കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൻറെ പുരസ്കാരം സനിൽ മാറാടിക്ക്

കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൻറെ പുരസ്കാരം  സനിൽ മാറാടിക്ക്
കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൻറെ പുരസ്കാരം സനിൽ മാറാടിക്ക്
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Nov 26, 04:00 PM

തിരുവനന്തപുരം: കിഴങ്ങുവിളകളുടെ പ്രചാരണത്തിനും വ്യാപനത്തിനും നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം (CTCRI) ഏർപ്പെടുത്തിയ പുരസ്കാരം പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ചെങ്കവിള ഡിവിഷൻ മെമ്പർ ശ്രീ. സനിൽ മാറാടി സംസ്ഥാന കിഴങ്ങുവിള ദിനാഘോഷ ചടങ്ങിൽ വെച്ച് ബഹുമാനപ്പെട്ട കൃഷിവകുപ്പ് മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.

പ്രളയാനന്തര കാർഷിക പുനരുജ്ജീവനം മുതൽ കോവിഡ് കാലത്തെ 45 ഏക്കർ മധുരക്കിഴങ്ങ് കൃഷിവരെ; കർഷകരെ ചേർത്തുപിടിച്ച പ്രവർത്തന ങ്ങൾക്ക് പുരസ്‌കാരത്തിളക്കം


mo8

പരമ്പരാഗത കിഴങ്ങുവർഗവിളകളുടെ പ്രചാരണവും കൃഷിവ്യാപനവും ലക്ഷ്യമിട്ട് നടത്തിയ പ്രവർത്തനങ്ങൾക്ക് അംഗീകാരം. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ചെങ്കവിള ഡിവിഷൻ അംഗം സനിൽ മാറാടിക്ക് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ (CTCRI) പുരസ്‌കാരം. സംസ്ഥാന കിഴങ്ങുവിള ദിനാഘോഷച്ചടങ്ങിൽ കൃഷിവകുപ്പ് മന്ത്രിയിൽനിന്ന് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി.

കൃഷിയോടുള്ള താൽപര്യവും ഗവേഷണസ്ഥാപനങ്ങളുമായുള്ള സഹകരണവും ജനകീയ കാർഷിക ഇടപെടലുകളും ഒത്തുചേർന്ന പ്രവർത്തനപാതയാണ് ഈ അംഗീകാരത്തിന് പിന്നിൽ. കിഴങ്ങുവർഗവിളകളുടെ സാധ്യതകൾ കർഷകരിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുന്നതിൽ സനിൽ മാറാടി നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്.

തിരുവനന്തപുരത്തെ ശ്രീകാര്യത്തുള്ള CTCRIയുമായുള്ള ബന്ധം പഠനകാലത്താണ് ആരംഭിക്കുന്നത്. 2018-ലെ പ്രളയത്തിനുശേഷം പ്രളയബാധിത കാർഷികമേഖലകളുടെ പുനരുജ്ജീവനത്തിനായി ഗവേഷണകേന്ദ്രം നടത്തിയ ഇടപെടലുകളിലും അദ്ദേഹം പങ്കാളിയായി. ചെങ്കൽ പഞ്ചായത്തിലെ വിവിധ കൃഷിയിടങ്ങളിൽ ഗവേഷകർ സന്ദർശനം നടത്തി മണ്ണിന്റെ സാമ്പിളുകൾ ശേഖരിച്ചപ്പോൾ അവരോടൊപ്പം പ്രവർത്തിക്കാനും സഹായിക്കാനും അവസരം ലഭിച്ചു.

ചെങ്കൽ കൃഷിഭവൻ നടപ്പാക്കിയ വിത്തുഗ്രാമം പദ്ധതിയുടെ ഭാഗമായി CTCRIയിൽനിന്ന് കിഴങ്ങുവർഗവിളകളുടെ നടീൽവസ്തുക്കൾ ലഭ്യമാക്കി കർഷകർക്ക് വിതരണം ചെയ്തതും പ്രദേശത്തെ കിഴങ്ങുവിള കൃഷിക്ക് പ്രോത്സാഹനമായി.

പിന്നീട് എറണാകുളം ജില്ലയിലെ തീരദേശ പഞ്ചായത്തായ വടക്കേക്കരയിൽ പ്രവർത്തിച്ചപ്പോഴും CTCRIയുടെ സഹകരണം കാർഷിക പദ്ധതികൾക്ക് കരുത്തായി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പത്ത് കർഷകർക്ക് 'ഗജേന്ദ്ര' ഇനത്തിൽപ്പെട്ട ചേനയുടെ നടീൽവസ്തുക്കളും വളവും ഗവേഷണകേന്ദ്രം സൗജന്യമായി ലഭ്യമാക്കി. ട്യൂബർ വില്ലേജ് പദ്ധതിയുടെ ഭാഗമായി വിവിധ ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഭക്ഷ്യസ്വയംപര്യാപ്തത ലക്ഷ്യമിട്ട് വടക്കേക്കര പഞ്ചായത്തിലെ വീടുകളിൽ കൃഷി വ്യാപിപ്പിക്കാനുള്ള ജനകീയ ക്യാമ്പയിനും ശ്രദ്ധേയമായി. ഈ ഘട്ടത്തിലാണ് കുറഞ്ഞ കാലയളവിൽ വിളവെടുക്കാൻ കഴിയുന്ന മധുരക്കിഴങ്ങ് കൃഷിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള ആശയം മുന്നോട്ടുവന്നത്.


capture_1795688741

നെയ്യാറ്റിൻകര സ്വദേശിയും കർഷകനുമായ സന്തോഷ് യു.എസ്. മുന്നോട്ടുവെച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ CTCRI പ്രിൻസിപ്പൽ സയന്റിസ്റ്റും നിലവിലെ ഡയറക്ടറുമായ ഡോ. ജി. ബൈജുവുമായി ചർച്ച നടത്തി. വടക്കേക്കരയിൽ കൃഷിക്കാവശ്യമായ മധുരക്കിഴങ്ങ് വള്ളികൾ ലഭ്യമാക്കാൻ അദ്ദേഹം സഹായം ഉറപ്പുനൽകി.

