രാഷ്ട്രീയ അധികാരം ധാർഷ്ട്യത്തിനുള്ള ലൈസൻസ് അല്ല എന്നും അധികാരം സ്ഥായിയായി നിലനി ൽക്കുന്നതല്ലെന്നും രാഷ്ട്രീയ നിരീക്ഷകനും മുൻ എം.പി യുമായ ഡോ:സെബാസ്റ്റ്യൻ പോൾ പ്രസ്താവിച്ചു.
വടകര : എളിമയും സംശുദ്ധതയും വികസന കാഴ്ചപ്പാടുമാണ് ജനപ്രതിനിധികളെ ജനമനസ്സുകളിൽ എക്കാലവും പ്രതിഷ്ഠിക്കുന്നത്.
അങ്ങിനെ ജനമനസ്സുകളിൽ സ്ഥാനം നേടിയ നേതാക്കളിൽ പ്രഥമഗണനീയനായിരുന്നു അഡ്വ: എം.കെ പ്രേംനാഥ് എന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു. ആർ.ജെ.ഡി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വ. എം.കെ. പ്രേം നാഥ് അനുസ്മരണ സമ്മേളനം "കനൽ സ്മരണ " വില്ല്യാപ്പള്ളിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്രഹാം മാനുവൽ പ്രേംനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡണ്ട് വി.പി. വാസു അധ്യക്ഷത വഹിച്ചു. കെ.പി. കുഞ്ഞിരാമൻ, ആയാടത്തിൽ രവീന്ദ്രൻ , നീലിയോട്ട് നാണു , വിനോദ് ചെറിയത്ത്, കെ.എം.ബാബു ,ടി. എൻ. മനോജ് , സച്ചിൻ ലാൽ , എം.ടി.കെ.സുധീഷ് , സുമതൈക്കണ്ടി , ടി.എം. പുഷ്പ ,മലയിൽ ബാലകൃഷ്ണൻ, കൊടക്കലാണ്ടി കൃഷ്ണൻ, ഒ. എം. സിന്ധു , സതിദിവ്യനിലയം, എം. ശ്രീലത , എ .പി. അമർനാഥ് എന്നിവർ സംസാരിച്ചു
ദിവ്യശാസനയില്‍ ഒരു ആത്മഹത്യ
എഡിഎമ്മിനെതിരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നടത്തിയ ശകാരം അനുചിതവും അസ്ഥാനത്തുള്ളതുമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല.
ഉദ്യോഗസ്ഥനെ ശാസിക്കുമ്പോള്‍ ജനപ്രതിനിധി കാണിക്കേണ്ടതായ അന്തസും ഔചിത്യവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാണിച്ചില്ല. പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് എഡിഎം നവീന്‍ ബാബുവുമായി ഇടഞ്ഞുനില്‍ക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ദേഹത്തിന്റെ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാത്ത അതിഥിയായി ചെന്ന് മൈക്ക് വാങ്ങി അദ്ദേഹത്തെക്കുറിച്ച് മോശമായി സംസാരിച്ചത് ശരിയായില്ല.
എഡിഎമ്മിന് നല്‍കിയ യാത്രയയപ്പ് എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന പൊതുസമ്മേളനമായിരുന്നില്ല.
സ്വന്തം നാട്ടില്‍ നിയമനം ലഭിച്ച എഡിഎം അങ്ങോട്ടു പോകാതെ അന്നു രാത്രി തൂങ്ങി മരിച്ചു.
അനൗചിത്യം ക്രിമിനല്‍ കുറ്റമല്ലാത്തതിനാലും ആത്മഹത്യയ്ക്ക് പ്രേരകമായ വാക്കുകള്‍ പറഞ്ഞിട്ടില്ലാത്തതിനാലും ദിവ്യയ്‌ക്കെതിരെ എടുത്തുവെന്ന് പറയുന്ന ക്രിമിനല്‍ കേസ് നിലനില്‍ക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് അനൗചിത്യം മാപ്പാക്കപ്പെടുന്നുമില്ല. പ്രശ്‌നത്തിന് കാരണമായ പമ്പില്‍ ദിവ്യയ്ക്ക് വ്യക്തിപരമായ താത്പര്യമുണ്ടെന്നു കേള്‍ക്കുമ്പോള്‍ സംയമനത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നു.
സംസാരം നന്നാകണമെന്ന് തമിഴ്‌നാട്ടില്‍ പറഞ്ഞാല്‍ തെറ്റിധരിക്കപ്പെടുമെങ്കിലും നമുക്ക് അതു മനസിലാകും.
