കാറിൽ കുട്ടികളുടെ സീറ്റും
സ്ഥാനവും :മുരളി തുമ്മാരുകുടി
(ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ലേഖകൻ ഡോ. മുരളി തുമ്മാരുകുടി)
കാറിന്റെ മുൻസീറ്റിൽ അമ്മയുടെ മടിയിലിരുന്നിരുന്ന കുട്ടി എയർ ബാഗ് പെട്ടെന്ന് തുറന്നു മുഖത്തടിച്ചു മരണപ്പെട്ടു എന്ന വാർത്ത വരുന്നു.
ഏറെ സങ്കടകരം. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.
ഇക്കാലത്തെ മിക്കവാറും കാറുകളിൽ എയർ ബാഗുകൾ ഉണ്ടെങ്കിലും അത് പ്രവർത്തിക്കുന്നത് മിക്ക ആളുകളും കണ്ടിട്ടുണ്ടാവില്ല.
ഒരിക്കൽ എന്റെ മുന്നിൽ ഒരപകടം ഉണ്ടായപ്പോൾ ഞാൻ അത് കണ്ടിട്ടുണ്ട്.
സത്യത്തിൽ പേടിച്ചു പോയി. നമുക്ക് ചിന്തിക്കാൻ പറ്റുന്നതിനേക്കാൾ വേഗത്തിലാണ് എയർ ബാഗ് തുറക്കുന്നതും മുൻസീറ്റിലിരിക്കുന്നവരുടെ മുന്നിലേക്ക് വിടർന്നു വരുന്നതും.
അതുകൊണ്ട് തന്നെയാണ് ഇത് അപകടങ്ങൾ ഒഴിവാക്കുന്നതും.
എന്നാൽ അത്രയും സ്പീഡിൽ ഒരു സാധനം മുന്നിലേക്ക് വരുമ്പോൾ നമ്മുടെ മുഖത്ത് പരിക്കേൽക്കില്ലേ, പ്രത്യേകിച്ചും എന്നെപ്പോലെ കണ്ണട ഉള്ളവരുടെ കാര്യം എന്താകും, കയ്യിൽ കുട്ടികൾ ഉണ്ടേങ്കിൽ എന്ത് സംഭവിക്കും എന്നൊക്കെ ഞാൻ അന്ന് ചിന്തിച്ചിരുന്നു.
സുരക്ഷാ നിയമങ്ങൾ കർശനമായിട്ടുള്ള രാജ്യങ്ങളിലെല്ലാം കുട്ടികൾ മുൻസീറ്റിൽ ഇരിക്കുന്നത് നിയമ വിരുദ്ധമാണ്.
മിക്കവാറും രാജ്യങ്ങളിൽ പന്ത്രണ്ട് വയസ്സ്, ചിലയിടങ്ങളിൽ 130 സെന്റിമീറ്റർ ഉയരം ഇവയാണ് കുട്ടികളെ മുൻ സീറ്റിൽ ഇരുത്താനുള്ള മാനദണ്ഡം.
ഇത് പാലിക്കാത്ത ഡ്രൈവർമാർക്ക് ഫൈൻ കിട്ടാം, ഡ്രൈവിങ്ങ് പോയിന്റ് നഷ്ടമാകാം, ഇൻഷുറൻസ് പ്രീമിയം കൂടും, ഒന്നിൽ കൂടുതൽ പ്രാവശ്യം സംഭവിച്ചാലോ കുട്ടിക്ക് അപകടം സംഭവിച്ചാലോ ജയിലിലും ആകാം.
കുട്ടികളെ മുൻസീറ്റിൽ ഇരുത്താൻ പാടില്ല എന്ന് മാത്രമല്ല പിന്നിലെ സീറ്റിൽ ഇരിക്കുമ്പോഴും കുട്ടികളുടെ സുരക്ഷക്കുള്ള പ്രത്യേക നിർദ്ദേശങ്ങളുണ്ട്.
