വെള്ളിത്തിരയിൽ
കാണാത്ത വേട്ടകൾ
മലയാളചലച്ചിത്രരംഗത്തെ വനിതകൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി പഠിക്കാൻ നിയോഗിച്ചിരുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് തിങ്കളാഴ്ച വെളിച്ചംകണ്ടപ്പോൾ പുറത്തുവന്നത് സ്ഫോടനാത്മകമായ വിവരങ്ങളാണ്. ഏറ്റവുംവലിയ പ്രശ്നം ലൈംഗികപീഡനമാണ് എന്നാണ് റിപ്പോർട്ട് അസന്ദിഗ്ധമായി വ്യക്തമാക്കിയിരിക്കുന്നത്
ആ വെള്ളിവെളിച്ചം അണഞ്ഞുപോയിരിക്കുന്നു. വെള്ളിത്തിരയിൽക്കണ്ട മാസ്മരപ്രഭയത്രയും കേവലം കൺകെട്ടായിരുന്നെന്ന് ഇപ്പോൾ മനസ്സിലാകുന്നു. പൊന്നെന്നു നിനച്ചതേറെയും വെറും കാക്കപ്പൊന്നായിരുന്നെന്നും അറിയുന്നു. വെട്ടംനീങ്ങുമ്പോൾ അനാവൃതമാകുന്നത് ഇരുളാണ്; അസമത്വവും പീഡനവും നിറഞ്ഞ ലോകത്തെ ഇരുൾപ്പരപ്പ്. അവിടെ തേങ്ങലുകൾ കേൾക്കുന്നുണ്ട്, നിലവിളികളുയരുന്നുണ്ട്, നെടുവീർപ്പുകളുണ്ട്, ആത്മരോഷമുണ്ട്. കഴുകന്മാർ വട്ടമിടുന്നൊരു അഭിശപ്തഭൂമികയാണു മലയാളചലച്ചിത്രലോകമെന്നാണു വെളിപ്പെട്ടിരിക്കുന്നത്. വേട്ടയാടപ്പെടുന്നവർക്ക്, ചൂഷിതർക്ക് മോചനപാതയുണ്ടോ എന്ന വിഹ്വലമായ ചോദ്യവുമുയരുന്നു.
മലയാളചലച്ചിത്രരംഗത്തെ വനിതകൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി പഠിക്കാൻ നിയോഗിച്ചിരുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് തിങ്കളാഴ്ച വെളിച്ചംകണ്ടപ്പോൾ പുറത്തുവന്നത് സ്ഫോടനാത്മകമായ വിവരങ്ങളാണ് (വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് സംസ്ഥാന വിവരാവകാശക്കമ്മിഷൻ നിർദേശിച്ചിട്ടുള്ളതുകൊണ്ട്, 295 പേജുള്ള റിപ്പോർട്ടിലെ 63 പേജുകൾ പുറത്തുവിട്ടിട്ടില്ല). ഈ മേഖലയിൽ ജോലിചെയ്യുന്ന സ്ത്രീകൾ നേരിടുന്ന ഏറ്റവുംവലിയ പ്രശ്നം ലൈംഗികപീഡനമാണ് എന്നാണ് റിപ്പോർട്ട് അസന്ദിഗ്ധമായി വ്യക്തമാക്കിയിരിക്കുന്നത്. “സ്ത്രീകൾ സിനിമയിലേക്കു വരുന്നത് പണമുണ്ടാക്കാനാണെന്നും അതിനാൽ അവർ എന്തിനും വഴങ്ങുമെന്നുമൊരു പൊതുധാരണയുണ്ട്. കലയോടും അഭിനയത്തോടുമുള്ള അഭിനിവേശംകൊണ്ട് ഒരു സ്ത്രീ സിനിമയിലേക്കുവരുമെന്നു സങ്കല്പിക്കാൻപോലും ഈ രംഗത്തെ പുരുഷന്മാർക്കു സാധിക്കുന്നില്ല. പണത്തിനും പ്രശസ്തിക്കുംവേണ്ടിയാണ് അവർ വരുന്നതെന്നും അതുകൊണ്ട് സിനിമയിലെ അവസരത്തിനായി ഏതു പുരുഷനോടൊപ്പവും ശയിക്കുമെന്നുമാണു ധാരണ”-റിപ്പോർട്ടിൽ പറയുന്നു. ഇംഗിതങ്ങൾക്കു വഴങ്ങാത്ത നടിമാർക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുന്നതായും കമ്മിറ്റി കണ്ടെത്തി. മറ്റേതൊരു മേഖലയിലും വനിതകൾക്കു ജോലി ലഭിക്കാൻ എഴുത്തുപരീക്ഷയും അഭിമുഖവുമൊക്കെയാണു മാനദണ്ഡമെങ്കിൽ, സിനിമയിൽ അതിനു ലൈംഗികവിട്ടുവീഴ്ചകളാണു വേണ്ടിവരുന്നതെന്ന് കമ്മിറ്റി അമ്പരപ്പോടെ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്ത്രീകളെ ചൂഷണംചെയ്യുന്നവരിൽ സംവിധായകരും നിർമാതാക്കളും പ്രമുഖനടന്മാരും പ്രൊഡക്‌ഷൻ കൺട്രോളർമാർപോലുമുണ്ട്.
