തലക്കെട്ടിൽ 'കഥ'യുണ്ടെങ്കിലും സംഭവിച്ചതാണ്; വേണമെങ്കിൽ സംഭവകഥ എന്ന് പറയാം.
ഒരരനൂറ്റാണ്ട് മുൻപ് നടന്നതാണ്. അല്പം പൊടിപ്പും തൊങ്ങലും കണ്ടേക്കാം. (അതില്ലാതെന്ത് കഥ?)
പണ്ടെന്ന് പറഞ്ഞാൽ ഏറെ പണ്ടൊന്നുമല്ല. മുൻപുണ്ടായിരുന്ന പ്രീയൂണിവേഴ്സിറ്റി കോഴ്സിനും ഇന്നുള്ള പ്ലസ് ടുവിനും ഇടയിൽ പ്രീഡിഗ്രി എന്ന പേരിൽ കോളേജ് വിദ്യാഭ്യാസം പുഷ്കലമായിരുന്ന കാലം.
മുഖ്യമന്ത്രി എ. കെ. ആൻ്റണി ചാരായ നിരോധനത്തിലൂടെ കുടുംബങ്ങളിൽ ശാന്തിയും സമാധാനവും ഉറപ്പ് വരുത്തുന്നതിന് മുൻപുള്ള കാലം.
പത്താം ക്ലാസ് കഴിഞ്ഞ്, മൂക്കിനും ചുണ്ടിനുമിടയിലുള്ള കറുപ്പ് കണ്ട്, നിർവൃതിയോടെ, മസില് പെരുപ്പിച്ചു നോക്കുന്ന ആൺകുട്ടികൾ.
'ഉണ്ടോ' എന്ന് ചോദിച്ചാൽ ഇല്ല എന്നും, എന്നാൽ, 'ഇല്ലേ' എന്ന് ചോദിച്ചാൽ ഉണ്ട് എന്നും ഉത്തരം വരുന്ന പണ്ടത്തെ അടിയന്തര കമ്യൂണിക്കേഷൻ ഉപാധിയായ 'കമ്പിയില്ലാക്കമ്പി' (telegraph) പോലെയുള്ളതാണ് കുമാരന്മാരുടെ
പൊടി മീശ എന്ന ലാഞ്ചനയും, മസിലും]
തന്നെ ആരും നോക്കുന്നില്ലെന്ന് ഉറപ്പായാൽ താടിക്ക് കീഴ്പോട്ട് ഏറുകണ്ണിട്ട് നോക്കി, മാറിൽ മുളച്ചുയരുന്ന ആമ്പൽ മൊട്ടിന്റെ വളർച്ചയിൽ നിർവൃതി കൊള്ളുന്ന പെൺകുട്ടികൾ. 'ചെന്താരുമാമ്പലുമൊരേ സമയം വിരിഞ്ഞ്, പൊന്തുന്ന പൊയ്കയുടെ കാന്തി കലർത്തി',
വഴിയോരങ്ങളിൽ പതുങ്ങി നില്ക്കുന്ന പൂവാലന്മാർക്ക് 'കണ്ണിനൊരുൽസവം' നല്കിയിരുന്ന കാലം.
ഒരു ശനിയാഴ്ച. വയനാട്ടിൽ എസ്റ്റേറ്റു തൊഴിലാളികൾക്ക് ആഴ്ചക്കൂലി കിട്ടുന്നത് അന്നാണ്.
സമയം സന്ധ്യയോടടുക്കുന്ന വൈകുന്നേരം.
കല്പറ്റ ടൗണിലെ മെയിൻ റോഡിലൂടെ ആഴ്ചക്കൂലി വാങ്ങി എസ്റ്റേറ്റ് തൊഴിലാളികൾ, ആണും പെണ്ണും ഒറ്റക്കും തെറ്റക്കും കൂട്ടായും 'തമിഴ് മലയാള'ത്തിൽ കലപില കൂട്ടി നടന്ന് നീങ്ങുന്നു.
റോഡരികിൽ ഞങ്ങൾ നാലഞ്ച് സർക്കാർ ഉദ്യോഗസ്ഥർ, വാടകക്ക് താമസിക്കുന്ന ഒരിരുനില കെട്ടിടത്തിന്റെ ഒന്നാം നിലയിൽ തെരുവിലെ കാഴ്ചകൾ നോക്കി അലസരായി നിൽക്കുന്നു.
നടന്ന് നീങ്ങുന്ന തൊഴിലാളികൾക്കിടയിൽ ഒരു തിക്കും തിരക്കും ബഹളവും (പച്ച മലയാളത്തിൽ പറഞ്ഞാൽ, ഒരു commotion)
ഞങ്ങളുടെ നോട്ടം അങ്ങോട്ടായി. 'ചെറുബാല്യക്കാരായ' രണ്ട് തൊഴിലാളികൾ ശണ്ഠ കൂടുകയാണ്. ഒപ്പമുള്ളവർ അല്പം അകന്ന് മാറിയത് അവർക്ക് ഗോദ ഒരുക്കാനല്ല; ആ പിടിവലിക്കിടയിൽ തങ്ങളുടെ തടി കാക്കാനാണ്.
തല്ല് കൂടുന്നവരുടെയും ആൾക്കൂട്ടത്തിൻ്റെയും വ്യക്തമായ ആകാശക്കാഴ്ച കിട്ടി, മുകളിലെ വരാന്തയിൽ നോക്കി നിൽക്കുന്ന ഞങ്ങൾക്ക്.
'ബാല്യക്കാർ' രണ്ടാളും സാമാന്യം നന്നായി 'പൂശി'യിട്ടുണ്ട്.