പിറന്നുവീഴുന്ന അന്ന് പോലും കുട്ടിയെ കാർ സീറ്റിൽ ഇരുത്തി മാത്രമേ കാറിൽ കൊണ്ടുപോകാവൂ.
വളരെ ചെറിയ പ്രായത്തിൽ കുട്ടികളെ ഇരുത്താൻ പ്രത്യേകം സീറ്റ് ഡിസൈൻ ഉണ്ട് (കുട്ടി പിറകോട്ട് തിരിഞ്ഞിരിക്കുന്ന തരത്തിൽ ആണ്).
അല്പം കൂടി കഴിഞ്ഞാൽ കുട്ടി മുൻപോട്ട് ഇരിക്കുന്ന തരത്തിൽ, അതിന് ശേഷം പ്രത്യേകം സീറ്റ് ഇല്ലാതെ അല്പം ഉയരം കൊടുക്കാൻ മാത്രമുള്ള സംവിധാനം എന്നിങ്ങനെ.
ഇങ്ങനെയൊക്കെയാണ് കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നത്.
2010 ൽ ആണെന്ന് തോന്നുന്നു സുരക്ഷയെപ്പറ്റി കൊച്ചിൻ യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് ഞങ്ങൾ ഒരു സെമിനാർ നടത്തിയിരുന്നു. അന്ന് ഒരു ഡെമോൺസ്‌ട്രേഷന് വേണ്ടി പോലും ഒരു ചൈൽഡ് സേഫ്റ്റി സീറ്റ് കേരളത്തിൽ കിട്ടാനുണ്ടായിരുന്നില്ല.
എന്റെ സുഹൃത്തും സുരക്ഷാ വിദഗ്ദ്ധനുമായ ജോസി അതുമായി ദുബായിൽ നിന്നെത്തി. Josy John
ഇപ്പോൾ കാലം മാറി. കേരളത്തിൽ പത്തുലക്ഷത്തിന് മുകളിൽ വിലയുള്ള കാറുകൾ സർവ്വ സാധാരണമായി. എറണാകുളത്തോ ഓൺലൈനിലോ കുട്ടികൾക്കുള്ള സീറ്റും കിട്ടും.
പക്ഷെ ഇന്ന് വരെ നിങ്ങൾ കുട്ടികളുടെ സുരക്ഷാ സീറ്റിന്റെ ഒരു പരസ്യം കണ്ടിട്ടുണ്ടോ? പത്തുലക്ഷത്തിന്റെ കാറുകൾ വാങ്ങുന്നവർ പോലും പതിനായിരത്തിന്റെ ചൈൽഡ് സേഫ്റ്റി സീറ്റ് വാങ്ങുന്നില്ല. ഇക്കാര്യത്തിൽ സർക്കാർ ഒരു നിർബന്ധവും പിടിക്കുന്നില്ല താനും. ട്രാജഡികൾ ഉണ്ടാകുമ്പോൾ മാത്രം നമ്മൾ "അയ്യോ പാവം" എന്ന് പറയുന്നു.
എപ്പോഴും പറയുന്നതാണ്. ദുരന്തങ്ങൾ എന്നാൽ മറ്റുള്ളവർക്ക് മാത്രം സംഭവിക്കുന്ന ഒന്നല്ല.
കേരളത്തിൽ ഇക്കാര്യത്തിൽ സമൂഹമോ സർക്കാരോ പെട്ടെന്ന് മാറുമെന്നും വിചാരിക്കേണ്ട.
അതുകൊണ്ട് ചുരുങ്ങിയത് എന്റെ വായനക്കാർ എങ്കിലും കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് സുരക്ഷാ സീറ്റ് വാങ്ങണം. സുരക്ഷാ സീറ്റ് ഇല്ലെങ്കിൽ കുട്ടികളെ കാറിൽ കയറ്റാതെ നോക്കണം (മറ്റുളളവരുടെ കുട്ടി ആണെങ്കിലും). ഒരു സാഹചര്യത്തിലും കുട്ടികളെ മുൻസീറ്റിൽ ഇരുത്തരുത്.
സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group