അത് പാലിക്കപ്പെടുന്നില്ല എന്നതാണ് ദുരവസ്ഥ. പകലന്തിയില്‍ ചാനല്‍ ചര്‍ച്ച കേള്‍ക്കുകയും സീരിയല്‍ കാണുകയും ചെയ്യുന്ന മലയാളി അന്തസ്സോടെ പെരുമാറുന്നതിനും അന്തസ്സോടെ സംസാരിക്കുന്നതിനും കഴിയാത്ത പ്രാകൃതമനുഷ്യരായി മാറിക്കൊണ്ടിരിക്കുന്നു.
സിനിമയും വ്യത്യസ്തമായ സാംസ്‌കാരിക അനുഭവമാകുന്നില്ല.
ഇതിനര്‍ത്ഥം നവീന്‍ ബാബുവിന്റെ ആത്മഹത്യയെ ന്യായീകരിച്ചു കൊണ്ട ഞാന്‍ ആ ഉദ്യോഗസ്ഥനുമായി ഐക്യപ്പെടുന്നു എന്നല്ല. ഏതു സാഹചര്യത്തിലും ആത്മഹത്യ കൊലപാതകംപോലെതന്നെ ഗര്‍ഹണീയമാണ്.
അഴിമതിയില്ലാത്ത ജനപ്രിയനായ ഉദ്യോഗസ്ഥനാണ് നവീന്‍ ബാബുവെന്ന് എല്ലാവരും പറയുന്നു. ദിവ്യയെ ഇകഴ്ത്തുന്നതിന് അല്പം അതിശയോക്തി ത്രാസിലെ ഒരു തട്ടില്‍ കൂട്ടിയിടുന്നതാകാം. നല്ല ഒതുക്കത്തില്‍ ദിവ്യ നല്‍കിയ അഴിമതിക്കാരന്‍ എന്ന വിശേഷണം അഴിമതിരഹിതരില്‍ മുന്‍നിരയില്‍ നില്‍ക്കുന്നുവെന്ന് മരണാനന്തരം എല്ലാവരും പറയുന്ന നവീന്‍ ബാബുവിനെ മാനസികമായി തളര്‍ത്തിയിട്ടുണ്ടാകാം.
നവീന്‍ ബാബുവിന്റെ മരണം യാഥാര്‍ത്ഥ്യമാണെങ്കില്‍ അതിന്റെ കാരണം നമുക്ക് അനായാസം കണ്ടെത്താനാവില്ല. ആത്മഹത്യ എന്നു കരുതുന്നത് കൊലപാതകമായേക്കാം.
പൊതുജനവുമായി ഇടപഴകുന്ന ഉദ്യോഗസ്ഥന്‍ വിമര്‍ശവും ആക്ഷേപവും കേള്‍ക്കാന്‍ സന്നദ്ധനായിരിക്കണം.
തൊട്ടാവാടിയെന്ന് സ്ത്രീകളെ വിളിക്കാറുണ്ട്. വിപുലമായ അധികാരം കൈയാളുകയും ഉത്തരവാദിത്വം നിറവേറ്റുകയും ചെയ്യുന്ന അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് തൊട്ടാവാടിയാകാന്‍ പാടില്ല. ദിവ്യയുടെ അത്ര ദിവ്യമല്ലാത്ത ശകാരത്തിനും ആക്ഷേപത്തിനും വിധേയനായി വ്രണിതനായ ഒരു സാധു മരണത്തില്‍ ആശ്വാസം കണ്ടെത്തിയെന്ന പൊതുനിലപാടിനോട് എനിക്ക് യോജിപ്പില്ല.
പരീക്ഷയില്‍ തോല്‍ക്കുമ്പോഴും വീട്ടുകാര്‍ ശാസിക്കുമ്പോഴും കൗമാരപ്രായക്കാര്‍ ആത്മഹത്യ ചെയ്യാറുണ്ട്.
മൊബൈല്‍ ഫോണ്‍ വിലക്കുന്നതുപോലും ആത്മഹത്യയ്ക്ക് കാരണമാകുന്ന കാലമാണ്. ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥന്‍ മാനസികമായ അനാരോഗ്യവും ദൗര്‍ബല്യവും പ്രകടിപ്പിക്കരുത്.