ലൈംഗികാതിക്രമങ്ങളെപ്പറ്റി പോലീസിലോ സഹപ്രവർത്തകരോടോ പരാതിപറയാൻ ഈ രംഗത്തെ വനിതകൾക്കു ഭയമാണെന്നു കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. തനിക്കോ കുടുംബാംഗങ്ങൾക്കോ ജീവഹാനിപോലുമുണ്ടാകുമോ എന്ന് ഇവർ ഭയപ്പെടുന്നു. മേഖലയിലെ വമ്പന്മാർ ആരാധകപ്പടയെ ഉപയോഗിച്ച് സൈബറാക്രമണം നടത്തുമെന്നതും നടിമാരെ പരാതിപറയുന്നതിൽനിന്നു പിന്തിരിപ്പിക്കുന്നുണ്ട്.
സംവിധായകരും നിർമാതാക്കളും താരങ്ങളുമടക്കം വമ്പന്മാരുൾപ്പെട്ട ഒരു പുരുഷസംഘത്തിന്റെ നിയന്ത്രണത്തിലാണു മലയാളസിനിമാരംഗമെന്നും അവരുടെ അപ്രീതിക്കു പാത്രമാകുന്നവർ നിഷ്കാസനംചെയ്യപ്പെടുന്നെന്നും മനസ്സിലാക്കിയതായി കമ്മിറ്റി വ്യക്തമാക്കുന്നു. പല നടീനടന്മാർക്കും സിനിമയിൽ ‘വിലക്ക്’ ഏർപ്പെടുത്തുന്നതിലെ അനീതിയെപ്പറ്റിയും റിപ്പോർട്ടിൽ പറയുന്നു. ചിത്രീകരണസ്ഥലത്ത് നടിമാർക്കുംമറ്റും ശൗചാലയം, വസ്ത്രംമാറാനുള്ള മുറി എന്നിവ നിഷേധിക്കുന്നതായും കമ്മിറ്റി കണ്ടെത്തി. വേതനത്തിലും സൗകര്യങ്ങൾ അനുവദിക്കുന്നതിലുമുള്ള കടുത്ത വിവേചനങ്ങളെപ്പറ്റിയും പരാമർശിക്കുന്നു.
സിനിമാമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളുടെ സവിശേഷത കണക്കിലെടുക്കുമ്പോൾ അവ പരിഹരിക്കാൻ ഇന്ത്യൻ ശിക്ഷാനിയമവും തൊഴിലിടത്ത് വനിതകളെ ചൂഷണംചെയ്യൽ നിരോധനനിയമവുമടക്കമുള്ള നിയമങ്ങൾ അപര്യാപ്തമാണെന്ന് കമ്മിറ്റി വിലയിരുത്തി. അതിനാൽ, കേരള സിനിമാ തൊഴിലുടമ-തൊഴിലാളി നിയന്ത്രണനിയമം എന്നപേരിലുള്ള നിയമനിർമാണത്തിന് സമിതി ശുപാർശചെയ്യുന്നു. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ, മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ കൈകാര്യചെയ്യുന്നതിന് ട്രിബ്യൂണൽ സ്ഥാപിക്കണമെന്നും ശുപാർശചെയ്തു.
2017-ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടർന്ന്, വിമൻ ഇൻ സിനിമാ കളക്ടീവ്(ഡബ്ല്യു.സി.സി.) എന്ന സംഘടന ആവശ്യപ്പെട്ടതനുസരിച്ചാണ് സംസ്ഥാനസർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. എന്നാൽ, സമിതി 2019-ൽ റിപ്പോർട്ട് സമർപ്പിച്ചിട്ടും ഇപ്പോൾ സംസ്ഥാന വിവരാവകാശക്കമ്മിഷൻ നിർദേശിച്ചപ്പോൾമാത്രമാണ് അത് സർക്കാർ പുറത്തുവിട്ടത്. ഇത് സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെപ്പറ്റി സംശയംജനിപ്പിക്കുന്നു. അതേസമയം, നമ്മുടെ സിനിമാരംഗത്തെ ക്രൗര്യമാർന്ന പ്രവണതകൾക്ക് അന്ത്യംകുറിക്കേണ്ടത് അത്യാവശ്യമാണ്. ഇപ്പോഴത്തെ സംഭവവികാസങ്ങൾ അതിനു നിമിത്തമാകണം.
( കടപ്പാട് 'മാതൃഭൂമി )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group