ഭര്‍ത്താവിരുന്ന അതേ ആശുപത്രിയില്‍ ഞാനിന്ന് ഡോക്ടറാണ്; വിധവയായപ്പോള്‍ സഹതപിച്ചവരോട് ഹൈമ പറയുന്നു : ബിജു രാഘവന്‍

ഭര്‍ത്താവിരുന്ന അതേ ആശുപത്രിയില്‍ ഞാനിന്ന് ഡോക്ടറാണ്; വിധവയായപ്പോള്‍ സഹതപിച്ചവരോട് ഹൈമ പറയുന്നു : ബിജു രാഘവന്‍
ഭര്‍ത്താവിരുന്ന അതേ ആശുപത്രിയില്‍ ഞാനിന്ന് ഡോക്ടറാണ്; വിധവയായപ്പോള്‍ സഹതപിച്ചവരോട് ഹൈമ പറയുന്നു : ബിജു രാഘവന്‍
Share  
2024 Nov 10, 11:20 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ഭര്‍ത്താവിരുന്ന അതേ ആശുപത്രിയില്‍ ഞാനിന്ന് ഡോക്ടറാണ്; വിധവയായപ്പോള്‍ സഹതപിച്ചവരോട് ഹൈമ പറയുന്നു


: ബിജു രാഘവന്‍ 


മുപ്പത്തി രണ്ടാം വയസ്സില്‍ ഭര്‍ത്താവ് മരിക്കുമ്പോള്‍ ഇനിയങ്ങോട്ടുള്ള വഴികളില്‍ ഒറ്റയ്ക്ക് തന്നെ നടക്കേണ്ടി വരുമല്ലോ എന്ന് സഹതപിച്ചവരോട് ഹൈമ മറുപടി ഒന്നും പറഞ്ഞിരുന്നില്ല.


ഇനി നല്ല ഡ്രസ്സൊക്കെ ധരിച്ച് പുറത്തിറങ്ങാന്‍ പോലും പറ്റില്ലല്ലോ എന്ന് ദുഃഖിച്ചവരോടും ഹൈമ പ്രതികരിച്ചില്ല.

പക്ഷേ അവര്‍ ഒരുകാര്യം മനസ്സിലുറപ്പിച്ചിരുന്നു,'ഞാന്‍ ഒറ്റയ്ക്ക് തന്നെ നടക്കും, ആരുടെയും സഹതാപം എനിക്ക് ആവശ്യമില്ല.

'ആ ഒറ്റവഴിയിലൂടെ നടന്ന് അവര്‍ ഡോക്ടറായി.

ഭര്‍ത്താവിന്റെ അതേ ആശുപത്രിയില്‍, അതേ കസേരയിലിരുന്ന് അവര്‍ രോഗികളെ ചികിത്സിക്കുന്നു.

വിവാഹം കഴിഞ്ഞ് അധികംവൈകാതെ ഭര്‍ത്താവിനെ നഷ്ടമായ ഒരാള്‍ക്കുനേരെ സമൂഹം പുറത്തെടുക്കുന്ന സഹതാപത്തെയും ഒറ്റപ്പെടുത്തലിനെയും ഒറ്റയ്ക്ക് മറികടന്ന ഹൈമയ്ക്ക് ഇന്ന് കോഴിക്കോട് കാരന്തൂരില്‍ സ്വന്തമായൊരു മേല്‍വിലാസമുണ്ട്, രോഗികളുടെ പ്രിയപ്പെട്ട ഡോക്ടര്‍ ഹൈമ.


സ്വപ്നങ്ങളുടെ ബാല്യം


ഹൈമ ജനിച്ചുവളര്‍ന്നത് നാഗര്‍കോവിലാണ്.

അച്ഛന്‍ ഗോവിന്ദന്റെ സര്‍ക്കാര്‍ ജോലിയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി കന്യാകുമാരിയില്‍ താമസമാക്കിയ മലയാളി കുടുംബത്തില്‍. വളര്‍ന്നുവരുമ്പോഴൊക്കെ ഹൈമ അച്ഛന്റെ ഉള്ളിലെ ആ പ്രത്യേക ഇഷ്ടവും തിരിച്ചറിയുന്നുണ്ടായിരുന്നു.