കേള്‍ക്കുന്നവന്‍ ആത്മഹത്യ ചെയ്താല്‍ സംസാരിക്കുന്നവന്‍ കുഴപ്പത്തിലാകുമെന്ന അവസ്ഥയില്‍ സംസാരം നിയന്ത്രിതമാകും. ഭവിഷ്യത്തിനെ ഭയന്നുള്ള സംസാരം സംസാരസ്വാതന്ത്ര്യത്തെ പരിമിതമാക്കും. അത് ജനാധിപത്യത്തിനുതന്നെ ദോഷകരമാണ്. കയര്‍ക്കാതെയും ഉദ്യോഗസ്ഥന്മാരോട് തട്ടിക്കയറാതെയും എപ്രകാരമാണ് പൊതുപ്രവര്‍ത്തകര്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നത്? ഇപ്പോള്‍ അനാശാസ്യമെന്നു തോന്നുന്ന പ്രതികരണങ്ങള്‍ എംപി ആയിരുന്നപ്പോള്‍ എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.
കൊച്ചിയിലെ പുല്ലേപ്പടി മേല്‍പ്പാലത്തിന്റെ പണി നടക്കാതായപ്പോള്‍ തിരുവനന്തപുരത്ത് റെയില്‍വേ കണ്‍സ്ട്രക്ഷന്‍ ചീഫ് എന്‍ജിനീയറോട് കയര്‍ത്ത് സംസാരിക്കുകയും ഓഫീസില്‍ കുത്തിയിരിപ്പുസമരം നടത്തുകയും ചെയ്തിട്ടുണ്ട്.
അദ്ദേഹം നവീന്‍ ബാബുവിനെപ്പോലെ സാഹസത്തിനൊന്നും മുതിരാതിരുന്നത് എന്റെ ഭാഗ്യം.
മാധവന്‍ മീശ പിരിച്ചാല്‍ എന്നതുപോലെ എംപി മുണ്ട് മടക്കിക്കുത്തിയാല്‍ എന്ന ഒരു പറച്ചില്‍ എറണാകുളം ഭാഗത്ത് അന്നുണ്ടായിരുന്നു.
ആത്മഹത്യയെ പരോക്ഷമായല്ല പ്രത്യക്ഷത്തില്‍ത്തന്നെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് ഇത്തരം പ്രതികരണങ്ങളുടെ ദോഷഫലം.
ആത്മഹത്യയല്ല പ്രതിവിധി എന്ന സന്ദേശം നല്‍കേണ്ട മാധ്യമങ്ങള്‍ ബാലിശമായ പ്രവര്‍ത്തനമാണ് നടത്തുന്നത്.
മാധ്യമങ്ങളുടെ കുറ്റപ്പെടുത്തലും അപകീര്‍ത്തികരമായ ആരോപണങ്ങളും കേട്ട് മനം നൊന്ത് ഒരാള്‍ ആത്മഹത്യ ചെയ്താല്‍ എന്തായിരിക്കും പ്രതികരണം?
ഇതൊരു സാങ്കല്പികമായ ചോദ്യമല്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് കോട്ടയത്തെ ഒരു ലോഡ്ജില്‍നിന്ന് ഒരു തഹസില്‍ദാരെ അനാശാസ്യവൃത്തിക്ക് പൊലീസ് പിടികൂടിയതായി പത്രത്തില്‍ വാര്‍ത്ത വന്നു. വാര്‍ത്തയില്‍ തഹസില്‍ദാറുടെ പേര് ഉള്‍പ്പെടുത്തിയിരുന്നു.
അപമാനിതനായ തഹസില്‍ദാര്‍ നാട്ടിലേക്ക് മടങ്ങാതെ ലോഡ്ജില്‍ ആത്മഹത്യ ചെയ്തു. വാര്‍ത്ത നല്‍കിയ പത്രത്തിന് അന്നോ അതിനുശേഷമോ മനസ്താപമുണ്ടായതായി അനുഭവമില്ല.
മി ടൂ കാലത്ത് ബ്‌ളാക്‌മെയിലിങ്ങിന്റെ ഭാഗമായിപ്പോലും ഏതു പുരുഷനും കുറ്റാരോപിതനാകാന്‍ സാധ്യതയുള്ളതിനാല്‍ ആത്മഹത്യയ്ക്കും സാധ്യതയുണ്ട്. പരാതിയുള്ളവര്‍ ഈ സാധ്യത കണക്കിലെടുത്ത് നിശ്ശബ്ദരായിരിക്കണമെന്നു പറയാന്‍ കഴിയുമോ? നവീന്‍ ബാബുവിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും എന്നാല്‍ ആത്മഹത്യയ്ക്ക് മൈനസ് മാര്‍ക്ക് നല്‍കുകയും ചെയ്യുന്ന സമീപനമാണ് മാധ്യമങ്ങളും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹവും സ്വീകരിക്കേണ്ടിയിരുന്നത്.
News courtesy:SOUTHLIVE
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group