സത്യാനന്തരസമൂഹത്തിന്റെ അടയാളങ്ങൾ
:എം .എൻ .കാരശ്ശേരി
കള്ള സത്യവാങ്‌മൂലം എന്നു കേട്ടിട്ടുണ്ടോ? മലയാളത്തിൽ അങ്ങനെയൊരു പ്രയോഗമുണ്ട്. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ രാജൻ കേസുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിക്കു മുമ്പാകെ സമർപ്പിച്ച സത്യവാങ്‌മൂലം (16 നവംബർ 1977) കള്ളമായിരുന്നു എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ആ പ്രയോഗം നടപ്പായത്! സംസ്ഥാനമുഖ്യമന്ത്രി സംസ്ഥാനത്തെ ഏറ്റവും വലിയ നീതി പീഠത്തിനുമുമ്പാകെ കള്ളം ബോധിപ്പിക്കുന്നതിനെപ്പറ്റി ആലോചിച്ചുനോക്കുക.
മലയാളിയുടെ സാമൂഹിക, രാഷ്ട്രീയ ജീവിതം പിന്നെപ്പിന്നെ അർധസത്യത്തിലും അസത്യത്തിലും വീണ് അളിഞ്ഞുകൊണ്ടിരിക്കുകയാണ്. നമ്മൾ ഒരു സത്യാനന്തരസമൂഹമായിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോൾ പ്രചാരംനേടിവരുന്ന ഒരു പ്രയോഗമാണ് ‘സത്യാനന്തര സമൂഹം’ (േപാസ്റ്റ് ട്രൂത്ത് സൊസൈറ്റി).
സ്റ്റീവ് ടെസിക് (1942-1996) എന്നു പേരായ അമേരിക്കൻ എഴുത്തുകാരൻ 1992-ൽ എഴുതിയ ഒരു ലേഖനത്തിലാണ് ഈ പ്രയോഗം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഒക്സ്‌ഫഡ് ഡിക്‌ഷണറി 2016-ൽ ഈ പ്രയോഗത്തെ അക്കൊല്ലത്തെ ഏറ്റവും ശ്രദ്ധേയമായ പദം (വേഡ് ഓഫ് ദി ഇയർ) ആയി അംഗീകരിക്കുകയുണ്ടായി.
ഈ സാഹചര്യത്തിന് നൽകിക്കാണുന്ന വിവരണങ്ങൾ:
1. പൊതുജനാഭിപ്രായത്തിന് രൂപംകൊടുക്കുന്നതിൽ വസ്തുതകൾക്കും വിവരങ്ങൾക്കും സ്വാധീനം കുറഞ്ഞുവരുക
2. വികാരങ്ങൾക്കും വിശ്വാസാചാരങ്ങൾക്കും പക്ഷപാതങ്ങൾക്കും വിശകലനത്തിൽ മേൽക്കൈ കിട്ടുക
3. സത്യത്തെ നിരാകരിച്ചുകൊണ്ട് രാഷ്ട്രീയ- സാമൂഹിക പ്രശ്നങ്ങൾ അപഗ്രഥിക്കുന്നവർക്ക് പ്രാമുഖ്യം ലഭിക്കുക.
മേല്പറഞ്ഞതിന് മികച്ച ഉദാഹരണമാണ് 2009 മുതൽ നടക്കുന്ന കേരളത്തിലെ ‘ലൗ ജിഹാദി’നെ സംബന്ധിച്ചുള്ള ചർച്ചകളും പ്രചാരവേലകളും. അങ്ങനെയൊന്നില്ല എന്ന് കേന്ദ്ര ഗവൺമെന്റോ കോടതികളോ വ്യക്തമാക്കിയാലും ‘ഇല്ല എന്ന് ഉള്ളത്’ എന്ന മട്ടിൽ അത് ബാക്കിയാവും. ആ പ്രചാരണം കേരളത്തിൽ ഫലിച്ചില്ലെങ്കിലും മധ്യപ്രദേശിലും ഉത്തർപ്രദേശിലും രാജസ്ഥാനിലും ഫലിക്കും. മതിയല്ലോ.
