കുവൈറ്റിലെ ദുരന്തം : മുരളി തുമ്മാരുകുടി:

കുവൈറ്റിലെ ദുരന്തം : മുരളി തുമ്മാരുകുടി:
കുവൈറ്റിലെ ദുരന്തം : മുരളി തുമ്മാരുകുടി:
Share  
മുരളി തുമ്മാരുകുടി എഴുത്ത്

മുരളി തുമ്മാരുകുടി

2024 Jun 17, 10:27 AM
VASTHU
MANNAN
laureal

കുവൈറ്റിലെ ദുരന്തം

: മുരളി തുമ്മാരുകുടി

കുവൈറ്റിലെ ദുരന്ത വാർത്തകൾ ശ്രദ്ധിക്കുന്നു.

ഗ്രൗണ്ട് ഫ്ലോർ ഉൾപ്പടെ ഏഴു നിലകളാണ് ആ കെട്ടിടത്തിലുള്ളതായി കാണുന്നത്. ഗൾഫിൽ പലയിടത്തും ഉള്ളത് പോലെ താഴത്തെ നിലയിൽ ആളുകൾ താമസിക്കുന്നതല്ല എന്ന് തോന്നുന്നു.

പത്ര റിപ്പോർട്ടുകൾ അനുസരിച്ച് 176 ആളുകളാണ് ആ കെട്ടിടത്തിൽ താമസിച്ചിരുന്നത്. ഇതുവരെ വന്ന കണക്കനുസരിച്ച് അന്പത് ആളുകളുടെ ജീവനാണ് ഇത് വരെ ഈ ദുരന്തത്തിൽ നഷ്ടപ്പെട്ടത്. ഏകദേശം നാലിൽ ഒന്നിൽ കൂടുതലാളുകൾ ആണ് മരണപ്പെട്ടത്.

കെട്ടിടത്തിന് അത്രയധികം ഉയരമില്ലാത്ത സാഹചര്യത്തിൽ ഇത് വലിയ മരണ ശതമാനമാണ്. തീർച്ചയായും ആളുകൾക്ക് രക്ഷപ്പെടാൻ പലവിധ ബുദ്ധിമുട്ടുകളുണ്ടായിരുന്നു എന്നാണ് ചിന്തിക്കേണ്ടത്. അപകടം, ആളുകളുറങ്ങുന്ന സമയത്തായിരുന്നതിനാൽ അഗ്നിബാധ ഉണ്ടായത് അറിയാൻ വൈകിയതാണ് ഏറ്റവും പ്രധാനമായ കാരണം. ആളിപ്പടരുന്ന തീയിലൂടെയും പുകയിലൂടെയും താഴേക്ക് വന്നവർ അപകടത്തിൽ പെട്ടതും, മറ്റു മാർഗ്ഗമില്ലാതെ താഴേക്ക് എടുത്തുചാടിയവർക്ക് അപകടം പറ്റിയതുമാണ് നമ്മൾ കണ്ടത്.

അപകടകാരണങ്ങൾ ആധികാരികമായി പറയാനുള്ള വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. അപകടത്തിൻറെ രൂക്ഷത വർധിപ്പിച്ച കാര്യങ്ങൾ എന്തൊക്കെയാണ് എന്നതിലൊക്കെ പല വിവരങ്ങളും ഊഹാപോഹങ്ങളും വരുന്നുണ്ടെങ്കിലും അവയെ പറ്റി സംസാരിക്കാനുള്ള സമയമല്ലല്ലോ ഇപ്പോൾ. ലണ്ടനിലെ ഗ്രെൻഫെൽ ടവറിൽ അപകടം ഉണ്ടായതിന് ശേഷം അതിൽ നിന്നുള്ള പാഠങ്ങൾ ഞാൻ എഴുതിയിരുന്നല്ലോ. അതുപോലെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്പോൾ ഇതിനെ പറ്റിയും എഴുതാം.

ഇത്തരം ഒരു സാഹചര്യത്തിൽ പെട്ടാൽ എങ്ങനെയെങ്കിലും രക്ഷപെടാൻ പറ്റുമോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. ഇതത്ര എളുപ്പമുള്ള ചോദ്യമല്ല. കാരണം ഇത് കെട്ടിടത്തിന്റെ ഉയരം, നമ്മൾ അഗ്നിബാധ ഉണ്ടായ സ്ഥലത്തുനിന്നും എത്ര ദൂരെയാണ്, കെട്ടിടത്തിൽ സുരക്ഷിതമായി പുറത്തേക്കിറങ്ങാനുള്ള സംവിധാനങ്ങളുണ്ടോ, ആ നാടുകളിലെ അഗ്നിശമന-രക്ഷാ സംവിധാനങ്ങൾ എത്രമാത്രം കാര്യക്ഷമമാണ് എന്നതിനെയെല്ലാം ആശ്രയിച്ചിരിക്കുന്നു.

