ഇന്ന് ദേശീയ കൈത്തറി ദിനം
: ജോലിയും കൂലിയുമില്ല;
ആശങ്ക മാത്രം
സ്വദേശീയതയെ തുന്നിയോജിപ്പിച്ച് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയെടുക്കാൻ സഹായിച്ച പാരമ്പര്യമുള്ള കൈത്തറിത്തൊഴിലാളികൾ ഇന്ന് ജീവിതത്തിന്റെ ഊടും പാവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുകയാണ്. കൂലി ലഭിച്ചിട്ട് ഏഴുമാസം കഴിഞ്ഞു. വിപണിയിലെ ആവശ്യങ്ങൾക്കനുസരിച്ച് ഉയരാൻ സാധിക്കാത്തതിനാൽ ഏകദേശം പൂർണമായി കേന്ദ്ര, കേരള സർക്കാരുകളെ മാത്രം ആശ്രയിച്ചാണ് കൈത്തറി വ്യവസായം ഇപ്പോൾ നിലനിൽക്കുന്നത്.
ഇതിനിടയിൽ കേന്ദ്ര സർക്കാർ റിബേറ്റ് നിർത്തലാക്കിയതും ഉൽപാദനത്തെ ബാധിച്ചു.
ഇപ്പോൾ, സംഘങ്ങൾക്ക് ആവശ്യത്തിനുള്ള നൂൽ ലഭിക്കുന്നില്ല. വാങ്ങുന്ന നൂലിന് 18 ശതമാനം ജിഎസ്ടി കൂടി ഉൾപ്പെടുത്തിയതും പ്രതിസന്ധി കൂട്ടുന്നു.
മേഖലയുടെ തകർച്ച കണ്ട് പുതുതലമുറ മേഖലയിലേക്ക് വരുന്നുമില്ല. തൊഴിലാളികൾക്ക് സാമ്പത്തിക ഞെരുക്കം ഉണ്ടാകാതിരിക്കാനായി സംഘങ്ങൾ തന്നെ തൊഴിലാളികൾക്കായി സാമ്പത്തിക, നിക്ഷേപ പദ്ധതികൾ രൂപീകരിച്ചു നടപ്പാക്കുകയാണിപ്പോൾ.
റിബേറ്റ് ലഭിക്കുന്നതിനാൽ ഓണം വിപണനമേളയിലാണ് ഇനി പ്രതീക്ഷ മുഴുവൻ. യുവാക്കൾക്കായി പലതരത്തിലുള്ള ഡിസൈൻ ഷർട്ടുകളും സാരികളും മറ്റു വസ്ത്രങ്ങളും തറികളിൽ തയാറായിക്കഴിഞ്ഞു.
കടുത്ത പ്രതിസന്ധി
∙ ഏഴു മാസത്തെ കൂലി കുടിശികയായതോടെ കേരളത്തിലെ 360 കൈത്തറി നെയ്ത്ത് സഹകരണ സംഘങ്ങളിലായി മുപ്പതിനായിരത്തോളം തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലാണ്.
മിക്ക സംഘങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്.
യൂണിഫോം പദ്ധതി നടത്തിപ്പിന് സംഘങ്ങൾക്ക് അനുവദിച്ച തുക 35രൂപയിൽ നിന്നും 2019ൽ 5 രൂപയായി കുറച്ചതും സംഘങ്ങളെ പ്രതിസന്ധിയിലാക്കുന്നു.
തൊഴിലാളികൾക്ക് അഞ്ചു വർഷത്തെ പ്രൊഡക്‌ഷൻ ഇൻസെന്റീവ് കുടിശിക ലഭിക്കാനുണ്ട്.
തുണി കൊടുത്ത വകയിൽ സംഘങ്ങൾക്ക് ഹാൻടെക്സ് നൽകാനുള്ളത് 35 കോടി രൂപയിലേറെ ! തടഞ്ഞുവച്ച റിബേറ്റ് തുക വേറെയും.
നൂൽ, ചായം എന്നിവയുടെ വിലക്കയറ്റവും മേഖലയെ തളർത്തുന്നു. ഈ സാഹചര്യത്തിൽ കൈത്തറി മേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് സംസ്ഥാന കൈത്തറി അസോസിയേഷൻ ആവശ്യപ്പെട്ടു.( കടപ്പാട് : മനോരമ )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group