മലയാളികളുടെ ‘സത്യാനന്തര രാഷ്ട്രീയ’ത്തിലേക്കുള്ള മുന്നേറ്റത്തിൽ ഒരു നാഴികക്കല്ലാണ് കുപ്രസിദ്ധമായ സോളാർ കേസ് (2013). ഒരു യുവതിയും കൂട്ടാളികളും ചേർന്ന് നടത്തിയ സാമ്പത്തിക തട്ടിപ്പിനെപ്പറ്റിയുള്ള പരാതിയിലാണ് തുടക്കം. യുവതിക്ക് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുെട ഓഫീസുമായി എന്തോ ബന്ധമുണ്ട് എന്ന ഒരു വാക്യം വീണുകിട്ടിയതോടെ മലയാളികൾ ഉഷാറായി. കണ്ണുചിമ്മിത്തുറക്കുന്ന വേഗത്തിൽ അത് വ്യഭിചാരപരമ്പരകളുടെ കഥനമായി. ഉമ്മൻചാണ്ടിയുടെ വ്യഭിചാരത്തിന് ‘ദൃക്‌സാക്ഷി’യായി രംഗത്തുവന്നത് അന്നത്തെ പൂഞ്ഞാർ എം.എൽ.എ. പി.സി. ജോർജാണ്. ദോഷം പറയരുതല്ലോ, ഉമ്മൻചാണ്ടി മരിച്ച വിവരം അറിഞ്ഞ ഉടനെ താൻ പറഞ്ഞത് ‘കള്ളസാക്ഷ്യം’ ആയിരുന്നുവെന്ന് ജോർജ് മാധ്യമങ്ങൾക്കുമുൻപിൽ കുമ്പസരിച്ചു.
പത്തുകൊല്ലം ഉമ്മൻചാണ്ടിയെ തീ തീറ്റിയശേഷം ആ മനുഷ്യൻ നിര്യാതനായ (2023) ശേഷമാണ് അദ്ദേഹത്തിന്റെ നിരപരാധിത്വം മൊത്തം കേരളീയർക്ക് േബാധ്യമായത്. സോളാർ കേസിലെ ഇര ഉമ്മൻചാണ്ടിയാണ്. അത് ആ യുവതിയാണ് എന്ന് തെറ്റിദ്ധരിച്ചവരാണ് അവരെ അതിജീവിത എന്നു വിശേഷിപ്പിച്ചത്.
1990-കളെ പിടിച്ചുകുലുക്കിയ ഐ.എസ്.ആർ.ഒ. ചാരക്കേസിനെപ്പറ്റി ഓർത്തുനോക്കുക. നമ്പി നാരായണൻ അടക്കമുള്ള ശാസ്ത്രജ്ഞർ അനുഭവിച്ച മാനസികവും ശാരീരികവുമായ ദുരന്തങ്ങൾക്ക് കണക്കുണ്ടോ? ആത്യന്തികഫലം മുഖ്യമന്ത്രി കെ. കരുണാകരന്റെ രാജി (1995)ആയിരുന്നു. ആ ‘സംഭവം’ മുഴുവൻ വ്യാജസൃഷ്ടിയായിരുന്നു എന്ന് മനസ്സിലാക്കാൻ നാം എത്ര സമയമെടുത്തു? 1994 നവംബറിൽ ആരംഭിച്ച കോലാഹലം 2012 ഒക്ടോബറിലാണ് കെട്ടടങ്ങിയത് - നീണ്ട പതിനെട്ടുകൊല്ലക്കാലം അത് ചൂടാറാതെ കിടന്നു.
ഈ സംഭവങ്ങളിലേക്കു തിരിഞ്ഞുനോക്കുമ്പോൾ ഓർമ്മിക്കേണ്ട പ്രധാനപ്പെട്ട വസ്തുത - കെ. കരുണാകരനെയും ഉമ്മൻചാണ്ടിയെയും ശ്വാസംമുട്ടിക്കാൻ പണിയെടുത്തവരിൽ പ്രതിപക്ഷനേതാക്കൾ മാത്രമല്ല, സ്വന്തം ഭരണമുന്നണിയിലെ നേതാക്കളുമുണ്ടായിരുന്നു. ഒരു കൂട്ടർ തെളിവിലും മറ്റൊരു കൂട്ടർ ഒളിവിലും!
ഈ സത്യാനന്തര രാഷ്ട്രീയത്തിൽ ഓരോ നേതാവിന്റെയും എതിരാളിയുള്ളത് എതിർപാർട്ടിയിലല്ല, സ്വന്തം പാർട്ടിയിൽ ത്തന്നെയാണ്. കെ. കരുണാകരൻ - എ.കെ. ആന്റണി പോരോ വി.എസ്. അച്യുതാനന്ദൻ - പിണറായി വിജയൻ പോരോ ഓർത്തുനോക്കുക.
ഇപ്പറഞ്ഞ ‘അസത്യാന്വേഷണ പരീക്ഷണങ്ങൾ’ കാലം ചെല്ലുന്തോറും കനത്തു കനത്തുവരുന്നതാണ് കാണുന്നത്.