സര്‍വേ വകുപ്പിലാണ് ജോലിയെങ്കിലും അച്ഛന് ഹോമിയോപ്പതിയായിരുന്നു ജീവന്‍.

പുലരുംവരെ ഹോമിയോപ്പതി പുസ്തകങ്ങള്‍ വായിച്ച് അതേക്കുറിച്ച് പഠിച്ച് ജീവിച്ചൊരാള്‍.

ആ കാഴ്ചയില്‍നിന്നാണ് മുതിര്‍ന്നാല്‍ തനിക്കൊരു ഹോമിയോ ഡോക്ടറാവണമെന്നുള്ള ആഗ്രഹം ഹൈമയിലുണ്ടാവുന്നത്.


'പ്ലസ്ടുവിന് നല്ല മാര്‍ക്കുണ്ടായിരുന്നെങ്കിലും എനിക്ക് ഹോമിയോക്ക് ചേര്‍ന്നാല്‍ മതിയായിരുന്നു.

അന്ന് ബി.എച്ച്.എം.എസിന് അഡ്മിഷനെടുക്കാന്‍ ചെന്നപ്പോള്‍ അച്ഛന് ആ കോളേജ് ഇഷ്ടമായില്ല.

ഉള്‍നാട്ടില്‍ യാതൊരു വികസനവുമില്ലാത്ത സ്ഥലത്തായിരുന്നു കോളേജ്. അടിസ്ഥാന സൗകര്യങ്ങളും കുറവ്.

അവിടെ പഠിക്കുന്ന പെണ്‍കുട്ടികളാവട്ടെ വിരലിലെണ്ണാവുന്നവരും.

ഇതു കണ്ടതോടെ അച്ഛന്‍ ആഗ്രഹം ഉപേക്ഷിച്ചു.

എന്നെ ബിഎസ്.സി. ഫിസിക്സിന് ചേര്‍ത്തു്. അല്‍പംകഴിഞ്ഞ് അച്ഛന്‍ മരിച്ചു. അതോടെ ഞങ്ങള്‍ കോഴിക്കോട്ടേക്ക് താമസംമാറി.


ഇവിടെ വെച്ചാണ് ഞാന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സ് കഴിഞ്ഞത്.'

പിന്നെ ഹൈമയ്ക്ക് കല്യാണാലോചനകളുടെ കാലമായിരുന്നു.

ഒടുവില്‍ ഹൈമയുടെ മനസ്സറിഞ്ഞെത്തിയ ആലോചനയിലെ നായകനും ഒരു ഹോമിയോ ഡോക്ടര്‍.


പ്രദീപ്കുമാറിന്റെ ജീവിതപങ്കാളിയായി തനി കോഴിക്കോട്ടുകാരിയായി ഹൈമ ദാമ്പത്യജീവിതം തുടങ്ങി.

ഒഴിവുനേരങ്ങളില്‍ ഭര്‍ത്താവിനൊപ്പം ചികിത്സാമുറിയില്‍ അവരും കയറിയിരിക്കും.

ഹോമിയോയെക്കുറിച്ച് കേട്ടുവളര്‍ന്ന ബാല്യം ആ നേരങ്ങളില്‍ അവരുടെ ഉള്ളില്‍ സന്തോഷത്തോടെ തുടിച്ചിരുന്നു.


ഹൈമ ഭര്‍ത്താവിനും മകനുമൊപ്പം


വിവാഹം കഴിഞ്ഞ് ആറാംമാസം ഹൈമ ഇഖ്റ ആശുപത്രിയില്‍ എക്സിക്യൂട്ടീവ് ഓഫീസറായി ജോലിക്ക് ചേര്‍ന്നു.

ജീവിതം സന്തോഷത്തോടെ ഒഴുകിക്കൊണ്ടിരുന്ന കാലം. പക്ഷേ, പൊടുന്നനെയാണ് ആ ദുരന്തം കയറിവന്നത്, ഒരു നെഞ്ചുവേദനയുടെ രൂപത്തില്‍. അവരുടെ ഭര്‍ത്താവ് ഡോ.പ്രദീപിന്റെ ജീവന്‍ രക്ഷിക്കാന്‍ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞില്ല.


