴിലാളികളിൽ കൂടുതൽ പ്രൊഡക്ടിവിറ്റി ഉണ്ടാക്കുന്ന സംവിധാനങ്ങൾ ഒരുക്കുന്നതാണ് ആധുനികമായ മാനേജ്‌മെന്റ്.
പ്രൊഡക്ടിവിറ്റിക്ക് സഹായകരമല്ലാത്ത സാഹചര്യത്തിൽ എഴുപത് മണിക്കൂർ ജോലി ചെയ്താൽ നടുവേദന ഉണ്ടാക്കാം എന്നല്ലാതെ കരിയർ പുരോഗതി ഉണ്ടാകില്ല.
കോവിഡാനന്തരം അനവധി തൊഴിലുകൾ ലോകത്ത് എവിടെ നിന്നും ചെയ്യാമെന്ന സാഹചര്യം ഉണ്ടായി.
ആളുകൾ എത്ര സമയം ജോലി ചെയ്യും എന്ന് പഞ്ച് ചെയ്യാനുള്ള സാഹചര്യം കുറഞ്ഞു. എന്നിട്ടും പൊതുവെ പ്രൊഡക്ടിവിറ്റി കൂടി. ആഴ്ചയിൽ അഞ്ചു ദിവസം എന്നത് നാലു ദിവസമായി ഏറെ സ്ഥാപനങ്ങൾ ശ്രമിച്ചു, അവരൊക്കെ അത് കൂടുതൽ പ്രൊഡക്ടീവ് ആയി കണ്ട് അത് തുടരാൻ പോകുന്നു.
തൊഴിലാളികൾ എന്ത് ചെയ്യുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത് അല്ലാതെ എത്ര സമയം തൊഴിൽസ്ഥലത്ത് ചിലവാക്കുന്നു എന്നതല്ല. ശ്രീ നാരായണമൂർത്തിയെപ്പോലെ ഉള്ളവർ ഇപ്പോഴും സമയത്തിന് പുറകെ പോകുന്നത് നിരാശാജനകമാണ്.
മുരളി തുമ്മാരുകുടി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group