ഏറ്റവും പുതിയ ഉദാഹരണം നോക്കൂ: ഇക്കഴിഞ്ഞ തൃശ്ശൂർപ്പൂരം ആസൂത്രണം ചെയ്തു കലക്കി എന്നു പ്രസ്താവന പുറപ്പെടുവിച്ച മുഖ്യമന്ത്രി പിണറായി വിജയൻ (03 ഒക്ടോബർ 2024) മൂന്നാഴ്ച കഴിഞ്ഞ് ആരും പൂരം കലക്കിയിട്ടില്ല എന്ന് പ്രസ്താവിക്കുന്നു (26 ഒക്ടോബർ 2024). പൂരം കലക്കിയതിന്റെ ഭിന്നവശങ്ങൾ കണ്ടെത്താൻ നാനാതരം അന്വേഷണങ്ങൾ നടക്കുന്നതിനിടയിലാണ് അതിനൊക്കെ ഏർപ്പാടാക്കിയ മുഖ്യമന്ത്രിതന്നെ ഇങ്ങനെ പറയുന്നത്.
ഇക്കഴിഞ്ഞ ജനുവരിയിലാണ് നിലമ്പൂരിലെ ഇടതു സ്വതന്ത്രനായ എം.എൽ.എ. പി.വി. അൻവർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കെ. റെയിലിനെതിരേ സമരംചെയ്യാൻ തത്‌പരകക്ഷികളിൽനിന്ന് 150 കോടിരൂപ കൈക്കൂലി വാങ്ങി എന്ന് നിയമസഭയിൽ ആരോപണമുന്നയിച്ചത്. സഭയ്ക്കകത്തോ പുറത്തോ തെളിവ് ഹാജരാക്കാനോ ആ അഴിമതിക്കേസുമായി മുന്നോട്ടുപോകാനോ അദ്ദേഹം തയ്യാറായില്ല. ഏറെ വൈകാതെ അദ്ദേഹം ഇടതുവിരുദ്ധ സ്വതന്ത്രനായി! ഇനി അദ്ദേഹത്തിന് അതൊന്നും ഓർക്കേണ്ട കാര്യംകൂടിയില്ല.
ഇപ്പോൾ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന നവീൻ ബാബു കേസ് എടുത്തുനോക്കൂ. അതുമായി ബന്ധപ്പെട്ടതെല്ലാം അസത്യ ജടിലമാണ്. ‘ഇതിലേ പോകുമ്പോൾ വെറുതേ കയറിയതാ’ എന്നുപറഞ്ഞ് പ്രസംഗം തുടങ്ങിയ പി.പി. ദിവ്യ പിന്നെപ്പറയുന്നത് ‘ജില്ലാ കളക്ടർ ക്ഷണിച്ചിട്ടു വന്നതാ’ എന്നാണ്. അത്ര ചെറിയ കാര്യത്തിൽക്കൂടി അത്ര വലിയ നുണ പറയുന്ന ഒരാൾ കൂടുതൽ വലിയ കാര്യത്തിൽ എത്ര വലിയ നുണയും പറയും. നവീൻ ബാബു അഴിമതിക്കാരനല്ല എന്നതിലേക്ക് വലിയ തെളിവ് ആ ആത്മഹത്യ തന്നെയാണ്. ആ സാധു മനുഷ്യന് അഴിമതിയാരോപണം താങ്ങാവുന്നതിലധികമായിരുന്നു.
പരസ്യമായി അഴിമതി ആരോപിക്കപ്പെട്ടതിന്റെ പേരിൽ ഏതെങ്കിലും കൈക്കൂലിക്കാരൻ തൂങ്ങിമരിക്കുമോ? അഴിമതിക്കാർക്കുണ്ടോ മനസ്സാക്ഷി എന്നത്?
ആ കേസിലേക്ക് ഒന്നുകൂടി നോക്കിയാൽ എന്തെന്ത് വൈചിത്ര്യങ്ങളാണ്! ഞാൻ കൈക്കൂലി കൊടുത്തു എന്നും പറഞ്ഞ് ഒരാൾ വരുന്നു. അയാൾക്ക് രണ്ടുപേരുണ്ട്, രണ്ട് ഒപ്പുണ്ട്! നേരത്തേ കൊടുത്തുവെന്നു പറയുന്ന പരാതി നവീൻ ബാബുവിന്റെ മരണാനന്തരം തയ്യാറാക്കിയതാണ്. അത് മുഖ്യമന്ത്രിയുെട ഓഫീസിൽ കിട്ടിയിട്ടില്ല എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു!
