കൈത്തറി തുണികൾക്ക് നിറം നൽകാൻ ഡൈ യൂണിറ്റ് .ഇന്ന് ദേശീയ കൈത്തറി ദിനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന കൈത്തറി തുണിത്തരങ്ങൾക്ക് നിറം നൽകാൻ കൈത്തറി ഡയറക്ടറേറ്റ് പുതിയ ഡൈ യൂണിറ്ര് തുടങ്ങുന്നു. കണ്ണൂർ നാടുകാണിയിൽ കിൻഫ്ര വക സ്ഥലത്ത് സ്ഥാപിക്കുന്ന യൂണിറ്രിന് 30 കോടിയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷനാണ് ഡി.പി.ആർ തയ്യാറാക്കുന്നത്. ഇപ്പോൾ നൂൽ തമിഴ്നാട്ടിൽ കൊണ്ടുപോയി നിറം കൊടുക്കുകയോ നിറമുള്ള നൂൽ വാങ്ങുകയോ ആണ് ചെയ്യുന്നത്.
പരിശീലന, ഉത്പാദന, വിപണന മേഖലകൾക്കായി നടപ്പു സാമ്പത്തികവർഷം 52 കോടിയാണ് ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത്. പരമ്പരാഗത കൈത്തറി ഉത്പന്നങ്ങൾക്കു പുറമെ സ്കൂൾ യൂണിഫോം നൽകുന്നതാണ് കൈത്തറിമേഖലയുടെ മറ്റൊരു പ്രധാനവരുമാനം. ഒമ്പതു ലക്ഷം കുട്ടികൾക്കായി 42 ലക്ഷം യൂണിഫോമുകളാണ് നൽകിയത്. 120 കോടിയാണ് വിദ്യാഭ്യാസ വകുപ്പ് വഴി ഈ ഇനത്തിൽ കിട്ടിയത്. 2016-17-ൽ തുടങ്ങിയ യൂണിഫോം പദ്ധതിയിലൂടെ നാളിതുവരെ 517 കോടി കിട്ടിയിട്ടുണ്ട്. കൈത്തറി മേഖലയിലെ തൊഴിലാളികൾക്കായി 56 സർക്കിളുകൾ കേന്ദ്രീകരിച്ച് ആരോഗ്യപദ്ധതി നടപ്പാക്കി. പ്രായമായ തൊഴിലാളികൾക്ക് കണ്ണട വാങ്ങാൻ ഒരാൾക്ക് 2000 രൂപ വീതം നൽകുന്നു.
കാൽ ലക്ഷം തൊഴിലാളികൾ
380 സഹകരണ സംഘങ്ങളിലായി 25,000ത്തോളം തൊഴിലാളികളാണ് പണിയെടുക്കുന്നത്. പ്രതിവർഷം 100 കോടിയോളമാണ് പരമ്പരാഗത ഉത്പന്നങ്ങളിൽ നിന്നുള്ള വരുമാനം. 110 വില്പന കേന്ദ്രങ്ങളാണുള്ളത്.ആമസോൺ, ഫ്ളിപ്പ്കാർട്ട് തുടങ്ങിയ ഓൺലൈൻ ഏജൻസികൾ വഴിയും വില്പനയുണ്ട്. തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷനാണ് സബ്സിഡി നിരക്കിൽ നൂൽ നൽകുന്നത്.
ദേശീയ കൈത്തറി ദിനം
കൈത്തറി -നെയ്ത്ത് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും നെയ്ത്തുകാരുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനുമാണ് ആഗസ്റ്റ് ഏഴ് ദേശീയ കൈത്തറി ദിനമായി ആചരിക്കുന്നത്. 2015 ലായിരുന്നു ആദ്യ ദിനാചരണം. 1905 ആഗസ്റ്ര് ഏഴിന് കൊൽക്കത്തയിൽ സ്വദേശി പ്രസ്ഥാനം ആരംഭിച്ചതിന്റെ ഓർമ്മയ്ക്കാണ് ദേശീയ കൈത്തറി ദിനാചരണം തുടങ്ങിയത്.
25,000 കൈത്തറി മേഖലയിലെ ആകെ തൊഴിലാളികൾ
380 സംഘങ്ങൾ 100 കോടിഉത്പന്ന വിറ്റുവരവ് ( കടപ്പാട് :കേരളകൗമുദി )
ദേശീയ കൈത്തറി ദിനം
ചരിത്രത്തിൽ ഒരു കസവു രേഖ
:അഡ്വ. ജി. സുബോധൻ
ചരിത്രം ഇഴചേർന്നതാണ് കൈത്തറിയുടെ കഥ. എ.ഡി 18-കാലഘട്ടത്തിൽ മെസോപ്പൊട്ടേമിയയിലാണ് (ഇന്നത്തെ ഇറാഖിൽ) പരുത്തിപ്പഞ്ഞി കണ്ടെത്തുന്നതും കൈത്തറി നെയ്ത്ത് ആരംഭിച്ചതെന്നുമാണ് ചരിത്ര സൂചനകൾ.
