'മാപ്പുപറയണം', ആത്മകഥാ വിവാദത്തിൽ ഡി.സി. ബുക്സിന് ഇ.പിയുടെ വക്കീൽ നോട്ടീസ്
തിരുവനന്തപുരം: ആത്മകഥാ വിവാദത്തിൽ ഡി.സി. ബുക്സിനെതിരേ വക്കീൽ നോട്ടീസയച്ച് സി.പി.എം നേതാവ് ഇ.പി. ജയരാജൻ. ഡി.സി മാപ്പുപറയണമെന്നാണ് ഇ.പിയുടെ ആവശ്യം. അഡ്വ.കെ.വിശ്വൻ മുഖേന ഡി.സി ബുക്സ് സി.ഇ.ഒയ്ക്കാണ് നോട്ടീസ് അയച്ചത്.
'ഉപതിരഞ്ഞെടുപ്പ് ദിവസം ആത്മകഥയുടെ ഭാഗങ്ങൾ എന്നുപറഞ്ഞ് പുറത്തുവിട്ടത് ഡി.സി. ബുക്സ് ആണ്. തന്റെ കക്ഷിയുടെ ആത്മകഥ പൂർത്തിയായിട്ടില്ല. ദുഷ്ടലാക്കോടുകൂടി ഉപതിരഞ്ഞെടുപ്പ് ദിവസംതന്നെ പ്രചരിപ്പിച്ചത്, സമൂഹമധ്യത്തിൽ തന്റെ കക്ഷിയെ തേജോവധം ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ്. ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയ എതിരാളികൾക്ക് പ്രചാരണ ആയുധം നൽകുന്നതിനുവേണ്ടിയാണിത്.
അതിനാൽ വക്കീൽ നോട്ടീസ് കിട്ടിയാല്‍ ഉടനെ ഡി.സി. ബുക്സ് പുറത്തുവിട്ട എല്ലാ പോസ്റ്റുകളും ആത്മകഥ എന്നുള്ള ഭാഗങ്ങളും പിൻവലിച്ച് മാപ്പുപറയണം. അല്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കും' എന്നാണ് നോട്ടീസിൽ പറയുന്നത്. ഇ.പി വക്കീൽ നോട്ടീസ് അയച്ച സാഹചര്യത്തിൽ, ഇനി ഡി.സി ബുക്സിന്റെ വിശദീകരണം എന്തായിരിക്കും എന്നാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്.
സംഭവത്തിൽ, ഇ.പി ജയരാജൻ നേരത്തേ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. തനിക്കെതിരേ ഗൂഢാലോചന നടത്തി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നാണ് ഇ-മെയിൽ വഴി നൽകിയ പരാതിയിൽ പറയുന്നത്.
ബുധനാഴ്ച രാവിലെയാണ് ഇടതുമുന്നണിയെ വെട്ടിലാക്കി ഇ.പി.യുടെ ആത്മകഥാ വിവാദം പുറത്തുവന്നത്. പാർട്ടി തന്നെ കേൾക്കാൻ തയ്യാറായില്ലെന്നും രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും ആത്മകഥയിൽ പറയുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർഥി സരിനെതിരെയും വിമര്‍ശനമുള്ളതായും ആരോപണങ്ങൾ ഉയർന്നു. എന്നാൽ, ഈ ആരോപണങ്ങളെ പൂർണമായും തള്ളി ഇ.പി രംഗത്തെത്തി.
ഇ.പി. ജയരാജൻ എഴുതിയതെന്ന് ഡി.സി ബുക്സ് അവകാശപ്പെട്ട 'കട്ടൻ ചായയും പരിപ്പുവടയും' എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത് നീട്ടിവെച്ചതായി പിന്നീട് പ്രസാധകര്‍ അറിയിച്ചു. നിർമിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലമാണ് തീരുമാനമെന്നാണ് വിശദീകരണം. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്നും ഡി.സി ബുക്സ് ഫെയ്സ്ബുക്കിൽ കുറിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group