കണ്ണൂര്‍: തനിക്കെതിരായ പാർട്ടി നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് സിപിഎം നേതാവ് പി.പി. ദിവ്യ.
ജില്ലാ കമ്മിറ്റി അംഗമായ തന്നെ തരംതാഴ്ത്തിയത് തന്റെ ഭാഗം കേള്‍ക്കാതെയാണ് എന്നതാണ് അതൃപ്തിക്കിടയാക്കിയ തെന്നാണ് ദിവ്യയുമായി ബന്ധപ്പെട്ട നേതാക്കള്‍ വിശദീകരിക്കുന്നത്.
വെള്ളിയാഴ്ച വീട്ടിലെത്തിയശേഷം ദിവ്യ നേതാക്കളെ ഫോണില്‍ വിളിച്ച് തന്റെ അതൃപ്തി അറിയിക്കുകയായിരുന്നു.
കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായ പി.പി. ദിവ്യയെ പാര്‍ട്ടി ബ്രാഞ്ച് തലത്തിലേക്ക് തരംതാഴ്ത്തിക്കൊണ്ടുള്ള നടപടി കഴിഞ്ഞദിവസമാണ് ഉണ്ടായത്.
താന്‍ ജില്ലാ കമ്മിറ്റി അംഗമാണെന്നും നടപടിയെടുക്കുമ്പോള്‍ അത് അംഗത്തോടെങ്കിലും ചോദിക്കണമായിരുന്നു എന്നുമാണ് ദിവ്യയുടെ നിലപാട്.
ജയിലില്‍ കിടക്കുന്ന സമയമാണെങ്കില്‍ പോലും ജയിലിലെത്തി അറിയിക്കാം.
അല്ലെങ്കില്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷം ഇത് സംബന്ധിച്ച വിശദീകരണം ചോദിക്കാം.
അതൊന്നും ചെയ്യാതെ പാർട്ടി ഏകപക്ഷീയ നിലപാടെടുത്തതാണ് ദിവ്യയുടെ അതൃപ്തിയ്ക്ക് കാരണം എന്നാണ് സൂചന.
കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ദിവ്യക്കെതിരെ കേസെടുത്ത് ഇരുപത് ദിവസങ്ങള്‍ക്ക് ശേഷമാണ് അവര്‍ക്കെതിരേ പാര്‍ട്ടി നടപടി ഉണ്ടായത്.
ദിവ്യയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തിയിരുന്നു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയെ പ്രതിചേര്‍ത്തതിനു പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് അവരെ നീക്കിയിരുന്നു.
എന്നാല്‍, പാര്‍ട്ടി നടപടിയിലേക്ക് തത്കാലം പോകേണ്ടതില്ലെന്ന നിലപാടിലായിരുന്നു.
ഇതിനെതിരേ വലിയ സമ്മര്‍ദം സിപിഎം ജില്ലാ നേതൃത്വത്തിനുമേൽ ഉണ്ടായതോടെയാണ് പാര്‍ട്ടി നടപടി ഉണ്ടായത്.
നടപടി വേണമെന്ന ആവശ്യവുമായി സിപിഎമ്മിന്‍റെ പത്തനംതിട്ട ജില്ലാ നേതൃത്വവും രംഗത്തെത്തിയിരുന്നു.
courtesy:mathrubhumi
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group