ഒരു കാര്യം പൊതുവിൽ പറയാം. ഇത്തരം അഗ്നിബാധകളിൽ ആളുകൾ ചൂടുകൊണ്ട് പൊള്ളലേറ്റ് മരിക്കുന്നതിനേക്കാൾ കൂടുതൽ വിഷപ്പുക ശ്വസിച്ചാണ് മരിക്കുന്നത്. അതുകൊണ്ട് തന്നെ പുക ശ്വസിക്കുന്നത് കുറക്കുക എന്നതിലാണ് ഏറ്റവും ശ്രദ്ധ കൊടുക്കേണ്ടത്. അഗ്നിബാധയെ പറ്റി അറിഞ്ഞാലുടൻ ഗോവണിപ്പടിയിലൂടെ താഴെ സുരക്ഷിതമായ സ്ഥലത്തെത്തുക എന്നതായിരിക്കണം ലക്ഷ്യം. ഇങ്ങനെ താഴേക്ക് വരുന്പോൾ ഏറ്റവും കുനിഞ്ഞു നടക്കുന്നതാണ് പുകയിൽ നിന്നും രക്ഷപെടാൻ കൂടുതൽ സുരക്ഷിതം. രക്ഷപെടാനായി പുറത്തേക്ക് ഓടുന്പോൾ വീട്ടിലുള്ള ടവൽ പോലുള്ള തുണി നനച്ചു മുഖം പൊത്തി അതിലൂടെ ശ്വസിക്കാൻ ശ്രമിക്കുന്നതും അപകട സാധ്യത അല്പം കുറയ്ക്കും. അഗ്നിബാധ ഉണ്ടാകുന്ന കെട്ടിടത്തിൽ അകപ്പെട്ടാൽ ചെയ്യേണ്ട മറ്റു കാര്യങ്ങളെല്ലാം ഓരോ കെട്ടിടവും അനുസരിച്ച് മാറുന്നതിനാൽ ഇപ്പോൾ പറയുന്നില്ല. 

എന്നാൽ എപ്പോഴും പറയുന്നത് പോലെ അപകടം വരാതെ നോക്കലാണ് ഏറ്റവും പ്രധാനം. ഫ്ളാറ്റുകളിലെ സുരക്ഷയിൽ രണ്ടു പ്രശ്നങ്ങളുണ്ട്. ഒന്ന് ഫ്ലാറ്റുകൾ നിർമ്മിക്കുന്നത് നമ്മളല്ലാത്തതിനാൽ തന്നെ ആ ഫ്ലാറ്റുകൾ എങ്ങനെയാണോ നിർമ്മിച്ചിരിക്കുന്നത് അതനുസരിച്ചുള്ള സുരക്ഷ മാത്രമേ നമുക്ക് ഉണ്ടാക്കാൻ സാധിക്കൂ. ഫ്ലാറ്റുകൾ വാങ്ങുന്നതിന് മുൻപ്, അല്ലെങ്കിൽ വാടകക്ക് എടുക്കുന്നതിന് മുൻപ് അവിടുത്തെ സുരക്ഷാ സംവിധാനങ്ങളും കണക്കിലെടുക്കുക. ഫ്ലാറ്റ് ആണെങ്കിലും ഹോട്ടൽ മുറികൾ ആണെങ്കിലും രണ്ടാമത്തെ ഫ്ലോറിനും എട്ടാമത്തെ ഫ്ലോറിനും ഇടക്ക് ഉള്ളതാണ് കൂടുതൽ സുരക്ഷിതം (ഇത്തവണ കുവൈറ്റിൽ താഴത്തെ നിലയിലുള്ളവർക്കാണ് കൂടുതൽ അപകടം പറ്റിയതെന്ന് മറക്കുന്നില്ല).

രണ്ടാമത്തേത് മറ്റു ഫ്ലാറ്റുകളിലുള്ളവർ സുരക്ഷ കുറക്കുന്ന എന്തെങ്കിലും പ്രവർത്തികൾ ചെയ്യുന്നുണ്ടോ എന്ന് കണ്ടെത്താൻ നമുക്ക് സാധിക്കില്ല. പക്ഷെ ഒരു ഫ്ലാറ്റിൽ താമസിക്കുന്പോൾ ഒരാളോ ഒരു സ്ഥാപനമോ സുരക്ഷിതമല്ലാതെ പെരുമാറിയാൽ എല്ലാവരും കുഴപ്പത്തിലാകും എന്നതുകൊണ്ട് തന്നെ എല്ലാവരുടെയും സുരക്ഷ ബോധം വർദ്ധിപ്പിക്കേണ്ടത് നമ്മുടെ സുരക്ഷക്ക് അത്യാവശ്യമാണ്.

