സ്വാതന്ത്ര്യദിനാഘോഷം:
പ്രതിപക്ഷ നേതാവിനോട്
കാട്ടിയത് അവഹേളനം ,
പ്രോട്ടോകോൾ ലംഘനം.
- മുല്ലപ്പള്ളി രാമചന്ദ്രൻ
സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാനായി ചെങ്കൊട്ടയിലെത്തിയ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് പ്രോട്ടോകോൾ ലംഘിച്ച് നാലാമത്തെ നിരയിൽ സീറ്റ് നൽകിയ നടപടി ജനാധിപത്യത്തിന് അപമാനകരവും നാളിതുവരെ പിന്തുടർന്ന കീഴവഴക്കങ്ങൾക്ക് വിരുദ്ധവുമാണ്.
കേവല ഭൂരിപക്ഷം ലഭിക്കാതെ മറ്റു രാഷ്ട്രീയ പാർട്ടികളുടെ പിൻബലത്തിൽ മുന്നോട്ട് പോകുന്ന മോഡി സർക്കാർ പ്രതിപക്ഷ നേതാവിനോട് ശത്രുതാപരമായി പെരുമാറുന്നു എന്നതിന് ഇതിലേറെ ഒരു തെളിവ് ആവശ്യമില്ല.
രാഹുൽ ഗാന്ധി ലോക് സഭയിൽ പ്രസംഗിക്കുന്ന അവസരങ്ങളിലെല്ലാം പ്രധാനമന്ത്രിയും ബി.ജെ.പി. മന്ത്രിമാരും അടങ്ങാത്ത അസഹിഷ്ണുതയോടെ യാണ് പെരുമാറുക.
പ്രധാന മന്ത്രിയുടെ ശരീരഭാഷ കണ്ടാൽ ഇത് കൃത്യമായി ബോധ്യപ്പെടും. പ്രതിപക്ഷ പാർട്ടികളോടും നേതാക്കന്മാരോടും എത്രമാത്രം ആദരവോടെയാണ് ഒരു പ്രധാന മന്ത്രി ഇടപെടുകയെന്നത് നെഹ്റു എന്ന പ്രധാനമന്ത്രിയിൽ നിന്ന് മോഡി പഠിക്കണം.
ഒന്നാമത്തെ ലോക് സഭയിൽ കേവലം 16 സീറ്റുകൾ മാത്രം ലഭിച്ച അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. ഒരു അംഗീകൃത പ്രതിപക്ഷമല്ലാതിരുന്നിട്ടും കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിൻ്റെ നേതാവായ എ.കെ. ഗോപാലനെ ഒരു പ്രതിപക്ഷ നേതാവിനെപ്പോലയാണ് നെഹ്റു പരിഗണിച്ചതും ബഹുമാനിച്ചതും. ജനാധിപത്യ വാദിയായ നെഹ്റുവും തുടർന്ന് വന്ന കോൺഗ്രസ്സ് പ്രധാനമന്ത്രിമാരും ഇതേ സമീപനമാണ് പ്രതിപക്ഷത്തോട് സ്വീകരിച്ചത്.
അഭിപ്രായങ്ങൾ നിർഭയമായി പറയാനും തെറ്റുകൾ തുറന്നു കാട്ടാനും യഥാർത്ഥ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധി തന്നിൽ അർപ്പിതമായ ചുമതലകളാണ് നിർവ്വഹിക്കുന്നത്.
അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന, വിയോജിപ്പിനെ അംഗീകരിക്കാത്ത നിലപാട് തികഞ്ഞ ഫാസിസമാണ്. സ്വാതന്ത്ര്യ ദിനത്തിൽ രാഹുൽ ഗാന്ധിയോട് കാട്ടിയ അവഹേളനം ജനാധിപത്യത്തിന്ന് തീരാകളങ്കം ചാർത്തിയിരിക്കയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group