ആ വിയോഗത്തില്‍ പതറിപ്പോയ ഹൈമ ആഘാതത്തില്‍നിന്ന് ഒന്ന് എഴുന്നേറ്റുവരാന്‍ നിരന്തരം പരിശ്രമിച്ചു.

പക്ഷേ ചുറ്റുപാടുകളില്‍നിന്നെല്ലാം നെഗറ്റീവ് കമന്റുകളാണ് അവര്‍ക്ക് കേള്‍ക്കേണ്ടി വന്നത്.

തളര്‍ന്നുപോയ ഒരാളെ വീണ്ടും ഇല്ലാതാക്കാന്‍ ശേഷിയുള്ള അഭിപ്രായങ്ങള്‍.


അതിലൊന്നും പതറാതെ മുന്നോട്ട് പോവുകയെന്നത് ജീവന്‍മരണ പോരാട്ടമാണ്.

വലിയ പുരോഗമന സമൂഹമാണ് നമ്മുടേത്. എന്നിട്ടും എന്റെ അടുത്ത് പലരും പറഞ്ഞിട്ടുണ്ട്.

അയ്യോ ഭര്‍ത്താവ് മരിച്ചല്ലോ,ഇനി നിങ്ങളെ പഴയ പോലെയൊന്നും ഡ്രസ് ചെയ്ത് കാണാന്‍ പറ്റില്ലല്ലോ എന്ന്.

ഏറെ വിദ്യാസമ്പന്നരായ ആളുകള്‍ പോലും അങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ ഞെട്ടിപ്പോയിട്ടുണ്ട്.

അവരോടൊക്കെ അതൊക്കെ നിങ്ങളുടെ തോന്നലാണെന്ന് ഞാന്‍ മറുപടി പറഞ്ഞു.

ഞാന്‍ പണ്ടുള്ളപോലെ തന്നെ ഇനിയും മുന്നോട്ടുപോവുമെന്നും. ഞാന്‍ ഇതുവരെ എന്തായിരുന്നോ അതുതന്നെയാവണം തുടര്‍ന്നും.


നമ്മുടെ അകത്ത് നിറയെ പ്രശ്നങ്ങളുണ്ട്. പ്രയാസങ്ങളും പ്രതിസന്ധികളുമെല്ലാം മനസ്സിനെ വരിഞ്ഞുമുറുക്കുന്നുണ്ട്.

പക്ഷേ അതൊന്നും മറ്റൊരാളുടെ മുന്നില്‍ കാണിക്കേണ്ടതില്ലല്ലോ. അതിന്റെ പേരില്‍ ആരുടെയും സഹതാപം ആവശ്യമില്ലെന്ന് മനസ്സിനെ ബോധ്യപ്പെടുത്തി.

ഈ സമയത്ത് കൂടെയുണ്ടാവുമെന്നൊക്കെ ധാരാളമാളുകള്‍ പറയും, അങ്ങനെ എന്നോടും പറഞ്ഞവരുണ്ട്.

അതൊക്കെ തുടക്കത്തിലേ കാണൂ. അതുകഴിഞ്ഞാല്‍ നമ്മള്‍ ഒറ്റയ്ക്ക് തന്നെ നടക്കണം.

അതിനുവേണ്ടി മനസ്സിനെ പാകപ്പെടുത്തണം.'അങ്ങനെ ഒറ്റയ്ക്ക് നടക്കാനുള്ള ആലോചനകള്‍ക്കൊടുവിലാണ് ഹൈമയുടെ മനസ്സിലേക്ക് ആ പഴയകാലം ഓടിവന്നത്.

ചെറുപ്പത്തില്‍ ഹോമിയോപ്പതി പഠിക്കാന്‍ പോയതും കോളേജിലെ അസൗകര്യങ്ങള്‍ കാരണം അതുപേക്ഷിക്കേണ്ടി വന്നതും.

