ഡ്രൈവറുടെ ഉറക്കം,
നിങ്ങളുടെ ജീവൻ
:മുരളി തുമ്മാരുകുടി
കേരളത്തിൽ നിന്നും അടുത്ത സംസ്ഥാനങ്ങളിലേക്ക് വിനോദയാത്രകൾ പോകുമ്പോൾ രാത്രി താമസത്തിന്റെ കണക്കിൽ അല്പം ലാഭമുണ്ടാക്കാൻ യാത്രകൾ രാത്രിയിലാക്കുന്നതിനെ പറ്റി ഞാൻ ഒരിക്കൽ പറഞ്ഞിരുന്നു.
ഇത് വലിയ അപകടങ്ങൾക്ക് കാരണമാകും, കുറച്ചു പണം ലാഭിക്കാനായി ഏറെ പണം ആശുപത്രിയിൽ ചിലവാക്കുന്ന സ്ഥിതി വരും, ചിലപ്പോൾ ജീവൻ തന്നെ പോകും.
ഇത് നമ്മൾ സ്ഥിരമായി കാണുന്നതാണ്, അതുകൊണ്ട് തന്നെ ഒഴിവാക്കേണ്ടതും ആണ്. രാത്രി 11 മണിക്ക് ശേഷവും രാവിലെ 5 മണിക്ക് മുൻപും യാത്ര ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തലാണ്. പ്രത്യേകിച്ചും ഡ്രൈവർ പകൽ മുഴുവൻ ജോലി ചെയ്ത ആളാണെങ്കിൽ.
ഇന്ന് പറയാൻ പോകുന്നത് മറ്റൊരു ലാഭക്കച്ചവടത്തെ പറ്റിയാണ്.
കേരളത്തിൽ ആയിരക്കണക്കിന് ടൂറിസ്റ്റ് ടാക്സികളുണ്ട്.
മലയാളികളെ, മറു നാട്ടുകാരെ, വിദേശികളെ എല്ലാം കൊച്ചിയിൽ നിന്നും മൂന്നാറിലേക്കും തിരുവനന്തപുരത്തു നിന്നും തേക്കടിയിലേക്കും യാത്ര കൊണ്ടുപോകുന്നവർ.
എന്നാൽ അവർ രാത്രി എവിടെ ഉറങ്ങുന്നുവെന്ന് അവരെ ഓട്ടം വിളിച്ചു കൊണ്ടുപോകുന്നവർ പലപ്പോഴും ശ്രദ്ധിക്കാറില്ല. രാത്രി പത്തോ പതിനൊന്നോ മണിക്ക് യാത്രക്കാരെ ഹോട്ടലിൽ ആക്കിയതിന് ശേഷം വണ്ടിയിൽ തന്നെ കിടന്നാണ് ഭൂരിഭാഗം പേരും ഉറങ്ങുന്നത്. നന്നായി ഉറങ്ങാൻ പറ്റില്ല എന്നതോ പോട്ടെ, രാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ നിർവ്വഹിക്കാനോ കുളിക്കാനോ പോലും അവർക്ക് സൗകര്യം ഉണ്ടാകാറില്ല. വേണ്ടത്ര ഉറക്കം കിട്ടാതെ, വേണ്ടത്ര ഉന്മേഷമില്ലാതെ ഡ്രൈവർമാർ വണ്ടി ഓടിച്ചാൽ പണിവരുന്നത് യാത്രക്കാർക്ക് കൂടിയാണ്. ഇവിടെയും ചെറിയ ലാഭം വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്.
നിങ്ങൾ ഒരു ടാക്സി വിളിച്ച് എവിടെയെങ്കിലും യാത്രപോവുകയാണെങ്കിൽ രാത്രി നിങ്ങൾ അവിടെയാണ് തങ്ങുന്നതെങ്കിൽ നിങ്ങളുടെ ഡ്രൈവർ എവിടെയാണ് ഉറങ്ങുന്നത് എന്നും നിങ്ങളുടെ താമസം പോലെതന്നെ പ്ലാൻ ചെയ്യേണ്ടതാണ്.