പിന്നീട് ഇംഗ്ളണ്ടിൽ വലിയ കൈത്തറി നെയ്ത്തു തൊഴിൽ കേന്ദ്രങ്ങൾ ജന്മമെടുത്തു. ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാർ ഇന്ത്യയെ ഒരു വലിയ വിപണിയായി ഉപയോഗിക്കാമെന്ന് മനസിലാക്കുകയും, സൂററ്റിൽ സ്വർണക്കസവ് തുടങ്ങുകയും ചെയ്തു.
തുടർന്ന് പലേടത്തും കുഴിത്തറി നെയ്‌ത്ത് തുടങ്ങുകയും തമിഴ്‌നാട്ടിലെ മധുര അതിന്റെ കേന്ദ്രമാവുകയും ചെയ്തു.
ഇവിടെ പരുത്തിക്കൃഷിയും കുഴിത്തറിയും വ്യാപകമാകാൻ തുടങ്ങിയതോടെ തങ്ങളുടെ വിപണി തദ്ദേശീയർ കയ്യടക്കുമെന്നു തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാർ മൽമൽ തുണിത്തരങ്ങളും മുണ്ടും കോറത്തുണിയും അതുകൊണ്ടുണ്ടാക്കിയ വസ്‌ത്രങ്ങളും ലണ്ടനിൽ നിന്ന് ഇറക്കുമതി ചെയ്തുതുടങ്ങി. ഒപ്പം മധുരയിലും അറപ്പുകോട്ടയിലും സ്വദേശി ഉത്‌പന്നങ്ങളുടെ നെയ്ത്തും കുഴിത്തറി നെയ്‌ത്തും വിലക്കുകയും ചെയ്തു.
പിന്നീട് ബ്രിട്ടീഷ് കാലഘട്ടത്തിനു ശേഷമാണ്, തിരുവിതാംകൂർ രാജാക്കന്മാർ മധുര - അറപ്പുകോട്ട എന്നിവിടങ്ങളിൽ നിന്ന് തൊഴിലാളികളെ ബാലരാമപുരത്തു കൊണ്ടുവന്ന് ഇവിടെ നെയ്‌ത്തു തൊഴിലിന് കളമൊരുക്കിയത്. ബാലരാമപുരം കൈത്തറിയുടെ ജൈത്രയാത്ര അവിടെ തുടങ്ങുന്നു.
തൊഴിലാളികൾക്ക് രാജഭരണം പാർപ്പിട സൗകര്യങ്ങൾ അനുവദിക്കുക മാത്രമല്ല, കൈത്തറി - കുഴിത്തറി, നെയ്‌ത്തു തൊഴിലിനുള്ള സാമഗ്രികളും സ്ഥലവും തറികളും അനുവദിച്ചു നൽകുകയും ചെയ്തു. ഗോൾഡൻ കസവ് നെയ്ത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ എത്തിച്ച് വ്യവസായത്തെ പ്രോത്സാഹിപ്പിച്ചു.
അവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകി. അതോടെ ബാലരാമപുരത്തും പരിസരത്തും കൈത്തറി തെരുവുകളും കൈത്തറി ഗ്രാമങ്ങളും ഉടലെടുത്തു. അങ്ങനെ അവിടം കൈത്തറിയുടെ ഈറ്റില്ലമായി രൂപാന്തരപ്പെട്ടു.
ബാലരാമപുരത്തിന്റെ കൈത്തറി മികവ് രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്, നെയ്‌ത്തു തൊഴിലിന്റെ അംഗീകാരമായി മഞ്ചവിളാകം പി. ഗോപിനാഥൻ മാസ്റ്റർക്ക് രാജ്യം പദ്മശ്രീ ബഹുമതി സമർപ്പിച്ചതോടെയാണ്.
പവർലൂമിന്റെ വ്യാപനം ഈ മേഖലയുടെ നട്ടെല്ലൊടിച്ചെങ്കിലും സഹകരണ മേഖലയിലും അല്ലാതെയും ഈ തൊഴിലും വ്യവസായവും വലിയ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടുനീങ്ങുന്നു.
കൈത്തറി ഉത്‌പന്നങ്ങൾക്ക് ഇന്ത്യയിലും വിദേശത്തും മികച്ച മാർക്കറ്റുണ്ടെങ്കിലും അർഹമായ സാമ്പത്തിക സഹായവും പ്രോത്സാഹനവും സർക്കാരിൽ നിന്ന് ലഭിക്കാത്തതാണ് പ്രതിസന്ധി. കേരളത്തിൽ ഏറെ പ്രതീക്ഷയ്ക്കു വക നൽകി നടപ്പാക്കിയ സ്കൂൾ യൂണിഫോം പദ്ധതിയിൽ, തൊഴിലാളികൾക്കു നൽകാനുള്ള കോടികളുടെ കൂലിക്കുടിശ്ശിക അടിയന്തരമായി നല്കേണ്ടതുണ്ട്. മാത്രമല്ല, ഈ വ്യവസായത്തെ പുഷ്ടിപ്പെടുത്തി നാലുലക്ഷത്തോളം വരുന്ന തൊഴിലാളികൾക്കും കുടുംബങ്ങൾക്കും താങ്ങാകുന്ന അടിയന്തര നടപടികൾ ഉണ്ടാവുകയും വേണം.
(കെ.പി.സി.സി ജനറൽ സെക്രട്ടറിയും
കേരള കൈത്തറി തൊഴിലാളി
കോൺഗ്രസ് പ്രസിഡന്റുമാണ് ലേഖകൻ)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group