ആ ബാല്യത്തിലേക്ക് ഒന്ന് തിരികെ നടക്കാന്‍ അവര്‍ക്ക് തോന്നി. അതുതന്നെയാവും മനസ്സിലെ മുറിവുണക്കാനുള്ള മരുന്നും.


വീണ്ടും കന്യാകുമാരിയിലേക്ക്


അഞ്ചുവയസ്സുള്ള മകന്‍ അഭിനവിനെയും പ്രായമായ അമ്മ ചന്ദ്രികയെയും കൂട്ടി കന്യാകുമാരിയിലേക്കുള്ള തീവണ്ടിയില്‍ ഇരിക്കുമ്പോള്‍ ഹൈമയുടെ മനസ്സില്‍ ചുറ്റിലുമുള്ളവരുടെ വാക്കുകള്‍ തികട്ടി വന്നുകൊണ്ടിരുന്നു.


'ഉള്ള ജോലി രാജിവെച്ച് പഠിക്കാന്‍ പോവുന്നത് റിസ്‌ക് ആണ്, കുഞ്ഞിനെ വളര്‍ത്താന്‍ കഷ്ടപ്പാട് അല്ലേ, ഇനിയൊരു ജോലി കിട്ടുമെന്ന് എന്താണ് ഉറപ്പ്, വിധവയായാല്‍ പിന്നെ മുന്നോട്ട് പോവാന്‍ വലിയ പ്രയാസമാവും...

' മുന്നോട്ട് നടക്കാന്‍ തീരുമാനിച്ച ഒരാളെ പിന്നോട്ട് വലിക്കുന്ന അഭിപ്രായങ്ങള്‍.

പക്ഷേ എല്ലാ നെഗറ്റീവ് കമന്റുകളെയും മറികടന്ന് മുന്നോട്ട് പോയേ പറ്റൂ എന്ന് ഹൈമ മനസ്സിലുറപ്പിച്ചു.

ഭര്‍ത്താവ് ഇല്ലാതായിപ്പോയതിന്റെ സങ്കടം മറികടക്കണമെങ്കില്‍ ജീവിതത്തിലൊരു വഴിത്തിരിവുണ്ടാവണം.

അതിനുള്ള ഏകമാര്‍ഗം പഠനമാണെന്ന് ഹൈമയ്ക്ക് മനസ്സിലായി.


'ഭര്‍ത്താവ് മരിച്ച സ്ത്രീയോടുള്ള ഒരു അയ്യോ പാവം ഫീലിങ് എനിക്ക് വേണ്ടതില്ല.

അങ്ങനെ ഒരു അവസ്ഥയിലേക്ക് എന്നെ കൊണ്ടുപോവാന്‍ താത്പര്യവുമില്ല, അയ്യോ ഭര്‍ത്താവ് മരിച്ച് അവളിങ്ങനെ ആയിപ്പോയല്ലോ എന്ന് ആരും പറയാനിടവരരുത്.


ഭര്‍ത്താവ് മരിച്ചിട്ടും അവളെക്കൊണ്ട് ഇങ്ങനെയൊക്കെ പറ്റിയല്ലോ എന്നാണ് ആളുകളെക്കൊണ്ട് പറയിക്കേണ്ടത്.

അതോടെ എന്റെ മനസ്സിലെ സംശയങ്ങള്‍ നീങ്ങി. 'ആ തീവണ്ടി മഞ്ഞപ്പാടങ്ങളും തെളിനീര്‍ പൊയ്കകളും മുറിച്ചുകടന്ന് കന്യാകുമാരിയി

ലെത്തുമ്പോഴേക്കും ഹൈമയുടെ മനസ്സിലെ ആശങ്കകളെല്ലാം മാഞ്ഞുപോയിരുന്നു.

തീവണ്ടി ജനാലയിലൂടെ പിന്നിലേക്ക് ഓടിപ്പോയ കാഴ്ചകള്‍പോലെ.

മകനോടൊപ്പം

പണ്ട് ഹോമിയോപ്പതി കോഴ്സിന് ചേരാന്‍ പോയ അതേ കോളേജില്‍തന്നെ ബി.എച്ച്.എം.എസിന് ചേരുകയെന്നതായിരുന്നു ഹൈമയുടെ ലക്ഷ്യം.

