തൃശ്ശൂർ : മേൽക്കോടതികളിൽ ജഡ്ജിമാരെ നിയമിക്കുന്ന നിലവിലെ സംവിധാനത്തിൽ വിശ്വാസ്യത കുറഞ്ഞെന്നും അത് വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണെന്നും മുൻ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടു. കേരള ബാർ കൗൺസിലീന്റെ പ്രൊഫ. എൻ.ആർ. മാധവമേനോൻ സ്മാരക അവാർഡ് സുപ്രീം കോടതി ജഡ്ജ് സൂര്യകാന്തിൽനിന്ന് ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കുര്യൻ ജോസഫ്.
നീതിദേവതയുടെ കണ്ണ് കെട്ടിയത് നീതി തേടി വരുന്നവരുടെ മുഖം നോക്കാതെ നീതി നടപ്പാക്കുവാനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെട്ടഴിച്ചാൽ മുന്നിലെത്തുന്ന മുഖങ്ങൾ നോക്കി നീതി നടപ്പാക്കുന്ന അധികാരകേന്ദ്രീകൃതമായി മാറുമെന്നും അത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമ്മേളനം സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് സൂര്യകാന്ത് ഉദ്ഘാടനം ചെയ്തു. സമ്പദ് വ്യവസ്ഥ മുന്നേറുന്നതിനനുസരിച്ച് വെല്ലുവിളികൾ നേരിടുവാൻ ജുഡിഷ്യറി സജ്ജമാകേണ്ടതുണ്ട്. ഡോ. എൻ.ആർ. മാധവമേനോന്റെ ദർശനം നിയമരംഗത്ത് പ്രവർത്തിക്കുന്നവർ എല്ലായ്‌പ്പോഴും പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻകുമാർ മിശ്ര എം.പി. അധ്യക്ഷനായിരുന്നു.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ മുഖ്യപ്രഭാഷണം നടത്തി. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുസ്താക്ക്, അമിത് റാവൽ, ഡി.കെ. സിങ്, എൻ. നഗരേഷ്, സ്റ്റേറ്റ് അറ്റോർണി എൻ. മനോജ് കുമാർ, തൃശ്ശൂർ ജില്ലാ സെഷൻസ് ജഡ്ജ് പി.പി. സെയ്തലവി, അഡ്വ. ടി.എസ്. അജിത്, അഡ്വ. എം.ആർ. മൗനിഷ് എന്നിവർ പ്രസംഗിച്ചു.
(കടപ്പാട്: മാതൃഭൂമി)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group