മനുഷ്യാ, മണ്ണായ നീ മണ്ണിലേക്ക് :
മുരളി തുമ്മാരുകുടി
ലോകത്തെ വിവിധ നാടുകളിലെ മരണാനന്തര ചടങ്ങുകളെ പറ്റി വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് എനിക്ക് ഏറെ താല്പര്യമുള്ള വിഷയമാണെന്ന് ഞാൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
ഇന്നിപ്പോൾ സ്വിറ്റ്‌സർലാന്റിൽ നിന്നും വന്ന വാർത്ത അങ്ങനെയാണ് കണ്ണിൽ പെട്ടത്.
സ്വിറ്റ്‌സർലാന്റിൽ തൊണ്ണൂറു ശതമാനം പേരും മൃതശരീരം ദഹിപ്പിക്കുകയാണ് ചെയ്യുന്നത്, ബാക്കി പത്തു ശതമാനമാണ് ശരീരം കുഴിച്ചിടുന്നത്.
ഇതിൽ രണ്ടിലും ചില പാരിസ്ഥിതിക പ്രശ്നങ്ങൾ ഉള്ളതിനാൽ മറ്റു മാർഗ്ഗങ്ങളെ പറ്റി ചിന്തിക്കാനായി അവിടെ "മണ്ണിലേക്ക്" എന്നൊരു സംഘടന രൂപീകരിച്ചിരുന്നുവത്രേ.
ശവശരീരം ദഹിപ്പിക്കുമ്പോൾ അതിന് വേണ്ടിവരുന്ന ഊർജ്ജം, അതുണ്ടാക്കുന്ന ഹരിത വാതകങ്ങൾ ഇവയാണ് അവർ പ്രശ്നമായി കാണുന്നത്.
കുഴിച്ചിടുമ്പോൾ ആകട്ടെ അതിന് സ്ഥലം വേണം.
സ്വിറ്റ്‌സർലാന്റിൽ സെമിത്തേരികളിൽ ഒട്ടും ഒഴിവില്ല.
പോരാത്തതിന് ഇക്കാലത്ത് മിക്ക ആളുകൾ മരിക്കുമ്പോഴേക്കും അവരുടെ ശരീരത്തിൽ മാറ്റിവെക്കപ്പെട്ട ജോയിന്റുകളും പേസ്‌മേക്കറും രക്തത്തിൽ മരുന്നുകളുടെ അവശിഷ്ടങ്ങളും ഒക്കെ കാണും, ഇത് പ്രകൃതിയെ മലിനപ്പെടുത്തും.
ഇതാണ് അവരുടെ ചിന്ത.
മൃതശരീരം കമ്പോസ്റ്റ് ചെയ്യുക എന്നതാണ് അവർ നിർദ്ദേശിക്കുന്നത്. ചെറുതായി കൊത്തിയിട്ട് മരപ്പൂളുകളുടെ മുകളിൽ ബോഡി വെക്കുക, മുകളിൽ കൂടുതൽ മരച്ചീളുകളോ കമ്പോസ്റ്റ് ചെയ്യാവുന്ന മറ്റു വസ്തുക്കളോ വെക്കുക.
അതിനായി പ്രത്യേകം നിർമ്മിച്ച അറകളിലാണ് കാമ്പോസ്റ്റിംഗ് നടത്തുന്നത്.
അൻപത് ദിവസത്തിനകം ബോഡി കമ്പോസ്റ്റ് ആകും.
അതിൽ നിന്നും ബോഡി ജോയിന്റ് പാർട്ടുകളും പേസ്‌മേക്കറും ഒക്കെ എടുത്തു മാറ്റുക.
കമ്പോസ്റ്റ് മണ്ണിനോട് ചേർക്കുക.
പരീക്ഷണങ്ങൾ നടക്കുന്നതേ ഉള്ളൂവെങ്കിലും സ്വിസ്സിലെ എൺപത് ശതമാനം ആളുകളും ഇതിന് താത്പര്യപ്പെടുന്നു എന്നാണ് വാർത്ത. പരിസ്ഥിതിബോധം കൂടിയതും മതത്തിന്റെ ആചാരങ്ങളിൽ പണ്ടേ അത്ര വിശ്വാസം ഇല്ലാത്തതും ആയിരിക്കണം കാരണം.
മുരളി തുമ്മാരുകുടി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group