അന്ന് പ്ലസ്ടു പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് കോഴ്സിലേക്ക് പ്രവേശനം.

അതുകൊണ്ടുതന്നെ പഴയ മാര്‍ക്ക് വെച്ച് വീണ്ടുമൊരു അഡ്മിഷനെടുക്കാന്‍ ഹൈമയ്ക്ക് പ്രയാസപ്പെടേണ്ടി വന്നില്ല.

പണ്ട് അച്ഛന്റെ കൈപിടിച്ചുചെന്ന വൈറ്റ് മെമ്മോറിയല്‍ ഹോമിയോ കോളേജിലേക്ക് മകന്റെ കുഞ്ഞുവിരലുകള്‍ കോര്‍ത്തുപിടിച്ച് ആ അമ്മ കയറിച്ചെന്നു.

'ഞാന്‍ ഇനിയും പഠിക്കണമെന്ന് വാശിപിടിച്ച ഒറ്റയാളേ ഉണ്ടായിരുന്നുള്ളു, അത് എന്റെ മകനാണ്.

കുഞ്ഞായിരുന്നുവെങ്കിലും അവന് എന്റെ ആഗ്രഹം അറിയാമായിരുന്നു. ഭര്‍ത്താവുള്ളപ്പോള്‍ അദ്ദേഹവും എന്നോട് ഹോമിയോ പഠിക്കാന്‍ പറയുന്നത് അവനും കേട്ടിട്ടുണ്ട്.

അവന്റെ നിര്‍ബന്ധമായിരുന്നു മുന്നോട്ട് പോവാനുള്ള എന്റെ കരുത്ത്...' ഹൈമ ആ കാലം ഓര്‍ത്തു.


സീനിയര്‍ കുട്ടി


വര്‍ഷം 2008. പഠനം നിര്‍ത്തിയ ശേഷം പത്തുവര്‍ഷം കഴിഞ്ഞ് ഒരു വിദ്യാര്‍ത്ഥിയുടെ യൂണിഫോം അണിഞ്ഞ് ക്ലാസിലേക്ക് മടങ്ങുമ്പോള്‍ എന്തൊക്ക ആശങ്കകളാവും ആ വിദ്യാര്‍ത്ഥിയെ അലട്ടിയിട്ടുണ്ടാവുക?.

18 വയസ്സുള്ളവര്‍ക്കൊപ്പമിരുന്ന് പഠിക്കാന്‍ ഒരു 32കാരി കുട്ടി. സഹപാഠികള്‍ക്കും അധ്യാപകര്‍ക്കുമൊക്കെ ഹൈമയൊരു കൗതുകമായിരുന്നു.

പക്ഷേ തന്റെ ജീവിതകഥയൊന്നും തത്കാലം മറ്റാരോടും പങ്കുവെക്കേണ്ടതില്ലെന്ന് അവര്‍ നിശ്ചയിച്ചിരുന്നു.

അതിന്റെ പേരിലൊരു സഹതാപം വേണ്ടെന്നുള്ള ദൃഢനിശ്ചയം. വലിപ്പച്ചെറുപ്പമൊന്നുമില്ലാതെ ക്ലാസിലെ കൂട്ടുകാരികള്‍ ഹൈമയെ സ്വീകരിച്ചു.

പഠനമൊക്കെ സന്തോഷത്തോടെ തുടങ്ങാന്‍ കഴിഞ്ഞെങ്കിലും പുറത്ത് ഹൈമയ്ക്ക് കഷ്ടപ്പാടിന്റെ കാലമായിരുന്നു.


' നല്ല സ്ട്രഗിള്‍ തന്നെയായിരുന്നു ആ അഞ്ചരവര്‍ഷം.

മോന്റെ കൂടെ നില്‍ക്കേണ്ട പ്രായമാണ്. അവനെ രാത്രി ഇരുന്ന് പഠിപ്പിച്ച് അവന്‍ ഉറങ്ങിയ ശേഷവും രാവിലെ എണീറ്റുമൊക്കെയാണ് ഞാന്‍ പഠിച്ചത്. രാത്രി വൈകി പഠിക്കാനിരിക്കുമ്പോള്‍ ഈ പ്രായത്തിലൊന്നും പുതുതായി ഒന്നും പഠിച്ചെടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞവരുടെയൊക്കെ മുഖമാണ് എന്റെ മുന്നില്‍ തെളിഞ്ഞുവന്നത്.