തുടർന്ന് വടക്കേക്കര പഞ്ചായത്തിലെ മണൽമണ്ണിൽ 'മധുരഗ്രാമം' പദ്ധതിക്ക് തുടക്കമായി. ഏകദേശം 45 ഏക്കർ സ്ഥലത്ത് മധുരക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുകയും വിജയകരമായി വിളവെടുക്കുകയും ചെയ്തു. ഭക്ഷ്യപ്രതിസന്ധികളെ നേരിടുന്നതിൽ കുറഞ്ഞ കാലയളവിൽ വിളവെടുക്കാവുന്ന കിഴങ്ങുവിളകൾക്കുള്ള പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു ഈ പദ്ധതി.

കൂനമ്മാവ് ചാവറ സ്പെഷ്യൽ സ്കൂളിൽ കൃഷിചികിത്സാ പദ്ധതി നടപ്പാക്കിയപ്പോഴും CTCRIയുടെ സഹകരണം ലഭിച്ചു. ഇത്തരത്തിൽ പ്രളയാനന്തര കാർഷിക പുനരുജ്ജീവനം, കർഷകർക്കുള്ള നടീൽവസ്തുക്കളുടെ വിതരണം, കിഴങ്ങുവിള കൃഷിയുടെ വ്യാപനം, വിദ്യാലയങ്ങളിലെ കാർഷിക ഇടപെടലുകൾ തുടങ്ങി വിവിധ മേഖലകളിൽ ഗവേഷണകേന്ദ്രത്തിന്റെ പിന്തുണയോടെ പ്രവർത്തനങ്ങൾ മുന്നോട്ടുപോയി.

കിഴങ്ങുവർഗവിളകളോടുള്ള താൽപര്യത്തിന് പിന്നിൽ ബാല്യകാലത്തെ കാർഷികാനുഭവങ്ങൾക്കുമുണ്ട് വലിയ പങ്ക്. വീട്ടുവളപ്പിൽ കൃഷി ചെയ്തിരുന്ന കാച്ചിൽ, ചെറുകിഴങ്ങ്, മുക്കിഴങ്ങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഓർമകൾ പരമ്പരാഗത ഭക്ഷ്യവിളകളോടുള്ള അടുപ്പം വർധിപ്പിച്ചു. കൃഷിവകുപ്പിലെ ഔദ്യോഗിക ചുമതലകൾക്കിടയിലും കിഴങ്ങുവർഗവിളകളുടെ പ്രചാരണത്തിനായി സമയം കണ്ടെത്തുന്ന അദ്ദേഹം വിവിധയിനം വിളകൾ, കൃഷിരീതികൾ, പോഷകഗുണങ്ങൾ, ഭക്ഷണത്തിലെ പ്രാധാന്യം എന്നിവ ജനങ്ങളിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.

CTCRI ഡയറക്ടർ ഡോ. ജി. ബൈജു, ഡോ. ജഗന്നാഥൻ, ഡോ. സുനിൽ, ടെക്നിക്കൽ ഓഫീസർ ഡി.ടി. റെജിൻ എന്നിവരുടെ പിന്തുണയും സഹകരണവും ഈ പ്രവർത്തനങ്ങൾക്ക് വലിയ കരുത്തായിട്ടുണ്ട്.

ഭക്ഷ്യസുരക്ഷയും പോഷകസുരക്ഷയും ഒരുപോലെ പ്രധാനമാകുന്ന കാലത്ത് കിഴങ്ങുവർഗവിളകളുടെ കൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങളും ഭക്ഷ്യോൽപ്പാദനത്തിലെ വെല്ലുവിളികളും നിലനിൽക്കുന്ന സാഹചര്യത്തിൽ പരമ്പരാഗത കിഴങ്ങുവിളകളുടെ കൃഷി വ്യാപിപ്പിക്കുന്നത് കാർഷിക വൈവിധ്യവൽക്കരണത്തിനും കുടുംബങ്ങളുടെ ഭക്ഷ്യസ്വയംപര്യാപ്തതയ്ക്കും സഹായകമാകും.

കർഷകരെ പങ്കാളികളാക്കി മണ്ണിനോട് ചേർന്നുനിന്ന് നടപ്പാക്കിയ ഇത്തരം പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം വ്യക്തിപരമായ നേട്ടത്തിനപ്പുറം കിഴങ്ങുവർഗവിളകളുടെ പ്രചാരണത്തിന് ലഭിച്ച പ്രോത്സാഹനം കൂടിയാണ്.


bhakshysree-fotor-20260327233134
MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും കേൾക്കാൻ വകുപ്പുണ്ടോ ഈ അമ്മയുടെ നിശ്ശബ്ദ രോദനം?
കാഴ്ച്ചയും കാഴ്ച്ചപ്പാടും വിഷം തളിച്ച് പ്രകൃതിയെ കൊല്ലരുത് :ടി.ശ്രീനിവാസൻ
N
NIS
VAIDU
ayur manthra
ayur