ആരെങ്കിലും കൈക്കൂലി ചോദിച്ചാൽ വിവരം വിജിലൻസിനെ അറിയിക്കുകയാണ് വേണ്ടത്. ഇവിടെ കൈക്കൂലി കൊടുത്ത് കാര്യം നേടിയശേഷം മുഖ്യമന്ത്രിക്ക് പരാതി അയച്ചിരിക്കുന്നു. അതും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ഉപദേശ പ്രകാരം!
ഇതൊക്കെയായിട്ടും കൈക്കൂലികൊടുത്ത പ്രശാന്തനെതിരേ ഒരു കേസുമില്ല.
ഇപ്പോഴത്തെ കളി എന്താ? സി.പി.എമ്മും പോലീസും സർക്കാരും കേസിലെ പ്രതികളും സാക്ഷികളും ഒത്തുപിടിക്കുന്നത് ഹൃദയഭാരം താങ്ങാനാവാതെ തീർന്നു കളഞ്ഞ നിരപരാധിയായ നവീൻ ബാബുവിനെ മരണാനന്തരം ഒരു കൈക്കൂലിക്കാരനാക്കാനാണ്. ‘സദുദ്ദേശ്യ’ പൂർണമായ സത്യാന്വേഷണ പരീക്ഷണം!
ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായ ചലച്ചിത്രതാരം സുരേഷ് ഗോപി കഴിഞ്ഞ തൃശ്ശൂർപ്പൂരത്തിന് ആംബുലൻസിൽ ചെന്നിറങ്ങിയ ദൃശ്യം മലയാളികളെല്ലാം കണ്ണാലേ കണ്ടതാണ്. കഴിഞ്ഞദിവസം അദ്ദേഹം ആ കാര്യം പച്ചയ്ക്കു നിഷേധിച്ചു. നിങ്ങൾ കണ്ടത് മായക്കാഴ്ചയായിരിക്കും എന്നുപറഞ്ഞു കളഞ്ഞു. ഇപ്പോഴിതാ, ആ നിഷേധിച്ചത് നിഷേധിച്ചിരിക്കുന്നു!
ജനാധിപത്യത്തിന്റെ ലക്ഷ്യം നീതിയാണ്. തുല്യതയാണ്. നീതിയും തുല്യതയും ഉറപ്പുവരുത്താൻ അത്യാവശ്യമായി വേണ്ടത് സത്യമാണ്. നീതി അധിഷ്ഠിതമായിരിക്കുന്നത് സത്യത്തിലാകുന്നു. അതുകൊണ്ടാണ് ‘‘സത്യമാണോ സ്വാതന്ത്ര്യമാണോ വേണ്ടത് എന്നു ചോദിച്ചാൽ സത്യം മതി എന്നു ഞാൻ പറയും’’ എന്ന് ഗാന്ധിജി പ്രസ്താവിച്ചത്. സത്യം ഇല്ലെങ്കിൽ സ്വാതന്ത്ര്യം നിലനിൽക്കുകയില്ല എന്നാണ് ആ നിലപാടിന്റെ ഉൾസാരം.
വാക്കിലും പ്രവൃത്തിയിലും കൂടെക്കൂടെ വെളിപ്പെടുന്ന അർധസത്യത്തിലൂടെയും അസത്യത്തിലൂടെയുമാണ് മലയാളിജീവിതത്തിന്റെ സന്തോഷവും സ്നേഹവും നഷ്ടമായിക്കൊണ്ടിരിക്കുന്നത്. സ്നേഹിക്കുന്നവരോട് ആരും കള്ളം പറയില്ല, കള്ളം പറയുന്നവരെ ആരും സ്നേഹിക്കുകയില്ല. സത്യാനന്തര സമൂഹം സ്നേഹരഹിത സമൂഹമാകുന്നു.
വാൽക്കഷണം: കെ.ബി. ഗണേഷ്‌കുമാർ ഉമ്മൻചാണ്ടിയുടെ മരണാനന്തരം ചേർന്ന നിയമസഭാ സമ്മേളനത്തിൽ പ്രസ്താവിച്ചു: ‘‘സത്യമാണ് എന്റെ ദൈവം.’’ ഹാവൂ! സമാധാനമായി. ഗാന്ധിജിയുടെ സത്യപാത പിന്തുടരുന്ന ഒരംഗമെങ്കിലും നമ്മുടെ സഭയിലുണ്ടല്ലോ. ഇനി ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന് എപ്പോഴാണ് അദ്ദേഹം പ്രഖ്യാപിക്കുക എന്ന് നോക്കിയിരിക്കുകയാണ് ഞാൻ.( കടപ്പാട് :മാതൃഭൂമി )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group