പക്ഷേ അതൊക്കെ എന്റെ വാശികയറ്റി. ഇത്രയുമാളുകള്‍ നെഗറ്റീവ് പറഞ്ഞെങ്കില്‍ അവരുടെ മുന്നില്‍ തോറ്റുപോവരുതല്ലോ.

എല്ലാം മറന്ന് പഠിച്ചു.'അങ്ങനെ ആ കോളേജില്‍ ഒന്നാമതായിത്തന്നെ കോഴ്സ് പൂര്‍ത്തിയാക്കിയാണ് ഹൈമ പുറത്തിറങ്ങിയത്.


പഠനം കഴിഞ്ഞ് 2015 ല്‍ ഡോ.ഹൈമയായി കോഴിക്കോട്ടേക്ക് മടങ്ങുമ്പോള്‍ അവരുടെ ഉള്ളിലൊരു ലക്ഷ്യമുണ്ടായിരുന്നു.

പണ്ട് ഭര്‍ത്താവ് രോഗികള്‍ക്കൊപ്പമിരുന്ന അതേ ചികിത്സാമുറിയിലിരുന്ന് ചികിത്സിക്കണം.

അങ്ങനെ ഡോക്ടറുടെ കുപ്പായത്തില്‍ ഹൈമ കാരന്തൂരിലെ രാമകൃഷ്ണ ഹോമിയോപ്പതി ഹോസ്പിറ്റലിലേക്ക് കയറിച്ചെന്നു.


പണ്ട് ഭര്‍ത്താവിനൊപ്പമിരുന്ന അതേ ക്ലിനിക്കില്‍, അതേ കസേരയില്‍. ഇതിനൊപ്പം ഇപ്പോള്‍ മൂഴിക്കലിലും രാമകൃഷ്ണ ഹോമിയോപ്പതി ക്ലിനിക്കുണ്ട്.

പണ്ട് അമ്മയെ പഠിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്ന മകന്‍ അഭിനവ് ആകട്ടെ ഇപ്പോള്‍ ഹോമിയോപ്പതി വിദ്യാര്‍ത്ഥിയുമാണ്.


'ഓരോ പ്രശ്നങ്ങള്‍ വരുമ്പോഴും നമ്മള്‍ കൂടുതല്‍ കരുത്തരാവുകയാണ് ചെയ്യുക.

ആ നിമിഷത്തില്‍ ഒന്ന് പതറിപ്പോവുമെങ്കിലും വീണ്ടും തിരികെ വരാനാവും.

എല്ലാത്തിനും നെഗറ്റീവ് മാത്രം പറയുന്ന ധാരാളമാളുകള്‍ എപ്പോഴും ചുറ്റിലുമുണ്ടാവും.

അതൊന്നും കേള്‍ക്കാതെ നമ്മള്‍ നമ്മളില്‍ മാത്രം വിശ്വസിച്ച് മുന്നോട്ടുപോയാല്‍ മതി.

ഈ ജീവിതം ഒരു കരയ്ക്ക് അടുക്കുമെന്ന് ഉറപ്പാണ്...' ഡോ.ഹൈമ പറയുന്നു.


ചികിത്സയിലെ തനത് ശൈലി


ഹോമിയോപ്പതിയെ ഒരു ജീവിതശൈലി പോലെ കൊണ്ടുനടക്കാന്‍ പറ്റുമെന്നാണ് ഡോക്ടറുടെ ചികിത്സാ സിദ്ധാന്തം.

'അതിന് പാര്‍ശ്വഫലങ്ങള്‍ കുറവാണ്. ഹോമിയോയില്‍ ഒരു പ്രത്യേകരോഗത്തെ മാത്രമായിട്ടല്ല ചികിത്സിക്കുന്നത്.

ഒരു വ്യക്തിയെ മൊത്തമായിട്ടാണ്.