നമ്മുടെ ഫ്ലാറ്റ് പരമാവധി സുരക്ഷിതമാക്കുക, പൊതുവായ സ്ഥലങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക, ഫയർ എസ്‌കേപ്പുകളിൽ അനാവശ്യവസ്തുക്കൾ കൂട്ടിയിടാതിരിക്കുക, പുറത്തേക്കുള്ള വാതിലുകൾ തുറക്കാനാവാത്ത വിധം പൂട്ടിയിടാതിരിക്കുക, അഗ്നി സുരക്ഷാ സംവിധാനങ്ങൾ സ്ഥിരമായി പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക, വർഷത്തിൽ ഒരിക്കലെങ്കിലും ഫയർ ഡ്രിൽ നടത്താൻ ഫ്ലാറ്റ് മാനേജ് ചെയ്യുന്ന കമ്മിറ്റിയിൽ സമ്മർദ്ദം ചെലുത്തുക, ഫയർ ഡ്രില്ലുകൾ സീരിയസ് ആയി എടുക്കുക ഇവയൊക്കെ നമ്മൾ ചെയ്യണം. കൂടുതൽ നിർദ്ദേശങ്ങൾ താഴെ ലിങ്കിൽ ഉണ്ട്.

ഉയർന്ന നിലകളുള്ള കെട്ടിടങ്ങൾ കേരളത്തിൽ ഓരോ ദിവസവും കൂടി വരികയാണ്. സുരക്ഷാബോധം ആകട്ടെ ഒട്ടും കൂടുന്നുമില്ല. നൂറിലേറെ ഫ്ലാറ്റുകളും മുന്നൂറിൽ കൂടുതൽ താമസക്കാരുമുള്ള ഒരു ഫ്ലാറ്റിൽ ഒരിക്കൽ സുരക്ഷയിൽ ട്രെയിനിങ് കൊടുക്കാൻ പോയപ്പോൾ അവിടെ ആകെയുണ്ടായിരുന്നത് ഞാൻ ഉൾപ്പടെ ആറു പേരാണ്. അതിൽ മൈക്ക് കൈകാര്യം ചെയ്യുന്ന ആളും കമ്മിറ്റി പ്രസിഡന്റും ഒഴിച്ചാൽ പിന്നെ ബാക്കി എത്ര പേർ ഉണ്ടായിരുന്നു എന്ന് ചിന്തിക്കാമല്ലോ. കേരളത്തിൽ ഉയർന്ന കെട്ടിടത്തിൽ ഒരപകടം ഉണ്ടാകുന്നത് വരെ ഇത് തുടരും.

തൊഴിലാളികൾ, പ്രത്യേകിച്ചും ആണുങ്ങൾ മാത്രം താമസിക്കുന്ന ലേബർ ക്യാന്പ് പോലുള്ള ഒരു കെട്ടിടത്തിലാണ് ഇപ്പോൾ അപകടമുണ്ടായത്. ഇത്തരം കെട്ടിടങ്ങൾ ഇപ്പോൾ കേരളത്തിലും ധാരാളമുണ്ട്, പെരുന്പാവൂരിലുൾപ്പടെ. ഇത്തരം ചില കെട്ടിടങ്ങളിൽ ഞാൻ പോയിട്ടുണ്ട്. അവിടെ ഇതുവരെ അപകടങ്ങളുണ്ടാകാത്തത് ഭാഗ്യം കൊണ്ടുമാത്രമാണ്. ആ ഭാഗ്യം എപ്പോഴും നമ്മുടെ കൂടെ ഉണ്ടാകണമെന്നില്ല.

ഫ്ളാറ്റുകളിലെ സുരക്ഷയെ കുറിച്ച് പണ്ടൊരിക്കൽ മാതൃഭൂമിയുമായി ചേർന്ന് ഒരു കൈപ്പുസ്തകം എഴുതിയിരുന്നു. ഇംഗ്ളീഷിലും മലയാളത്തിലും. ഈ വിഷയത്തിൽ താല്പര്യമുള്ളവർ ഇത് ഒരിക്കൽ കൂടി വായിച്ചു നോക്കണം. ഫ്ലാറ്റുകളിൽ താമസിക്കുന്ന സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുകയും വേണം.

മുരളി തുമ്മാരുകുടി

06dbb4e8-fea6-4ba8-9209-760a22dedfa6

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ഇത് കമ്മ്യൂണിസ്റ്റ് രീതിയല്ല
Thankachan Vaidyar 2