ആഴ്ചക്കൂലി കിട്ടിയാലുള്ള പതിവ് 'പട്ടയടി'യും തുടർന്നുള്ള അടിപിടിയുമാണ്.
മാരകമായ ആക്രമണ പ്രത്യാക്രമണമൊന്നുമല്ല. 'അടിപിടി' എന്ന് പോലും പറഞ്ഞു കൂട; വെറും പിടി മാത്രം. ഒപ്പം തള്ളും.
മറ്റ് തൊഴിലാളികളും വഴിയാത്രക്കാരിൽ ഏറെപ്പേരും നിസ്സംഗരായി നടന്ന് നീങ്ങുന്നു. ചുരുക്കം ചിലർ കാഴ്ച കാണാൻ തങ്ങി നിൽക്കുന്നു.
രണ്ട് 'കലാകാരന്മാരുടെയും 'കലാപ പരിപാടി' നാലഞ്ച് മിനിറ്റ് തുടർന്നു. ഒരാൾ മറ്റേയാളെ തള്ളി, രണ്ട് പേരും താഴെ വീണു. വീഴുമ്പോൾ ഒരൊച്ച, "ണിം"
ഒരാളുടെ ശരീരത്തിൽ എവിടെയോ ഉണ്ടായിരുന്ന ഒരു എട്ടണത്തുട്ട് നിരത്തിൽ കുത്തനെ വീണ്, കുറച്ച് ദൂരം ഉരുണ്ട് പോയി ടാറിട്ട റോഡിൽ കമിഴ്ന്നടിച്ചു വീണ ഒച്ചയാണ്.
'തല്ല്പിടി' കലാപകാരന്മാരുടെ കലാപരിപാടി പൊടുന്നനെ നിലച്ചു.
അവരുടെ നോട്ടം, ചില കാഴ്ചക്കാരുടെതിനൊപ്പം ആ അര രൂപ ത്തുട്ടിന്മേൽ മുട്ടി നിന്നു.
'എട്ടണ' ചില്ലറയാണെങ്കിലും ചില്ലറക്കാരനല്ല, അര രൂപയാണ്.
(അന്ന് LDC യുടെ ശമ്പള സ്കെയിൽ 100 - 220 ആണെന്നാണ് ഓർമ്മ)
തല്ല് നിർത്തി രണ്ടാളും ഉരുണ്ട് പിരണ്ടെഴുന്നേറ്റ് ആ എട്ടണത്തുട്ടിന് നേരെനീങ്ങി. കിട്ടിയ ആളത് കയ്യിലൊതുക്കി നിവർന്നതോടൊപ്പം മറ്റേയാളും നിവർന്നു നിന്ന് 'എട്ടണ മുതലാളി' യുടെ ചുമലിൽ ചങ്ങാതിക്കൈ വെച്ചു. പിന്നെ തല്ലില്ല, അടിപിടിയില്ല, വഴക്കില്ല; ഒരു വാക്കു പോലുമില്ല. ഇരുവരും തോളോട് തോൾ ചേർന്ന് കുറച്ചകലെയുള്ള പട്ട (ചാരായ) ഷാപ്പിൽ കയറി. കുറച്ച് മുമ്പെ കാശ് തീർന്ന്, പട്ട കടം ചോദിച്ചപ്പോൾ അവരെ ഇറക്കി വിട്ട 'സാൻ്റോ കറുപ്പൻ' ഉപ്പൻ്റെ കണ്ണുരുട്ടി അവരെ നോക്കി.
(ഈ സാൻ്റോ കറുപ്പൻ
പൊറ്റക്കാടിൻ്റെ തെരുവിൻ്റെ കഥയിലെ സാൻ്റോ കറുപ്പനല്ല, ഷാപ്പ് മുതലാളി റപ്പായിച്ചേട്ടൻ്റെ ഗുണ്ടാക്കറുപ്പനാണ് - ഞാൻ ഷാപ്പിലെ 'എടുത്ത് കൊടുപ്പ് കാരൻ') ഭീഷണനോട്ടം തരിമ്പും കൂസാതെ എട്ടണത്തുട്ട് പൊക്കി പിടിച്ച് Order place ചെയ്തു, "നൂറ് പട്ട, ഒരു മുട്ടേം"
'പട്ടേം മുട്ടേം' പങ്കിട്ട് കഴിച്ച് തോളിൽ കയ്യിട്ട് പുറത്തിറങ്ങി, 'തമിഴ് മലയാള'ത്തിൽ എന്തൊക്കെയോ പറഞ്ഞ്, ചിരിച്ച് പത്തടി നടന്നു.
പിന്നെ എന്തോ പറഞ്ഞ് തെറ്റി, പഴയ കലാപ പരിപാടി ആവർത്തിച്ചു.
'ധനം ദു:ഖമാണ് -ആർജനത്തിലും, സംരക്ഷണത്തിലും, വ്യയത്തിലും' എന്ന പഴമൊഴി പതിരാണെന്ന്, കാഴ്ചക്കാരായ ഞങ്ങളന്യോന്യം പറഞ്ഞു.
ആ എട്ടണത്തുട്ട് അവരുടെ കലാപ മൊതുക്കി, അത് പോയപ്പോൾ കലാപം വീണ്ടും തല പൊക്കി!
- പത്മൻ കരിയാട് കക്കട്ടിൽ -
സുഭാഷിതം:
അർത്ഥാനാമാർജ്ജനേ ദുഃഖം
ആർജ്ജിതാനാം തു രക്ഷണേ ആയേ ദുഃഖം വ്യയേ ദുഃഖം അർത്ഥഃ കിം ദുഃഖഭാജനം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group