മനസ്സും ശരീരവും നോക്കിയാണ് ചികിത്സ നിശ്ചയിക്കുന്നത്.'

ഇതിനൊപ്പം ബാച്ച് ഫ്ളവര്‍ റെമഡീസ് എന്ന പേരില്‍ അറിയപ്പെടുന്ന ചികിത്സാരീതിയും ഡോക്ടര്‍ ഉപയോഗിക്കുന്നുണ്ട്.

1930ല്‍ ഇംഗ്ലണ്ടുകാരനായ ഡോ.എഡ്വേര്‍ഡ് ബാച്ച് തുടങ്ങിവെച്ച ചികിത്സാ സമ്പ്രദായമാണിത്.

വൈകാരികവും മാനസികവുമായ പ്രശ്നങ്ങളാണ് പല അസുഖങ്ങളുടെയും മൂലകാരണമെന്നും അത്തരം അവസ്ഥകളില്‍ നേര്‍പ്പിച്ച പുഷ്പ സത്തില്‍ നിന്ന് ഉണ്ടാക്കുന്ന ഔഷധചികിത്സ ഫലം ചെയ്യുമെന്നുമാണ് ബാച്ച് ഫ്ളവര്‍ ചികിത്സാരീതിയുടെ സിദ്ധാന്തം.


'ഇത് നേരത്തെ തന്നെ ഉണ്ടായിരുന്ന ചികിത്സയാണെങ്കിലും ഒരുപാട് ഡോക്ടര്‍മാരൊന്നും അത് ഉപയോഗിക്കുന്നുണ്ടായിരുന്നില്ല.

പക്ഷേ ഇപ്പോള്‍ വൈകാരിക പ്രശ്നങ്ങള്‍കൊണ്ട് ധാരാളം അസുഖങ്ങള്‍ വരുന്നുണ്ട്.

രക്തസമ്മര്‍ദം, ആസ്തമ, തൈറോയ്ഡ് തുടങ്ങി പലവിധ പ്രശ്നങ്ങള്‍ കൂടുന്നുണ്ട്. ടെന്‍ഷനും സ്ട്രസ്സുമൊക്കെ കുട്ടികളിലടക്കം കാണുന്നു.

അവരിലൊക്കെ ഈ ചികിത്സാരീതി ഫലപ്രദമായി തോന്നിയിട്ടുണ്ട്.

ഞാന്‍ അടുത്തിടെ അതേക്കുറിച്ച് കൂടുതല്‍ പഠിച്ചു. അപ്പോഴാണ് ഇതുകൂടെ ചേര്‍ത്തുള്ള ചികിത്സ തുടങ്ങിയത്.'

പുതിയ ചികിത്സാരീതികളുമായി ആരോഗ്യമേഖലയില്‍ കൂടുതല്‍ അന്വേഷണത്തിലാണ് ഡോ.ഹൈമ. അതും വേറിട്ട വഴിയിലൂടെയുള്ള മറ്റൊരു തനിച്ചുനടത്തം. അതിലൂടെയും അവര്‍ മരുന്നുണ്ടാക്കുന്നുണ്ട്. ഒറ്റയ്ക്ക് നടക്കാനുള്ള ആത്മവിശ്വാസത്തിന്റെ മരുന്ന്.

>ചിത്രം :ഡോ. ഹൈമ

( കടപ്പാട് : മാതൃഭൂമി )

463548961_1052238800034150_7656461943790360796_n

 കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,

വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,

ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും

പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/FaFhIpnsalxK0rgRVqQ1AQ

mfk
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും സുരക്ഷയും രക്ഷാപ്രവർത്തനവും:മുരളി തുമ്മാരുകുടി
കാഴ്ച്ചയും കാഴ്ച്ചപ്പാടും ചോമ്പാലയുടെ അഭിമാനം ; സ്വകാര്യഅഹങ്കാരം .
കാഴ്ച്ചയും കാഴ്ച്ചപ്പാടും ഹരിതാമൃതം അതിൻറെ ചരിത്ര പ്രസക്തി : പി ഹരീന്ദ്രനാഥ്
Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25