നിങ്ങൾ താമസിക്കുന്ന ഹോട്ടലിൽ ഡ്രൈവർമാർക്ക് സൗകര്യമുണ്ടോ എന്ന് ബുക്ക് ചെയ്യുമ്പോൾ തന്നെ വിളിച്ചു ചോദിക്കണം.
ഇല്ലെങ്കിൽ അവിടെ അടുത്തുള്ള ഹോട്ടലിൽ റൂം ബുക്ക് ചെയ്യണമെങ്കിൽ അത് ചെയ്യണം. വലിയ വിലയുള്ളത് ആകണമെന്നില്ല, വൃത്തിയും സുരക്ഷയും ഉള്ളതും ചൂടുവെള്ളം കിട്ടുന്നതും ആയാൽ മതി.
ടൂറിസം പ്രൊഫഷണലായി നടത്തുന്ന മറ്റു രാജ്യങ്ങളിൽ പോകുമ്പോൾ അവിടുത്തെ വൻകിട ഹോട്ടലുകളിൽ ഡ്രൈവർമാർക്ക് വിശ്രമിക്കാനുള്ള ഡോർമിറ്ററികൾ ലഭ്യമാണ്. ഉറങ്ങാനും ടോയ്‌ലറ്റിൽ പോകാനും കുളിക്കാനും സൗകര്യങ്ങൾ ഉണ്ടായിരിക്കും.
നമ്മുടെ ഭൂരിഭാഗം ഹോട്ടലുകളിലും ഹോം സ്റ്റേകളിലും ഇത്തരം സംവിധാനങ്ങളില്ല.
ഇത് മാറേണ്ട കാലം കഴിഞ്ഞു. ഹോട്ടൽ/ഹോംസ്റ്റേ പ്രസ്ഥാനങ്ങൾ നടത്തുന്നവർ ഡ്രൈവർമാരുടെ കാര്യം കൂടി കണക്കു കൂട്ടി വേണം സൗകര്യങ്ങളുണ്ടാക്കാൻ.
കേരളത്തിൽ എപ്പോഴും യാത്രപോകുന്ന ആളാണ് ഞാൻ.
എറണാകുളത്തിന് പുറത്ത് രാത്രി ചിലവിടേണ്ട യാത്രകളിൽ എല്ലാം കൂടെയുള്ളത് സുധീഷ് Sudheesh Sundaran ആണ്.
എനിക്ക് റൂം ബുക്ക് ചെയ്യുന്നിടത്ത് തന്നെ സുധീഷും ഉണ്ടാകും. എന്നാൽ ഗുരുവായൂരിൽ മാത്രം ഒരു പ്രത്യേക പ്രശ്നമുണ്ട്. ഞാൻ അവിടെ ഒരു അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്, സുധീഷിനോട് ഒരു മുറി എടുക്കാൻ പറയും.
പക്ഷെ ഗുരുവുവായൂരിൽ ചെറിയ ഹോട്ടലുകളിലും ലോഡ്ജിലും ഒറ്റക്ക് ചെല്ലുന്ന ആളുകൾക്ക് മുറി കൊടുക്കില്ല എന്നൊരു പോളിസി ഉണ്ട് പോലും (ആളുകൾ ആത്മഹത്യ ചെയ്യുമെന്ന പേടിയാണ് കാരണമെന്നാണ് പറഞ്ഞത്). നല്ല ഉദ്ദേശം കൊണ്ടാണെങ്കിലും ഇത് ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതും ഒന്ന് മാറ്റേണ്ടതാണ്.
മുരളി തുമ്മാരുകുടി
. .......എനിക്ക് റൂം ബുക്ക് ചെയ്യുന്നിടത്ത് തന്നെ
സുധീഷും ഉണ്ടാകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group